Gender

സ്ത്രീധന മരണങ്ങളിൽ വർധന, പെട്ടെന്നു കെടുന്ന ജനരോഷം; പൊതുസമൂഹത്തിന്റെ നിശ്ശബ്ദതയ്ക്കു പിന്നിലെന്ത്?

ജാതി വ്യവസ്ഥകളെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന നിയമപരിഷ്‌കാരങ്ങള്‍ സ്ത്രീധന സമ്പ്രദായത്തിന്റെ രീതികളില്‍ മാറ്റം വരുത്തിയെങ്കിലും അതിനെ നിലനിര്‍ത്തുന്ന സാമൂഹിക ഘടനകളെ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെന്ന് പഠനം പറയുന്നു

Madism Desk

ഇന്ത്യയില്‍ വര്‍ഷം തോറും ആയിരക്കണക്കിന് സ്ത്രീകളാണ് സ്ത്രീധന പീഡനം മൂലം മരിക്കുന്നത്. കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടും കുടുംബങ്ങള്‍ തമ്മിലുള്ള സ്ത്രീധന തര്‍ക്കങ്ങളെത്തുടര്‍ന്ന് കൊല്ലപ്പെടുകയോ ആത്മഹത്യയിലേക്കു തള്ളപ്പെടുകയോ ചെയ്യുന്ന സ്ത്രീകളുടെ ഈ ദുരന്തം ചര്‍ച്ചകളില്‍നിന്നു വിസ്മരിക്കപ്പെടുകയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് സ്ത്രീധന മരണങ്ങള്‍ ഇപ്പോള്‍ പൊതുജനങ്ങളില്‍ വലിയ രീതിയിലുള്ള പ്രതിഷേധമോ രോഷമോ ഉണ്ടാക്കുന്നില്ലെന്നു പുതിയ പഠനം വ്യക്തമാക്കുന്നു. കിങ്‌സ് കോളജ് ലണ്ടന്റെ ഭാഗമായ 'കിങ്‌സ് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ' സോഷ്യല്‍ ആന്ത്രോപോളജിസ്റ്റായ ഡോ. കൃതി കപില നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്.

പഠനമനുസരിച്ച്, 1988-ല്‍ ഇന്ത്യയില്‍ 1,841 സ്ത്രീധന മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥാനത്ത്, 2022-ല്‍ അത് 6,516 ആയി ഉയര്‍ന്നു. സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ ഗ്രേറ്റര്‍ നോയിഡയില്‍നിന്നുള്ള ഇരുപത്തിയെട്ടുകാരിയായ നിക്കി ഭാട്ടി ആറുവയസ്സുകാരനായ മകന്റെ മുന്നില്‍ വെച്ച് ഭര്‍ത്താവ് തീക്കൊളുത്തി കൊലപ്പെടുത്തിയിരുന്നു. ഈ കൊലപാതക ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. തുടര്‍ന്ന് ഓണ്‍ലൈന്‍ ഇടങ്ങളില്‍ നേരിയ തോതില്‍ തോതില്‍ പ്രതിഷേധം ഉയരുകയും ഡല്‍ഹിയില്‍ സമരങ്ങള്‍ നടക്കുകയും ചെയ്തുവെങ്കിലും വൈകാതെ തന്നെ പ്രതികരണങ്ങളുടെ ആവേശം ചോര്‍ന്നുപോയി.

മാഞ്ഞുപോകുന്ന ജനരോഷം

'ഇന്ന് ആഗോളതലത്തില്‍ തന്നെ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ നേരിടുന്നതു വലിയ പ്രതിസന്ധികളാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും പ്രതിഷേധങ്ങളെ കര്‍ശനമായി നിയന്ത്രിക്കുന്ന ശക്തമായ ഭരണകൂടങ്ങളാണുള്ളത്. ഇവിടെ വിയോജിപ്പുകളോ അതൃപ്തിയോ പ്രകടിപ്പിക്കുന്നത് കടുത്ത നിയന്ത്രണങ്ങള്‍ക്കും സ്വയം സെന്‍സര്‍ഷിപ്പിനും വിധേയമാണ്', ഡോ. കൃതി കപില പറഞ്ഞു. 'സ്ത്രീധന മരണങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ സ്ത്രീകള്‍ ഒരുപക്ഷേ മറ്റ് വഴികള്‍ കണ്ടെത്തിയേക്കാം. സാമൂഹിക മാനദണ്ഡങ്ങളെ വെല്ലുവിളിക്കുന്ന ഇത്തരം വിഷയങ്ങളില്‍ ഐക്യദാര്‍ഢ്യം കണ്ടെത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇത് നിലവിലെ വിപുലമായ രാഷ്ട്രീയ സാഹചര്യത്തിന്റെ കൂടി പ്രതിഫലനമാണ്,' കപില പറയുന്നു.

സ്ത്രീധനം ഒരു പ്രീമിയം തുകയാകുമ്പോൾ

ഇന്ത്യയില്‍ 1961 മുതല്‍ സ്ത്രീധനം നിരോധിച്ചിട്ടുണ്ടെങ്കിലും വരന്റെ കുടുംബത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം ആവശ്യങ്ങള്‍ ഇപ്പോഴും വ്യാപകമായി തുടരുന്നുണ്ടെന്ന് ഗവേഷണം ചൂണ്ടിക്കാണിക്കുന്നു. വരന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ 'നിറവേറ്റാന്‍' കഴിയാത്ത സ്ത്രീകള്‍ കടുത്ത പീഡനങ്ങള്‍ക്കും ക്രൂരതകള്‍ക്കും ചില സന്ദര്‍ഭങ്ങളില്‍ കൊലപാതകങ്ങള്‍ക്കും ഇരയാകുന്നു. ജാതി വ്യവസ്ഥകളെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന നിയമപരിഷ്‌കാരങ്ങള്‍ സ്ത്രീധന സമ്പ്രദായത്തിന്റെ രീതികളില്‍ മാറ്റം വരുത്തിയെങ്കിലും അതിനെ നിലനിര്‍ത്തുന്ന സാമൂഹിക ഘടനകളെ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെന്ന് പഠനം പറയുന്നു.

സ്ത്രീധനം നിയമവിരുദ്ധമാക്കപ്പെട്ടതോടെ വരന്റെ ജാതി, വര്‍ഗം, വിദ്യാഭ്യാസം, തൊഴില്‍ പദവി എന്നിവയുടെ അടിസ്ഥാനത്തില്‍ 'വിലപേശി വാങ്ങുന്ന ഒന്നായി' ഇത് മാറി എന്ന് പഠനം നിരീക്ഷിക്കുന്നു. ഇതോടെ സ്ത്രീധനം എന്നത് ആണ്‍കുട്ടിയുടെ സാമ്പത്തിക ശേഷിയുമായി ബന്ധപ്പെടുത്തി അവന് ലഭിക്കുന്ന ഒരു 'പ്രീമിയം തുകയായി' മാറി. 'സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് ഫലപ്രദമായില്ല എന്നതിനേക്കാള്‍ ഗൗരവമേറിയ ചോദ്യം, ഈ വിപത്തിനെതിരെ മുന്‍പ് ആയിരക്കണക്കിന് സ്ത്രീകള്‍ തെരുവിലിറങ്ങിയതുപോലുള്ള പ്രതിഷേധങ്ങള്‍ നടക്കുന്നില്ല എന്നതാണ്. ആ പ്രതിഷേധങ്ങളുടെ അപ്രത്യക്ഷമാകല്‍ യാദൃശ്ചികമല്ല, മറിച്ച് അതിനൊരു കൃത്യമായ ഘടനയുണ്ട്', കപില പറയുന്നു.

സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ 1970-കളിലും 80-കളിലും ഇന്ത്യയില്‍ വലിയൊരു സ്ത്രീപക്ഷ പ്രസ്ഥാനത്തിന് വഴിവെച്ചിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സ്ത്രീകള്‍ സംഘടിപ്പിച്ച ആദ്യത്തെ വലിയ ജനകീയ പ്രസ്ഥാനങ്ങളില്‍ ഒന്നായിരുന്നു അത്. എന്നാല്‍, സ്ത്രീധന കൊലപാതകങ്ങളുടെ സ്വഭാവത്തിലുണ്ടായ മാറ്റം ഈ പ്രസ്ഥാനത്തിന്റെ വീര്യം കുറച്ചതായി ഗവേഷണം കണ്ടെത്തി. എഴുപതുകളിലും എണ്‍പതുകളിലും മണ്ണെണ്ണ ഉപയോഗിച്ച് അടുക്കളയിലുണ്ടാകുന്ന 'അപകട മരണങ്ങള്‍' ആയിട്ടായിരുന്നു സ്ത്രീധന പീഡന മരണങ്ങള്‍ ചിത്രീകരിച്ചിരുന്നത്. തുടര്‍ന്ന് തൊണ്ണൂറുകളോടെയാണ് ഭര്‍ത്താക്കന്മാരും വീട്ടുകാരും ചേര്‍ന്ന് യുവതികളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ച് തുടങ്ങിയത്.

പെൺഭ്രൂണഹത്യകളും ജനസംഖ്യാ മാറ്റങ്ങളും

ഭാവിയിലെ കടബാധ്യതകള്‍ ഒഴിവാക്കുന്നതിനായി പെണ്‍ഭ്രൂണഹത്യകള്‍ വ്യാപകമാകുന്നതിലേക്കും ഈ പഠനം വിരല്‍ ചൂണ്ടുന്നു. 2001-ലെ ഇന്ത്യന്‍ സെന്‍സസ് പ്രകാരം രാജ്യത്തെ പെണ്‍കുട്ടികളുടെ അനുപാതത്തില്‍ വലിയ കുറവുണ്ടായതായി (1,000 ആണ്‍കുട്ടികള്‍ക്ക് 927 പെണ്‍കുട്ടികള്‍) വ്യക്തമാക്കുന്നു. പഞ്ചാബിന്റെ ചില ഭാഗങ്ങളില്‍ ഇത് 1,000 ആണ്‍കുട്ടികള്‍ക്ക് 754 പെണ്‍കുട്ടികള്‍ എന്ന നിരക്കിലേക്ക് വരെ താഴ്ന്നിരുന്നു. 'വ്യത്യസ്ത ജാതിയിലും വര്‍ഗ്ഗത്തിലും പെട്ട ആളുകള്‍ തങ്ങള്‍ക്ക് പെണ്‍കുട്ടിയാണ് ജനിക്കാന്‍ പോകുന്നതെന്ന കാരണത്താല്‍ ഭ്രൂണഹത്യ നടത്തുന്നതില്‍ യാതൊരുവിധ കുറ്റബോധവും പ്രകടിപ്പിക്കുന്നില്ല. ഇതിന്റെ ഫലം ജനസംഖ്യാപരമായ മാറ്റങ്ങളാണ്. സമൂഹത്തില്‍ സ്ത്രീകളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്', കപില കൂട്ടിച്ചേര്‍ത്തു.

ആശങ്ക നല്‍കി ഉത്തരേന്ത്യയിലെ മരണങ്ങള്‍

നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ മെയ് ആറിന് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2024-ല്‍ മാത്രം ഇന്ത്യയില്‍ 5,737 സ്ത്രീധന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം അല്ലെങ്കില്‍ വിവാഹശേഷമുള്ള സംശയാസ്പദമായ മരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള കണക്കാണിത്. എന്‍സിആര്‍ബിയുടെ 'ക്രൈം ഇന്‍ ഇന്ത്യ 2024' റിപ്പോര്‍ട്ട് അനുസരിച്ച്, മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും സ്ത്രീധന മരണ കേസുകളില്‍ ഡല്‍ഹിയാണ് ഒന്നാമത്. 2024-ല്‍ രാജ്യതലസ്ഥാനത്ത് 109 സ്ത്രീധന മരണ കേസുകളിലായി 111 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2023-ല്‍ 114 കേസുകളും 2021-ല്‍ കൊവിഡ് കാലത്ത് 136 കേസുകളുമായിരുന്നു ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

മെട്രോ നഗരങ്ങളില്‍ കാണ്‍പുരില്‍ 54 കേസുകളും ബെംഗളൂരുവില്‍ 25 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഡല്‍ഹിയിലെ സ്ത്രീധന മരണനിരക്ക് ലക്ഷത്തില്‍ 1.4 ആണ്. ഇതിനു വിപരീതമായി, കൊച്ചി, ചെന്നൈ തുടങ്ങിയ പല ദക്ഷിണേന്ത്യന്‍ നഗരങ്ങളിലും 2024-ല്‍ സ്ത്രീധന മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2023-ല്‍ സ്ത്രീധന നിരോധന നിയമപ്രകാരം 15,000-ത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14% വര്‍ധനവാണ് കാണിക്കുന്നത്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീധന കേസുകള്‍ (7,151) റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുപിന്നാലെ ബിഹാറും (3,665) കര്‍ണാടകയും (2,322) വരുന്നു. 2023-ല്‍ ആകെ 6,156 പേര്‍ സ്ത്രീധന മരണ കേസുകളില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്നത് ഉത്തര്‍പ്രദേശിലും ബിഹാറിലുമാണ്.

A new study by Dr. Kriti Kapila, a social anthropologist at King's India Institute, King's College London, highlights that dowry deaths in India continue to rise even as public outrage and sustained protests against such crimes have significantly declined. According to the study, reported dowry deaths increased from 1,841 in 1988 to 6,516 in 2022, despite dowry being outlawed in India since 1961. The research argues that while dowry-related violence once fueled one of India's strongest women's movements during the 1970s and 1980s, the issue has gradually faded from public discourse.