Explainer

ഇറാന് സാമ്പത്തിക പൂട്ടിട്ട് അമേരിക്ക, അറുപതോളം സ്ഥാപനങ്ങള്‍ കരിമ്പട്ടികയില്‍; നാല് ഇന്ത്യന്‍ കമ്പനികള്‍ക്കും ഉപരോധം

മധ്യപൂര്‍വേഷ്യയിലും ഏഷ്യയിലുമുള്ള 20-ലധികം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും എതിരെയാണ് ഉപരോധം. ഇറാന്റെ ആണവ ഗവേഷണത്തിനും മിസൈല്‍ വികസനത്തിനും ധനസഹായവും ലോജിസ്റ്റിക് പിന്തുണയും നല്‍കിയെന്നാണ് ആരോപണം.

Madism Desk

ഇറാനെതിരെ വീണ്ടും കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് യു.എസ് ട്രഷറി വിഭാഗം. ഇറാന്റെ ആഗോള സാമ്പത്തിക ബന്ധങ്ങളും വരുമാന മാര്‍ഗങ്ങളും ലക്ഷ്യമിട്ടുള്ള 'സാമ്പത്തിക ആക്രമണ'മാണ് തങ്ങള്‍ ലക്ഷ്യമിടുന്നത് എന്നാണ് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ് അറിയിച്ചു. ഇറാന്റെ സൈനിക, എണ്ണ, ഡിജിറ്റല്‍ മേഖലകളെ ലക്ഷ്യമിടുന്നതിനൊപ്പം, ഇറാനുമായി വ്യാപാരബന്ധം പുലര്‍ത്തുന്ന വിദേശ രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കും വ്യക്തമായ മുന്നറിയിപ്പും അമേരിക്ക നല്‍കുന്നുണ്ട്.

വ്യാപാര പങ്കാളികള്‍ക്ക് കടുത്ത മുന്നറിയിപ്പ്

ഇറാനുമായുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മറ്റ് രാജ്യങ്ങള്‍ക്ക് അമേരിക്ക സമയപരിധി നിശ്ചയിക്കും. ഈ ഉത്തരവ് പാലിക്കാത്ത വിദേശ സ്ഥാപനങ്ങളെ അമേരിക്കന്‍ സാമ്പത്തിക സംവിധാനത്തില്‍ നിന്ന് പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്. കള്ളപ്പണം വെളുപ്പിക്കലിനോ ഉപരോധം മറികടക്കുന്നതിനോ ഇറാനെ സഹായിക്കുന്ന വിദേശ സ്ഥാപനങ്ങളെ യു.എസ് സാമ്പത്തിക സംവിധാനത്തില്‍ നിന്ന് പുറത്താക്കാന്‍ സാധ്യതയുണ്ട്. സാങ്കേതികവിദ്യ, ഡിജിറ്റല്‍ അസറ്റുകള്‍ (ക്രിപ്‌റ്റോകറന്‍സി), സ്വര്‍ണം, ഏവിയേഷന്‍, ഷിപ്പിംഗ് തുടങ്ങിയ മേഖലകളില്‍ ഇറാനുമായി സഹകരിക്കുന്ന ഏത് രാജ്യത്തിനും സ്ഥാപനത്തിനും വ്യക്തിയ്ക്കും ഉപരോധം നേരിടേണ്ടി വന്നേക്കാം.

60-ഓളം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഉപരോധം

യു.എസ് ട്രഷറിയുടെ ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ്‌സ് കണ്‍ട്രോള്‍ പുതിയതായി 60-ഓളം വ്യക്തികള്‍, സ്ഥാപനങ്ങള്‍, കപ്പലുകള്‍ എന്നിവയെ കറുത്ത പട്ടികയില്‍ പെടുത്തി. ഇറാന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ ബാലിസ്റ്റിക്-ആണവ പദ്ധതികള്‍ക്ക് സഹായം നല്‍കുന്ന ശൃംഖലകള്‍, അമേരിക്കന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയ സൈബര്‍ സംഘങ്ങള്‍, ഇറാന്റെ എണ്ണ വ്യാപാരം നടത്തുന്ന ഷാഡോ ഫ്‌ളീറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമെ, ഇറാനിലേക്ക് അയച്ചിരുന്ന ചില പണമയക്കല്‍ ഇളവുകളും സാംസ്‌കാരിക-വിദ്യാഭ്യാസ ലൈസന്‍സുകളും അമേരിക്ക റദ്ദാക്കിയിട്ടുണ്ട്.

മധ്യപൂര്‍വേഷ്യയിലും ഏഷ്യയിലുമുള്ള 20-ലധികം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും എതിരെയാണ് ഉപരോധം. ഇറാന്റെ ആണവ ഗവേഷണത്തിനും മിസൈല്‍ വികസനത്തിനും ധനസഹായവും ലോജിസ്റ്റിക് പിന്തുണയും നല്‍കിയെന്നാണ് ആരോപണം. മുമ്പ് ഉപരോധം ഏര്‍പ്പെടുത്തിയ ഇറാനിയന്‍ സാങ്കേതിക സ്ഥാപനത്തിന് ഉല്‍പന്നങ്ങള്‍ വിതരണം ചെയ്ത ചൈനീസ് കമ്പനികളും ഇതില്‍ ഉള്‍പ്പെടുന്നു. യു.എസ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ സൈബര്‍ കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മുമ്പ് ഉപരോധം നേരിട്ട ചില വ്യക്തികള്‍ക്കെതിരെയുള്ള നടപടികളും വിപുലീകരിച്ചു. ഇറാന്റെ എണ്ണ കയറ്റുമതി തടയുന്നതിന്റെ ഭാഗമായി യു.എ.ഇ, സിംഗപ്പൂര്‍, ഹോങ്കോംഗ് എന്നിവടങ്ങളിലെ വെസ്സല്‍ ബ്രോക്കര്‍മാര്‍, ബങ്കറിംഗ് സേവന ദാതാക്കള്‍, സാമ്പത്തിക ഇടനിലക്കാര്‍ എന്നിവരെയും ലക്ഷ്യമിട്ടിട്ടുണ്ട്. കൂടാതെ 'ഷാഡോ ഫ്‌ളീറ്റ്' എന്ന് വിശേഷിപ്പിച്ച അഞ്ച് ടാങ്കറുകളെ തടഞ്ഞുവെച്ച സ്വത്തുകളായി അടയാളപ്പെടുത്തി.

ഇന്ത്യന്‍ കമ്പനികളും വ്യക്തികളും പട്ടികയില്‍

ഇറാന്റെ എണ്ണ-പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്തുവെന്ന ആരോപണത്തില്‍ നാല് ഇന്ത്യന്‍ കമ്പനികള്‍ക്കും മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്കും അമേരിക്ക ഉപരോധമേര്‍പ്പെടുത്തി. ഏകദേശം 119 ദശലക്ഷം യു.എസ് ഡോളറിന്റെ വ്യാപാരബന്ധമാണ് ഈ കമ്പനികള്‍ക്ക് ഉള്ളതെന്ന് ട്രഷറി വിഭാഗം വ്യക്തമാക്കുന്നു. സദാശിവ ഓവര്‍സീസ് ലിമിറ്റഡ്, പി.പി സോഫ്ടെക് പ്രൈവറ്റ് ലിമിറ്റഡ്, പ്രകൃതീസ് ഇന്‍ഫ്രാ ഇംപെക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, പോര്‍ട്ട്ഈസ് പാര്‍ട്‌ണേഴ്സ് എല്‍.എല്‍.പി എന്നിവയാണ് ഉപരോധിക്കപ്പെട്ട ഇന്ത്യന്‍ കമ്പനികള്‍. പി.പി സോഫ്ടെക് ഡയറക്ടര്‍ പ്രശാന്ത് ഗാര്‍ഗ്, പോര്‍ട്ട്ഈസ് പാര്‍ട്‌ണേഴ്‌സിലെ ഇദ്രീസ്മിയ അഷ്‌റഫ്മിയ ഷെയ്ഖ്, ഹരീഷ് രാമചന്ദ്ര രംഗി എന്നിവരാണ് ഉപരോധം നേരിട്ട ഇന്ത്യന്‍ പൗരന്മാര്‍.

പ്രതിരോധിക്കാന്‍ സജ്ജമെന്ന് ഇറാന്‍

അതേസമയം, യു.എസിന്റെ ഉപരോധങ്ങളെ ഇറാന്‍ തള്ളിപ്പറഞ്ഞു. ഈ നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എന്‍ ചാര്‍ട്ടറിന്റെയും ലംഘനമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഇത്തരം നിയമലംഘനങ്ങളും ഭീഷണികളും സ്വന്തം പരമാധികാരത്തെ മാനിക്കുന്ന ഒരു രാജ്യവും അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ ഉപരോധങ്ങളെ നേരിടാന്‍ രണ്ട് വര്‍ഷത്തെ പദ്ധതി തയ്യാറാണെന്ന് ഇറാന്‍ സാമ്പത്തിക മന്ത്രി അലി മദനിസാദെ പറഞ്ഞു. മറ്റ് രാജ്യങ്ങള്‍ക്കെതിരെയുള്ള യു.എസ് ഭീഷണികള്‍ വെറും 'വലിയ വര്‍ത്തമാനങ്ങള്‍' മാത്രമാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫ് വിശേഷിപ്പിച്ചു. ഇറാനുമായുള്ള വ്യാപാരം അവസാനിപ്പിക്കാന്‍ ഈ ഉപരോധങ്ങള്‍ കാരണമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എണ്ണ വിപണിയിലെ ചലനങ്ങള്‍

നേരിട്ടുള്ള സൈനിക ആക്രമണങ്ങളില്‍ നിന്ന് സാമ്പത്തിക ഉപരോധങ്ങളിലേക്ക് അമേരിക്ക ശ്രദ്ധ മാറ്റിയത് ആഗോള എണ്ണ വിപണിയിലെ താല്‍ക്കാലിക ആശങ്കകള്‍ അകറ്റിയിട്ടുണ്ട്. നിലവില്‍ ഒമാന്റെ മധ്യസ്ഥതയില്‍ ഹോര്‍മുസ് കടലിടുക്കിലെ നാവിക പാത സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ട് നയതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍, മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ തിരിച്ചടിച്ചാല്‍ എണ്ണവില വീണ്ടും കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

The United States has imposed a fresh round of severe economic sanctions against Iran, targeting its military, oil and digital sectors as well as its global financial networks. The US Treasury has also warned foreign countries, companies and individuals that continued economic cooperation with Iran could lead to sanctions and exclusion from the American financial system. Around 60 individuals, companies and vessels have reportedly been blacklisted for allegedly supporting Iran's ballistic missile and nuclear programmes, cyber activities and oil trade. The sanctions also target Iran's so-called shadow fleet and businesses involved in shipping, aviation, technology, digital assets, gold and other sectors.