Explainer

മരണം ചോരവാർന്ന്, മരുന്നോ വാക്സിനോ ഇല്ലാത്ത ബുണ്ടിബുഗ്യോ വകഭേദം; നിസാരമല്ല, ഈ എബോള വ്യാപനം

ഇതുവരെ 17 തവണ കോംഗോയിൽ എബോള വ്യാപനം ഉണ്ടായിട്ടുണ്ട്. പക്ഷേ എന്തുകൊണ്ടാണ് നിലവിലെ രോഗവ്യാപനം വെല്ലുവിളിയാകുന്നത്? കാരണങ്ങൾ അത്ര നിസാരമല്ല.

Madism Desk

കഴിഞ്ഞയാഴ്ചയാണ് ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ എബോള പടരുന്നുവെന്ന വാർത്ത പുറത്തെത്തിയത്. അതിവേഗം പടരുന്ന വൈറസ് ബാധയിൽ തുടരെ മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.

ഇതുവരെ 17 തവണ കോംഗോയിൽ എബോള വ്യാപനം ഉണ്ടായിട്ടുണ്ട്. പക്ഷേ എന്തുകൊണ്ടാണ് നിലവിലെ രോഗവ്യാപനം വെല്ലുവിളിയാകുന്നത്? കാരണങ്ങൾ അത്ര നിസാരമല്ല. വാക്സിൻ ലഭ്യമല്ലാത്ത അപൂർവ ഇനം എബോള വൈറസ് വകഭേദമാണ് നിലവിലെ രോഗവ്യാപനത്തിന് കാരണം. കൂടാതെ സംഘർഷബാധിത പ്രദേശങ്ങളിലാണ് കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്തിരിക്കുന്നതും...

മാരകം ഈ വകഭേദം

അപൂർവയിനം ബുണ്ടിബുഗ്യോ എന്ന വകഭേദമാണ് കോംഗോയിൽ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിന് മരുന്നോ വാക്സിനോ ഇല്ല. ഇവ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ പാതിവഴിയിലാണ് താനും. എന്നാൽ രോഗം അതിവേഗം കൂടുതൽ ആളുകളിലേക്ക് പടരുന്നതിനാൽ ഏകദേശം പൂർത്തിയായ മരുന്നോ വാക്സിനോ പരീക്ഷിച്ച് നോക്കുന്ന കാര്യം ആരോഗ്യവിദഗ്ധരുടെ പരിഗണനയിലുണ്ട്.

ഡിആർസി (DRC)യിലെയും ഉഗാണ്ടയിലെയും ശാസ്ത്രജ്ഞർ തിങ്കളാഴ്ച രാത്രി വൈറസിന്റെ ജീനോം വിവരങ്ങൾ ഓൺലൈനായി പ്രസിദ്ധീകരിച്ചിരുന്നു. ജനിതക വിവരങ്ങൾ പരിശോധിച്ച വിദഗ്ധർ പറയുന്നതനുസരിച്ച്, രോഗബാധിരായ മൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് മനുഷ്യരിലേക്ക് വൈറസ് ബാധിച്ചത്. പിന്നാലെ വൈറസ് പടരുകയായിരുന്നു.

മുമ്പ് രണ്ടുതവണയും ബുന്ദുബുഗ്യോ വൈറസ് ബാധ കോംഗോയിലുണ്ടായിട്ടുണ്ട് എന്നതാണ് ആശങ്കാജനകമായ മറ്റൊരു കാര്യം. രണ്ടുതവണയും, രോഗബാധിതരിൽ മൂന്നിലൊന്ന് പേരും മരണപ്പെട്ടു. നിലവിൽ കോംഗോയിൽ മാത്രം 134 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നൂറിലധികം പേർക്ക് വൈറസ് ബാധയും സ്ഥിരീകരിച്ചു.

സംഘർഷഭരിതം ഈ നാളുകൾ

ആയുധസംഘർഷങ്ങളും അസ്ഥിരതയും പതിവായ മേഖലയാണ് കോംഗോ. കലാപങ്ങളും മനുഷ്യാവകാശ പ്രതിസന്ധികളും വർഷങ്ങളായി നേരിടുന്ന ഒരു ജനതയ്ക്ക് മുകളിലാണ് എബോള പോലയുള്ള രോഗങ്ങളും പടർന്നുപിടിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ വീടുകൾ വിട്ട് കുടിയൊഴിയുന്നതും നിയന്ത്രണം കുറവുള്ള അതിർത്തികൾ കടന്ന് ആളുകൾ അയൽരാജ്യങ്ങളിലേക്കും നീങ്ങുന്നതും ഇവിടെ സാധാരണമാണ് എന്നതുകൊണ്ടുകൂടിയാണ് പകർച്ചവ്യാധികളിൽ കോംഗോ അടിമുടി തളർന്നുപോകുന്നത്. ഇവിടെ ആരോഗ്യസംവിധാനങ്ങളാണ് ആഭ്യന്തരയുദ്ധങ്ങളുടെ പ്രധാന ഇര. മനുഷ്യാവകാശപ്രവർത്തകരും ക്ലിനിക്കുകളും പലപ്പോഴും ആയുധധാരികളുടെ ആക്രമണങ്ങൾക്കിരയാകാറുണ്ട്. അപകടസാധ്യത ഏറെയുള്ള “റെഡ് സോണുകളിലേക്ക്” മെഡിക്കൽ പ്രവർത്തകർ പ്രവേശിക്കാൻ സുരക്ഷാ സംഘങ്ങളുടെ എസ്കോർട്ടും പലപ്പോഴും ആവശ്യമായി വരാറുണ്ട്.

വാനോളം വേണോ ആശങ്ക?

ഡി.ആർ. കോംഗോയിലെയും യുഗാണ്ടയിലെയും എബോള വ്യാപനത്തേത്തുടർന്ന് ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇട്ടൂരി പ്രവിശ്യയിലെ ന്യാക്യൂൻഡെ, നോർത്ത് കിവുലെയിലെ ബുട്ടംബോ, ഗോമ നഗരം എന്നിവയുൾപ്പടെ പുതിയ പ്രദേശങ്ങളിലേക്ക് കൂടുതൽ കേസുകൾ സ്ഥിരീകരിക്കുന്നത് ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്.

കഴിഞ്ഞ 17 തവണ ഉണ്ടായതിൽ വെച്ച് കോംഗോയിൽ എബോള ഏറ്റവുമധികം ഭീകരത സൃഷ്ടിച്ചത് 2014-2016 രോഗവ്യാപനത്തിലായിരുന്നു. അന്ന് പടിഞ്ഞാറൻ ആഫ്രിക്കയിഷ 28,600 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചെങ്കിൽ കൂടിയും കോവിഡ് പോലെയുള്ള സാഹചര്യത്തിലേക്ക് കോംഗോയിലെ സാഹചര്യം നീളില്ല എന്നാണ് ആരോഗ്യവൃത്തങ്ങൾ അറിയിക്കുന്നത്.

രോഗം കൂടുതൽ പേരിലേക്ക് പടരാതിരിക്കാൻ എല്ലാവിധ കരുതൽ നടപടികളും കോംഗോയിൽ സ്വീകരിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയായും മെഡിക്കൽ സന്നദ്ധസംഘടനയായ Médecins Sans Frontièresഉം വൈറസ് ബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. മേഖലകളിൽ ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയുമാണിവർ.

എങ്ങനെ പടരും, ലക്ഷണങ്ങൾ എന്തൊക്കെ

പനി, തലവേദന, പേശിവേദന, ഛർദി, വയറിളക്കം എന്നിവ കൂടാതെ അമിതമായ രക്തസ്രാവം എന്നിവയാണ് എബോള വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും.

രോഗബാധിതരുടെ സ്രവങ്ങളിലൂടെയാണ് എബോള പ്രധാനമായും പടരുക. കുരങ്ങുകൾ, മാനുകൾ, മുള്ളൻപന്നി തുടങ്ങിയ മൃഗങ്ങളിലും ഇവ കാണപ്പെടുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നതിലൂടെയും വൈറസ് മനുഷ്യശരീരത്തിലെത്താം.

English Summary: The Congo Ebola outbreak is especially alarming because it involves a rare strain of the virus for which there is no approved vaccine. The outbreak is unfolding in conflict-affected regions, where violence, displacement, weak healthcare systems, and porous borders are making containment and treatment efforts far more difficult.