Gender

തൊഴില്‍ പങ്കാളിത്തം കൂടി, പക്ഷേ വേതനമില്ല; കാര്‍ഷിക-അസംഘടിത മേഖലകളില്‍ ഒതുങ്ങി സ്ത്രീകള്‍

കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ സ്ത്രീയുടെ വേതനത്തില്‍ കാര്യമായ ഇടിവ് ഉണ്ടായിട്ടുണ്ട്. 2017-18 ല്‍ ഗ്രാമത്തില്‍ തൊഴിലെടുക്കുന്ന പുരുഷന്മാര്‍ നേടിയ വരുമാനത്തിന്റെ 53% സ്ത്രീകള്‍ക്ക് ലഭിച്ചിരുന്നെങ്കില്‍, 2025 ആയപ്പോഴേക്കും ഇത് 45% ആയി കുറഞ്ഞു.

Madism Desk

രാജ്യത്തെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തെക്കുറിച്ചുള്ള നിലവിലെ ധാരണകളെ തിരുത്തിക്കുറിച്ചുകൊണ്ട് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക് റിലേഷന്‍സ് (ഐസിആര്‍ഐഇആര്‍) അടുത്തിടെ പുറത്തുവിട്ട പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഇന്ത്യന്‍ തൊഴില്‍ മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഇരട്ടിയോളം വര്‍ധിച്ചുവെങ്കിലും ഈ വര്‍ധനവ് അവര്‍ക്ക് മികച്ച ജോലികളോ ഉയര്‍ന്ന വരുമാനമോ വലിയ സാമ്പത്തിക സ്വാതന്ത്ര്യമോ ഉറപ്പാക്കുന്നില്ലെന്ന് പഠനം കണ്ടെത്തുന്നു.

പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ, ടൈം യൂസ് സര്‍വേ എന്നിവയിലെ വിവരങ്ങള്‍ ആസ്പദമാക്കി തയ്യാറാക്കിയ ''പങ്കാളിത്ത വൈരുദ്ധ്യം: ഇന്ത്യയിലെ സ്ത്രീകളുടെ ജോലിയും സമയവിനിയോഗവും, 2017-18 മുതല്‍ 2025 വരെ'' (The Participation Paradox: Women's Work and Time-Use in India, 2017-18 to 2025) എന്ന പഠനമാണ് സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തവും അവരുടെ സാമൂഹ്യ, സാമ്പത്തിക വളര്‍ച്ചയും പഠനവിധേയമാക്കിയത്. പഠന കാലയളവില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണം 104 ദശലക്ഷത്തില്‍ നിന്ന് 201 ദശലക്ഷമായി ഉയരുകയും സ്ത്രീ ജനസംഖ്യാ അനുപാതം 22 ശതമാനത്തില്‍ നിന്ന് 38 ശതമാനമായി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.

എന്നിരുന്നാലും ഈ വളര്‍ച്ചയുടെ വലിയൊരു പങ്ക് ശമ്പളമുള്ള സ്ഥിരജോലികള്‍ക്ക് പകരം കാര്‍ഷിക മേഖല, സ്വയംതൊഴില്‍, പ്രതിഫലമില്ലാത്ത വീട്ടുജോലികള്‍ എന്നിവയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, സ്ഥിര ശമ്പളമുള്ള തൊഴിലവസരങ്ങള്‍ ഏഴ് വര്‍ഷത്തിനിടെ 7.9 ദശലക്ഷത്തില്‍ നിന്ന് 13.9 ദശലക്ഷമായി നേരിയ തോതില്‍ മാത്രമാണ് ഉയര്‍ന്നത്. മറുഭാഗത്ത്, പ്രതിഫലമില്ലാത്ത കുടുംബ തൊഴിലാളികളുടെ എണ്ണം 28.8 ദശലക്ഷത്തില്‍ നിന്ന് 49.3 ദശലക്ഷമായും സ്വയംതൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 13.9 ദശലക്ഷത്തില്‍ നിന്ന് 56 ദശലക്ഷമായി ഉയര്‍ന്നു.

പുരുഷന്മാര്‍ മുന്‍പോട്ട്, സ്ത്രീകള്‍ വീണ്ടും കൃഷിയിലേക്ക്

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ പുരുഷന്മാരും സ്ത്രീകളും സഞ്ചരിക്കുന്നത് നേരെ വിപരീത ദിശകളിലാണെന്ന് പഠനം തെളിയിക്കുന്നു. ഗ്രാമീണ മേഖലയില്‍ കൃഷിപ്പണി ചെയ്യുന്ന പുരുഷന്മാരുടെ വിഹിതം 54.1 ശതമാനത്തില്‍ നിന്ന് 47.2 ശതമാനമായി കുറയുകയും അവര്‍ നിര്‍മ്മാണ-സേവന മേഖലകളിലേക്ക് മാറുകയും ചെയ്തപ്പോള്‍, കൃഷിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ വിഹിതം 70.7-ല്‍ നിന്ന് 73.3 ശതമാനമായി ഉയരുകയാണ് ചെയ്തത്. കൃഷിയിലും മൃഗപരിപാലനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളുടെ എണ്ണം ഇരട്ടിയിലധികമായി വര്‍ധിച്ച് 4 കോടിയില്‍ നിന്ന് 10 കോടിയായി കുതിച്ചുയര്‍ന്നു.

അതായത്, ഗ്രാമീണ മേഖലയില്‍ തൊഴിലെടുക്കാന്‍ തുടങ്ങിയ വനിതാ ശക്തിയെ ഉല്‍പ്പാദനക്ഷമതയുള്ള മറ്റ് വ്യവസായങ്ങള്‍ക്ക് പകരം കൃഷി മാത്രമാണ് പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടത് എന്നര്‍ത്ഥം. നിര്‍മ്മാണ മേഖലയിലേക്ക് പ്രവേശിച്ച സ്ത്രീകള്‍ വസ്ത്രനിര്‍മ്മാണം, ടെക്‌സ്‌റ്റൈല്‍സ്, പുകയില ഉല്‍പ്പാദനം തുടങ്ങിയ അസംഘടിതവും കുറഞ്ഞ വേതനവുമുള്ള മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് പഠനം വെളിപ്പെടുത്തുന്നു.

പണി എടുത്താലും തുല്യ വേതനമില്ല

തൊഴില്‍ ശക്തിയില്‍ പങ്കാളിത്തം വര്‍ധിച്ചെങ്കിലും സ്ത്രീകള്‍ക്ക് ലഭിക്കുന്ന വേതനത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ സ്ത്രീയുടെ വേതനത്തില്‍ കാര്യമായ ഇടിവ് ഉണ്ടായിട്ടുണ്ട്. 2017-18 ല്‍ ഗ്രാമത്തില്‍ തൊഴിലെടുക്കുന്ന പുരുഷന്മാര്‍ നേടിയ വരുമാനത്തിന്റെ 53% സ്ത്രീകള്‍ക്ക് ലഭിച്ചിരുന്നെങ്കില്‍, 2025 ആയപ്പോഴേക്കും ഇത് 45% ആയി കുറഞ്ഞു. അതായത്, ഒരു ഗ്രാമീണ പുരുഷന്‍ നേടുന്നതിന്റെ പകുതിയില്‍ താഴെ മാത്രമാണ് ഒരു ഗ്രാമീണ സ്ത്രീയുടെ പ്രതിമാസ വരുമാനം. ഏഴ് വര്‍ഷത്തിനിടെ ഗ്രാമീണ പുരുഷന്മാരുടെ വേതനം 65% ഉയര്‍ന്നപ്പോള്‍ സ്ത്രീകളുടേത് 41% മാത്രമാണ് ഉയര്‍ന്നത്.

സ്ത്രീകള്‍ വേതനം ലഭിക്കുന്ന ജോലികള്‍ക്കായി ചെലവഴിക്കുന്ന സമയത്തില്‍ ഇടിവുണ്ടായി എന്നതും ഈ പഠനത്തിലെ ശ്രദ്ധേയമായ കണ്ടെത്തലാണ്. ഗ്രാമീണ സ്ത്രീകളുടെ പ്രതിവാര ജോലി സമയം ആറ് മണിക്കൂറിലധികം കുറഞ്ഞു. ഫാക്ടറി ജോലികള്‍ക്ക് പകരം വീടുകള്‍ കേന്ദ്രീകരിച്ചുള്ള അസംഘടിത ഉല്‍പ്പാദന രീതികളില്‍ സ്ത്രീകള്‍ ഒതുങ്ങുന്നതാണ് ഇതിന് കാരണം. ഐ.ടി, സയന്റിഫിക് റിസര്‍ച്ച്, പബ്ലിഷിങ് തുടങ്ങിയ തുല്യവേതന സാധ്യതയുള്ള ആധുനിക മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യം ഇപ്പോഴും വളരെ കുറവുമാണ്.

എട്ട് മണിക്കൂര്‍ വീട്ടുജോലി, പ്രതിഫലമില്ലാത്ത അധ്വാനം

സ്ത്രീകള്‍ക്ക് ജോലിസ്ഥലങ്ങളില്‍ സജീവമാകാന്‍ സാധിക്കാത്തതിന്റെ പ്രധാന കാരണം വീട്ടുജോലികളും പരിചരണ ഉത്തരവാദിത്തങ്ങളുമാണ്. തൊഴില്‍ രഹിതരായി തുടരുന്ന 60% സ്ത്രീകളും അതിന് കാരണമായി പറയുന്നത് കുട്ടികളുടെ സംരക്ഷണവും വീട്ടിലെ ഉത്തരവാദിത്തങ്ങളുമാണ് (എന്നാല്‍ പുരുഷന്മാരില്‍ ഇത് കേവലം ഒരു ശതമാനം മാത്രമാണ്). യോഗ്യതയില്ലായ്മയോ തൊഴിലില്ലായ്മയോ അല്ല, മറിച്ച് വീട്ടുജോലികളുടെ ഭാരമാണ് സ്ത്രീകളെ ഔദ്യോഗിക തൊഴില്‍ വിപണിയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത്.

സ്ത്രീകള്‍ പ്രതിദിനം ശരാശരി എട്ട് മണിക്കൂറോളം സമയമാണ് പാചകം, ശുചീകരണം, കുടുംബാംഗങ്ങളുടെ സംരക്ഷണം എന്നിവയ്ക്കായി ചെലവഴിക്കുന്നത്. പുരുഷന്മാര്‍ ആവട്ടെ ഒന്നര മണിക്കൂര്‍ സമയം മാത്രമാണ് ഇതിനായി മാറ്റിവെക്കുന്നത്. ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് പോലും സ്വന്തം സ്വയംപരിചരണത്തിനും വിശ്രമത്തിനും സമയം ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇതിന് പുറമെ, വിവാഹവും സ്ത്രീകളുടെ തൊഴില്‍ സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നു. വിവാഹിതരായ പുരുഷന്മാരുടെ തൊഴില്‍ പങ്കാളിത്തം 87.6% ആയിരിക്കുമ്പോള്‍ വിവാഹിതരായ സ്ത്രീകളില്‍ ഇത് 37.3% മാത്രമാണ്.

സ്ത്രീകള്‍ തൊഴില്‍ രംഗത്തേക്ക് വരുന്നുണ്ടോ എന്ന് മാത്രം നോക്കി സാമ്പത്തിക ശാക്തീകരണം അളക്കാന്‍ കഴിയില്ലെന്ന് പഠനം അടിവരയിടുന്നു. ചെലവ് കുറഞ്ഞ ശിശുപരിപാലന സൗകര്യങ്ങള്‍, പൊതുഗതാഗതം, ശക്തമായ തൊഴിലിട വ്യവസ്ഥകള്‍, നൈപുണ്യ പരിശീലനങ്ങള്‍ എന്നിവ വഴി കൂടുതല്‍ ഔദ്യോഗിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. എണ്ണത്തില്‍ വര്‍ധനവുണ്ടെങ്കിലും ആഴത്തില്‍ വേരൂന്നിയ പുരുഷാധിപത്യ സങ്കല്‍പ്പങ്ങളും സാമൂഹിക ക്രമങ്ങളും സ്ത്രീകളെ തുല്യമായ അവസരങ്ങള്‍ നേടുന്നതില്‍ നിന്ന് ഇപ്പോഴും പിന്നോട്ട് വലിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേക്കും ഈ പഠനം വിരല്‍ചൂണ്ടുന്നു.

A recent study by the Indian Council for Research on International Economic Relations (ICRIER) has challenged prevailing perceptions about women's workforce participation in India, revealing that the near-doubling of female employment over the past seven years has not translated into better jobs, higher wages or greater financial independence. The study, titled The Participation Paradox: Women's Work and Time-Use in India, 2017-18 to 2025, draws on data from the Periodic Labour Force Survey and the Time Use Survey. It found that the number of working women increased from 104 million to 201 million, while the female workforce participation rate rose from 22% to 38%. However, much of this growth has been concentrated in agriculture, self-employment and unpaid family work rather than stable, salaried jobs.