Explainer

മകള്‍ എന്നാല്‍ വിവാഹിതയായ മകള്‍ കൂടിയാണ്! ലിംഗവിവേചനത്തെ പ്രഹരിച്ച സുപ്രീം കോടതി വിധി, ഒരു സാധാരണക്കാരിയുടെ നിയമപോരാട്ടം

സാമൂഹികമായ സ്റ്റീരിയോടൈപ്പുകളെ കോടതി പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു

Madism Desk

'കല്യാണം കഴിഞ്ഞാല്‍ പിന്നെ പെണ്‍കുട്ടി ഭര്‍ത്താവിന്റെ വീട്ടുകാരിയാണ്, സ്വന്തം മാതാപിതാക്കളുമായി അവള്‍ക്ക് വലിയ ബന്ധങ്ങളില്ല' നമ്മുടെ സമൂഹത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഈ കടുത്ത ലിംഗവിവേചനത്തിന്മേല്‍ സുപ്രീം കോടതി ഇപ്പോള്‍ ഒരു ചരിത്രപരമായ പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ്. വിവാഹം കഴിഞ്ഞു എന്ന ഒറ്റ കാരണം കൊണ്ട് ഒരു മകള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പരമോന്നത കോടതി വിധി പ്രസ്താവിച്ചു. ഒരു സാധാരണക്കാരിയായ സ്ത്രീ നടത്തിയ നിയമപോരാട്ടമാണ് ഇന്ത്യയിലെ ലക്ഷക്കണക്കിന് പെണ്‍മക്കള്‍ക്ക് തുണയാകുന്ന ഈ വലിയ വിപ്ലവത്തിന് വഴിതുറന്നത്!

കുല്‍സും നിഷയുടെ അതിജീവന പോരാട്ടം

ഈ കഥ തുടങ്ങുന്നത് ഉത്തര്‍പ്രദേശിലെ അമേഠിയിലാണ്. കുല്‍സും നിഷ എന്ന സാധാരണക്കാരിയായ സ്ത്രീയുടെ ജീവിതത്തില്‍ നിന്നാണ് ഈ നിയമയുദ്ധത്തിന്റെ തുടക്കം. കുല്‍സുമിന്റെ അമ്മ ബദ്രുന്നിഷ 2013 മുതല്‍ അവിടെയൊരു റേഷന്‍ കട നടത്തിവരികയായിരുന്നു. അമ്മയെ ഇതില്‍ സഹായിച്ചിരുന്നതും കുല്‍സു ആയിരുന്നു. എന്നാല്‍ 2024 മാര്‍ച്ചില്‍ അമ്മ മരണപ്പെട്ടതോടെ ആ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. കാഴ്ചശക്തിയില്ലാത്ത ഒരു സഹോദരി ഉള്‍പ്പെടെ നാല് സഹോദരിമാരുടെ ഏക ആശ്രയവും സംരക്ഷകയും കുല്‍സുമായി. അമ്മയുടെ മരണത്തെത്തുടര്‍ന്ന്, ആശ്രിത നിയമന വ്യവസ്ഥപ്രകാരം ആ കടയുടെ ലൈസന്‍സിനായി കുല്‍സും അപേക്ഷ നല്‍കി. എന്നാല്‍ ജില്ലാ അധികാരികളും, പിന്നീട് അലഹബാദ് ഹൈക്കോടതിയും ആ അപേക്ഷ നിഷ്‌കരുണം തള്ളി! കാരണം എന്തെന്നോ? സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വിവാഹിതയായ ഒരു മകള്‍ 'കുടുംബം' എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടില്ല എന്നതായിരുന്നു ആ ക്രൂരമായ വാദം.

സുപ്രീം കോടതിയുടെ ചരിത്രപരമായ ഇടപെടല്‍

എന്നാല്‍ തോറ്റുകൊടുക്കാന്‍ കുല്‍സും തയ്യാറായിരുന്നില്ല. അവര്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച്, അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് വളരെ കൃത്യമായ ചില നിരീക്ഷണങ്ങള്‍ നടത്തി.

കോടതി നിരീക്ഷിച്ചത്

വിവാഹം കഴിക്കുന്നതോടെ ഒരു മകള്‍ക്ക് അവളുടെ സ്വന്തം മാതാപിതാക്കളുടെ കുടുംബവുമായുള്ള ബന്ധം ഇല്ലാതാകുന്നില്ല. അവള്‍ക്ക് മാതാപിതാക്കളിലുള്ള ആശ്രയത്വമോ, മാതാപിതാക്കള്‍ക്ക് അവളിലുള്ള ആശ്രയത്വമോ വിവാഹം കൊണ്ട് ഇല്ലാതാകുന്നില്ലെന്ന് മാത്രമല്ല, അത് ഭരണഘടനാപരമായി അംഗീകരിക്കാന്‍ കഴിയാത്ത വാദവുമാണ്.'

ലിംഗവിവേചനത്തിന്റെ പൊള്ളത്തരം

സാമൂഹികമായ സ്റ്റീരിയോടൈപ്പുകളെ കോടതി പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. പല വിവാഹിതരായ പെണ്‍മക്കളും ഇന്നും മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കുകയും അവരെ സാമ്പത്തികമായി സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഒരു മകന്‍ വിവാഹം കഴിഞ്ഞാലും കുടുംബത്തിന്റെ ഭാഗമായി തുടരുമ്പോള്‍, മകള്‍ക്ക് മാത്രം ഈ ഫില്‍ട്ടര്‍ വെക്കുന്നത് എന്തടിസ്ഥാനത്തിലാണ്? ഒരു മകന് സ്വന്തമായി വരുമാനമുണ്ടായാലും അവന് ആശ്രിത നിയമനത്തിന് തടസ്സമില്ല, പിന്നെന്തിനാണ് പെണ്‍മക്കളോട് ഈ വിവേചനം?

ആശ്രിത ക്വാട്ടയുടെ യഥാര്‍ത്ഥ ലക്ഷ്യം മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് അടിയന്തിര സാമ്പത്തിക സഹായം നല്‍കുക എന്നതാണ്. അവിടെ നോക്കേണ്ടത് അപേക്ഷകന്റെ സാമ്പത്തിക ആവശ്യവും, ഉത്തരവാദിത്തം നിര്‍വ്വഹിക്കാനുള്ള കഴിവും, അവര്‍ താമസിക്കുന്ന സ്ഥലവുമാണ് . അതിന് വിവാഹവുമായി യാതൊരു ബന്ധവുമില്ലെന്ന് കോടതി വ്യക്തമാക്കി. ഓരോ കേസും വ്യക്തിഗതമായി പരിശോധിച്ച് വേണം തീരുമാനമെടുക്കാനെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

2016-ലെ എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ഓര്‍ഡറിലെ 'മകള്‍' എന്ന വാക്കിന്റെ അര്‍ത്ഥം ഇനിമുതല്‍ 'വിവാഹിതയായ മകള്‍' എന്ന് കൂടിയായി വായിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കൂടാതെ നാല് ആഴ്ചയ്ക്കകം കുല്‍സും നിഷയ്ക്ക് അനുകൂലമായി കട അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ അധികാരികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കി.പെണ്‍മക്കള്‍ വിവാഹം കഴിഞ്ഞാലും സ്വന്തം മാതാപിതാക്കളുടെ കുടുംബത്തിന്റെ ഭാഗം തന്നെയാണ് എന്ന് ഉറപ്പിച്ചു പറയുന്ന ഈ വിധി, രാജ്യത്തെ കാലഹരണപ്പെട്ട പല നിയമങ്ങളും തിരുത്തിയെഴുതാന്‍ കാരണമാകും.

English Summary: In a landmark judgment, the Supreme Court of India struck down a long-standing discriminatory notion that a daughter loses her connection with her parental family after marriage. The court ruled that denying benefits, rights, or entitlements to a woman solely because she is married is unconstitutional and violates the principles of equality enshrined in the Constitution. The verdict emerged from the legal battle of an ordinary woman and is expected to strengthen the rights of millions of daughters across the country. The ruling reinforces that marriage cannot be used as a basis to deprive women of benefits available to members of their parental family.