Explainer

ട്രാൻസ്ജെൻഡർ ഭേദഗതി ബിൽ: സംരക്ഷണമോ അതോ സ്വത്വനിഷേധത്തിന്റെ പുതിയ ചട്ടക്കൂടോ?

കേന്ദ്രസർക്കാർ കൊണ്ടുവന്ന ട്രാൻസ്ജെൻഡർ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് വലിയ ആശങ്കകളാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തില്‍ ഉടലെടുത്തിരിക്കുന്നത്

Varsha G

പാര്‍ലമെന്റ് കഴിഞ്ഞദിവസം പാസാക്കിയ ട്രാന്‍സ്‌ജെന്‍ഡര്‍ പേഴ്‌സണ്‍സ് (അവകാശ സംരക്ഷണ) ഭേദഗതി ബില്‍, 2026-നെക്കുറിച്ച് വലിയ വിമര്‍ശനങ്ങളാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ബില്‍, 2014-ല്‍ ദേശീയ ലീഗല്‍സെല്‍ അതോറിറ്റി (എന്‍ എ എല്‍ എസ് എ) വിധിന്യായത്തിലൂടെ സുപ്രീംകോടതി ഉയര്‍ത്തിപ്പിടിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സ്വയം തിരിച്ചറിയല്‍ അവകാശത്തെ അട്ടിമറിക്കുന്നതാണെന്നതാണെന്നതാണ് പ്രധാന വിമര്‍ശനം. ഇക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രതിപക്ഷ എംപിമാര്‍ എതിര്‍ത്തെങ്കിലും പാര്‍ലമെന്റിന്റെ ഇരു സഭകളിലും കേന്ദ്രസര്‍ക്കാര്‍ പാസാക്കിയെടുക്കുകയായിരുന്നു. ലിംഗവ്യക്തിത്വത്തിന്റെ സ്വയം നിര്‍ണയാവകാശം എടുത്തുകളയുന്ന ബില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തില്‍ കടുത്ത ആശങ്കകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

എന്തുകൊണ്ട് ബിൽ വിവാദമാകുന്നു?

ലിംഗഭേദ വ്യക്തിത്വത്തിന്റെ നിയമപരമായ അംഗീകാര പ്രക്രിയയില്‍ മാറ്റങ്ങള്‍ ഉള്‍പ്പെടെ 2019 ലെ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇപ്പോള്‍ പാസാക്കിയിരിക്കുന്ന ഭേദഗതി ബില്‍. 2019-ല്‍ പാസാക്കിയ ട്രാന്‍സ്ജെന്‍ഡര്‍ പേഴ്സണ്‍സ് (അവകാശ സംരക്ഷണ) നിയമം 2014ലെ സുപ്രീംകോടതി വിധിയിലെ ചില പ്രധാന തത്ത്വങ്ങള്‍ ഉള്‍ക്കൊണ്ടുള്ളതായിരുന്നു. എന്നാല്‍ പുതിയ ഭേദഗതി ബില്‍, സ്വയം തിരിച്ചറിയലിനും വ്യക്തി സ്വാതന്ത്ര്യത്തിനും നിയന്ത്രണങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന ആശങ്ക ഉയര്‍ത്തുകയാണ്. 'സ്വയം തിരിച്ചറിഞ്ഞ ലിംഗ വ്യക്തിത്വം' ഉള്ള വ്യക്തികളെ 'ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി' എന്നതിന്റെ നിര്‍വചനത്തില്‍നിന്ന് ഒഴിവാക്കുന്നതാണ് പുതിയ ബില്‍.

'ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തി' എന്നതിന്റെ നിര്‍വചനം ചുരുക്കാനും ലിംഗ വ്യക്തിത്വം തിരിച്ചറിയുന്നതിനുള്ള നടപടിക്രമങ്ങള്‍ പരിഷ്‌ക്കരിക്കാന്‍ ബില്‍ ലക്ഷ്യമിടുന്നു. വ്യക്തികളെ നിര്‍ബന്ധിതമായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളാക്കി മാറ്റുന്നതിന് കര്‍ശന ശിക്ഷാ വ്യവസ്ഥകള്‍ അവതരിപ്പിക്കാനും ബില്‍ ശ്രമിക്കുന്നു.

ബില്ലില്‍ എന്തൊക്കെ മാറ്റങ്ങള്‍?

'ജനനസമയത്തെ ലിംഗവുമായി പൊരുത്തപ്പെടാത്ത ലിംഗഭേദം' എന്നാണ് 2019 ലെ നിയമത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയെ നിര്‍വചിച്ചിരിക്കുന്നത്. ട്രാന്‍സ്-മാന്‍ അല്ലെങ്കില്‍ ട്രാന്‍സ്-വുമണ്‍ (അത്തരം വ്യക്തി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടോ ഇല്ലയോ, ഹോര്‍മോണ്‍, ലേസര്‍ തെറാപ്പികള്‍ക്കു വിധേയമായിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ) ഇന്റര്‍സെക്‌സ് വ്യതിയാനങ്ങളുള്ള വ്യക്തി, ജെന്‍ഡര്‍ ക്വീര്‍, കിന്നര്‍, ഹിജഡ, അറവാണി, ജോഗ്ത തുടങ്ങിയ സാമൂഹിക-സാംസ്‌കാരിക വ്യക്തിത്വങ്ങളുള്ളവര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

എന്നാല്‍ ഈ നിര്‍വചനങ്ങളില്‍ പുതിയ ബില്ലില്‍ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. കിന്നര്‍, ഹിജഡ, അറവാണി, ജോഗ്ത തുടങ്ങിയ സാമൂഹിക-സാംസ്‌കാരിക വ്യക്തിത്വമുള്ള വ്യക്തി, അല്ലെങ്കില്‍ ചില ഇന്റര്‍സെക്‌സ് വ്യതിയാനങ്ങളുള്ള വ്യക്തി, അല്ലെങ്കില്‍ ജനനസമയത്ത്, പുരുഷന്റെയോ സ്ത്രീയുടെയോ വികാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇനിപ്പറയുന്ന ഒന്നോ അതിലധികമോ ലൈംഗിക സ്വഭാവസവിശേഷതകളില്‍ ജന്മനാ വ്യതിയാനമുള്ള വ്യക്തി' എന്ന് മാറ്റിയിരിക്കുന്നു. അവ ഇവയാണ്: (എ) പ്രാഥമിക ലൈംഗിക സവിശേഷതകള്‍; (ബി) ബാഹ്യ ജനനേന്ദ്രിയം; (സി) ക്രോമസോം പാറ്റേണുകള്‍; (ഡി) ബീജഗ്രന്ഥി വികസനം; (ഇ) എന്‍ഡോജെനസ് ഹോര്‍മോണ്‍ ഉത്പാദനം അല്ലെങ്കില്‍ പ്രതികരണം, അല്ലെങ്കില്‍ മറ്റ് മെഡിക്കല്‍ അവസ്ഥകള്‍.

ബലപ്രയോഗം, പ്രലോഭനം, വഞ്ചന അല്ലെങ്കില്‍ അനാവശ്യ സ്വാധീനം എന്നിവയിലൂടെ, സമ്മതത്തോടെയോ അല്ലാതെയോ, അംഗഭംഗം, ഷണ്ഡീകരണം, അംഗഛേദം, അല്ലെങ്കില്‍ ഏതെങ്കിലും ശസ്ത്രക്രിയ, രാസവസ്തു അല്ലെങ്കില്‍ ഹോര്‍മോണ്‍ നടപടിക്രമങ്ങള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും വിധത്തില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡന്റിറ്റി ഏറ്റെടുക്കാനോ സ്വീകരിക്കാനോ ബാഹ്യമായി അവതരിപ്പിക്കാനോ നിര്‍ബന്ധിതരായ ഏതെങ്കിലും വ്യക്തി അല്ലെങ്കില്‍ കുട്ടി എന്നിവരും പുതിയ നിര്‍വചനത്തിന്റെ ഭാഗമാണ്.

2019 ലെ നിയമത്തിലെ അഞ്ച്, ആറ് വകുപ്പുകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ (അവകാശ സംരക്ഷണ) നിയമങ്ങള്‍ 2020 എന്നിവ പ്രകാരം ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിക്ക് ലിംഗ വ്യക്തിത്വം പ്രഖ്യാപിക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കഴിയുമായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ജില്ലാ മജിസ്‌ട്രേറ്റിന് ഉത്തരവാദിത്തമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ 2020-ലെ നിയമങ്ങളിലെ ചട്ടം നാല് അനുസരിച്ച് ഇതിന് വൈദ്യ അല്ലെങ്കില്‍ ശാരീരിക പരിശോധന ആവശ്യമില്ലായിരുന്നു.

എന്നാല്‍ പുതിയ ഭേദഗതി പ്രകാരം, ചീഫ് മെഡിക്കല്‍ ഓഫീസറുടെയോ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറുടെയോ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമേ ജില്ലാ മജിസ്ട്രേറ്റിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയൂ.

ബില്ലുമായി ബന്ധപ്പെട്ട ആശങ്കകൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി പങ്കുവെയ്ക്കുന്ന ട്രാൻസ്ജെൻഡർ അവകാശ പ്രവർത്തകർ

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ആശങ്കകള്‍

ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് വലിയ ആശങ്കകളാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തില്‍ ഉടലെടുത്തിരിക്കുന്നത്. പുതിയ ബില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ വര്‍ഷങ്ങള്‍ പിന്നോട്ടുതള്ളുന്നതാണെന്ന് ഇന്ത്യയിലെ പ്രമുഖ LGBTQ+ അവകാശ പ്രവർത്തകയും അഭിനേത്രിയുമായ എ രേവതി മാഡിസം ഡിജിറ്റലിനോട് പറഞ്ഞു.

''ഇത് എന്റെ കമ്മ്യൂണിറ്റിയെ വീണ്ടും 50 വര്‍ഷം പുറകോട്ട് തള്ളുകയാണ് ചെയ്യുന്നത്. 50 വര്‍ഷം, അല്ലെങ്കില്‍ 25 വര്‍ഷം മുമ്പ് ഒരു സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിലോ, പാസ്‌പോര്‍ട്ട് എടുക്കുന്നതിലോ, ഈ സമൂഹത്തില്‍ ജോലി ചെയ്യുന്നതിലോ, കുടുംബത്തിലോ എന്തെല്ലാം അതിക്രമങ്ങള്‍ നടന്നിരുന്നോ, അത്തരം ലംഘനങ്ങള്‍ വരാനിരിക്കുന്ന വരും തലമുറയിലെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ഉണ്ടാകുന്ന സാഹചര്യം ഇത് സൃഷ്ടിക്കുന്നു,'' രേവതി പറഞ്ഞു.

ബിജെപി ഇപ്പോള്‍ നടപ്പിലാക്കാന്‍ പോകുന്നത് ഇതിനെയെല്ലാം ഹിന്ദു മതത്തിനുള്ളിലേക്ക് കൊണ്ടുവന്ന് ചുരുക്കുക എന്നതാണ്. അപ്പോള്‍ 'തിരുനങ്കൈ' എന്ന പേര് ഇല്ലാതാക്കുകയാണ്
എ രേവതി

രണ്ടാമത്തെ കാര്യം, താന്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് വളരെ ചുരുക്കം ആളുകളോട് മാത്രം പറഞ്ഞാല്‍ മതയായിരുന്നു. അതായത് സാംസ്‌കാരിക പശ്ചാത്തലമുള്ള ഹിജഡ, കിന്നര്‍, അരവാണി, ഇന്റര്‍സെക്‌സ് എന്നിവരെ മാത്രം താന്‍ ഒരു ട്രാന്‍സ് ആണ് എന്ന് ബോധിപ്പിച്ചാല്‍ മതിയായിരുന്നു. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ 'അരവാണി' എന്ന വാക്ക് ഉപയോഗത്തിലില്ല. വിഴുപ്പുറം കൂവാഗം ഫെസ്റ്റിവലില്‍ അരവാനെ കല്യാണം കഴിക്കുന്നത് കൊണ്ടാണ് അവരെ അരവാണിയെന്ന് വിളിക്കുന്നത്.

എ രേവതി

ബിജെപി ഇപ്പോള്‍ നടപ്പിലാക്കാന്‍ പോകുന്നത് ഇതിനെയെല്ലാം ഹിന്ദു മതത്തിനുള്ളിലേക്ക് കൊണ്ടുവന്ന് ചുരുക്കുക എന്നതാണ്. അപ്പോള്‍ 'തിരുനങ്കൈ' എന്ന പേര് ഇല്ലാതാക്കുകയാണ്. അതുപോലെ കര്‍ണാടകയില്‍ 'മംഗളമുഖി' എന്ന് വിളിക്കുന്നത്, സാംസ്‌കാരിക പശ്ചാത്തലമുള്ള അത്തരം പ്രത്യേക പേരുകളില്‍ അറിയപ്പെടുന്നവരെ (കിന്നര്‍, ഹിജ്ര, അരവാണി തുടങ്ങിയവര്‍) മാത്രമാണ് ഇവര്‍ അംഗീകരിക്കുന്നത്. അവര്‍ക്ക് അംഗീകാരം നല്‍കിയത് കൊണ്ട് മാത്രം നല്ലതൊന്നും സംഭവിക്കാന്‍ പോകുന്നില്ല, അവര്‍ക്കും ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഇതില്‍ 'ഫീമെയില്‍ ടു മെയില്‍' ട്രാന്‍സ്‌ജെന്‍ഡറുകളെ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. അവരെ ഉള്‍പ്പെടുത്തിയിട്ടേയില്ല.

35 വര്‍ഷം മുമ്പ് പാസ്‌പോര്‍ട്ട് എടുത്ത സമയത്ത് ഗൈനക്കോളജിസ്റ്റിന് മുന്നില്‍ വസ്ത്രമെല്ലാം അഴിച്ച് വെച്ച് ഞാന്‍ ഓപ്പറേഷന്‍ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് കാണിച്ചു കൊടുക്കേണ്ടി വന്ന ആ ക്രൂരത ഇവര്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. ഇതൊന്നും വേണ്ടെന്ന് വെച്ചിട്ടാണ് കഴിഞ്ഞ 30 വര്‍ഷമായി ഞങ്ങള്‍ പോരാടിയത്.
എ രേവതി

ഞങ്ങളുടെ സ്വത്വം തെളിയിക്കുന്നതിനായുള്ള മെഡിക്കല്‍ പരിശോധനയാണ് മെഡിക്കല്‍ എക്‌സാമിനേഷന്‍. 35 വര്‍ഷം മുമ്പ് പാസ്‌പോര്‍ട്ട് എടുത്ത സമയത്ത് ഗൈനക്കോളജിസ്റ്റിന് മുന്നില്‍ വസ്ത്രമെല്ലാം അഴിച്ച് വെച്ച് ഞാന്‍ ഓപ്പറേഷന്‍ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് കാണിച്ചു കൊടുക്കേണ്ടി വന്ന ആ ക്രൂരത ഇവര്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. ഇതൊന്നും വേണ്ടെന്ന് വെച്ചിട്ടാണ് കഴിഞ്ഞ 30 വര്‍ഷമായി ഞങ്ങള്‍ പോരാടിയത്. വ്യക്തിയുടെ സ്വയം തിരിച്ചറിയല്‍ അവകാശത്തെക്കുറിച്ച് എന്‍ എ എല്‍ എസ് വിധിയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആ വിധി മാനിക്കാതെയാണ് ഈ ബില്‍ കൊണ്ടുവന്നിരിക്കുന്നത്.

എ രേവതി

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ കുടുംബങ്ങളില്‍നിന്ന് ധാരാളം അതിക്രമങ്ങള്‍ നേരിടുന്നുണ്ട്. പലരും ദുരഭിമാനക്കൊലയ്ക്കു വരെ ഇരയാകുന്നുണ്ട്. അത് ട്രാന്‍സ് വുമണ്‍ ആയാലും ട്രാന്‍സ് മാന്‍ ആയാലും. അതില്‍ അച്ഛനമ്മമാര്‍ക്ക് എന്ത് ശിക്ഷ നല്‍കണം എന്നതിനെക്കുറിച്ച് പുതിയ ബില്ലില്‍ ഒന്നും പറയുന്നില്ല. കുറഞ്ഞപക്ഷം ഞങ്ങള്‍ക്ക് നേരെ ബലാത്സംഗം നടന്നാല്‍ പോലും രണ്ട് വര്‍ഷം തടവ് ശിക്ഷ എന്നാണ് അവര്‍ പറയുന്നത്. ഉദ്യോഗസ്ഥര്‍ പറയുന്നത് 'അച്ഛനമ്മമാര്‍ നിങ്ങളെ അടിച്ചാല്‍ അത് സഹിക്കണം, അവര്‍ നിങ്ങളുടെ നല്ലതിന് വേണ്ടിയല്ലേ പറയുന്നത്, അതുകൊണ്ട് അവര്‍ക്കെതിരെ കേസ് വരുന്ന രീതിയില്‍ നിയമം കൊണ്ടുവരാന്‍ കഴിയില്ല' എന്നാണ്.

മറ്റൊന്ന്, ഒരു സ്ത്രീക്ക് നേരെയുള്ള ബലാത്സംഗവും ഒരു ട്രാന്‍സ് വുമണ്‍ നേരെയുള്ള ബലാത്സംഗവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് അവര്‍ പറയുന്ന ആ മോശമായ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മനസ്സ് ഒരുപാട് വേദനിക്കുന്നു. ജോലിയില്‍ സംവരണമില്ല, സംരക്ഷണവുമില്ല, അങ്ങനെയിരിക്കുമ്പോള്‍ ഈ ബില്ലിനെ എങ്ങനെയാണ് നിങ്ങള്‍ 'ട്രാന്‍സ്‌ജെന്‍ഡര്‍ പ്രൊട്ടക്ഷന്‍ ബില്‍' എന്ന് വിളിക്കുന്നത്? ഇത് വരാനിരിക്കുന്ന തലമുറകള്‍ക്ക് വലിയ അപകടമായി തീരുമെന്നും രേവതി കൂട്ടിച്ചേര്‍ത്തു.

ശ്യാമ എസ് പ്രഭ

പുതിയ ബില്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്ന ഫാസിസ്റ്റ് നടപടിയാണെന്ന് മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശ്യാമ എസ് പ്രഭ പറഞ്ഞു. ഇതിന്റെ ഗുണവും ദോഷവും അനുഭവിക്കേണ്ടി വരുന്ന മനുഷ്യരുടെ യാതൊരു അഭിപ്രായവും അവര്‍ ഇതുവരെ ചോദിച്ചിട്ടില്ല. 2019-ല്‍ അവര്‍ നിയമത്തിനാനുപാതികമായിട്ട് രൂപീകരിച്ച ദേശീയ കൗണ്‍സിലില്‍ പോലും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ അംഗങ്ങളാണ്. അവരോടുപോലും ഇത്തരത്തിലൊരു ഭേദഗതി ബില്ലിനെക്കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ലെന്നും ശ്യാമ പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ അദൃശ്യരാക്കുകയും അവരുടെ ജീവിതം കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ അടക്കുകയും ചെയ്യുന്ന ഒരു ബില്ലാണ്. വര്‍ഷങ്ങള്‍ പിന്നോട്ട് നയിക്കുന്ന ഒരു അപകടകരമായ നീക്കമാണിത്
ശ്യാമ എസ് പ്രഭ

''ഏറ്റവും പ്രധാനം, സുപ്രീംകോടതി 2014-ല്‍ പറഞ്ഞിരിക്കുന്ന ജെന്‍ഡര്‍ ഐഡന്റിറ്റിയെയും ട്രാന്‍സ്‌ജെന്‍ഡര്‍ നിർവചനത്തെയും ആകെ മാറ്റി മറിച്ചുകൊണ്ടുള്ള ബില്ലാണ് അവര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഒരു തരത്തിലും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സംരക്ഷണം നല്‍കില്ല. ജന്‍ഡര്‍ ഒരിക്കലും മെഡിക്കല്‍ പരിശോധനയിലൂടെ നിര്‍ണയിക്കാനോ വിലയിരുത്താനോ കഴിയില്ല. എന്നാല്‍ ഈ ബില്‍ മെഡിക്കല്‍ പരിശോധനകള്‍ക്ക് പ്രാധാന്യം നല്‍കുന്നു. കൂടാതെ, ഒരു ജില്ലാ മജിസ്‌ട്രേറ്റിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരാളുടെ ഐഡന്റിറ്റി നിഷേധിക്കപ്പെടാനുള്ള സാധ്യതയും ഇതില്‍ ഉണ്ട്.''

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ അദൃശ്യരാക്കുകയും അവരുടെ ജീവിതം കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ അടക്കുകയും ചെയ്യുന്ന ഒരു ബില്ലാണ്. വര്‍ഷങ്ങള്‍ പിന്നോട്ട് നയിക്കുന്ന ഒരു അപകടകരമായ നീക്കമാണിത്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ അവകാശങ്ങളും ജീവിതാനുഭവങ്ങളും നേരിട്ട് ബാധിക്കുന്ന നിയമങ്ങള്‍ രൂപീകരിക്കുമ്പോള്‍, ആ സമൂഹത്തിന്റെ ശബ്ദം കേള്‍ക്കപ്പെടുന്നത് നിര്‍ണായകമാണ്.

ശ്യാമ എസ് പ്രഭ

സ്വയം തിരിച്ചറിയലിന്റെ അവകാശം അംഗീകരിച്ച നിയമപരമായ അടിസ്ഥാനത്തില്‍ നിന്ന് പിന്നോട്ടുപോകുന്നുവെന്ന ആശങ്ക ശക്തമാകുന്ന ഈ സാഹചര്യത്തില്‍, ഭേദഗതി ബില്‍ കൂടുതല്‍ വ്യാപകമായ ചര്‍ച്ചക്കും പുനര്‍പരിശോധനക്കും വിധേയമാകേണ്ടതുണ്ടെന്ന ആവശ്യമാണ് ഉയരുന്നത്. സംരക്ഷണത്തിന്റെ പേരില്‍ നിയന്ത്രണങ്ങള്‍ ശക്തമാകുന്നുവെങ്കില്‍, അത് യഥാര്‍ത്ഥ പുരോഗതിയെന്നതിലുപരി പിന്നോട്ടുള്ള ഒരു നീക്കമായി വിലയിരുത്തപ്പെടുമെന്നും ശ്യാമ പറഞ്ഞു.

English Summary: The Transgender Persons (Protection of Rights) Amendment Bill, 2026, passed in Lok Sabha, has sparked criticism from activists who argue it undermines self-identification rights, reintroduces medical scrutiny, and excludes sections of the transgender community, raising concerns about increased control rather than protection