Explainer

ഒരു വാനനിരീക്ഷണ കേന്ദ്രം എങ്ങനെ പ്രതിഷേധ പ്രകടനങ്ങളുടെ പ്രധാനവേദി ആയി? ബോട്ട് ക്ലബ്ബിൽ തുടങ്ങി ജന്തർ മന്തറിലെത്തിയ ഇന്ത്യൻ പ്രതിഷേധങ്ങൾ

1990-കൾക്ക് മുമ്പ്, ഇന്ത്യ ഗേറ്റിന് സമീപമുള്ള ബോട്ട് ക്ലബ്ബ് മൈതാനത്തോളം രാഷ്ട്രീയ പ്രാധാന്യമുള്ള മറ്റൊരു സ്ഥലവും ഡൽഹിയിൽ ഉണ്ടായിരുന്നില്ല

Madism Desk

തങ്ങളെ കേൾക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന തോന്നലുണ്ടായാൽ ഇന്ത്യക്കാർ സംഘടിച്ചെത്തുന്ന സ്ഥലമാണ് ഡൽഹി. പ്രതിഷേധങ്ങളുടെ അവസാനത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ സ്റ്റോപ്പ്.

പതിറ്റാണ്ടുകളായി ഡൽഹി ഇന്ത്യയുടെ പ്രഷർ വാൽവ് ആണ്. സ്വാതന്ത്ര്യസമര സേനാനികൾ മുതൽ കർഷകർ മുതൽ ഒളിമ്പിക് മെഡൽ ജേതാക്കൾ മുതൽ ഇപ്പോൾ വിദ്യാർഥികൾ വരെ, കേന്ദ്രസർക്കാരിൽ നിന്ന് ഉത്തരങ്ങൾ തേടി ഡൽഹിയുടെ തെരുവുകൾ സ്തംഭിപ്പിച്ചിട്ടുണ്ട്. ലക്ഷ്യസ്ഥാനമെപ്പോഴും ഡൽഹി ആണെങ്കിലും പ്രതിഷേധ വേദികളിൽ കാര്യമായ മാറ്റങ്ങൾ ഈ കുറച്ച് കാലം കൊണ്ട് ഉണ്ടായിട്ടുണ്ട് എന്നത് തിരസ്കരിക്കാനാവില്ല.

രാജ്പഥിന് (നിലവിലെ കർത്തവ്യപഥ്) നേരെ മുന്നിൽ ബോട്ട് ക്ലബ്ബിന്റെ വിശാലമായ പുൽത്തകിടികളിൽ പ്രതിഷേധപ്രകടനങ്ങൾ അരങ്ങേറുന്നതായിരുന്നു പണ്ടത്തെ പതിവ്. എന്നാൽ ഇപ്പോൾ കുറച്ച് വർഷങ്ങളായി ജന്തർ മന്തർ ആണ് പ്രതിഷേധങ്ങളുടെ സ്ഥിരം വേദി. വലിയ ജനക്കൂട്ടത്തെ സംഘടിപ്പിച്ച് നിർത്താൻ സ്ഥലപരിമിതിയുള്ള, 18ാം നൂറ്റാണ്ടിലെ ഈ വാനനിരീക്ഷണ കേന്ദ്രത്തിന്റെ ഇത്തിരിവട്ടത്തിൽ.

പൊളിറ്റിക്കൽ ആകാൻ യാതൊരു സാധ്യതയും ഇല്ലാത്ത ഇടമാണ് ജന്തർ മന്തർ. എന്നിട്ടും ഇന്നത്തെ ഇന്ത്യ കണ്ട നിർണായകമായ പ്രക്ഷോഭങ്ങളുടെ വേദിയായി ജന്തർ മന്തർ മാറിയതെങ്ങനെയാണ്? ബോട്ട് ക്ലബ് ഏരിയയെ പ്രതിഷേധക്കാർ മറക്കാൻ കാരണമെന്താണ്?

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും എത്രയോ മുമ്പ് തന്നെ നിരവധി അനവധി രാഷ്ട്രീയപ്രക്ഷോഭങ്ങൾക്ക് ഡൽഹി വേദിയായിട്ടുണ്ട്. 1919-ലെ റൗലറ്റ് ആക്റ്റ്, 1945-ൽ ചെങ്കോട്ടയിൽ നടന്ന ഐ.എൻ.എ വിചാരണകൾക്കെതിരെയുള്ള പ്രതിഷേധങ്ങൾ, 1975-ൽ രാംലീല മൈതാനത്തുനിന്ന് ജയപ്രകാശ് നാരായൺ ആഹ്വാനം ചെയ്ത 'സമ്പൂർണ്ണ വിപ്ലവം', മണ്ഡൽ കമ്മീഷൻ പ്രതിഷേധങ്ങൾ, പിന്നീട് അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരം എന്നിവയെല്ലാം തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളെ പോരാട്ടത്തിന്റെ പ്രതീകങ്ങളാക്കി മാറ്റി.

1990-കൾക്ക് മുമ്പ്, ഇന്ത്യ ഗേറ്റിന് സമീപമുള്ള ബോട്ട് ക്ലബ്ബ് മൈതാനത്തോളം രാഷ്ട്രീയ പ്രാധാന്യമുള്ള മറ്റൊരു സ്ഥലവും ഉണ്ടായിരുന്നില്ല.

ഇന്ത്യ ഗേറ്റിനും വിജയ് ചൗക്കിനും ഇടയിൽ രാജ്പഥിന് ഇരുവശത്തുമായി വ്യാപിച്ചുകിടന്ന ഈ വേദി, ഓരോ പ്രതിഷേധ പ്രസ്ഥാനവും ആഗ്രഹിച്ച ശ്രദ്ധയും ദൃശ്യതയും നൽകി. പാർലമെന്റിന്റെയും രാഷ്ട്രപതി ഭവന്റെയും രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മന്ത്രാലയങ്ങളുടെയും കൺമുന്നിൽ തന്നെയാണ് പ്രതിഷേധക്കാർ തടിച്ചുകൂടിയത്. ടെലിവിഷൻ ക്യാമറകൾ തടസ്സമില്ലാത്ത മിന്നി. ലൂട്ട്യൻസ് ഡൽഹിയുടെ ഹൃദയഭാഗത്ത് അണിനിരന്ന കൂറ്റൻ ജനക്കൂട്ടത്തെ എളുപ്പത്തിൽ അവഗണിക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞതുമില്ല.

അധികാരകേന്ദ്രങ്ങളോടുള്ള ഈ അടുപ്പം കാരണം, 1990-കൾക്ക് മുമ്പുള്ള പ്രധാനപ്പെട്ട ഏതാണ്ട് എല്ലാ ദേശീയ പ്രക്ഷോഭങ്ങളും ബോട്ട് ക്ലബ്ബിലേക്ക് ആകർഷിക്കപ്പെടുകയായിരുന്നു.

ഇതിൽ തന്നെ പ്രധാന വഴിത്തിരിവ് ഉണ്ടാകുന്നത് 1988 ഒക്ടോബറിലാണ്. ഭാരതീയ കിസാൻ യൂണിയൻ നേതാവ് മഹേന്ദ്ര സിംഗ് ടികായത്തിന്റെ നേതൃത്വത്തിൽ അഞ്ച് ലക്ഷത്തിലധികം വരുന്ന കർഷകർ ബോട്ട് ക്ലബ്ബ് മൈതാനവും രാജ്പഥും കൈയേറി ഏകദേശം ഒരു ആഴ്ചയോളം സമരം ചെയ്തു. കരിമ്പിന് ഉയർന്ന വില നൽകണമെന്നും വൈദ്യുതി, ജല നിരക്കുകളിൽ ഇളവ് വേണമെന്നുമായിരുന്നു അവരുടെ ആവശ്യം. പ്രതിഷേധം സെൻട്രൽ ഡൽഹിയുടെ പ്രവർത്തനങ്ങളെ പൂർണ്ണമായും നിശ്ചലമാക്കി.

ഈ ജനകീയ മുന്നേറ്റത്തിന്റെ കൂറ്റൻ വ്യാപ്തി കണ്ട അധികാരികൾക്ക് ഒരു കാര്യം ബോധ്യപ്പെട്ടു—പാർലമെന്റിനും രാഷ്ട്രപതി ഭവനും തൊട്ടടുത്ത് ഇത്തരം കൂട്ടായ്മകൾ സംഘടിപ്പിക്കുന്നത് വലിയ ഭരണപരമായ, സുരക്ഷാ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. തലസ്ഥാന നഗരിയിലെ പ്രതിഷേധങ്ങളെ ഗവൺമെന്റുകൾ വീക്ഷിക്കുന്ന രീതിയെത്തന്നെ ഈ സമരം അടിസ്ഥാനപരമായി മാറ്റിമറിച്ചു.

1993: വിയോജിപ്പുകളെ മാറ്റിയ പ്രതിരോധമതിലുകൾ

അഞ്ച് വർഷങ്ങൾക്ക് ശേഷം നിർണ്ണായകമായ ഒരു മാറ്റമുണ്ടായി.

പാർലമെന്റ്, നോർത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക്, രാഷ്ട്രപതി ഭവൻ എന്നിവയോട് തൊട്ടുരുമ്മി കിടക്കുന്ന സ്ഥലത്ത് കൂറ്റൻ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള പ്രയാസവും സുരക്ഷാ ഭീഷണികളും ചൂണ്ടിക്കാട്ടി 1993-ൽ അധികാരികൾ ബോട്ട് ക്ലബ്ബിലെ പൊതു റാലികൾ നിരോധിച്ചു.

എന്നാൽ ബോട്ട് ക്ലബ്ബ് അടച്ചുപൂട്ടിയത് കേവലം ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ വേണ്ടി മാത്രമായിരുന്നില്ല; ജനകീയ പ്രതിഷേധങ്ങളും ഭരണനിർവ്വഹണ കേന്ദ്രങ്ങളും തമ്മിൽ കൂടുതൽ അകലം സൃഷ്ടിക്കാനുള്ള വിശാലമായ ശ്രമത്തെയാണ് അത് പ്രതിഫലിപ്പിച്ചത്.

തുടർന്ന്, സമരം ചെയ്യാനായി ഔദ്യോഗികമായി അനുവദിച്ച വേദിയായി ജന്തർ മന്തർ റോഡ് മാറി. നഗരമധ്യത്തിൽ തന്നെ സ്ഥിതി ചെയ്യുന്നതും എത്തിച്ചേരാൻ എളുപ്പമുള്ളതുമായ സ്ഥലമായിരുന്നു ഇതെങ്കിലും, രാജ്പഥിലെ വിശാലമായ മൈതാനങ്ങളേക്കാൾ പൊലീസിന് നിയന്ത്രിക്കാൻ തികച്ചും എളുപ്പമുള്ള ഇടമായിരുന്നു ഇത്.

1724ൽ മഹാരാജ സവായ് ജയ് സിങ് രണ്ടാമനാണ് ജന്തർ മന്തർ പണികഴിപ്പിക്കുന്നത്. വാനനിരീക്ഷണത്തിനായി അന്ന് രാജ്യത്തുണ്ടായിരുന്നതിൽ ഏറ്റവും മികച്ച സംവിധാനമായിരുന്നു ഇത്. പക്ഷേ ഒരിക്കലും രാഷ്ട്രീയപ്രകടനങ്ങൾക്ക് ജന്തർ മന്തർ വേദിയായില്ല.

എന്നാൽ, ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ സമരവേദിയായുള്ള ഇതിന്റെ മാറ്റം നൂറ്റാണ്ടുകൾക്ക് ശേഷം കൈക്കൊണ്ട ഭരണപരമായ തീരുമാനങ്ങളുടെ മാത്രം ഫലമായിരുന്നു.

കാലക്രമേണ, ഈ വാന നിരീക്ഷണ കേന്ദ്രം തികച്ചും വ്യത്യസ്തമായ ഒരു സ്വത്വം കൈവരിച്ചു. റാംലീല മൈതാനത്ത് സമരം നടത്താൻ മാത്രം ആൾബലമില്ലാത്ത, എന്നാൽ ജനശ്രദ്ധ നേടണമെന്ന് ഉറച്ച നിശ്ചയമുള്ള ചെറിയ കൂട്ടായ്മകളുടെ നിരാഹാര സമരങ്ങൾക്കും ധർണകൾക്കും മെഴുകുതിരി പ്രതിഷേധങ്ങൾക്കും പ്രകടനങ്ങൾക്കും ഇതിലെ കൂറ്റൻ സൂര്യഘടികാരങ്ങൾ ഒരു പശ്ചാത്തലമായി മാറി.

1990-കളിൽ തന്നെ പ്രതിഷേധങ്ങൾ അങ്ങോട്ടേക്ക് മാറിയിരുന്നെങ്കിലും, 2011-ലെ സംഭവവികാസങ്ങളാണ് ജന്തർ മന്തറിനെ എന്നെന്നേക്കുമായി മാറ്റിമറിച്ചത്.

ജൻ ലോക്പാൽ ബിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ഇവിടെ ആരംഭിച്ച നിരാഹാര സമരം, ഇന്ത്യയിലെ അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രമായി ഈ സ്ഥലത്തെ മാറ്റി.

ഈ ജനകീയ പ്രക്ഷോഭം, ജന്തർ മന്തറിനെ ജനങ്ങൾ വീക്ഷിച്ചിരുന്ന രീതിയെത്തന്നെ മാറ്റിമറിച്ചു. അത് കേവലം ഒരു സമരവേദി മാത്രമായിരുന്നില്ല, മറിച്ച് ഭരണകൂടത്തിൽ നിന്ന് നീതിയും ഉത്തരവാദിത്തവും ആവശ്യപ്പെടുന്ന പൗരന്മാരുടെ പ്രതിരൂപമായിരുന്നു.

തുടർന്നുള്ള വർഷങ്ങളിൽ നിർഭയ കേസ്, പെൻഷൻ പരിഷ്കരണങ്ങൾ, പരിസ്ഥിതി വിഷയങ്ങൾ, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ, കൂടാതെ നിരവധി സിവില്‍ സൊസൈറ്റി പ്രചാരണങ്ങൾ എന്നിവയ്‌ക്കെല്ലാമുള്ള വലിയ പ്രതിഷേധങ്ങൾക്ക് ഈ സ്ഥലം സാക്ഷ്യം വഹിച്ചു.

ജന്തർ മന്തറും റാംലീല മൈതാനവും പലപ്പോഴും തികച്ചും വ്യത്യസ്തമായ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കപ്പെട്ടിരുന്നത്.

തുടർച്ചയായ ധർണകൾക്കും നിരാഹാര സമരങ്ങൾക്കും നിശ്ചിത വിഷയങ്ങളിലൂന്നിയുള്ള പ്രതിഷേധങ്ങൾക്കും ജന്തർ മന്ദിർ അനുയോജ്യമായ ഇടമായി മാറിയപ്പോൾ, വൻതോതിലുള്ള രാഷ്ട്രീയ ജനകീയ മുന്നേറ്റങ്ങളുടെ വേദിയായി റാംലീല മൈതാനം നിലകൊണ്ടു. പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന വലിയ സമരങ്ങൾ പൊതുവെ അങ്ങോട്ടേക്ക് മാറ്റപ്പെടുകയാണ് ചെയ്തത്; കാരണം ജന്തർ മന്തറിന് താങ്ങാൻ കഴിയാത്തത്ര വലിയ ജനക്കൂട്ടത്തെ ഉൾക്കൊള്ളാൻ റാംലീല മൈതാനത്തിന് സാധിക്കുമായിരുന്നു.

2017 ഒക്ടോബറിൽ, ഡൽഹിയുടെ സമര ഭൂമിശാസ്ത്രത്തിൽ വീണ്ടുമൊരു മാറ്റമുണ്ടായി.

ശബ്ദമലിനീകരണം, ശുചിത്വമില്ലായ്മ, ദൈനംദിന ജീവിതത്തിലുണ്ടാകുന്ന തടസ്സങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നൽകിയ പരാതിയെ തുടർന്ന്, ജന്തർ മന്തറിലെ എല്ലാത്തരം പ്രതിഷേധങ്ങളും പൂർണ്ണമായി നിർത്തിവെക്കാൻ നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവിട്ടു. സമരക്കാരോട് റാംലീല മൈതാനത്തേക്ക് മാറാൻ ആവശ്യപ്പെടുകയും ചെയ്തു.

അങ്ങനെ ഏതാണ്ട് ഒമ്പത് മാസത്തോളം, ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ആ സമരവേദി തികച്ചും നിശ്ശബ്ദമായി കിടന്നു. എന്നാൽ 2018 ജൂലൈയിൽ സുപ്രീം കോടതി ഈ പൂർണ്ണ നിരോധനം റദ്ദാക്കിയതോടെ ആ സ്ഥിതി മാറി. ജനാധിപത്യവും വിയോജിപ്പും വേർപെടുത്താനാവാത്തതാണെന്നും, പ്രതിഷേധങ്ങളെ നിയന്ത്രിക്കാൻ അധികാരികൾക്ക് അധികാരമുണ്ടെങ്കിലും അവയെ പൂർണ്ണമായി ഇല്ലാതാക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള അവകാശവും പ്രദേശവാസികളുടെ ആശങ്കകളും തമ്മിൽ സന്തുലിതാവസ്ഥ പാലിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി. പിന്നാലെ ജന്തർ മന്തർ പ്രതിഷേധപ്രകടനങ്ങളുടെ സ്ഥിരം വേദിയായി മാറി.

When people in India feel that the government is unwilling to listen to them, they often head to Delhi. It has long been the country's final and most significant destination for protests. For decades, Delhi has served as India's pressure valve.

From freedom fighters and farmers to Olympic medallists and, more recently, students, countless groups have brought the streets of the national capital to a standstill in search of answers from the central government. While Delhi has remained the ultimate destination for protests, the venues themselves have undergone a remarkable transformation over the years.

Jantar Mantar was never envisioned as a political space. Yet, it has evolved into the stage for some of the most significant protests in contemporary India. How did Jantar Mantar become the country's iconic protest site? And why did demonstrators gradually move away from the historic Boat Club area?