Explainer

ഇറാൻറെ ഷൂട്ട് ആന്‍ഡ് സ്കൂട്ടില്‍ പതറി യുഎസ് വ്യോമസേന; ഇനി അമേരിക്കയുടെ വിശ്വവിഖ്യാത ‘കോമ്പാറ്റ് സെർച്ച് ആൻഡ് റെസ്ക്യൂ’

ഇറാനിൽ തകർന്ന യുഎസ് F-15 യുദ്ധവിമാനത്തിലെ ക്രൂ അംഗങ്ങളെ കണ്ടെത്താൻ നടക്കുന്നത് അത്യന്തം അപകടസാധ്യതയുള്ള കോമ്പാറ്റ് സെർച്ച് ആൻഡ് റെസ്ക്യൂ ദൗത്യം

Madism Desk

ഇറാനിൽ തകർന്നുവീണ യുഎസ് എഫ്-15 യുദ്ധവിമാനത്തിലെ ക്രൂ അംഗങ്ങളെ കണ്ടെത്തുന്നതിനായി അമേരിക്കൻ സൈന്യം നടത്തുന്ന രക്ഷാപ്രവർത്തനം അതീവ സങ്കീർണമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വിമാനം ഇറാന്റെ ഭൂപ്രദേശത്ത് വീഴും മുൻപ് രക്ഷപ്പെട്ട ഒരു പൈലറ്റിനെ കണ്ടെത്താന്‍ അമേരിക്കയ്ക്ക് സാധിച്ചിട്ടുണ്ട്. കാണാതായ രണ്ടാമത്തെ ക്രൂ അംഗത്തിനായുള്ള തിരച്ചിലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ശത്രുദേശത്തിനകത്ത്, സുരക്ഷാ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിൽ നടക്കുന്ന ഈ ദൗത്യം സൈനികപരമായി ഏറ്റവും അപകടസാധ്യതയുള്ള രക്ഷാപ്രവർത്തനങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

ഇറാന്‍ യുദ്ധം മുന്നോട്ടുപോകുമ്പോള്‍ സ്വീകരിച്ചിരിക്കുന്ന ഷൂട്ട് ആന്‍റ് സ്കൂട്ട് തന്ത്രമാണ് അമേരിക്കന്‍ വ്യോമസേനയ്ക്കും ഗള്‍ഫിലെ പ്രതിരോധ സംവിധാനങ്ങള്‍ക്കും കാര്യമായ തലവേദന സൃഷ്ടിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍. അപൂർവങ്ങളില്‍ അപൂർവമായി മാത്രമാണ് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകർക്കാന്‍ ശത്രുരാജ്യങ്ങള്‍ക്ക് സാധിക്കാറുള്ളൂ. എന്നാല്‍ ഇറാന്‍‌ യുദ്ധം ആരംഭിച്ചശേഷം അമേരിക്കയുടെ രണ്ടിലധികം വിമാനങ്ങളാണ് പല ആക്രമണങ്ങളിലായി തകർന്നത്. പ്രതിരോധ സംവിധാനങ്ങള്‍ക്കും കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കാന്‍ ഇറാന്‍റെ പുതിയ യുദ്ധരീതിക്ക് സാധിച്ചിട്ടുണ്ട്.

എന്താണ് കോമ്പാറ്റ് സെർച്ച് ആൻഡ് റെസ്ക്യൂ ? കോമ്പാറ്റ് സെർച്ച് ആൻഡ് റെസ്ക്യൂ എന്നത് യുദ്ധസാഹചര്യങ്ങളിലോ യുദ്ധ പ്രദേശങ്ങളിലോ ഒറ്റപ്പെട്ടുപോയ സൈനികരെ കണ്ടെത്തി രക്ഷപ്പെടുത്തുന്നതിനായി നടത്തുന്ന പ്രത്യേക സൈനിക ദൗത്യങ്ങളാണ്. സാധാരണ പ്രകൃതിദുരന്തങ്ങളിലോ അപകടങ്ങളിലോ നടക്കുന്ന രക്ഷാപ്രവർത്തനങ്ങളിൽനിന്ന് ഇത് വ്യത്യസ്തമാണ്. ഇവിടെ രക്ഷാപ്രവർത്തകർക്ക് നേരിട്ട് ശത്രുസേനയുടെ ഭീഷണി നേരിടേണ്ടിവരും. ചില സാഹചര്യങ്ങളിൽ ഇത്തരം ദൗത്യങ്ങൾ ശത്രുരാജ്യത്തിന്റെ ആഴത്തിലുള്ള പ്രദേശങ്ങളിലേക്ക് വ്യാപിക്കാറുണ്ട്.

ദൗത്യങ്ങൾ എങ്ങനെ നടപ്പാക്കുന്നു? കോമ്പാറ്റ് സെർച്ച് ആൻഡ് റെസ്ക്യൂ ദൗത്യങ്ങൾ സാധാരണയായി ഹെലികോപ്റ്ററുകളുടെ സഹായത്തോടെയാണ് നടത്തുന്നത്. പ്രത്യേകിച്ച് ബ്ലാക്ക് ഹോക്ക് പോലുള്ള സൈനിക ഹെലികോപ്റ്ററുകൾ പ്രധാന പങ്ക് വഹിക്കുന്നു. ഇതിനുപുറമേ, ഇന്ധനവിതരണ വിമാനങ്ങളും നിരീക്ഷണ-ആക്രമണ വിമാനങ്ങളും പിന്തുണ നൽകും. പാരറെസ്ക്യൂ ജംപേഴ്സ് എന്നറിയപ്പെടുന്ന പ്രത്യേക സൈനികരാണ് ഈ ദൗത്യങ്ങളിൽ പ്രധാന പങ്കാളികൾ.

കാണാതായ സൈനികൻ അവസാനമുണ്ടായിരുന്ന സ്ഥലം കേന്ദ്രീകരിച്ചാണ് സംഘം തിരച്ചിൽ ആരംഭിക്കും. കണ്ടെത്തിയശേഷം, ആവശ്യമായ ചികിത്സ നൽകുകയും ശത്രുസേനയുടെ കണ്ണിൽപ്പെടാതെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയും ചെയ്യുന്നതാണ് പ്രധാന ലക്ഷ്യം. ആവശ്യമായ സാഹചര്യങ്ങളിൽ പാരച്യൂട്ടിലൂടെ നേരിട്ട് ലക്ഷ്യ സ്ഥാനത്തേക്ക് ഇറങ്ങാനും ഇവർ സജ്ജരാണ്.

എന്തുകൊണ്ട് സിഎസ്എആർ ദൗത്യങ്ങൾ അതീവ അപകടകരമാകുന്നു?

സിഎസ്എആർ ദൗത്യങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി സമയപരിധിയാണ്. കാണാതായ സൈനികനെ വേഗത്തിൽ കണ്ടെത്തിയില്ലെങ്കിൽ ശത്രുസേനയുടെ പിടിയിലാകാനുള്ള സാധ്യത വർധിക്കും. അതോടൊപ്പം, ശത്രുസേനയും ഒരേസമയം തിരച്ചിൽ നടത്താൻ സാധ്യതയുള്ളതിനാൽ, രക്ഷാപ്രവർത്തകർക്ക് നേരിടേണ്ടി വരുന്നത് കടുത്ത വെല്ലുവിളികളാണ്.

ഇറാനിലെ ഖുസെസ്താൻ പ്രദേശത്ത് യുഎസ് ഹെലികോപ്റ്ററുകളും ഇന്ധനവിമാനങ്ങളും താഴ്ന്നു പറക്കുന്നതായി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബുദ്ധിമുട്ടേറിയ ഭൂതലവും അനുബന്ധ സാഹചര്യങ്ങളും ഇറാനിയന്‍ സൈന്യത്തില്‍ നിന്ന് നേരിട്ടേക്കാവുന്ന പ്രതിരോധവും രക്ഷാപ്രവർത്തനത്തെ കൂടുതൽ അപകടകരമാക്കുന്നു.

തിരച്ചിൽ എങ്ങനെ മുന്നേറുന്നു?

സൈനിക വിദഗ്ധരുടെ വിശദീകരണങ്ങൾ പ്രകാരം, കാണാതായ പൈലറ്റ് അവസാനമായി ഉണ്ടായിരുന്ന പ്രദേശം അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ തിരച്ചിൽ പുരോഗമിക്കുന്നത്. ഇതിനായി ബ്ലാക്ക്ഹോക്ക് ഹെലികോപ്റ്ററുകള്‍ പ്രദേശത്ത് റോന്ത് ചുറ്റുന്നുണ്ട്. നിലവില്‍ പൈലറ്റിന് സൈനിക ബേസുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ തകരാറിലാണെന്നുമാണ് വിവരം. ഇറാനിയന്‍ സൈന്യവും പ്രദേശവാസികളും പൈലറ്റിനായി അന്വേഷണം നടത്തുന്നുണ്ട്.

സിഎസ്എആറിന്റെ ചരിത്ര പശ്ചാത്തലം

യുദ്ധകാല രക്ഷാപ്രവർത്തനങ്ങളുടെ ചരിത്രം ഒന്നാം ലോകമഹായുദ്ധകാലം വരെ നീളുന്നതാണ്. അന്ന് പൈലറ്റുമാർ അപകടത്തിൽപ്പെട്ട സഹപ്രവർത്തകരെ രക്ഷിക്കാൻ താൽക്കാലിക വിമാനങ്ങൾ ഇറക്കിയിരുന്നു. 1943-ൽ ബർമ്മയിൽ നടന്ന ദൗത്യത്തിലൂടെയാണ് യുഎസ് പാരറെസ്ക്യൂ യൂണിറ്റുകളുടെ തുടക്കം.

1944-ൽ ഹെലികോപ്റ്റർ ഉപയോഗിച്ച് ശത്രുസേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തുനിന്ന് സൈനികരെ രക്ഷപ്പെടുത്തിയ സംഭവം ചരിത്രത്തിലെ ആദ്യ ഹെലികോപ്റ്റർ രക്ഷാപ്രവർത്തനമായി കണക്കാക്കപ്പെടുന്നു. പിന്നീട് വിയറ്റ്നാം യുദ്ധകാലത്താണ് സിഎസ്എആർ ദൗത്യങ്ങൾ ആധുനിക രൂപം കൈക്കൊണ്ടത്. “ബാറ്റ് 21” പോലുള്ള ദൗത്യങ്ങൾ വലിയ നഷ്ടങ്ങൾ ഉണ്ടാക്കിയെങ്കിലും, പിന്നീട് രക്ഷാപ്രവർത്തന തന്ത്രങ്ങൾ മെച്ചപ്പെടുത്താൻ അത് വഴിയൊരുക്കി. ഇത് ഇന്നത്തെ സിഎസ്എആർ രീതികൾക്ക് അടിത്തറയിട്ട അനുഭവങ്ങളാണ്.

പാരറെസ്ക്യൂ ടീമുകളുടെ പ്രത്യേകത സിഎസ്എആർ ദൗത്യങ്ങളുടെ മുഖ്യ ചുമതല യുഎസ് എയർ ഫോഴ്‌സിനാണ്. പാരറെസ്ക്യൂ ജംപേഴ്സ് എന്നറിയപ്പെടുന്ന ഈ പ്രത്യേക സൈനികർ യുദ്ധഭൂമിയിലും മെഡിക്കൽ രംഗത്തും ഒരുപോലെ പരിശീലനം നേടിയവരാണ്. “These Things We Do, That Others May Live” എന്നതാണ് ഇവരുടെ മുദ്രാവാക്യം.

ഏകദേശം രണ്ട് വർഷം നീളുന്ന കഠിന പരിശീലനമാണ് ഇവർക്കുള്ളത്. പാരച്യൂട്ട്, ഡൈവിങ്, കടുപ്പമേറിയ വ്യത്യസ്ത സാഹചര്യങ്ങളെ അതിജീവിക്കുന്നതിനുള്ള പരിശീലനം, പ്രതിരോധിക്കാനും രക്ഷപ്പെടാനുമുള്ള പരിശീലനം, പാരാമെഡിക് കോഴ്‌സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. യുദ്ധഭൂമിയിലെ അടിയന്തര ചികിത്സയും രക്ഷാപ്രവർത്തനങ്ങളും ആയുധപ്രയോഗവും ഇവരുടെ പരിശീലനത്തിന്റെ ഭാഗമാണ്.

അടുത്തകാലത്തെ ശ്രദ്ധേയ രക്ഷാപ്രവർത്തനങ്ങൾ

ഇറാഖ്, അഫ്ഗാനിസ്ഥാൻ യുദ്ധങ്ങളിൽ യുഎസ് പാരറെസ്ക്യൂ സംഘങ്ങൾ ആയിരക്കണക്കിന് രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 2005-ൽ അഫ്ഗാനിസ്ഥാനിൽ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട യുഎസ് നേവി സീൽ അംഗത്തെ കണ്ടെത്തിയ ദൗത്യം പിന്നീട് “ലോൺ സർവൈവർ” എന്ന സിനിമയായി മാറി.

1995-ൽ ബോസ്നിയയിൽ ആറ് ദിവസം ശത്രുസേനയിൽ നിന്ന് മറഞ്ഞുനിന്ന യുഎസ് പൈലറ്റ് സ്കോട്ട് ഒ’ഗ്രേഡിയെ രക്ഷപ്പെടുത്തിയതും 1999-ൽ സെർബിയയിൽ തകർന്നുവീണ എഫ്-117 സ്റ്റെൽത്ത് വിമാനത്തിലെ പൈലറ്റിനെ കണ്ടെത്തിയതും ശ്രദ്ധേയമായ സിഎസ്എആർ ദൗത്യങ്ങളാണ്.

സമയബന്ധിതമായി ദൗത്യം പൂർത്തിയാക്കാനായില്ലെങ്കില്‍ പൈലറ്റിനെ കണ്ടെത്തുക ദുർഘടമാകും. ശത്രുസേനയുടെ ഭീഷണി, അനിശ്ചിതമായ ഭൗമശാസ്ത്ര സാഹചര്യം എന്നിവയെ അതിജീവിച്ചാണ് ഇത്തരം ദൗത്യങ്ങൾ മുന്നേറുന്നത്. കാണാതായ ക്രൂ അംഗത്തെ സുരക്ഷിതമായി കണ്ടെത്താനാകുമോ എന്നത് അടുത്ത ഘട്ടത്തിൽ വ്യക്തമായേക്കും. എന്നാൽ, “നോ വൺ ലെഫ്റ്റ് ബിഹൈൻഡ്” എന്ന സൈനിക വാഗ്ദാനത്തിന്റെ പ്രായോഗിക രൂപമാണ് ഇത്തരം രക്ഷാപ്രവർത്തനങ്ങൾ എന്നത് വീണ്ടും ഉറപ്പിക്കുന്നതായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

English Summary: A US combat search and rescue (CSAR) mission in Iran to locate crew from a crashed F-15 has become highly complex, highlighting the risks and strategies of wartime rescue operations.