Explainer

17 ശതമാനത്തില്‍ നിന്ന് ഏഴിലേയ്ക്ക്, ഒബിസി സംവരണ പട്ടിക വെട്ടിച്ചുരുക്കി ബിജെപി സര്‍ക്കാര്‍; പശ്ചിമ ബംഗാളിലെ മുസ്ലിം ഉപജാതികള്‍ പുറത്തേക്ക്

2011-ല്‍ അധികാരത്തില്‍ വന്നതിന് ശേഷം മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ടിഎംസി സര്‍ക്കാര്‍ തൊട്ടടുത്ത വര്‍ഷം കൂടുതല്‍ ഉപജാതികളെ, പ്രത്യകിച്ച് മുസ്ലിങ്ങളെ ഉള്‍പ്പെടുത്തി ഒബിസി പട്ടിക വീണ്ടും വിപുലീകരിച്ചു.

Madism Desk

ഒബിസി സംവരണത്തില്‍ ഭേദഗതി വരുത്തുന്നതിനായി പശ്ചിമ ബംഗാള്‍ നിയമസഭ രണ്ട് സുപ്രധാന ബില്ലുകളാണ് കഴിഞ്ഞ ദിവസം പാസാക്കിയത്. പശ്ചിമ ബംഗാള്‍ പിന്നാക്ക വിഭാഗ (പട്ടികജാതി-പട്ടികവര്‍ഗ ഇതര) സര്‍വീസുകളിലെയും തസ്തികകളിലെയും ഒഴിവ് സംവരണ (ഭേദഗതി) ബില്‍ 2026, 'പശ്ചിമ ബംഗാള്‍ പിന്നാക്ക വിഭാഗ കമ്മീഷന്‍ (ഭേദഗതി) ബില്‍ 2026 എന്നിവയാണ് സഭ പാസാക്കിയത്. 2010-ന് ശേഷം ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ നിരവധി ഉപജാതികളെ പുതിയ ബില്ലുകള്‍ പ്രകാരം ഒഴിവാക്കിയിട്ടുണ്ട്. 2024-ലെ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിന് അനുസൃതമായാണ് ഈ പുതിയ നിയമനിര്‍മ്മാണം.

ഇതോടെ സംസ്ഥാനത്തെ ഒബിസി സംവരണം 17 ശതമാനത്തില്‍ നിന്ന് വീണ്ടും ഏഴ് ശതമാനമായി കുറയും. ഒബിസി പട്ടികയിലുണ്ടായിരുന്ന ഉപജാതികളുടെ എണ്ണം 179-ല്‍ നിന്ന് 66 ആയി ചുരുങ്ങുകയും ചെയ്യും. ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച്, പിന്നീട് വന്ന തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരും തുടര്‍ന്നുപോന്ന ഒബിസി സംവരണവും മുസ്ലിം ഉപജാതികളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ നടപടിയുമാണ് കഴിഞ്ഞ മെയ് മാസത്തില്‍ അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്.

ബംഗാളിലെ ഒബിസി സംവരണം

1993-ല്‍ പശ്ചിമ ബംഗാളില്‍ ഒബിസി സംവരണം ആരംഭിക്കുമ്പോള്‍ 66 ഉപജാതികളാണ് ഈ വിഭാഗത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 54 ഹിന്ദു ഉപജാതികളും 12 മുസ്ലിം ഉപജാതികളും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ 2000-കളുടെ അവസാനത്തോടെ അന്നത്തെ ഇടതുമുന്നണി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമായി, പ്രത്യേകിച്ച് മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍. 2006-ലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ ഒബിസി സംവരണ നയത്തില്‍ മാറ്റം വരുത്തി. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2010 മാര്‍ച്ച് അഞ്ചിനും സെപ്റ്റംബര്‍ പത്തിനും ഇടയില്‍ ഏഴ് എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഇത് പ്രകാരം 42 പുതിയ വിഭാഗങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതില്‍ 41-ഉം മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരായിരുന്നു. ഇതോടെ സംസ്ഥാനത്തെ ഒബിസി സംവരണം ഏഴു ശതമാനത്തില്‍ നിന്ന് 17 ശതമാനമായി ഉയര്‍ന്നു.

ഇതില്‍ 10 ശതമാനം സംവരണം 'ഏറ്റവും പിന്നാക്കക്കാരായ' ജാതി വിഭാഗങ്ങള്‍ക്കായി മാറ്റിവെച്ചു. മുസ്ലിങ്ങള്‍ ഭൂരിപക്ഷമുണ്ടായിരുന്ന ഈ വിഭാഗത്തിന് 'ഒബിസി-എ' എന്ന് പേരിട്ടു. ബാക്കിയുള്ള ഏഴു ശതമാനം സംവരണം 'ഒബിസി-ബി' എന്ന പേരിലും അറിയപ്പെട്ടു. 2011-ല്‍ അധികാരത്തില്‍ വന്നതിന് ശേഷം മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ടിഎംസി സര്‍ക്കാര്‍ തൊട്ടടുത്ത വര്‍ഷം കൂടുതല്‍ ഉപജാതികളെ, പ്രത്യകിച്ച് മുസ്ലിങ്ങളെ ഉള്‍പ്പെടുത്തി ഒബിസി പട്ടിക വീണ്ടും വിപുലീകരിച്ചു. തൃണമൂല്‍ ഭരണകാലത്തെ കൂട്ടിച്ചേര്‍ക്കലുകള്‍ കൂടിയായതോടെ, ആദ്യമുണ്ടായിരുന്ന 66 ഉപജാതികളില്‍ നിന്ന് മൊത്തം ഉപജാതികളുടെ എണ്ണം 179 ആയി ഉയര്‍ന്നു.

വെസ്റ്റ് ബംഗാള്‍ കമ്മീഷന്‍ ഫോര്‍ ബാക്ക്വേര്‍ഡ് ക്ലാസസ് (ഡബ്ല്യുബിസിബിസി) നടത്തിയ സാമൂഹിക, സാമ്പത്തിക സര്‍വേകളുടെ അടിസ്ഥാനത്തിലാണ് ഈ വിപുലീകരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ന്യായീകരിച്ചെങ്കിലും, ഈ സര്‍വേകളുടെ രീതിശാസ്ത്രവും കൃത്യതയും ചോദ്യം ചെയ്യപ്പെട്ടു. സര്‍വേകള്‍ക്ക് അടിത്തറയില്ലെന്നും രാഷ്ട്രീയ താല്‍പര്യങ്ങളെ അമിതമായി ആശ്രയിച്ചെന്നും ക്രീമിലെയര്‍ തത്വം കൃത്യമായി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടെന്നും വിമര്‍ശകര്‍ വാദിച്ചു.

കല്‍ക്കട്ട ഹൈക്കോടതിയുടെ 2024-ലെ ഉത്തരവ്

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്താണ് ഈ വിവാദം ശക്തമാകുന്നത്. 2010-ന് ശേഷം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ എല്ലാ ഒബിസി സര്‍ട്ടിഫിക്കറ്റുകളും കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കി. 2012-ലെ പശ്ചിമ ബംഗാള്‍ പിന്നാക്ക വിഭാഗ സംവരണ നിയമത്തിലെ ചില വ്യവസ്ഥകളെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി ഈ വിധി പ്രസ്താവിച്ചത്. 2024 മെയ് 22-ലെ ഉത്തരവില്‍, ജസ്റ്റിസുമാരായ തപബ്രത ചക്രവര്‍ത്തി, രാജശേഖര്‍ മന്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്, 77 സമുദായങ്ങള്‍ക്ക് ഒബിസി പദവി നല്‍കുന്നതില്‍ 'മതം മാത്രമാണ് മാനദണ്ഡമായി കാണുന്നത്' എന്ന് നിരീക്ഷിച്ചു.

എന്നാല്‍, നിലവില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്കോ, സംവരണ ആനുകൂല്യം അനുഭവിച്ചവര്‍ക്കോ, സംസ്ഥാനത്തെ ഏതെങ്കിലും തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ വിജയിച്ചവര്‍ക്കോ ഈ ഉത്തരവ് ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. പുതിയ ഒബിസി വിഭാഗങ്ങളെ കണ്ടെത്തുന്നതില്‍ പിന്നാക്ക വിഭാഗ കമ്മീഷന്റെ പങ്ക് ഒഴിവാക്കിക്കൊണ്ട് 2012-ല്‍ നിയമനിര്‍മ്മാണം നടത്തിയതിലൂടെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഭരണഘടനാപരമായ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി.

ടിഎംസി സര്‍ക്കാരിന്റെ പ്രതികരണം

ഈ ഉത്തരവ് അംഗീകരിക്കില്ലെന്നും സംസ്ഥാനത്ത് ഒബിസി സംവരണം തുടരുമെന്നും കോടതി വിധി വന്ന് മണിക്കൂറുകള്‍ക്കകം അന്നത്തെ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചു. തുടര്‍ന്ന് 2025 ജൂണ്‍ രണ്ടിന്, സംസ്ഥാന കാബിനറ്റ് ഡബ്ല്യുബിസിബിസിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള 64 വംശീയ ഗ്രൂപ്പുകള്‍ക്ക് പുറമെ 76 പുതിയ ജാതികളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കി. ഈ 76 വിഭാഗങ്ങളില്‍ 35 എണ്ണം ഒബിസി-എ വിഭാഗത്തിലും ബാക്കി 41 എണ്ണം ഒബിസി-ബി വിഭാഗത്തിലുമായിരുന്നു.

കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചുകൊണ്ട്, ഒബിസി വിഭാഗങ്ങളെ നിശ്ചയിച്ചത് മതത്തിന്റെ അടിസ്ഥാനത്തിലാണെന്ന ആരോപണങ്ങള്‍ മമത ബാനര്‍ജി നിഷേധിച്ചു. 'കമ്മീഷന്‍ നടത്തിയ ശാസ്ത്രീയമായ ബെഞ്ച്മാര്‍ക്ക് സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ ഒബിസി-എ, ഒബിസി-ബി പട്ടികകള്‍ തയ്യാറാക്കിയത്. പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളെ മാത്രമാണ് ഇതില്‍ ഉള്‍പ്പെടുത്തിയത്', അവര്‍ പറഞ്ഞു.

ബിജെപിയുടെ നിലപാട്

ബിജെപി സര്‍ക്കാര്‍ ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നുമാണ് പുതിയ രണ്ട് ഭേദഗതി ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിച്ചുകൊണ്ട് പശ്ചിമ ബംഗാള്‍ പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ഗൗരിശങ്കര്‍ ഘോഷ് പറഞ്ഞത്. മുസ്ലീങ്ങള്‍ക്ക് അനാവശ്യ നേട്ടം നല്‍കുന്നതിനായി മാത്രം ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ എല്ലാ സമുദായങ്ങളെയും നീക്കം ചെയ്തിരിക്കുന്നു എന്നായിരുന്നു ഘോഷ് നിയമസഭയെ അറിയിച്ചത്. ഭേദഗതി ചെയ്ത നിയമങ്ങള്‍ പ്രകാരം, പുതിയ മറ്റ് പിന്നാക്ക വിഭാഗ പട്ടികയില്‍ ജോല, ഫക്കീര്‍, പഹാഡിയ മുസ്ലീം, ഹജ്ജം, ചൗഡുലി തുടങ്ങിയ മുസ്ലീം ഗ്രൂപ്പുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

'യാതൊരുവിധ ഫീല്‍ഡ് സര്‍വേയും നടത്താതെ മുന്‍പ് ഉള്‍പ്പെടുത്തിയിരുന്ന 113 വിഭാഗങ്ങളെ ഞങ്ങള്‍ ഒഴിവാക്കി. വിവിധ സര്‍വേകള്‍ക്ക് ശേഷം ഉള്‍പ്പെടുത്തിയ 66 ഉപവിഭാഗങ്ങളെ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്,' ഘോഷ് വ്യക്തമാക്കി. 'ഇത് ഏതെങ്കിലും സമുദായത്തെയോ ഉപജാതിയെയോ ആനുകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടിയുള്ളതല്ല. പിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള കമ്മീഷന്‍ ഏതെങ്കിലും ഉപജാതിയെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്താല്‍, എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ച് സര്‍ക്കാര്‍ അത് പരിശോധിക്കുന്നതായിരിക്കും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒബിസി പദവി തേടുന്ന സമൂഹങ്ങളുടെ അവസ്ഥ നിര്‍ണ്ണയിക്കാന്‍ പശ്ചിമ ബംഗാള്‍ പിന്നാക്ക വിഭാഗ കമ്മീഷന്‍ സര്‍വേകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. 294 അംഗ നിയമസഭയില്‍ ബില്ലിനെ 186 എംഎല്‍എമാര്‍ അനുകൂലിച്ചു. 17 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. ആറ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ടിഎംസി വിമതര്‍ വാക്ക്ഔട്ട് നടത്തി.

The West Bengal Legislative Assembly has passed two amendment bills revising the state's OBC reservation framework in line with a 2024 Calcutta High Court ruling. The new laws reduce OBC reservation from 17% to 7% and cut the number of recognized OBC sub-castes from 179 to 66, removing many communities that were added after 2010. The BJP government says the changes are intended to comply with the High Court's observations that religion alone cannot be the basis for granting OBC status.