Gender

ഡാറ്റ വില്‍ക്കുന്ന പീരിയഡ് ട്രാക്കര്‍ ആപ്പുകള്‍, ആരോഗ്യവിവരങ്ങള്‍ വന്‍കിട കമ്പനികള്‍ക്ക്; നിങ്ങളുടെ സ്വകാര്യത എത്രത്തോളം സുരക്ഷിതമാണ്?

ഉപയോക്താവ് കൃത്യമായ ആരോഗ്യവിവരങ്ങള്‍ പങ്കിട്ടില്ലെങ്കിലും ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന വിവരം ഗൂഗിള്‍, മെറ്റാ, മൈക്രോസോഫ്റ്റ്, ടിക്ടോക് എന്നിവയ്ക്ക് പല ആപ്പുകളും കൈമാറുന്നുണ്ട്

Madism Desk

ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ ആര്‍ത്തവചക്രം ട്രാക്ക് ചെയ്യുന്നതിനായി ദശലക്ഷക്കണക്കിന് സ്ത്രീകളാണ് മൊബൈല്‍ ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്നത്. എന്നാല്‍, ഇത്തരം ആപ്പുകള്‍ ഉപയോക്താക്കളുടെ ഏറ്റവും സ്വകാര്യമായ ആരോഗ്യവിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രമുഖ വെബ് ബ്രൗസറായ ഫയര്‍ഫോക്‌സിന്റെ നിര്‍മ്മാതാക്കളായ 'മോസില്ല ഫൗണ്ടേഷന്‍' നടത്തിയ പുതിയ പഠനത്തിലാണ് ജനപ്രിയ പീരിയഡ് ട്രാക്കര്‍ ആപ്പുകളുടെ ഗുരുതരമായ സ്വകാര്യതാ ലംഘനങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ഫ്‌ളോ (Flo), ക്ലൂ (Clue), സ്റ്റാര്‍ഡസ്റ്റ് (Stardust), സ്‌പോട്ട് ഓണ്‍ (Spot On), പീരിയഡ് കലണ്ടര്‍ (Period Calendar), യൂക്കി (Euki) എന്നീ ആറ് ജനപ്രിയ ആപ്പുകളെ കേന്ദ്രീകരിച്ചായിരുന്നു ഈ പഠനം. ഇതില്‍ ചില ആപ്പുകള്‍ മികച്ച സുരക്ഷ ഉറപ്പുനല്‍കുമ്പോള്‍, മറ്റു ചിലത് ഉപയോക്താക്കളുടെ ഗര്‍ഭധാരണ വിവരങ്ങളും ശാരീരിക ലക്ഷണങ്ങളും വരെ ഫേസ്ബുക്ക്, ഗൂഗിള്‍, ടിക്ടോക് തുടങ്ങിയ വന്‍കിട കമ്പനികള്‍ക്ക് കൈമാറുന്നതായാണ് കണ്ടെത്തല്‍. അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള ഫെഡറല്‍ സംരക്ഷണം സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍, ഈ ഡാറ്റ ചോര്‍ച്ച അതീവ ഗൗരവമുള്ളതാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്ത്രീകളെ നിയമക്കുരുക്കുകളില്‍ പെടുത്താന്‍ ഇത്തരം വിവരങ്ങള്‍ പൊലീസ് ഉപയോഗിച്ചേക്കാമെന്ന ഭീതി നിലനില്‍ക്കുന്നുണ്ട്.

നിങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ആരെല്ലാമാണ് കാണുന്നത്

മോസില്ലയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഉപയോക്താക്കളുടെ വിശദമായ ആരോഗ്യവിവരങ്ങള്‍ മറ്റൊരു കമ്പനിയുമായി പങ്കിടുന്ന ഒരേയൊരു ആപ്പ് 'സ്റ്റാര്‍ഡസ്റ്റ്' ആണ്. 'നിങ്ങളുടെ വിവരങ്ങള്‍ തികച്ചും സ്വകാര്യമാണ്' എന്ന് വെബ്‌സൈറ്റില്‍ അവകാശപ്പെടുമ്പോഴും, 'റഡ്ഡര്‍സ്റ്റാക്ക്' എന്ന ഡാറ്റാ മാനേജ്‌മെന്റ് കമ്പനിക്ക് ഇവര്‍ വിവരങ്ങള്‍ കൈമാറുന്നുണ്ട്. ഉപയോക്താവിന്റെ ഗര്‍ഭധാരണ നില, ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ഉപയോഗം, മാനസികാവസ്ഥ, മദ്യപാന ശീലങ്ങള്‍, സ്തനങ്ങളിലെ വേദന, വയറുവേദന തുടങ്ങിയ പ്രകടമായ ശാരീരിക ലക്ഷണങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇതൊരു 'ടെക്‌നിക്കല്‍ പൈപ്പ്ലൈന്‍' മാത്രമാണെന്നും വ്യക്തികളെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ കൈമാറുന്നില്ലെന്നും സ്റ്റാര്‍ഡസ്റ്റ് വ്യക്തമാക്കുന്നുണ്ടെങ്കിലും ഡാറ്റ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നത് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതാണ്.

പ്ലാന്‍ഡ് പാരന്റ്ഹുഡ് നിര്‍മ്മിച്ച 'സ്‌പോട്ട് ഓണ്‍' എന്ന ആപ്പിലെ എഐ ചാറ്റ്ബോട്ട്, ഹെല്‍ത്ത് കെയര്‍ സെര്‍ച്ച് എന്നീ ഫീച്ചറുകള്‍ ഉപയോഗിക്കുമ്പോള്‍ അത് ഉപയോക്താവിനെ അവരുടെ വെബ്സൈറ്റിലേക്ക് നയിക്കുന്നു. ഈ വെബ്സൈറ്റിലൂടെ ഉപയോക്താക്കള്‍ എച്ച്‌ഐവി പരിശോധനയാണോ അതോ ജന്‍ഡര്‍ അഫിര്‍മിങ് കെയര്‍ ആണോ തിരയുന്നത് എന്ന വിവരം 'എബി ടെസ്റ്റി' എന്ന അനലിറ്റിക്‌സ് കമ്പനിക്ക് ചോര്‍ന്നുപോകുന്നതായി റിപ്പോര്‍ട്ടിലുണ്ട്. പ്ലാന്‍ഡ് പേരന്റ്ഹുഡിന്റെ വെബ്സൈറ്റുകള്‍ക്കെതിരെ മുന്‍പും സമാനമായ വിമര്‍ശനങ്ങള്‍ വന്നിട്ടുണ്ട്.

ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന വിവരം ആരെങ്കിലും അറിയുന്നുണ്ടോ?

ഉപയോക്താവ് കൃത്യമായ ആരോഗ്യവിവരങ്ങള്‍ പങ്കിട്ടില്ലെങ്കിലും ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന വിവരം ഗൂഗിള്‍, മെറ്റാ, മൈക്രോസോഫ്റ്റ്, ടിക്ടോക് എന്നിവയ്ക്ക് പല ആപ്പുകളും കൈമാറുന്നുണ്ട്. സാധാരണയായി, ഉപയോക്താവിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു ഐഡി നമ്പറോ ഡിവൈസ് വിവരങ്ങളോ ആണ് ഇങ്ങനെ കൈമാറുന്നത്. ഇത് ഉപയോക്താവിന് അനുയോജ്യമായ പരസ്യങ്ങള്‍ കാണിക്കുന്നതിനും ഇന്റര്‍നെറ്റിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും സാങ്കേതികവിദ്യാ കമ്പനികളെ സഹായിക്കുന്നു. ആപ്പുകളുടെ പ്രൈവസി പോളിസി അംഗീകരിക്കുമ്പോള്‍ തന്നെ നിങ്ങള്‍ ഇതിന് അനുമതി നല്‍കുന്നുണ്ട്.

പീരിയഡ് കലണ്ടര്‍ എന്ന ആപ്പ് ഉപയോക്താവിന്റെ ഐഡി നമ്പറും ഡിവൈസ് വിവരങ്ങളും ഗൂഗിളിനും 'ഇന്‍മൊബി' എന്ന പരസ്യ കമ്പനിക്കും കൈമാറുന്നു. ഇത് തടയാന്‍ ആപ്പില്‍ ഓപ്ഷനുകളില്ല. സ്റ്റാര്‍ഡസ്റ്റ് ആപ്പ് പരസ്യങ്ങള്‍ ഒപ്റ്റിമൈസ് ചെയ്യാനായി ഫേസ്ബുക്കിനും 'അപ്സ് ഫ്‌ളൈയറി'നും വിവരങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഫോണ്‍ സെറ്റിങ്‌സിലൂടെ ഉപയോക്താക്കള്‍ക്ക് ഇത് വേണമെങ്കില്‍ നിരോധിക്കാം.

ആപ്പുകള്‍ ഡാറ്റ എവിടെയാണ് സൂക്ഷിക്കുന്നത്

ഡാറ്റ സൂക്ഷിക്കുന്ന കാര്യത്തില്‍ മോസില്ല പൂര്‍ണ്ണ പിന്തുണ നല്‍കുന്ന ഒരേയൊരു ആപ്പ് 'യൂക്കി' ആണ്. ഈ ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ കമ്പനിയുടെ സെര്‍വറുകളിലേക്ക് അയക്കുന്നില്ല, പകരം അവരവരുടെ ഫോണില്‍ മാത്രമാണ് സൂക്ഷിക്കുന്നത്. ഇതിനായി ഒരു അക്കൗണ്ട് പോലും ക്രിയേറ്റ് ചെയ്യേണ്ടതില്ല. ആരെങ്കിലും നിര്‍ബന്ധിച്ച് ഫോണ്‍ വാങ്ങി പരിശോധിച്ചാല്‍ കാണിക്കാനായി വ്യാജ വിവരങ്ങള്‍ അടങ്ങിയ ഒരു 'ഡെക്കോയ്' ഫീച്ചറും ഇതിലുണ്ട്.

ഫ്‌ളോ, ക്ലൂ എന്നീ ആപ്പുകള്‍ ആരോഗ്യവിവരങ്ങള്‍ മൂന്നാം കക്ഷികള്‍ക്ക് വില്‍ക്കുന്നില്ലെങ്കിലും ഈ വിവരങ്ങള്‍ തങ്ങളുടെ സ്വന്തം സെര്‍വറുകളില്‍ സൂക്ഷിക്കുന്നുണ്ട്. ഇത് ഭാവിയില്‍ ഡാറ്റാ ഹാക്കിങിനോ സര്‍ക്കാര്‍ ഏജന്‍സികളുടെ നിയമപരമായ ആവശ്യങ്ങള്‍ക്കോ വഴിതുറന്നേക്കാം. എന്നാല്‍ ഫ്‌ളോ ആപ്പിലെ 'അനോണിമസ് മോഡ്' ഉപയോഗിച്ചാല്‍ വ്യക്തിവിവരങ്ങളും ആരോഗ്യവിവരങ്ങളും വേര്‍തിരിച്ചു സൂക്ഷിക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ ഇവ യൂറോപ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ യുഎസ് നിയമങ്ങള്‍ പാലിക്കാന്‍ ഇവര്‍ക്ക് ബാധ്യതയില്ലെന്നും ക്ലൂ വ്യക്തമാക്കുന്നു.

ആപ്പുകളുടെ മുന്‍കാല ചരിത്രം

ഒരു ആപ്പ് തിരഞ്ഞെടുക്കുമ്പോള്‍ അവരുടെ മുന്‍കാല ചരിത്രം കൂടി പരിശോധിക്കേണ്ടതുണ്ട്. മുന്‍പ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കിനും ഗൂഗിളിനും കൈമാറിയതുമായി ബന്ധപ്പെട്ട് 2021-ല്‍ യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷനുമായി 'ഫ്‌ളോ' ആപ്പിന് കേസ് ഒത്തുതീര്‍പ്പാക്കേണ്ടി വന്നിട്ടുണ്ട്. അതിനുശേഷം അവര്‍ സുരക്ഷ കര്‍ശനമാക്കിയെങ്കിലും ഇപ്പോഴും പരസ്യ പങ്കാളികളുമായി സഹകരിക്കുന്നുണ്ട്. തങ്ങളുടെ സ്വകാര്യതാ രീതികള്‍ വ്യവസായ മാനദണ്ഡങ്ങള്‍ക്കും മുകളിലാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

2022-ല്‍ നടന്നൊരു അന്വേഷണത്തില്‍ 'ക്ലൂ', 'പിരീഡ് കലണ്ടര്‍' എന്നിവ, ഉപയോഗിക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റുകള്‍ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വെച്ചതായി കണ്ടെത്തിയിരുന്നു. 'സ്റ്റാര്‍ഡസ്റ്റ്' ആപ്പ് തങ്ങളുടെ ഡാറ്റ 'എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ്' ആണെന്ന് ആദ്യം അവകാശപ്പെട്ടെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വെബ്‌സൈറ്റില്‍ നിന്ന് ആ വാചകം അവര്‍ക്ക് നീക്കം ചെയ്യേണ്ടി വന്നു.

ഉപയോക്താക്കള്‍ എന്തുചെയ്യണം

ഉപയോക്താക്കളുടെ സ്വകാര്യതയെക്കാള്‍ ബിസിനസ് താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഡിജിറ്റല്‍ ലോകത്താണ് നാം ജീവിക്കുന്നത്. കൃത്യമായ ദേശീയ സ്വകാര്യതാ നിയമങ്ങളുടെ അഭാവം ഇത്തരം ഡാറ്റാ കച്ചവടങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. അതുകൊണ്ട്, ഒരു പീരിയഡ് ട്രാക്കര്‍ ആപ്പ് തിരഞ്ഞെടുക്കുമ്പോള്‍ പരസ്യങ്ങള്‍ക്കായി ഡാറ്റ പങ്കിടാത്ത, ഡാറ്റ സ്വന്തം സെര്‍വറുകളില്‍ സൂക്ഷിക്കാതെ നിങ്ങളുടെ ഫോണില്‍ മാത്രം സൂക്ഷിക്കുന്ന ആപ്ലിക്കേഷനുകള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ആപ്പുകളുടെ സെറ്റിങ്‌സ് പരിശോധിച്ച് 'ഡാറ്റ ഷയറിങ്, ടാര്‍ഗെറ്റഡ് ആഡ്‌സ്' എന്നിവ ഡിസേബിള്‍ ചെയ്തു വെക്കുന്നതും സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കും.

A new study by the Mozilla Foundation has raised serious concerns about the privacy practices of popular period-tracking apps, revealing that some share highly sensitive reproductive and health data with third-party companies. The research examined six widely used apps—Flo, Clue, Stardust, Spot On, Period Calendar, and Euki—and found significant differences in how they collect, store, and share user information. While Euki stores data only on users' devices, some other apps transmit information to analytics and advertising companies, raising concerns about surveillance, data breaches, and legal risks.