'ഇനി പെട്രോളില്ലെങ്കിലും പേടിക്കണ്ട! കേള്‍ക്കുമ്പോള്‍ തന്നെ ഒരു ആശ്വാസം തോന്നുന്നില്ലേ? അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടുമ്പോഴും ഗള്‍ഫ് രാജ്യങ്ങളില്‍ യുദ്ധഭീതി ഉയരുമ്പോഴും നമ്മള്‍ മലയാളി വണ്ടിക്കാര്‍ ആദ്യം നോക്കുന്നത് കീശയിലേക്കാണ്. എന്നാല്‍ പെട്രോളിന്റെ ഈ അപ്രമാദിത്യം അവസാനിപ്പിക്കാന്‍ പോകുന്ന ഒരു വിപ്ലവകാരിയാണ് ഫ്ലെക്സ്-ഫ്യുവല്‍.
ഈ ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തില്‍ മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ മോഡലായ വാഗണ്‍ആറിന്റെ ഇന്ത്യയിലെ ആദ്യ വാണിജ്യ ഫ്ലെക്സ് - ഫ്യുവല്‍ കാര്‍ പതിപ്പ് വിപണിയിലിറക്കാന്‍ ഒരുങ്ങുകയാണ്; ഇതിന് പിന്നാലെ 2026 അവസാനത്തോടെ ടാറ്റാ മോട്ടോഴ്സും തങ്ങളുടെ ഫ്ലെക്സ് -ഫ്യുവല്‍ കാറുകള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെയാണ് ഫ്ലെക്സ് - ഫ്യൂവല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
എന്താണ് ഈ ഫ്ലെക്സ്-ഫ്യുവല്‍ വിപ്ലവം?
ലളിതമായി പറഞ്ഞാല്‍, പെട്രോളിന് പകരക്കാരനായി നമ്മുടെ നാട്ടില്‍ തന്നെ ഉണ്ടാക്കാന്‍ പറ്റുന്ന എഥനോള്‍ എന്ന ജൈവ ഇന്ധനവും (Biofuel) പെട്രോളും ഏത് അളവിലും മാറിമാറി ഉപയോഗിക്കാന്‍ പറ്റുന്ന സാങ്കേതികവിദ്യയാണിത്. ഇതുവരെ നമ്മള്‍ വണ്ടിയില്‍ പെട്രോള്‍ മാത്രമേ അടിച്ചിരുന്നുള്ളൂ. എന്നാല്‍ ഫ്ലെക്സ്-ഫ്യുവല്‍ (Flex-Fuel) എഞ്ചിനുള്ള ഒരു വണ്ടി നിങ്ങളുടെ കയ്യിലുണ്ടെങ്കില്‍, നാളെ പെട്രോളിന് ക്ഷാമം വന്നാലോ വില കുതിച്ചുയര്‍ന്നാലോ നിങ്ങള്‍ക്ക് ഒട്ടും പേടിക്കേണ്ടതില്ല. ഇങ്ങനെ പെട്രോളില്ലെങ്കിലും പേടിക്കണ്ട എന്ന് പറയുന്നതിന് 3 കാരണങ്ങള്‍
പമ്പില്‍ ചെന്നാല്‍ നിങ്ങള്‍ക്ക് 100% ശുദ്ധമായ എഥനോള്‍ അടിച്ച് വണ്ടി ഓടിക്കാം. ഇനി എഥനോള്‍ കിട്ടാനില്ലെങ്കില്‍ സാധാരണ പെട്രോളും അടിക്കാം.
100% എഥനോളിലും വണ്ടി ഓടും!
ഫ്ലെക്സ്-ഫ്യുവല്‍ വണ്ടികളുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് അതിന്റെ ഫ്‌ലെക്‌സിബിലിറ്റിയാണ്. പമ്പില്‍ ചെന്നാല്‍ നിങ്ങള്‍ക്ക് 100% ശുദ്ധമായ എഥനോള്‍ അടിച്ച് വണ്ടി ഓടിക്കാം. ഇനി എഥനോള്‍ കിട്ടാനില്ലെങ്കില്‍ സാധാരണ പെട്രോളും അടിക്കാം. രണ്ടും കൂടി മിക്‌സ് ചെയ്ത് അടിച്ചാലും വണ്ടിക്ക് ഒരു പ്രശ്‌നവും വരില്ല. ഇന്ധനം ഏതാണെന്ന് എഞ്ചിന്‍ സ്വയം തിരിച്ചറിഞ്ഞ് സുഗമമായി ഓടും.
ഇന്ധനം വരുന്നത് നമ്മുടെ പാടങ്ങളില്‍ നിന്ന്!
ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന പെട്രോളിന്റെ 80 ശതമാനത്തിലധികവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ അവിടെ ഒരു യുദ്ധമുണ്ടായാല്‍ ഇവിടെ വില കൂടും. എന്നാല്‍ എഥനോള്‍ ഉണ്ടാക്കുന്നത് നമ്മുടെ നാട്ടിലെ കരിമ്പ്, ചോളം, കേടുവന്ന ധാന്യങ്ങള്‍, കാര്‍ഷിക അവശിഷ്ടങ്ങള്‍ എന്നിവയില്‍ നിന്നാണ്. അതുകൊണ്ട് പെട്രോള്‍ തടസ്സപ്പെട്ടാലും രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകില്ല.
കീശ ചോരില്ല, വില പകുതിയാകും
പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് ഉത്പാദനച്ചെലവ് വളരെ കുറവാണ്. ഫ്ലെക്സ്-ഫ്യുവല്‍ വണ്ടികള്‍ വിപണിയില്‍ സജീവമാവുകയും പമ്പുകളില്‍ എഥനോള്‍ ലഭ്യമാവുകയും ചെയ്യുമ്പോള്‍, പെട്രോളിനേക്കാള്‍ ഏകദേശം 30% മുതല്‍ 40% വരെ കുറഞ്ഞ വിലയില്‍ നമുക്ക് ഇന്ധനം ലഭിക്കും.
ഒരു ഉദാഹരണം പറഞ്ഞാല്‍ മൊബൈല്‍ ഫോണില്‍ ടൈപ്പ്-സി ചാര്‍ജര്‍ വന്നതുപോലെയാണിത്. ചാര്‍ജര്‍ ഏതായാലും ഫോണ്‍ ചാര്‍ജ്ജ് ആകും. അതുപോലെ പെട്രോളായാലും എഥനോളായാലും വണ്ടി ഒരേപോലെ മുന്നോട്ട് കുതിക്കും!ഇലക്ട്രിക് വണ്ടികളിലേക്ക്മാറാമെന്ന് വെച്ചാല്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ കുറവാണ്, ബാറ്ററിയുടെ വിലയും കൂടുതലാണ്. ഈ സാഹചര്യത്തിലാണ് സാധാരണക്കാരന് പെട്രോള്‍ വിലക്കയറ്റത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഫ്ലെക്സ്-ഫ്യുവല്‍ വണ്ടികള്‍ ഏറ്റവും പ്രായോഗികമായ ബദലാകുന്നത്. ടൊയോട്ടയും മാരുതിയും ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികള്‍ ഇതിനോടകം തന്നെ തങ്ങളുടെ ഫ്ലെക്സ്-ഫ്യുവല്‍ വണ്ടികളുടെ പ്രോട്ടോടൈപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.
English Summary: With rising global crude oil prices and growing tensions in Gulf countries, fuel costs continue to worry Indian motorists. In this backdrop, flex-fuel technology is emerging as a major alternative to reduce dependence on petrol. Flex-fuel vehicles can run on petrol blended with higher levels of ethanol, making them more economical and environmentally friendly.
On World Environment Day, June 5, Maruti Suzuki is set to launch India’s first commercial flex-fuel version of the popular Maruti Suzuki WagonR. Following this, Tata Motors has also announced plans to introduce flex-fuel cars by the end of 2026. The development has sparked widespread discussions on social media, with many seeing flex-fuel vehicles as a promising solution for the future of affordable and sustainable transportation in India.