Explainer

എഥനോൾ കലർത്തിയ പെട്രോളിന് എക്സൈസ് തീരുവ ഒഴിവാക്കി കേന്ദ്രം; അറിയേണ്ടതെന്ത്?

നിലവില്‍ സാധാരണ പെട്രോളിന്‍റെ റീട്ടെയില്‍ വ്യാപാരത്തില്‍ സര്‍ക്കാര്‍ മാറ്റമൊന്നും പ്രഖ്യാപിച്ചിട്ടില്ല

Madism Desk

എഥനോൾ കലർത്തിയ പെട്രോളിന് എക്സൈസ് തീരുവ ഒഴിവാക്കി കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം. 22 മുതൽ 30 ശതമാനം വരെ എഥനോൾ ചേർത്ത പെട്രോളിനാണ് തീരുവ ഒഴിവാക്കിയിരിക്കുന്നത്. രാജ്യത്ത് ക്രൂഡ് ഓയിൽ ഇറക്കുമതി കുറച്ച് ബദൽ ഇന്ധനം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രത്തിൻ്റെ നീക്കങ്ങളുടെ ഭാഗമാണ് സുപ്രധാന പ്രഖ്യാപനം. ഇന്ധനവില കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദമായ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും നികുതിയിളവ് കാരണമാകും.

ഇ22, ഇ25, ഇ27, ഇ30 പെട്രോളുകൾക്കാണ് നികുതിയിളവ് ബാധകമാവുക. ഇ22 ഇന്ധനത്തിൽ 78 ശതമാനം പെട്രോളും 22 ശതമാനം എഥനോളുമാണ് ഉൾപ്പെടുന്നതത്. ഇ25ൽ 75 ശതമാനം പെട്രോളും 25 ശതമാനം എഥനോളും ഇ27ൽ 73 ശതമാനം പെട്രോളും 27 ശതമാനം എഥനോളും ഇ30ൽ 70 ശതമാനം പെട്രോളും 30 ശതമാനം എഥനോളുമാണ് ഉൾപ്പെടുന്നത്.

തീരുവ ഒഴിവാക്കുന്നതോടെ ഇന്ധന ഉല്‍പാദാക്കള്‍ക്കും വിതരണക്കാര്‍ക്കും എഥനോള്‍ കൂടിയ അളവിലുള്ള പെട്രോള്‍ സാമ്പത്തികമായി ആകര്‍ഷകമാകും. ഇത് കൂടുതലായി വിപണിയിലേക്ക് എത്തിക്കാനുള്ള വഴികളും തുറക്കും. നിലവില്‍ സാധാരണ പെട്രോളിന്‍റെ റീട്ടെയില്‍ വ്യാപാരത്തില്‍ സര്‍ക്കാര്‍ മാറ്റമൊന്നും പ്രഖ്യാപിച്ചിട്ടില്ല.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഏഴ് രൂപയിലധികം വർധനയുണ്ടായിരുന്നു. എഥനോൾ ചേർത്ത പെട്രോളിൻ്റെ ഉപയോഗം പ്രോത്സാഹിപ്പിച്ച് ഇറക്കുമതി കുറയ്ക്കാനുള്ള നീക്കം നടത്തുന്നതിനിടെ ആണ് എക്സൈസ് നികുതിയിൽ കേന്ദ്രം ഇളവ് വരുത്തിയത്.

എന്താണ് എഥനോൾ?

കരിമ്പ്, ധാന്യങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ തുടങ്ങിയവയിൽ നിന്ന് നിർമ്മിക്കുന്ന ഒരു ജൈവ ഇന്ധനമാണ് എഥനോൾ. ഇത് പെട്രോളിൽ നിശ്ചിത അളവിൽ കലർത്തി വാഹനങ്ങളിൽ ഉപയോഗിക്കാം.

2014-ൽ എഥനോൾ മിശ്രണ നിരക്ക് ഇന്ത്യയിൽ ഏകദേശം 1.5% മാത്രമായിരുന്നു. നിലവിലത് ശരാശരി 20% (E20) മിശ്രണ ലക്ഷ്യം കൈവരിക്കുന്ന ഘട്ടത്തിലെത്തിയിട്ടുണ്ട്. ആദ്യം 2030-ലായിരുന്നു E20 ലക്ഷ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് അത് 2025-26ലേക്ക് കൊണ്ടുവന്നു.

ഗുണമോ ദോഷമോ?

നികുതിയിളവ് എണ്ണക്കമ്പനികൾക്ക് കൂടുതൽ എഥനോൾ വാങ്ങാനുള്ള പ്രോത്സാഹനമാണ്. ഇത് കൂടാതെ കരിമ്പും ധാന്യങ്ങളും ഉത്പാദിപ്പിക്കുന്ന കർഷകർക്ക് അധികവിപണി ലഭിക്കാൻ ഈ നീക്കം വഴിവയ്ക്കുകയും ചെയ്യും.. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും കേന്ദ്രസർക്കാർ നീക്കം ഗുണം ചെയ്യും.

എന്നാൽ ഭക്ഷ്യധാന്യങ്ങൾ ഇന്ധന നിർമാണത്തിന് ഉപയോഗിക്കുന്നത് ഭക്ഷ്യസുരക്ഷയെ ബാധിക്കുമോ എന്ന ആശങ്ക പങ്കുവയ്ക്കുന്നവർ കുറവല്ല. തന്നെയല്ല, ഉയർന്ന എഥനോൾ മിശ്രണം എല്ലാ വാഹനങ്ങൾക്കും അനുയോജ്യമല്ല എന്നിരിക്കെ, വാഹനനിർമാതാക്കൾ ഇതിനനുസരിച്ച് തങ്ങളുടെ സാങ്കേതികവിദ്യകളിൽ മാറ്റം വരുത്തേണ്ടി വരും.

English Summary: The Centre has announced an excise duty exemption for ethanol-blended petrol. The exemption applies to petrol containing between 22% and 30% ethanol. The move is part of the government's efforts to reduce crude oil imports and promote alternative fuels.

The tax relief will be applicable to E22, E25, E27 and E30 fuels. E22 contains 78% petrol and 22% ethanol. E25 consists of 75% petrol and 25% ethanol, while E27 contains 73% petrol and 27% ethanol. E30 is made up of 70% petrol and 30% ethanol