നിർമിതബുദ്ധി (എഐ) സമൂഹത്തിന്റെ വിവിധ മേഖലകളിൽ വിപ്ലവങ്ങൾ സൃഷ്ടിക്കുമ്പോൾ മറുഭാഗത്ത് അത് സ്ത്രീകള്‍ക്കെതിരായ മാരകായുധമായി മാറുന്നത് അനുദിനം വർധിക്കുകയാണ്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവർ ഉൾപ്പെടെയുള്ള സ്ത്രീകള്‍ ഡീപ് ഫേക്ക് ഉൾപ്പെടെയുള്ള സൈബര്‍ അതിക്രമങ്ങള്‍ക്കിരയാകുന്നത് ലോകത്തെങ്ങും നിത്യസംഭവമാണ്. ഇന്ത്യയിലും പുരോഗമനസമൂഹമെന്ന് വിളിപ്പേരുള്ള കേരളത്തിലും ഇതിനു മാറ്റമില്ല. സ്ത്രീകള്‍ക്കെതിരെ സൈബര്‍ ഇടങ്ങള്‍ വഴിയുള്ള ഉപദ്രവങ്ങളും അധിക്ഷേപങ്ങളും ഭയപ്പെടുത്തുന്ന രീതിയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് വിവിധ രാജ്യങ്ങളിലും പ്രാദേശിക തലങ്ങളിലും നടത്തിയ ഏറ്റവും പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് നേരെ അതീവ സങ്കീര്‍ണമായ രീതിയിലുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കുന്നു. എഐ ഉപയോഗിച്ചുള്ള 'വെര്‍ച്വല്‍ ബലാത്സംഗം' (Virtual Rape) പോലും ഇന്ന് കുറ്റവാളികളുടെ വിരല്‍ത്തുമ്പിലായിരിക്കുന്നുവെന്നാണ് യുഎന്‍ പറയുന്നത്.
നിര്‍മിത ബുദ്ധി, ഡിജിറ്റല്‍ ലോകത്തെ അജ്ഞാതത്വം, ഫലപ്രദമായ നിയമങ്ങളുടെ അഭാവം എന്നിവ മൂലം വനിതാ അവകാശ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, മറ്റ് ആശയവിനിമയ രംഗത്തുള്ളവര്‍ എന്നിവര്‍ നേരിടുന്ന ഭീഷണി വര്‍ദ്ധിച്ചുവരുന്നതായി 'യുഎന്‍ വുമണ്‍' പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളെ അപമാനിക്കാനും പൊതുരംഗത്തുനിന്ന് നിശബ്ദരാക്കാനുമാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. വനിതാ മാധ്യമപ്രവര്‍ത്തകരില്‍ നാലിലൊരാള്‍ക്ക് ഓണ്‍ലൈനിലൂടെ വധഭീഷണി ലഭിക്കുന്നുണ്ടെന്നാണ് കണക്ക്.
സ്ത്രീകള്‍ക്ക് വലിയ അവസരങ്ങളും ഒപ്പം സങ്കീര്‍ണമായ വെല്ലുവിളികളും നല്‍കുന്ന ഒരു പുതിയ പൊതു ഇടമാണ് ഡിജിറ്റല്‍ ലോകം. സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ സ്ത്രീ ശാക്തീകരണത്തിന് പുതിയ വഴികള്‍ തുറക്കപ്പെട്ടെങ്കിലും, സൈബര്‍ സുരക്ഷയടക്കമുള്ള കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പീഡനം, അസഭ്യം, ഭയപ്പെടുത്തല്‍ എന്നിവയൊന്നും സ്ത്രീക്ക് പുതിയതല്ലെങ്കിലും ഒരു അജ്ഞാത വ്യക്തിത്വത്തിന് പിന്നില്‍ ഒളിക്കാന്‍ കഴിയുന്നതിനാല്‍ ഡിജിറ്റല്‍ ഇടത്തെ വ്യക്തികള്‍ പുതിയതാണ്. ഇവരെ നേരിടാന്‍ പലപ്പോഴും വ്യക്തിക്കോ, സമൂഹത്തിനോ, സിസ്റ്റത്തിനോ കഴിയാറില്ല.
ലോകത്തെ 40 ശതമാനത്തില്‍ താഴെ രാജ്യങ്ങളില്‍ മാത്രമാണ് സൈബര്‍ പീഡനമോ സൈബര്‍ ഇടങ്ങളില്‍ നിരന്തരം പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നതോ തടയാന്‍ നിയമങ്ങളുള്ളത്. ഇതിനാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുകയും ഇരകള്‍ക്ക് നീതി ലഭിക്കാതെ വരികയും ചെയ്യുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇന്റര്‍നെറ്റ് എന്നത് ഒരേസമയം ശാക്തീകരണത്തിനുള്ള മാര്‍ഗവും അപകടകരമായ ആയുധവുമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്ന
യുഎന്‍ വുമണ്‍ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍
പൊതുരംഗത്തുള്ള 1,500-ഓളം സ്ത്രീകളില്‍ നടത്തിയ സര്‍വേയില്‍, ആറു ശതമാനം പേര്‍ ഡീപ്‌ഫേക്ക് ഇരകളായതായാണ് കണ്ടെത്തൽ. മൂന്നിലൊന്ന് സ്ത്രീകള്‍ ഓണ്‍ലൈന്‍ വഴി ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ ലഭിച്ചതായും, 12 ശതമാനം പേര്‍ തങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ സമ്മതമില്ലാതെ പങ്കുവെക്കപ്പെട്ടതായും പറഞ്ഞു.
സ്ത്രീകളുടെ ചിത്രങ്ങളില്‍നിന്ന് വസ്ത്രങ്ങള്‍ നീക്കം ചെയ്യാനോ അവരെ ലൈംഗികമായി ആക്രമിക്കുന്നത് ചിത്രീകരിക്കാനോ ശേഷിയുള്ള ജിപിടി (Generative AI) ആപ്പുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. ഇത് സ്ത്രീകളെ അപമാനിക്കാനും അവരുടെ പ്രൊഫഷണല്‍ വിശ്വാസ്യത തകര്‍ക്കാനും ആസൂത്രിതമായി ഉപയോഗിക്കുന്നു.
ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ നേരിട്ട നാലിലൊന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും ഉത്കണ്ഠയോ വിഷാദരോഗമോ ഉള്ളതായി കണ്ടെത്തി. 13 ശതമാനം പേര്‍ക്ക് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (PTSD) സ്ഥിരീകരിച്ചു. അതിക്രമങ്ങള്‍ ഭയന്ന് 45 ശതമാനം വനിതാ മാധ്യമപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത് സ്ത്രീകളുടെ ശബ്ദം പൊതുഇടങ്ങളില്‍ നിന്ന് ഇല്ലാതാക്കാന്‍ കാരണമാകുന്നു.
'ഓണ്‍ലൈനില്‍ തുടങ്ങുന്ന അതിക്രമങ്ങള്‍ അവിടെ അവസാനിക്കുന്നില്ല. അവ യഥാര്‍ത്ഥ ജീവിതത്തിലേക്ക് പടരുകയും ഭയം ജനിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും മോശമായ സാഹചര്യങ്ങളില്‍ ഇത് ശാരീരിക ആക്രമണങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും വരെ നയിക്കുന്നു,' എന്ന് യുഎന്‍ വുമണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സീമ സമി ബാഹൂസ് പറഞ്ഞു.
സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്ന നെറ്റ്‌വര്‍ക്കുകള്‍ വളരെ ആസൂത്രിതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. ഇത്തരം അതിക്രമങ്ങള്‍ തടയാന്‍ സാങ്കേതിക കമ്പനികള്‍ കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. സര്‍ക്കാറുകള്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. സ്ത്രീകള്‍ ഡിജിറ്റല്‍ ഇടങ്ങളില്‍നിന്ന് പിന്മാറുന്നത് പതിറ്റാണ്ടുകളായി നേടിയെടുത്ത ലിംഗസമത്വത്തെയും മനുഷ്യാവകാശങ്ങളെയും പിന്നോട്ടടിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
നിർമിത ബുദ്ധിയുടെ വളര്‍ച്ച ഡിജിറ്റല്‍ അതിക്രമങ്ങളെ കൂടുതല്‍ വേഗതയുള്ളതും ലക്ഷ്യബോധമുള്ളതും കണ്ടെത്താന്‍ പ്രയാസമുള്ളതുമാക്കി മാറ്റിയെന്ന് യുഎന്‍ പറയുന്നു. ഒരു ആഗോള സര്‍വേ പ്രകാരം, 38 ശതമാനം സ്ത്രീകള്‍ ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ നേരിട്ടിട്ടുണ്ട്, 85 ശതമാനം പേര്‍ അതിന് സാക്ഷികളായിട്ടുണ്ട്.
ഓണ്‍ലൈനിലുള്ള ഡീപ് ഫേക്ക് ഉള്ളടക്കങ്ങളില്‍ 95 ശതമാനവും സമ്മതമില്ലാതെ നിര്‍മിച്ച അശ്ലീല ചിത്രങ്ങളാണ്. ഇതില്‍ ഇരയാക്കപ്പെടുന്നവരില്‍ 99 ശതമാനവും സ്ത്രീകളാണ്. ശ്രദ്ധേയമായ കാര്യം, മിക്ക ഡീപ്പ്‌ഫേക്ക് ടൂളുകളും പുരുഷന്മാര്‍ അടങ്ങുന്ന ടീമുകളാണ് വികസിപ്പിക്കുന്നത് എന്നതിനാല്‍, അവ പലപ്പോഴും പുരുഷന്മാരുടെ ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കാത്ത രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്ന് യുഎന്‍ നിരീക്ഷിക്കുന്നു.
ഓണ്‍ലൈന്‍ ടൂളുകള്‍ വഴി ഇരകളെ പിന്തുടരുന്ന ഗാര്‍ഹിക പീഡകര്‍, ഡീപ്‌ഫേക്ക് ചിത്രങ്ങള്‍ കാരണം ജോലി നഷ്ടപ്പെടുന്ന സ്ത്രീകള്‍, ഓണ്‍ലൈന്‍ അപവാദ പ്രചാരണങ്ങള്‍ കാരണം പഠനം നിര്‍ത്തേണ്ടി വരുന്ന പെണ്‍കുട്ടികള്‍... ഇതെല്ലാം ഡിജിറ്റല്‍ അതിക്രമം എങ്ങനെ ജീവിതം തകര്‍ക്കുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ്.
യൂറോപ്യന്‍ യൂണിയനിലെ പത്തില്‍ ഒരു സ്ത്രീ എന്ന കണക്കില്‍ 15 വയസ്സിന് ശേഷം സൈബര്‍ പീഡനങ്ങള്‍ അനുഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലൈംഗിക ചുവയുള്ള അനാവശ്യ ഇമെയിലുകള്‍, എസ്.എം.എസ് സന്ദേശങ്ങള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ മോശമായ പെരുമാറ്റങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന അറബ് രാജ്യങ്ങളിലെ 60 ശതമാനം സ്ത്രീകളും ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്ക് ഇരയായതായി ഒരു പ്രാദേശിക പഠനം വെളിപ്പെടുത്തുന്നു. പടിഞ്ഞാറന്‍ ബാല്‍ക്കണ്‍സ്, കിഴക്കന്‍ യൂറോപ്പ് മേഖലകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന പകുതിയിലധികം സ്ത്രീകളും തങ്ങളുടെ ജീവിതകാലത്ത് ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക അധിഷ്ഠിത അതിക്രമങ്ങള്‍ നേരിട്ടിട്ടുണ്ട്.
2021-ലെ കണക്കുകള്‍ പ്രകാരം ഉഗാണ്ടയിലെ ഏകദേശം പകുതിയോളം സ്ത്രീകള്‍ (49 ശതമാനം) തങ്ങള്‍ ഓണ്‍ലൈന്‍ പീഡനത്തിന് ഇരയായതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ 2016-ല്‍ നടത്തിയ സര്‍വ്വേ പ്രകാരം 85 ശതമാനം സ്ത്രീകളും ഓണ്‍ലൈനില്‍ വെറുപ്പ് കലര്‍ന്ന പ്രസംഗങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും വിധേയരായിട്ടുണ്ട്.
നിലവില്‍ ചില രാജ്യങ്ങള്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഡിജിറ്റല്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണം നടത്തുന്നുണ്ട്. ബ്രിട്ടന്റെ ഓണ്‍ലൈന്‍ സേഫ്റ്റി ആക്ട്, മെക്‌സിക്കോയുടെ ലേ ഒളിമ്പിയ (ഒളിമ്പിയ ലോ), ഓസ്ട്രേലിയയുടെ ഓണ്‍ലൈന്‍ സേഫ്റ്റി ആക്ട്, യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ സേഫ്റ്റി ആക്ട് എന്നിവയാണ് അവയില്‍ ചിലത്. 2025-ഓടെ 117 രാജ്യങ്ങള്‍ ഡിജിറ്റല്‍ അതിക്രമങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും സാങ്കേതികവിദ്യയുടെ വേഗതയ്‌ക്കൊപ്പം നിയമങ്ങള്‍ എത്തുന്നില്ല എന്നതാണ് വാസ്തവം.