Explainer

ജര്‍മനിയില്‍നിന്ന് സൈനിക പിന്മാറ്റം പ്രഖ്യാപിച്ച് ട്രംപ്; തീരുമാനം അമേരിക്ക തങ്ങൾക്കു തന്നെ ഒരുക്കുന്ന കെണിയോ?

ചുരുക്കത്തില്‍, അമേരിക്ക യൂറോപ്പിനെ സംരക്ഷിക്കാന്‍ സഹായിക്കുമ്പോള്‍, അമേരിക്കയുടെ ആഗോള സൈനിക നീക്കങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ യൂറോപ്പ് തിരികെ നല്‍കുന്നു.

Madism Desk

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം 10 വര്‍ഷം സഖ്യകക്ഷികള്‍ കൈവശപ്പെടുത്തിയതു മുതല്‍, യൂറോപ്പിലെ അമേരിക്കയുടെ പ്രതിരോധ തന്ത്രങ്ങളില്‍ സുപ്രധാന പങ്കാണ് ജര്‍മനി വഹിക്കുന്നത്. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ചില ജര്‍മന്‍ നഗരങ്ങൾ കേന്ദ്രീകരിച്ച് വലിയ അമേരിക്കന്‍ സൈനിക സമൂഹങ്ങള്‍ തന്നെ രൂപപ്പെട്ടിട്ടുണ്ട്. 2019-ല്‍ 39,000-ല്‍ താഴെയായിരുന്ന സൈനികരുടെ എണ്ണം 2024 ആയപ്പോഴേക്കും 50,000 കടന്നു. ജപ്പാന്‍ കഴിഞ്ഞാല്‍ അമേരിക്ക ഇത്രയധികം വിദേശ സൈനികരെ നിലനിര്‍ത്തുന്ന ഏക രാജ്യം ജര്‍മനിയാണ്.

എന്നാലിപ്പോള്‍ ജര്‍മനിയില്‍നിന്ന് 5,000 സൈനികരെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കയെ ഇറാന്‍ പരാജയപ്പെടുത്തുകയും അപമാനിക്കുകയുമാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്‌റിഷ് മേര്‍ട്‌സ് പ്രസ്താവിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ട്രംപിന്റെ ഈ പ്രഖ്യാപനം. ജര്‍മനിയിലെ സൈനിക സാന്നിധ്യം സംബന്ധിച്ച അന്തിമ തീരുമാനം 'വളരെ അടുത്ത സമയത്തിനുള്ളില്‍' ഉണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി.

എന്തിനാണ് അമേരിക്കയ്ക്ക് ജര്‍മനിയില്‍ സൈനിക താവളങ്ങൾ?

ജര്‍മനിയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം 1945-ലെ രണ്ടാം ലോകമഹായുദ്ധകാലം മുതല്‍ തുടങ്ങിയതാണ്. നാസി ഭരണം കീഴടങ്ങുമ്പോള്‍ 16 ലക്ഷം അമേരിക്കന്‍ സൈനികരാണ് അവിടെയുണ്ടായിരുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഈ സംഖ്യ മൂന്നു ലക്ഷമായി കുറഞ്ഞു. ഇവര്‍ പ്രധാനമായും അമേരിക്കന്‍ നിയന്ത്രണത്തിലുള്ള മേഖലകളുടെ മേല്‍നോട്ടമാണ് വഹിച്ചിരുന്നത്.

ശീതയുദ്ധ (Cold War) കാലം വരെ ഈ സൈനികരുടെ എണ്ണം കുറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ പിന്നീട് ദൗത്യത്തിന്റെലക്ഷ്യം മാറി. ജര്‍മനിയെ നാസിമുക്തമാക്കുന്നതിന് പകരം സോവിയറ്റ് യൂണിയനെതിരെ പ്രതിരോധമതിലായി ജര്‍മനിയെ പുനര്‍നിര്‍മിക്കുക എന്നതായി ലക്ഷ്യം. 1949-ല്‍ നാറ്റോയും പശ്ചിമ ജര്‍മനിയും സ്ഥാപിതമായതോടെ ഈ സൈനിക താവളങ്ങള്‍ സ്ഥിരംസംവിധാനങ്ങളായി മാറി.

ശീതയുദ്ധം അതിന്റെ ഉച്ചസ്ഥായിയിലായിരുന്നപ്പോള്‍, കൂറ്റന്‍ വിമാനത്താവളങ്ങള്‍ മുതല്‍ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്ന കേന്ദ്രങ്ങള്‍ വരെയായി 50 പ്രധാന താവളങ്ങളും എണ്ണൂറിലധികം ഉപകേന്ദ്രങ്ങളും അമേരിക്കയ്ക്ക് ജര്‍മനിയിലുണ്ടായിരുന്നു. 1989-ല്‍ ബെര്‍ലിന്‍ മതില്‍ തകര്‍ന്നതിനും 1991-ല്‍ സോവിയറ്റ് യൂണിയന്റെ പതനത്തിനും ശേഷം ഇവയില്‍ പലതും പൂട്ടി.

താവളങ്ങളുടെ വലുപ്പവും പ്രധാന്യവും

ജര്‍മനിയുടെ തെക്കുപടിഞ്ഞാറന്‍ നഗരമായ സ്റ്റുട്ട്ഗാര്‍ട്ടില്‍, യുഎസ് യൂറോപ്യന്‍ കമാന്‍ഡിന്റെ (EUCOM) ആസ്ഥാനം സ്ഥിതിചെയ്യുന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം ആ രാജ്യത്തിനുള്ള തന്ത്രപരമായ പ്രാധാന്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. 51 യൂറോപ്യന്‍ രാജ്യങ്ങളിലുടനീളമുള്ള എല്ലാ യുഎസ് സൈനിക സേനകളുടെയും ഏകോപന കേന്ദ്രമായി ഇത് പ്രവര്‍ത്തിക്കുന്നു.

സംഘര്‍ഷങ്ങള്‍ തടഞ്ഞും നാറ്റോ പോലുള്ള പങ്കാളിത്തങ്ങളെ പിന്തുണച്ചും അന്താരാഷ്ട്ര ഭീഷണികളെ ചെറുത്തും അമേരിക്കയെ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ദൗത്യമെന്ന് യൂറോപ്യന്‍ കമാന്‍ഡ് വിശേഷിപ്പിക്കുന്നു. യുഎസ് ആര്‍മി ഇന്‍ യൂറോപ്പ്, യുഎസ് എയര്‍ഫോഴ്സ് ഇന്‍ യൂറോപ്പ്, യുഎസ് മറൈന്‍ കോര്‍പ്സ് ഫോഴ്സ് യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക എന്നിവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇവക്കെല്ലാം ജര്‍മനിയില്‍ താവളങ്ങളുണ്ട്.

യൂറോപ്പിലെ ആകെ ഏഴ് യുഎസ് ആര്‍മി ഗാരിസണുകളില്‍ അഞ്ചെണ്ണവും ജര്‍മനിയിലാണ് സ്ഥിതി ചെയ്യുന്നത് (ബാക്കി രണ്ടെണ്ണം ബെല്‍ജിയത്തിലും ഇറ്റലിയിലുമാണ്). മധ്യ പടിഞ്ഞാറന്‍ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിന് അടുത്തുള്ള വീസ്ബാഡന്‍ നഗരത്തിലാണ് യുഎസ് ആര്‍മി യൂറോപ്പിന്റെ ആസ്ഥാനം.

വിവിധയിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈ അഞ്ച് ഗാരിസണുകളിലുമായി നിലവില്‍ ഏകദേശം 38,000 ഉദ്യോഗസ്ഥരുണ്ട്. സ്റ്റുട്ട്ഗാര്‍ട്ടിലെ ഗാരിസണിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന, ബോബ്ലിംഗനില്‍ ആസ്ഥാനമുള്ള യുഎസ് മറൈന്‍ കോര്‍പ്സ് ഫോഴ്സ് യൂറോപ്പ് ആന്‍ഡ് ആഫ്രിക്കയും ഈ കണക്കില്‍ ഉള്‍പ്പെടുന്നു. രണ്ട് ഭൂഖണ്ഡങ്ങളിലെയും അമേരിക്കന്‍ സൈനിക നീക്കങ്ങളെ ഏകോപിപ്പിക്കുന്നത് ഇവിടെ നിന്നാണ്.

കൂടാതെ, ഏകദേശം 13,000 യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ ജര്‍മനിയിലെ വിവിധ സ്ഥലങ്ങളിലായി പടര്‍ന്നുകിടക്കുന്നു. പ്രധാനമായും റാംസ്‌റ്റൈന്‍, സ്പാംഗ്ദാലെം എന്നീ രണ്ട് എയര്‍ഫോഴ്സ് ബേസുകളിലാണിവര്‍ കാംപ് ചെയ്യുന്നത്. 1954-ല്‍ പടിഞ്ഞാറന്‍ ജര്‍മ്മനി ഒപ്പിട്ട 'കണ്‍വെന്‍ഷന്‍ ഓണ്‍ ദി പ്രസന്‍സ് ഓഫ് ഫോറിന്‍ ഫോഴ്സസ് ഇന്‍ ദി ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മനി' എന്നറിയപ്പെടുന്ന കരാറാണ് യുഎസ് ഉള്‍പ്പെടെ എട്ട് നാറ്റോ അംഗരാജ്യങ്ങള്‍ക്ക് ജര്‍മനിയില്‍ സ്ഥിരമായ സൈനിക സാന്നിധ്യം നിലനിര്‍ത്താന്‍ അനുമതി നല്‍കുന്നത്. ഇന്നും ജര്‍മ്മനിയിലെ നാറ്റോ സൈനികരുടെ സേവന വ്യവസ്ഥകള്‍ നിയന്ത്രിക്കുന്നത് ഈ കരാറാണ്.

സൈനികര്‍ക്കുമപ്പുറമുള്ള യുഎസ് സമൂഹം

യുഎസ് സൈനിക താവളങ്ങളില്‍ അമേരിക്കന്‍ സിവിലിയന്മാരും ജോലി ചെയ്യുന്നുണ്ട്. കൂടാതെ സൈനികര്‍ക്ക് അവരുടെ കുടുംബങ്ങളെയും കൂടെക്കൂട്ടാം എന്നതിനാല്‍, ജര്‍മനിയിലെ താവളങ്ങള്‍ക്ക് ചുറ്റും വലിയ അമേരിക്കന്‍ സിവിലിയന്‍ സമൂഹങ്ങള്‍ തന്നെ രൂപപ്പെട്ടിട്ടുണ്ട്. ചില താവളങ്ങള്‍ ഒരു ചെറിയ പട്ടണം പോലെയാണ്. അവിടെ സ്വന്തമായി അമേരിക്കന്‍ ഷോപ്പിങ് മാളുകള്‍, സ്‌കൂളുകള്‍, തപാല്‍ സേവനങ്ങള്‍, പോലീസ് സേന എന്നിവയുണ്ട്. ചിലയിടങ്ങളില്‍ യുഎസ് ഡോളര്‍ മാത്രമാണ് വിനിമയത്തിനായി ഉപയോഗിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം ചെക്ക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാഫെന്‍വോറിലെ യുഎസ് ആര്‍മി ബവേറിയ ഗാരിസണ്‍ ആണ്. വിസ്തൃതിയിലും ജനസംഖ്യയിലും ലോകത്തിലെ ഏറ്റവും വലിയ വിദേശ യുഎസ് സൈനിക താവളമാണിത്. ഏകദേശം 97,000 ഏക്കറില്‍ ഇത് വ്യാപിച്ചു കിടക്കുന്നു.

ട്രംപിന്റെ ഭീഷണികള്‍ നേരത്തെയും

2020-ല്‍ ജര്‍മ്മനിയുടെ കുറഞ്ഞ പ്രതിരോധ ചെലവിലും നോര്‍ഡ് സ്ട്രീം 2 ഗ്യാസ് പൈപ്പ് ലൈനിനോടുള്ള പിന്തുണയിലും പ്രകോപിതനായ ഡൊണൾഡ് ട്രംപ് ജര്‍മനിയെ 'കടമകളില്‍ വീഴ്ച വരുത്തുന്നവര്‍' എന്ന് വിളിക്കുകയും അവിടെയുള്ള യുഎസ് സൈനികരുടെ എണ്ണം മൂന്നിലൊന്നായി വെട്ടിക്കുറയ്ക്കുമെന്ന് പറയുകയും ചെയ്തിരുന്നു. ട്രംപിന്റെ ആ പ്രഖ്യാപനത്തില്‍ വിശദാംശങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. പെന്റഗണിനെയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെയും മാത്രമല്ല, ബെര്‍ലിനിലെ അവരുടെ സഹപ്രവര്‍ത്തകരെയും മുതിര്‍ന്ന നാറ്റോ ഉദ്യോഗസ്ഥരെയും ഇത് ഒരുപോലെ അത്ഭുതപ്പെടുത്തി. ഈ തീരുമാനത്തെക്കുറിച്ച് ആരെയും മുന്‍കൂട്ടി അറിയിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചില സൈനികരെ നാട്ടിലേക്ക് തിരിച്ചയക്കാനും ബാക്കിയുള്ളവരെ പോളണ്ട്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് പുനര്‍വിന്യസിക്കാനുമായിരുന്നു ട്രംപിന്റെ പദ്ധതി. എന്നാല്‍ ഇതിന് യുഎസ് കോണ്‍ഗ്രസില്‍നിന്ന് ഇരുപക്ഷത്തിന്റെയും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. 2021 ഫെബ്രുവരിയില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഈ പദ്ധതി മരവിപ്പിക്കുകയും പിന്നീട് ഔദ്യോഗികമായി റദ്ദാക്കുകയും ചെയ്തു.

സൈനികരെ പിന്‍വലിക്കുന്നത് അമേരിക്കയ്ക്ക് എന്ത് നഷ്ടമുണ്ടാക്കും?

ജര്‍മനിയില്‍നിന്ന് സൈനികരെ പിന്‍വലിക്കുന്നത് അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയാകും. യൂറോപ്യന്‍ കമ്മിഷന്റെ സുരക്ഷാ-വിദേശകാര്യ വക്താവ് അനിറ്റ ഹിപ്പര്‍ പറഞ്ഞതുപോലെ, യൂറോപ്പിന്റെ സുരക്ഷയിലും പ്രതിരോധത്തിലും അമേരിക്ക ഒരു അത്യന്താപേക്ഷിതമായ പങ്കാളിയാണെങ്കിലും, യൂറോപ്പിലെ യുഎസ് സൈനിക വിന്യാസം അമേരിക്കയുടെ ആഗോള പങ്ക് നിലനിര്‍ത്തുന്നതിനും അവരുടെ താല്‍പ്പര്യങ്ങള്‍ക്കും അനുയോജ്യമാണ്. റാംസ്‌റ്റൈന്‍ പോലുള്ള താവളങ്ങളില്ലാതെ അമേരിക്കയുടെ സൈനിക നീക്കങ്ങള്‍ വളരെ പ്രയാസകരമാകും. കൂടാതെ പതിറ്റാണ്ടുകളായി വികസിപ്പിച്ചെടുത്ത ഈ താവളങ്ങളില്‍നിന്ന് പിന്മാറുന്നത് പെന്റഗണിന്റെ പ്രവര്‍ത്തനങ്ങളെയും അമേരിക്കയുടെ സൈനിക കരുത്തിനെയും ബാധിക്കും.

ചുരുക്കത്തില്‍, അമേരിക്ക യൂറോപ്പിനെ സംരക്ഷിക്കാന്‍ സഹായിക്കുമ്പോള്‍, അമേരിക്കയുടെ ആഗോള സൈനിക നീക്കങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ യൂറോപ്പ് തിരികെ നല്‍കുന്നു. ജര്‍മനിയിലുള്ള സൈനികരെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മാറ്റാന്‍ കഴിയുമെങ്കിലും സ്റ്റുട്ട്ഗാര്‍ട്ട്, റാംസ്‌റ്റൈന്‍ തുടങ്ങിയ താവളങ്ങളിലെ സൈനികരുടെ എണ്ണത്തില്‍ വരുത്തുന്ന കാര്യമായ കുറവ് അമേരിക്കയുടെ സൈനിക കരുത്തിന് വലിയ ആഘാതമുണ്ടാക്കുമെന്ന് പ്രതിരോധ വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

The plan by Donald Trump to remove 5,000 U.S. troops from Germany could have an important effect on America’s military strategy. Germany has been a key partner for U.S. defense since World War II. It is the second-largest country hosting U.S. troops abroad and provides important facilities like Ramstein Air Base and United States European Command. These help the U.S. manage and coordinate military operations across 51 countries.