ഇന്ത്യയിലെ ആകെ ജനനനിരക്ക് (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) ചരിത്രത്തിലാദ്യമായി ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയെത്തിയതായി റിപ്പോർട്ട്.. ജനസംഖ്യാ സ്ഥിരത ഉറപ്പാക്കുന്ന 2.1 എന്ന മാനദണ്ഡത്തിൽ നിന്ന് 1.9ലേക്കാണ് ജനനനിരക്ക് കൂപ്പുകുത്തിയിരിക്കുന്നത്.
ഒരു തലമുറയിൽനിന്ന് അടുത്ത തലമുറയിലേക്ക് ജനസംഖ്യ കൂടുകയോ കുറയുകയോ ചെയ്യാതെ കൃത്യമായി നിലനിർത്താൻ ഒരു സ്ത്രീക്ക് ഉണ്ടാകേണ്ട ശരാശരി കുട്ടികളുടെ എണ്ണത്തെയാണ് ഈ മാനദണ്ഡം (റീപ്ലേസ്‌മെന്റ് ലെവൽ) കൊണ്ട് അർത്ഥമാക്കുന്നത്. ദീർഘകാലത്തേക്ക് ജനനനിരക്ക് ഈ പരിധിക്ക് താഴെ തുടർന്നാൽ ജനസംഖ്യാ വളർച്ചാ നിരക്ക് ക്രമേണ കുറയും. ബിഹാറും യുപിയുമൊഴികെ എല്ലാ സംസ്ഥാനങ്ങളിലും നിലവിൽ ജനനനിരക്കിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണറുടെ ഓഫീസ് പുറത്തുവിട്ട 2024-ലെ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം (എസ്.ആർ.എസ്) സ്ഥിതിവിവരക്കണക്ക് റിപ്പോർട്ട് പ്രകാരമാണിത്.
ഒരു സ്ത്രീ തന്റെ ജീവിതകാലത്ത് പ്രസവിക്കാൻ സാധ്യതയുള്ള കുട്ടികളുടെ ശരാശരി എണ്ണത്തെയാണ് ആകെ ജനനനിരക്ക് എന്ന് പറയുന്നത്. ഇതനുസരിച്ച് രാജ്യത്ത് ജനസംഖ്യാ സന്തുലിതാവസ്ഥ നിലനിർത്താൻ ആവശ്യമായ തോതിനേക്കാൾ കുറവാണ് ഇപ്പോഴത്തെ ജനനനിരക്ക്.
2024-ൽ രാജ്യത്തെ ആകെ ജനനനിരക്ക് (TFR) 1.9 ആയി, ജനസംഖ്യ നിലനിർത്താൻ ആവശ്യമായ 2.1 എന്ന replacement level-നേക്കാൾ താഴെയെത്തി. ലളിതമായി പറഞ്ഞാൽ, ഒരു സ്ത്രീ തന്റെ ജീവിതകാലത്ത് ശരാശരി പ്രസവിക്കുന്ന കുട്ടികളുടെ എണ്ണം, ഒരു തലമുറയ്ക്ക് പകരം അടുത്ത തലമുറ വരാൻ ആവശ്യമായ നിരക്കിനേക്കാൾ താഴെയായി.
1950ൽ ഒരു സ്ത്രീ ശരാശരി ആറ് കുട്ടികൾക്ക് ജന്മം നൽകിയപ്പോൾ ഇന്ത്യയിലെ ജനസംഖ്യ 36 കോടിയായിരുന്നു. ഇന്ന് രാജ്യത്ത് 145 കോടിയാണ് ജനസംഖ്യ. ചൈനയെ പിന്തള്ളി ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായെങ്കിലും ഇന്ത്യയുടെ മൊത്തം ഫെർട്ടിലിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും ദേശീയതലത്തിലെ ജനനനിരക്ക് ജനസംഖ്യാ സ്ഥിരത ഉറപ്പാക്കുന്ന 2.1 എന്ന മാനദണ്ഡത്തിനും താഴെയാണെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
എന്തുകൊണ്ട് ജനനനിരക്ക് കുറയുന്നു?
ജനനനിരക്ക് കുറയുന്നതിന് പല കാരണങ്ങളുണ്ട്. കുട്ടികളെ കുറിച്ച് പുതുതലമുറയ്ക്കിടയിൽ മാറിവരുന്ന കാഴ്ചപ്പാട്, വിദ്യാഭ്യാസ ചിലവ്, ജീവിതനിലവാരം എന്നിവയൊക്കെ അതിനെ കാര്യമായി തന്നെ ബാധിച്ചു.
കുട്ടികളെ വളർത്താനുള്ള ചെലവ് അധികരിക്കുന്നതാണ് ഒരു പ്രധാന കാരണം. ഇതുമൂലം കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾ ഒറ്റക്കുട്ടി എന്ന തീരുമാനത്തിലെത്തുന്നു. കുട്ടി ഒന്നേയുള്ളൂവെങ്കിൽ മികച്ച വിദ്യാഭ്യാസം നൽകാനാകും എന്നത് നവദമ്പതികൾക്കിടയിലെ പൊതുവായ കാഴ്ചപ്പാടാണ്.
നഗരവത്കരണമാണ് മറ്റൊരു ഘടകം. ജോലിക്കും മികച്ച ജീവിതനിലവാരത്തിനുമായി യുവാക്കൾ നഗരങ്ങളിലേക്ക് ചേക്കേറുന്നതോടെ അണുകുടുംബങ്ങൾ കൂടുതലാകും. അച്ഛനുമമ്മയും ജോലിക്ക് പോകുന്നതോടെ കുട്ടികളെ നോക്കുക എന്നത് ബാധ്യതയാകും. ഇതോടെ കുട്ടികൾ വേണ്ട എന്ന തീരുമാനത്തിലോ, ഒരു കുട്ടി എന്നതിലോ ഒക്കെ ഉറച്ച് നിൽക്കാൻ ദമ്പതികൾ നിർബന്ധിതരാവുന്നു.
കൂട്ടുകുടുംബങ്ങൾ ഇല്ലാതാകുന്നതും ഒരു വലിയ പ്രശ്നമാണ്. ദി ഇക്കണോമിസ്റ്റ് റിപ്പോർട്ട് പ്രകാരം 70 ശതമാനം ഇന്ത്യക്കാരും നിലവിൽ അണുകുടുംബമാണ് തുടർന്ന് പോരുന്നത്. കുട്ടികളെ നോക്കാൻ മുത്തശ്ശനോ മുത്തശ്ശിയോ ഇല്ലാത്തതൊക്കെ കുട്ടികളേ വേണ്ട എന്ന തീരുമാനത്തിലേക്ക് ദമ്പതികളെ എത്തിക്കാറുണ്ടെന്നാണ് റിപ്പോർട്ട്.
സാമൂഹിക കാഴ്ചപ്പാടുകളിലെ മാറ്റങ്ങളും ജനനനിരക്കുമായി ബന്ധപ്പെട്ട തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ട്. ചെറിയ കുടുംബങ്ങൾ ഇപ്പോൾ സാധാരണവും അഭികാമ്യവും ജീവിതവിജയത്തിന്റെ അടയാളവുമായാണ് കൂടുതൽ ആളുകളും കാണുന്നത്. ടെലിവിഷൻ, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ എന്നിവയിലൂടെ വ്യത്യസ്ത കുടുംബ മാതൃകകൾ ആളുകൾക്ക് പരിചിതമാകുന്നതും ഇതിന് കാരണമാണ്.
2000-കളിൽ നടന്ന ഒരു പഠനത്തെ ഉദ്ധരിച്ച് ഇക്കണോമിസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ചില ഗ്രാമങ്ങളിൽ കേബിൾ ടെലിവിഷൻ എത്തിയതിന് പിന്നാലെ ഗർഭധാരണങ്ങളുടെ എണ്ണം കുറഞ്ഞിരുന്നു. നഗരങ്ങളിലെ മധ്യവർഗ വനിതകൾ ചെറിയ കുടുംബങ്ങളുമായി ജീവിക്കുന്നതായി ടെലിവിഷൻ പരമ്പരകൾ കാണിച്ചതും, കുറച്ച് കുട്ടികൾ മാത്രം മതിയെന്ന ആശയം സാമൂഹികമായി കൂടുതൽ സ്വീകാര്യമാക്കിയതുമാണ് ഇതിന് പിന്നിലെ പ്രധാന കാരണം.
ജനസംഖ്യ കാര്യമായി കുറയുമോ?
നിലവിൽ ജനസംഖ്യ കാര്യമായി കുറയാനുള്ള സാഹചര്യം ഇന്ത്യയിലില്ല. ജനനനിരക്ക് Replacement Level-നേക്കാൾ താഴെയായാലും ഒരു രാജ്യത്തിന്റെ ജനസംഖ്യ വർഷങ്ങളോളം വളർന്നുകൊണ്ടിരിക്കാം. ഇതിനെ ജനസംഖ്യാ ആക്കം (demographic momentum) എന്നാണ് വിളിക്കുന്നത്. ഇന്ത്യയിൽ ഇപ്പോഴും വലിയൊരു യുവജനസംഖ്യയുള്ളതിനാൽ, പ്രത്യുൽപാദന പ്രായത്തിലേക്ക് പ്രവേശിക്കുന്നവരുടെ എണ്ണം ഗണ്യമായി തുടരുകയാണ്. അതുകൊണ്ടുതന്നെ ജനനനിരക്ക് കുറഞ്ഞാലും ജനസംഖ്യ ഉടൻ കുറയണമെന്നില്ല.
വരുംവർഷങ്ങളിലും രാജ്യത്തെ ജനസംഖ്യ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും, ജനനനിരക്ക് വീണ്ടും 2.1-ലേക്ക് ഉയർന്നില്ലെങ്കിൽ ഭാവിയിൽ ജനസംഖ്യയിൽ കുറവുണ്ടാകുന്നത് തടയാനാവില്ല.
ജനസംഖ്യ കുറഞ്ഞാൽ എന്ത് സംഭവിക്കും?
ജനസംഖ്യ കുറയുന്നത് എല്ലായ്പ്പോഴും മോശമായ കാര്യമല്ല. എന്നാൽ ദീർഘകാലത്തേക്ക് ജനനനിരക്ക് വളരെ താഴ്ന്ന നിലയിൽ തുടരുകയും ജനസംഖ്യ ചുരുങ്ങാൻ തുടങ്ങുകയും ചെയ്താൽ ചില വലിയ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകാം.
1. പ്രായമായവരുടെ എണ്ണം കൂടും
കുട്ടികൾ കുറയുകയും മുതിർന്നവർ കൂടുതൽ കാലം ജീവിക്കുകയും ചെയ്യുമ്പോൾ ജനസംഖ്യയിൽ വയോജനങ്ങളുടെ പങ്ക് വർധിക്കും.
>പെൻഷൻ ചെലവ് ഉയരും
>ആരോഗ്യരംഗത്തെ ചെലവുകൾ കൂടും
>വയോജന പരിചരണത്തിനുള്ള ആവശ്യം വർധിക്കും
2. തൊഴിൽശക്തി കുറയും
ജോലി ചെയ്യാൻ പ്രായമുള്ള ആളുകളുടെ എണ്ണം കുറയുമ്പോൾ:
>തൊഴിലാളി ക്ഷാമം ഉണ്ടാകാം
>ഉത്പാദനം കുറയാം
>സാമ്പത്തിക വളർച്ച മന്ദഗതിയിലാകാം
ഇതിന്ന് ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്.
3. നികുതി വരുമാനം കുറയും
ജോലി ചെയ്യുന്നവരുടെ എണ്ണം കുറയുമ്പോൾ സർക്കാരിന് ലഭിക്കുന്ന നികുതിയും കുറയാം. അതേസമയം പെൻഷൻ,ആരോഗ്യസംരക്ഷണം
സാമൂഹ്യസുരക്ഷ എന്നിവയ്ക്കുള്ള ചെലവ് കൂടും.
4. സ്കൂളുകളും സേവനങ്ങളും ചുരുങ്ങാം
കുട്ടികൾ കുറയുമ്പോൾ:
>സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരാം
>ഗ്രാമപ്രദേശങ്ങൾ ആളില്ലാതെ ശൂന്യമാകാം
>പൊതുസേവനങ്ങൾ നിലനിർത്താൻ ബുദ്ധിമുട്ടാകാം
മറുവശത്ത് ജനസംഖ്യ കുറയുന്നത് കൊണ്ട് ചില നേട്ടങ്ങളുമുണ്ട്
ഓരോ കുട്ടിയിലും കൂടുതൽ നിക്ഷേപം നടത്താൻ കുടുംബങ്ങൾക്ക് കഴിയും. വിദ്യാഭ്യാസവും ആരോഗ്യപരിചരണവും മെച്ചപ്പെടാം. ജീവിതനിലവാരം ഉയരാം.
English Summary: India's Total Fertility Rate (TFR) has reportedly fallen below the replacement level for the first time in history. The fertility rate has dropped to 1.9, down from the benchmark of 2.1 required to maintain population stability.
The replacement level refers to the average number of children a woman must have to ensure that a population neither grows nor declines from one generation to the next. If fertility remains below this threshold over the long term, population growth will gradually slow down and eventually begin to decline.
At present, all Indian states except Bihar and Uttar Pradesh have recorded a decline in fertility rates.