Gender

ഇഷ്ടവസ്ത്രം മൗലികാവകാശം, ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തിയുടെ തീരുമാനം; നിര്‍ണായക വിധിയുമായി ഹൈക്കോടതി

"മറ്റൊരാള്‍ നിര്‍ദ്ദേശിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം പിന്തുടരുന്നതിനെ ആശ്രയിച്ചല്ല ഒരു സ്ത്രീയുടെ അന്തസ്സെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്''

Madism Desk

വ്യക്തിഗത വസ്ത്രധാരണ സ്വാതന്ത്ര്യത്തിലും സ്ത്രീകളുടെ അന്തസ്സിലും നിര്‍ണ്ണായക വിധിയുമായി കേരള ഹൈക്കോടതി. ഏത് തരത്തിലുള്ള വസ്ത്രം ധരിക്കണമെന്ന് സാമൂഹിക ആചാരങ്ങളുടെയോ വ്യക്തിപരമായ ധാരണകളുടെയോ അടിസ്ഥാനത്തില്‍ മറ്റൊരാള്‍ക്കും നിര്‍ബന്ധിക്കാനാവില്ലെന്നും വസ്ത്രധാരണം ഒരു പൗരന്റെ തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റേതാണ് ഈ സുപ്രധാന വിധി.

ചുരിദാര്‍ ധരിച്ച് സ്‌കൂളില്‍ എത്തരുതെന്ന കൊല്ലം നെടുവത്തൂര്‍ ഈശ്വരവിലാസം ഹൈസ്‌കൂള്‍ മാനേജരുടെ നിര്‍ദേശത്തിനെതിരെ ഹെഡ്മിസ്ട്രസ് സിന്ധു എസ് നായര്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ ഈ വിധി. സാരിക്ക് പകരം ചുരിദാര്‍ ധരിച്ചെത്തിയതിന് മാനേജര്‍ തന്നോട് സ്‌കൂളില്‍ പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ടതായി സിന്ധു ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഫെബ്രുവരി മൂന്നിനാണ് ഹര്‍ജിക്ക് കാരണമായ സംഭവമുണ്ടായത്. ചുരിദാര്‍ ധരിച്ച് സ്‌കൂളിലെത്തിയ സിന്ധുവിനെ തടയാന്‍ സെക്യൂരിറ്റി ജീവനക്കാരോട് മാനേജര്‍ ആവശ്യപ്പെടുകയായിരുന്നു. തൊട്ടടുത്ത ദിവസവും ഗേറ്റില്‍ തടഞ്ഞതിനെ തുടര്‍ന്ന് സിന്ധു പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസെത്തിയാണ് ഇവരെ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്.

വസ്ത്രധാരണത്തെക്കുറിച്ചുള്ള ലളിതമായ തര്‍ക്കമായി ഈ വിഷയം തോന്നാമെങ്കിലും ഇതിന് ആഴത്തിലുള്ള ഭരണഘടനാപരമായ പ്രാധാന്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഉന്നത വിദ്യാഭ്യാസമുള്ള ഒരു സ്ത്രീയുടെ അന്തസ്സ്, വ്യക്തി സ്വാതന്ത്ര്യം, തൊഴില്‍പരമായ നിലനില്‍പ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും അവരുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തിന്മേല്‍ മാനേജ്മെന്റിന് പരിധികളുണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു. അധ്യാപകര്‍ക്ക് ചുരിദാര്‍ ധരിക്കാന്‍ അനുമതി നല്‍കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2015-ലെ സര്‍ക്കുലര്‍ ചൂണ്ടിക്കാണിച്ചാണ് ഹര്‍ജിക്കാരി കോടതിയെ സമീപിച്ചത്.

ഈ കേസ് സാരിയും ചുരിദാറും തമ്മിലുള്ള മത്സരമല്ലെന്ന് കോടതി വ്യക്തമാക്കി. മറ്റൊരാള്‍ നിര്‍ദ്ദേശിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം പിന്തുടരുന്നതിനെ ആശ്രയിച്ചല്ല ഒരു സ്ത്രീയുടെ അന്തസ്സെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്'', ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു. വസ്ത്രധാരണം വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. അതില്‍ ആര്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനോ, ഏത് വസ്ത്രം ധരിക്കണമെന്ന് നിര്‍ബന്ധിക്കാനോ സാധിക്കില്ല എന്ന് വ്യക്തമാക്കിയ കോടതി, ഒരു വസ്ത്രത്തിന്റെ അന്തസ്സും സാംസ്‌കാരിക പാരമ്പര്യവും തീരുമാനിക്കേണ്ടത് സമൂഹമല്ല, മറിച്ച് അത് ധരിക്കുന്ന വ്യക്തിയാണെന്നും കൂട്ടിച്ചേര്‍ത്തു.

സ്ഥാപനങ്ങളുടെ വസ്ത്രധാരണച്ചട്ടവുമായി ബന്ധപ്പെട്ട് കൃത്യമായ നിയമപരമായ പിന്‍ബലമില്ലെങ്കില്‍, ഇന്ന വസ്ത്രമേ ധരിക്കാവൂ എന്ന് നിര്‍ബന്ധിക്കാന്‍ മാനേജ്മെന്റിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, വസ്ത്രധാരണച്ചട്ടം അടിച്ചേല്‍പ്പിച്ചിട്ടില്ലെന്നും സിന്ധുവിനെ സ്‌കൂളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞിട്ടില്ലെന്നും മാനേജര്‍ സുരേഷ് കുമാര്‍ പറഞ്ഞു. ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഹര്‍ജിക്കാരിയെ ഭീഷണിപ്പെടുത്തുകയോ അവരുടെ വസ്ത്രം പരിശോധിക്കാന്‍ സെക്യൂരിറ്റി ജീവനക്കാരെ ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞു. ഹര്‍ജിക്കാരി കൃത്യവിലോപം കാണിച്ചുവെന്നും ഇവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ നിലവിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അന്വേഷണം നടന്നുവരുന്ന വിഷയമായതിനാല്‍ ഈ ആരോപണങ്ങളില്‍ അഭിപ്രായം പറയാന്‍ കോടതി തയ്യാറായില്ല. സുരേഷിനെ മാനേജര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന സിന്ധുവിന്റെ ആവശ്യം കോടതി പരിഗണിച്ചില്ലെങ്കിലും തടസ്സങ്ങളൊന്നുമില്ലാതെ സ്‌കൂളില്‍ പ്രവേശിക്കാനും ജോലി ചെയ്യാനും അവര്‍ക്ക് അനുമതി നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. ഹര്‍ജിക്കാരി പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ സ്‌കൂളില്‍ പ്രവേശിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

The Kerala High Court has delivered a significant ruling on personal freedom of attire, dignity and individual autonomy, holding that a person's choice of clothing cannot ordinarily be dictated by another individual or society without legal backing. Justice P.V. Kunhikrishnan made the observation while disposing of a petition filed by Sindhu S. Nair, headmistress of Eeswara Vilasom High School in Kottarakkara, who alleged that she was obstructed from entering the school for wearing a churidar instead of a saree.