ഇന്നത്തെ യുവതലമുറ പഴയ ആളുകളേക്കാൾ കൂടുതൽ പുരോഗമന ചിന്താഗതിക്കാരാണെന്നാണ് നമ്മളിൽ ഭൂരിഭാഗം പേരും കരുതുന്നത്. എന്നാൽ ഈ ധാരണകളെ പാടെ തിരുത്തിക്കുറിക്കുന്ന ഒരു അന്താരാഷ്ട്ര പഠനവിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കിങ്സ് കോളേജ് ലണ്ടനിലെ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വുമൺസ് ലീഡർഷിപ്പും ഇപ്സോസും ചേർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള 29 രാജ്യങ്ങളിൽ നടത്തിയ സർവേയിൽ, പുതിയ തലമുറയിലെ പുരുഷന്മാർ തങ്ങളുടെ മുത്തശ്ശന്മാരുടെ കാലത്തെപ്പോലെ പരമ്പരാഗതമായ ലിംഗസമവാക്യങ്ങളിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
'ഭാര്യ എപ്പോഴും ഭർത്താവിനെ അനുസരിക്കണം' എന്ന ചിന്താഗതി ഇന്നത്തെ ചെറുപ്പക്കാരിൽ ശക്തമായി നിലനിൽക്കുന്നു വെന്നത് നമ്മൾ മുന്നോട്ടാണോ അതോ പുറകോട്ടാണോ സഞ്ചരിക്കുന്നത് എന്ന ചോദ്യം ഉയർത്തുന്നു. ഏകദേശം 23,000 ആളുകൾ പങ്കെടുത്ത ഈ പഠനത്തിൽ, ജെൻ സി വിഭാഗത്തിൽപ്പെട്ട മൂന്നിലൊന്ന് പുരുഷന്മാരും (31%) ഒരു ഭാര്യ എപ്പോഴും ഭർത്താവിന് വിധേയയായിരിക്കണമെന്ന അഭിപ്രായക്കാരാണ്. കുടുംബത്തിലെ സുപ്രധാന തീരുമാനങ്ങളിൽ അന്തിമ വാക്ക് ഭർത്താവിന്റേതായിരിക്കണം എന്ന് 33% ചെറുപ്പക്കാരും വിശ്വസിക്കുന്നു. മുൻതലമുറയിലെ പുരുഷന്മാരിൽ വെറും 13% മുതൽ 17% വരെ ആളുകൾ മാത്രമേ ഇത്തരം ചിന്താഗതി പങ്കുവെക്കുന്നുള്ളൂ. അതായത്, പ്രായമായവരേക്കാൾ ഇരട്ടിയിലധികം പരമ്പരാഗത വാശികളാണ് ഇന്നത്തെ പല ചെറുപ്പക്കാർക്കും ഉള്ളതെന്ന് ചുരുക്കം.
സ്ത്രീകൾ 'കൂടുതൽ സ്വതന്ത്രരാകുന്നത്' ശരിയല്ലെന്ന ചിന്തയും ഈ തലമുറയിലെ നല്ലൊരു പങ്ക് പുരുഷന്മാർക്കുണ്ട്. പങ്കെടുത്തവരിൽ 24 ശതമാനം ചെറുപ്പക്കാരും സ്ത്രീ സ്വയംപര്യാപ്തത പ്രകടിപ്പിക്കുന്നത് ഇഷ്ടപ്പെടുന്നില്ല. അതേസമയം, ഈ ആധുനിക കാലത്തും ലൈംഗികത മുൻകൈ എടുത്ത് തുടങ്ങാൻ ഒരു 'യഥാർത്ഥ സ്ത്രീക്ക്' അവകാശമില്ലെന്ന് ചിന്തിക്കുന്ന 21% ജെൻ സി പുരുഷന്മാരുമുണ്ട്. ലിംഗസമത്വത്തിന് വേണ്ടി പുരുഷന്മാർ ഇപ്പോൾ അമിതമായി അധ്വാനിക്കേണ്ടി വരുന്നു എന്നൊരു പരാതിയും (59%) ഇവർക്കിടയിലുണ്ട്. എന്നാൽ ഈ ചിന്തകളിലൊക്കെ വലിയൊരു വൈരുധ്യവും ഒളിഞ്ഞിരിപ്പുണ്ട്, ഉയർന്ന കരിയറുള്ള സ്ത്രീകളെയാണ് തങ്ങൾക്ക് കൂടുതൽ ആകർഷകമായി തോന്നുന്നത് എന്ന് സമ്മതിക്കാൻ ഇവർക്ക് മടിയുമില്ല!
സ്വാതന്ത്ര്യമുള്ള കരിയർ സ്ത്രീകളെ ഇഷ്ടപ്പെടുമ്പോൾ തന്നെ അവർ തനിക്ക് കീഴൊതുങ്ങി ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന ഈ ഇരട്ടത്താപ്പ് വലിയൊരു ചർച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്. സാമൂഹികമായ സമ്മർദ്ദങ്ങളും കടുത്ത പുരുഷാധിപത്യ സങ്കൽപ്പങ്ങളും ഇന്നും ചെറുപ്പക്കാരെ സ്വാധീനിക്കുന്നുണ്ടെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
A new international study reveals that many Gen Z men hold more traditional views on gender roles than older generations. The survey found growing support among young men for male dominance in family decisions and traditional expectations in marriage, raising concerns about attitudes toward gender equality.