Explainer

ഗൂഗിളും മെറ്റയും കുടുങ്ങുമോ? ഡീപ്ഫേക്കിനെതിരെ പ്രിതി സിന്റ നല്‍കിയ കേസിന് ബോംബെ ഹൈക്കോടതിയുടെ പച്ചക്കൊടി!

കേവലം ഒരു സിനിമാ നടിയുടെ സ്വകാര്യ കേസ് എന്നതിനപ്പുറം, സക്കര്‍ബര്‍ഗും സുന്ദര്‍ പിച്ചൈയും നയിക്കുന്ന സാങ്കേതിക സാമ്രാജ്യങ്ങളുടെ അടിത്തറ ഇളക്കാന്‍ പോന്ന ചില നിയമപരമായ ചോദ്യങ്ങള്‍ ഈ കേസ് മുന്നോട്ടുവെക്കുന്നുണ്ട്.

Madism Desk

''ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ ശബ്ദത്തില്‍ അവര്‍ വിളിച്ച് പറയുന്നു; ഞാന്‍ ചെയ്യാത്ത കാര്യങ്ങള്‍ എന്റെ രൂപത്തില്‍ അവര്‍ ചെയ്ത് കാണിക്കുന്നു.'' ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ജീവിക്കുന്ന ഏതൊരു സെലിബ്രിറ്റിയുടെയും എന്തിനേറെ സാധാരണക്കാരായ സ്ത്രീകളുടെ പോലും ഉള്ളിലെ ഭയമാണിത്. എന്നാല്‍ ഈ ഭയത്തോട് നിയമപരമായി പൊരുതാന്‍ ഉറച്ച് ഇറങ്ങിയിരിക്കുകയാണ് ബോളിവുഡ് താരം പ്രീതി സിന്റ.

തന്റെ അനുമതിയില്ലാതെ രൂപവും ശബ്ദവും ഉപയോഗിച്ച് ഡീപ്‌ഫേക്കുകളും എഐ ചാറ്റ്ബോട്ടുകളും നിര്‍മിക്കുന്നതിനെതിരെ ഗൂഗിള്‍, മെറ്റാ, എക്‌സ് (ട്വിറ്റര്‍) തുടങ്ങിയ ആഗോള ടെക് ഭീമന്മാര്‍ക്കെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ പ്രീതി സിന്റയ്ക്ക് ബോംബെ ഹൈക്കോടതി അനുമതി നൽകിയിരിക്കുകയാണ്. കേവലം ഒരു സിനിമാ നടിയുടെ സ്വകാര്യ കേസ് എന്നതിനപ്പുറം, സക്കര്‍ബര്‍ഗും സുന്ദര്‍ പിച്ചൈയും നയിക്കുന്ന സാങ്കേതിക സാമ്രാജ്യങ്ങളുടെ അടിത്തറ ഇളക്കാന്‍ പോന്ന ചില നിയമപരമായ ചോദ്യങ്ങള്‍ ഈ കേസ് മുന്നോട്ടുവെക്കുന്നുണ്ട്.

ഈ കേസില്‍ ഗൂഗിളും മെറ്റയും കുടുങ്ങുമോ? എന്തുകൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ ഈ അനുമതി ഇത്രമേല്‍ ചര്‍ച്ചയാകുന്നത്?

ആരാണ് യഥാര്‍ത്ഥ പ്രതികള്‍? ടെക് കമ്പനികള്‍ക്ക് ഇനി ഒഴിഞ്ഞുമാറാനാകില്ല!

മുന്‍പും അമിതാഭ് ബച്ചനും അനില്‍ കപൂറും ഒക്കെ തങ്ങളുടെ 'വ്യക്തിത്വ അവകാശങ്ങള്‍' (Personality Rights) സംരക്ഷിക്കാന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ആ കേസുകളിലെല്ലാം പ്രതിസ്ഥാനത്തുണ്ടായിരുന്നത് തങ്ങളുടെ ചിത്രങ്ങള്‍ മോഷ്ടിച്ച് പരസ്യം ചെയ്ത ചില പ്രാദേശിക കച്ചവടക്കാരോ അല്ലെങ്കില്‍ വ്യാജ വെബ്സൈറ്റുകളോ ആയിരുന്നു. അന്ന് ഗൂഗിളും ഫേസ്ബുക്കും ഒക്കെ കേസില്‍ കേവലം 'ഇട നിലക്കാര്‍' (Intermediaries) മാത്രമായിരുന്നു. 'ഞങ്ങളുടെ പ്ലാറ്റ്ഫോമില്‍ ആരോ അപ്‌ലോഡ് ചെയ്തു, പരാതി കിട്ടിയപ്പോള്‍ ഞങ്ങള്‍ അത് നീക്കം ചെയ്തു' എന്ന് പറഞ്ഞ് അവര്‍ക്ക് കൈകഴുകാമായിരുന്നു. എന്നാല്‍ പ്രീതി സിന്റയുടെ കേസ് കളി മാറ്റിയെഴുതുകയാണ്. ഇവിടെ ഗൂഗിളും മെറ്റയും എക്‌സും വെറും സാക്ഷികളല്ല, മറിച്ച് ഒന്നാം പ്രതിസ്ഥാനത്തുള്ള 'പ്രധാന എതിര്‍കക്ഷികള്‍' (Principal Respondents) ആണ്.

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന ഡീപ്‌ഫേക്കുകള്‍ വെറുതെ വന്നുപോകുന്ന ഒന്നല്ല. അവ ഇന്‍ഡെക്‌സ് ചെയ്യപ്പെടുന്നതിലും അല്‍ഗോരിതം വഴി ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കുന്നതിലും അതിലൂടെ പരസ്യവരുമാനം ഉണ്ടാക്കുന്നതിലും ഈ പ്ലാറ്റ്ഫോമുകള്‍ക്കു വ്യക്തമായ പങ്കുണ്ട്. ചുരുക്കത്തില്‍, ഇത്തരം സാങ്കേതിക ലംഘനങ്ങളില്‍ ടെക് കമ്പനികള്‍ വെറും കാഴ്ചക്കാരല്ല, മറിച്ച് ഡിജിറ്റല്‍ ലോകത്തെ സജീവ പങ്കാളികളാണെന്ന വാദമാണ് പ്രീതിയുടെ അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചത്.

ഫോട്ടോ മോഷ്ടിക്കുന്നതല്ല, 'വ്യാജ സാന്നിധ്യം' (Simulated Presence) സൃഷ്ടിക്കുന്നത്!

എന്തുകൊണ്ടാണ് പരമ്പരാഗത പകര്‍പ്പവകാശ നിയമങ്ങള്‍ കൊണ്ട് എഐ ഡീപ്‌ഫേക്കുകളെ നേരിടാന്‍ കഴിയാത്തത്? പ്രീതി സിന്റയുടെ കേസ് കൈകാര്യം ചെയ്യുന്ന ലീഗല്‍ വിദഗ്ധര്‍ ഇതിനൊരു മറുപടി നല്‍കുന്നുണ്ട്. പഴയ കേസുകളില്‍ നിങ്ങളുടെ ഒരു ഫോട്ടോയോ വീഡിയോയോ അനുമതിയില്ലാതെ ഉപയോഗിക്കുന്നതായിരുന്നു പ്രശ്‌നം. എന്നാല്‍ ഡീപ്‌ഫേക്കില്‍ നിങ്ങളുടെ ഫോട്ടോ അല്ല ഉപയോഗിക്കുന്നത്. എഐ ഉപയോഗിച്ച് നിങ്ങളുടെ മുഖച്ഛായയും ശബ്ദവും കോപ്പിയടിച്ച് തികച്ചും വ്യാജമായ മറ്റൊരു 'ഡിജിറ്റല്‍ രൂപം' സൃഷ്ടിക്കുകയാണ്.

പ്രീതി സിന്റയുടെ പേരില്‍ സംസാരിക്കുന്ന എഐ ചാറ്റ്ബോട്ടുകള്‍, താരം അഭിനയിക്കാത്ത വീഡിയോകളില്‍ അവരുടെ മുഖം വെച്ചുള്ള ഡീപ്‌ഫേക്കുകള്‍, മോര്‍ഫ് ചെയ്ത മീമുകള്‍ എന്നിവയെല്ലാം ഇതില്‍ വരും. ഒരു വ്യക്തിയുടെ കഠിനാധ്വാനം കൊണ്ട് ഉണ്ടാക്കിയെടുത്ത പ്രശസ്തിയെയും അന്തസ്സിനെയും സാങ്കേതികവിദ്യ ഉപയോഗിച്ച് ചൂഷണം ചെയ്യുന്ന ഈ രീതിയെ നിയമപരമായി എങ്ങനെ നേരിടണമെന്നതിന് ഈ കേസ് ഒരു വഴികാട്ടിയാകും.

എന്തുകൊണ്ട് ബോംബെ ഹൈക്കോടതി? നിയമപരമായ പ്രാധാന്യം

ഈ കേസ് മുംബൈയില്‍ ഫയല്‍ ചെയ്യാന്‍ ബോംബെ ഹൈക്കോടതി നല്‍കിയ അനുമതി (Leave under Clause XII of Letters Patent) ഈ പോരാട്ടത്തിലെ ആദ്യത്തെ വലിയ വിജയമാണ്. എതിര്‍കക്ഷികളായ ഗൂഗിളും മെറ്റയും അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരും ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്നവരുമാണ്. ഡീപ്‌ഫേക്ക് വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് ഒരുപക്ഷേ മറ്റേതെങ്കിലും രാജ്യത്ത് ഇരിക്കുന്ന ആളാകാം.

അങ്ങനെയെങ്കില്‍ കേസ് എവിടെ ഫയല്‍ ചെയ്യും? ബോംബെ ഹൈക്കോടതി വ്യക്തമാക്കിയത് ഇതാണ്- പ്രീതി സിന്റ ജീവിക്കുന്നതും ജോലി ചെയ്യുന്നതും മുംബൈയിലാണ്. അവരുടെ അന്തസ്സിനും പ്രശസ്തിക്കും കോട്ടം തട്ടുന്നത് മുംബൈയില്‍ വെച്ചാണ്. അതിനാല്‍ ആഗോള കമ്പനികള്‍ക്കെതിരെ മുംബൈ കോടതിയില്‍ കേസ് നടത്താന്‍ പൂര്‍ണ്ണ അധികാരമുണ്ട്.ഭാവിയില്‍ ഇന്റര്‍നെറ്റ് വഴി അപമാനിക്കപ്പെടുന്ന ഏതൊരു വ്യക്തിക്കും തങ്ങളുടെ സ്വന്തം നാട്ടിലെ കോടതിയെ സമീപിച്ച് വലിയ കമ്പനികള്‍ക്കെതിരെ പോരാടാന്‍ ഈ ഉത്തരവ് ധൈര്യം നല്‍കും.

ഗൂഗിളും മെറ്റയും കുടുങ്ങുമോ? വരാനിരിക്കുന്ന മാറ്റങ്ങള്‍

കോടതി കേസ് ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കിയെന്നതുകൊണ്ട് മാത്രം കമ്പനികള്‍ കുറ്റക്കാരാണെന്ന് അര്‍ത്ഥമില്ല. എന്നാല്‍ ഈ കേസ് മുന്നോട്ടുപോകുന്നതോടെ ടെക് ഭീമന്മാര്‍ വലിയ പ്രതിസന്ധിയിലാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കര്‍ശനമായ എഐ ഫില്‍റ്ററുകള്‍: സെലിബ്രിറ്റികളുടെയോ സാധാരണക്കാരുടെയോ അനുമതിയില്ലാത്ത ഡീപ്‌ഫേക്കുകള്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നത് തുടക്കത്തിലേ തടയാന്‍ പ്ലാറ്റ്ഫോമുകള്‍ നിര്‍ബന്ധിതരാകും.

വലിയ പിഴകള്‍: പകര്‍പ്പവകാശ ലംഘനത്തിനും മാനനഷ്ടത്തിനും കോടതി വലിയ തുക പിഴ വിധിച്ചാല്‍ അത് ടെക് കമ്പനികളുടെ വരുമാനത്തെ ബാധിക്കും.

പുതിയ നിയമനിര്‍മാണം: ഇന്ത്യയില്‍ എഐ സാങ്കേതികവിദ്യകളെ നിയന്ത്രിക്കാന്‍ കടുത്ത നിയമങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് മേല്‍ ജുഡീഷ്യറിയുടെ സമ്മര്‍ദമുണ്ടാകും.

ഡിജിറ്റല്‍ ലോകത്ത് നമ്മള്‍ ഓരോരുത്തരും സുരക്ഷിതരാണോ എന്ന ചോദ്യത്തിന് കൂടിയാണ് ഈ കേസ് മറുപടി നല്‍കാന്‍ പോകുന്നത്. ഇന്ന് പ്രീതി സിന്റ എന്ന സെലിബ്രിറ്റിക്കാണ് ഈ ദുരവസ്ഥയെങ്കില്‍, നാളെ ഏതൊരു സാധാരണക്കാരന്റെയും ചിത്രങ്ങളും ശബ്ദവും എഐ വഴി ദുരുപയോഗം ചെയ്യപ്പെടാം. അതുകൊണ്ട് തന്നെ പ്രീതി സിന്റയും ഗൂഗിളും തമ്മിലുള്ള ഈ നിയമയുദ്ധം വെറുമൊരു ഈഗോ പോരാട്ടമല്ല. അത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അരാജകത്വത്തില്‍ ർനിന്ന് മനുഷ്യന്റെ സ്വകാര്യതയെയും അന്തസ്സിനെയും വീണ്ടെടുക്കാനുള്ള ചരിത്രപരമായ പോരാട്ടത്തിന്റെ തുടക്കമാണ്. ടെക് ഭീമന്മാര്‍ അത്ര എളുപ്പത്തില്‍ ഇനി ഇതില്‍നിന്ന് ഊരിപ്പോകാന്‍ സാധ്യതയില്ല!

In a major legal development concerning celebrity rights and artificial intelligence, Preity Zinta has been granted permission by the Bombay High Court to file a civil lawsuit against Google, Meta, X Corp and several other digital entities. The actor alleges that her personality rights, copyright and moral rights have been violated through unauthorized use of her identity and content. The case is expected to contribute to the evolving legal framework surrounding AI-generated content, deepfakes and the protection of celebrity likenesses in the digital age.