Ground Reports

45 സര്‍ജറികള്‍, കോടികളുടെ തട്ടിപ്പ്; മുംബൈയില്‍നിന്ന് കേരളത്തിലേക്കുവരെ നീളുന്ന ഇന്‍ഫെര്‍ട്ടിലിറ്റി മാഫിയ, ഇരകൾ ദരിദ്രസ്ത്രീകൾ

സാധാരണയായി മാസത്തില്‍ ഒരു അണ്ഡം മാത്രം ഉല്‍പ്പാദിപ്പിക്കുന്ന സ്ത്രീ ശരീരത്തെ നിര്‍ബന്ധിതമായി ഉത്തേജിപ്പിക്കാന്‍ രണ്ടാഴ്ചയോളം വയറ്റില്‍ കടുത്ത ഹോര്‍മോണ്‍ ഇഞ്ചക്ഷനുകള്‍ നല്‍കിയായിരുന്നു ഇവര്‍ ഇത് ചെയ്തിരുന്നത്.

Madism Desk

മഹാരാഷ്ട്രയിലെ ഉല്‍ഹാസ്‌നഗറിലെ ഒരു കൊച്ചു ചേരിമുറി. നേരം പുലരുമ്പോള്‍ തറ തുടയ്ക്കാനും പാത്രം കഴുകാനുമായി അയല്‍പക്കത്തെ ഫ്‌ളാറ്റുകളിലേക്ക് ഓടുന്ന മുപ്പതുകാരിയായ നീത. മാസാവസാനം കൈയില്‍ കിട്ടുന്ന പതിനായിരം രൂപ കൊണ്ട് വേണം വീട്ടുവാടക കൊടുക്കാനും തളരാതെ പണിയെടുക്കാന്‍ മരുന്നുകള്‍ വാങ്ങാനും നാട്ടിലെ സ്‌കൂളില്‍ പഠിക്കുന്ന മകന്റെ ചിലവുകള്‍ നോക്കാനും.

നഗരത്തിലെ കടുത്ത ദാരിദ്ര്യത്തോട് മല്ലടിച്ച് മടുത്ത ഒരു ദിവസമാണ്, ബന്ധുവായ ഒരു സ്ത്രീ നീതയുടെ അരികിലേക്ക് ആ 'വലിയ ഓഫറുമായി' വരുന്നത്. ''നിന്റെ അണ്ഡം ദാനം ചെയ്താല്‍ ഒരു ദിവസം കൊണ്ട് ഇരുപതിനായിരം രൂപ കിട്ടും. നിനക്ക് കുട്ടികളുള്ളതല്ലേ, നിന്റെ ശരീരത്തില്‍ ഇത് എല്ലാ മാസവും താനേ ഉണ്ടാകുന്നതല്ലേ... അതുകൊണ്ട് പേടിക്കാന്‍ ഒന്നുമില്ല.''

അന്ന് ആ വാക്കുകള്‍ കേള്‍ക്കുമ്പോള്‍, തന്റെ മകന്റെ നല്ലൊരു ഭാവിയും വാടകപ്പണവുമൊക്കെയായിരുന്നു നീതയുടെ മനസ്സില്‍. എന്നാല്‍, ഒരു സ്ത്രീയുടെ ജീവിതത്തില്‍ നിയമപരമായി ഒരേയൊരു തവണ മാത്രം ചെയ്യാന്‍ അനുവാദമുള്ള അണ്ഡശേഖരണ പ്രക്രിയയ്ക്ക്, താന്‍ തുടര്‍ച്ചയായി 45 തവണ ഇരയാകാന്‍ പോവുകയാണെന്ന് ആ പാവം സ്ത്രീ അറിഞ്ഞിരുന്നില്ല. കോടികള്‍ കൊയ്യുന്ന ഒരു വന്ധ്യതാ നിവാരണ മാഫിയയ്ക്കു മുന്നിലേക്കു സ്വന്തം ശരീരം അവര്‍ എറിഞ്ഞുകൊടുക്കുകയായിരുന്നു.

ദാരിദ്ര്യത്തെ ചൂഷണം ചെയ്യുന്ന മാഫിയാ തന്ത്രം

മഹാരാഷ്ട്രയിലെ ചേരികളില്‍ ഇന്ന് നീതയെപ്പോലെ നൂറുകണക്കിന് സ്ത്രീകളാണ് ഈ കെണിയില്‍ വീണിരിക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ഫാക്ടറി തൊഴിലാളിയായ റോഷ്‌നിയും കടബാധ്യതകളില്‍ മുങ്ങിയ ഇരുപത്തഞ്ചുകാരി സുമനുമെല്ലാം ഇതേ പാതയിലെത്തി. ഒരു തവണ അണ്ഡം ദാനം ചെയ്ത സ്ത്രീകളെത്തന്നെ വീണ്ടും പുതിയ ആളുകളായി കാണിക്കാന്‍ വ്യാജ ആധാര്‍ കാര്‍ഡുകളും തിരിച്ചറിയല്‍ രേഖകളും സംഘം നിര്‍മിച്ചു. സാധാരണയായി മാസത്തില്‍ ഒരു അണ്ഡം മാത്രം ഉല്‍പ്പാദിപ്പിക്കുന്ന സ്ത്രീ ശരീരത്തെ നിര്‍ബന്ധിതമായി ഉത്തേജിപ്പിക്കാന്‍ രണ്ടാഴ്ചയോളം വയറ്റില്‍ കടുത്ത ഹോര്‍മോണ്‍ ഇഞ്ചക്ഷനുകള്‍ നല്‍കിയായിരുന്നു ഇവര്‍ ഇത് ചെയ്തിരുന്നത്.

കേരളത്തിലേക്കുള്ള കടത്തും വന്‍ കമ്മീഷനും

പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ ഏറ്റവും ഞെട്ടിക്കുന്ന വിവരം, ഈ സ്ത്രീകളില്‍ ഭൂരിഭാഗത്തെയും അണ്ഡശേഖരണ ശസ്ത്രക്രിയകള്‍ക്കായി കാറുകളില്‍ അതിര്‍ത്തി കടത്തി കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ വന്ധ്യതാ നിവാരണ ക്ലിനിക്കുകളിലേക്കാണ് എത്തിച്ചിരുന്നതെന്നതാണ്.

പിടിക്കപ്പെട്ട ഇരകളില്‍ ഒരു സ്ത്രീയെ മാത്രം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 35 തവണയാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ ഫെര്‍ട്ടിലിറ്റി സെന്ററുകളിലേക്ക് ഏജന്റുമാര്‍ എത്തിച്ചത്. കേരളത്തില്‍ വന്ധ്യതാ നിവാരണ ചികിത്സകള്‍ക്കായി എത്തുന്ന ദമ്പതികളുടെ എണ്ണം കൂടുതലായതിനാല്‍, ഇവിടുത്തെ വന്‍ ഡിമാന്‍ഡ് മുതലെടുത്താണ് ഏജന്റുമാര്‍ അണ്ഡം ഉയര്‍ന്ന വിലയ്ക്ക് വിറ്റിരുന്നത്.

''ആദ്യ തവണ അണ്ഡം പുറത്തെടുത്ത് ബോധം തെളിഞ്ഞപ്പോള്‍ എന്റെ വയര്‍ വീര്‍ത്തു കെട്ടി കടുത്ത വേദനയായിരുന്നു. ഇനി ഇത് ചെയ്യില്ലെന്നു കരുതിയതാണ്. പക്ഷെ, വീട്ടുവാടകയും കുഞ്ഞിന്റെ സ്‌കൂള്‍ ഫീസും ഓര്‍ക്കുമ്പോള്‍ ഏജന്റുമാരുടെ വിളി വരുമ്പോള്‍ വീണ്ടും സമ്മതിക്കേണ്ടി വന്നു,'' നീത പറയുന്നു.

ഒരു തവണ നല്‍കുമ്പോള്‍ ഈ പാവങ്ങള്‍ക്ക് ലഭിച്ചിരുന്നത് 20,000 മുതല്‍ 35,000 രൂപ വരെയാണ്. എന്നാല്‍, കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളില്‍നിന്ന് ഈ മാഫിയ ഈടാക്കിയിരുന്നത് മൂന്നു മുതല്‍ അഞ്ചു ലക്ഷം രൂപ വരെയായിരുന്നു! ബാക്കി തുക മുഴുവന്‍ ഏജന്റുമാരും തട്ടിപ്പിനു കൂട്ടുനിന്ന ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും പങ്കിട്ടെടുത്തു.

ശരീരത്തെ തകര്‍ക്കുന്ന കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍

ഒരു സ്ത്രീയുടെ ശരീരത്തോട് ചെയ്യുന്ന ഏറ്റവും ക്രൂരമായ ശാരീരിക പീഡനമാണിതെന്ന് മുംബൈയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആവര്‍ത്തിച്ചുള്ള ഈ പ്രക്രിയ സ്ത്രീകളുടെ ഹോര്‍മോണ്‍ വ്യവസ്ഥയെ പൂര്‍ണ്ണമായി തകിടം മറിക്കും.

അണ്ഡാശയ വീക്കം: തുടര്‍ച്ചയായ ഉത്തേജനം കാരണം അണ്ഡാശയങ്ങള്‍ തടിച്ചുവീര്‍ക്കുകയും വയറ്റില്‍ നീരുവന്ന് നിറയുകയും ചെയ്യും. ഇത് ജീവന് തന്നെ ഭീഷണിയാണ്.

മറ്റു ലക്ഷണങ്ങള്‍: കടുത്ത വയറുവേദന, ശ്വാസംമുട്ടല്‍, രക്തം കട്ടപിടിക്കല്‍ ആന്തരിക അവയവങ്ങളിലെ അണുബാധ എന്നിവ ഇതിന്റെ ഭീകരമായ ഫലങ്ങളാണ്.

കുറഞ്ഞ കാലയളവിനുള്ളില്‍ 30-ഉം 40-ഉം തവണ ഇത്തരം ശസ്ത്രക്രിയകള്‍ക്കു വിധേയരായ സ്ത്രീകള്‍ക്കു ഭാവിയിൽ എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് കൃത്യമായ മെഡിക്കല്‍ പഠനങ്ങള്‍ പോലും നിലവിലില്ല.

ഒടുവില്‍ കെണി പൊളിഞ്ഞു, പക്ഷേ...

താനെയിലെ ബാദ്‌ലാപൂരില്‍ ഒരു ഫ്‌ലാറ്റിനുള്ളില്‍ സ്ത്രീകള്‍ക്ക് കൂട്ടത്തോടെ ഹോര്‍മോണ്‍ കുത്തിവയ്പുകൾ നല്‍കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് ഈ വന്‍ മാഫിയ കുടുങ്ങുന്നത്. ഡോക്ടര്‍മാരും ഏജന്റുമാരുമടക്കം 15 പേര്‍ക്കെതിരെ മനുഷ്യക്കടത്ത്, വ്യാജരേഖ ചമയ്ക്കല്‍, നിയമലംഘനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു കഴിഞ്ഞു.

നിയമങ്ങളും അറസ്റ്റുകളും അണിയറയില്‍ നടക്കുമ്പോഴും തനിക്കു കിട്ടിയ പണം കൊണ്ട് മകനെ പഠിപ്പിക്കാന്‍ കഴിഞ്ഞല്ലോയെന്ന ആശ്വാസത്തിലാണ് നീത. പക്ഷേ, ആ പണത്തിനു പകരമായി തന്റെ ശരീരം നല്‍കേണ്ടി വന്ന വില എത്രത്തോളം വലുതാണെന്ന് ആ പാവം സ്ത്രീ ഇന്നും തിരിച്ചറിയുന്നില്ല. ദാരിദ്ര്യം വിറ്റ് കോടികള്‍ കൊയ്യുന്ന ഫെര്‍ട്ടിലിറ്റി മാഫിയകള്‍ക്ക് മുന്നില്‍ ഇനിയും എത്രയോ പേര്‍ ഇരകളായിക്കൊണ്ടിരിക്കുന്നുവെന്ന വലിയ ചോദ്യം മാത്രമാണ് ഈ സംഭവം ബാക്കിവയ്ക്കുന്നത്.

A shocking investigation has uncovered an alleged illegal egg donation racket involving vulnerable women from Maharashtra's slums. Women facing financial hardship were reportedly coerced into repeated egg donations using fake Aadhaar cards and forged identity documents to conceal their previous donations. Investigators allege that they were subjected to intensive hormone injections before egg retrieval procedures and were transported across state borders to fertility clinics in Kerala and Tamil Nadu. Police are continuing their investigation into the suspected trafficking and medical malpractice network.