Health

പ്രതീക്ഷകൾ അസ്ഥാനത്തോ? അൽഷിമേഴ്‌സ് ചികിത്സയിലെ 'ഗെയിംചേഞ്ചർ' മരുന്നുകൾ 'നിസ്സാരമെന്ന്' അന്താരാഷ്ട്ര പഠനം

വൈജ്ഞാനിക ശേഷിയിലെ കുറവിലും ഡിമെൻഷ്യയുടെ തീവ്രതയിലും രോഗികളിൽ ഗണ്യമായ മാറ്റം കണ്ടെത്താനായില്ല. എന്നാൽ തലച്ചോറിൽ വീക്കവും രക്സ്രാവവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം സൂചിപ്പിക്കുന്നു

Madism Desk

അൽഷിമേഴ്‌സ് രോഗചികിത്സയിൽ വലിയ വിപ്ലവം സൃഷ്ടിക്കുമെന്ന് കരുതിയിരുന്ന പുതിയ മരുന്നുകൾ രോഗികളിൽ കാര്യമായ മാറ്റമുണ്ടാക്കുന്നില്ലെന്ന് പഠന റിപ്പോർട്ട്. ലോകമെമ്പാടുമുള്ള ആരോഗ്യവിദഗ്ധർ വലിയ പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്ന 'ആന്റി-അമിലോയിഡ്' (Anti-amyloid) മരുന്നുകൾ രോഗാവസ്ഥ കുറയ്ക്കുന്നതിൽ പരാജയമാണെന്ന് അന്താരാഷ്ട്ര തലത്തിലുള്ള കൊക്രേൻ റിവ്യൂ (Cochrane Review) ചൂണ്ടിക്കാട്ടുന്നു.

എന്താണ് ഈ മരുന്നുകൾ?

അൽഷിമേഴ്‌സ് രോഗികളുടെ തലച്ചോറിൽ അടിഞ്ഞുകൂടുന്ന 'അമിലോയിഡ്' (Amyloid) എന്ന പ്രോട്ടീൻ പാളികളെ നീക്കം ചെയ്യാനാണ് ഈ പുതിയ മരുന്നുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. തലച്ചോറിലെ കോശങ്ങൾക്കിടയിൽ ഇത്തരം പാളികൾ രൂപപ്പെടുന്നത് കോശങ്ങളുടെ വിനിമയത്തെ തടസ്സപ്പെടുത്തുകയും രോഗം കൂടാൻ കാരണമാകുകയും ചെയ്യുന്നു. ഇതിനൊപ്പമുള്ള 'ടൗ' (Tau) എന്ന മറ്റൊരു പ്രോട്ടീനും കൂടി ചേരുന്നതോടെയാണ് രോഗം സങ്കീർണ്ണമാകുന്നത്. ഈ അമിലോയിഡ് പാളികളെ നീക്കം ചെയ്യുന്നതിലൂടെ രോഗാവസ്ഥ പതുക്കെയാക്കാം എന്നതായിരുന്നു പുതിയ മരുന്നുകളുടെ ലക്ഷ്യം.

'ഗെയിംചേഞ്ചർ' എന്ന പദവിയും തിരിച്ചടിയും

ഐസായ് (Eisai) നിർമ്മിച്ച ലക്കാനെമാബ് (Lecanemab), എലി ലില്ലി (Eli Lilly) നിർമ്മിച്ച ഡൊനാനെമാബ് (Donanemab) എന്നീ മരുന്നുകൾ പുറത്തിറങ്ങിയപ്പോൾ അൽഷിമേഴ്‌സ് ചികിത്സയിലെ വലിയൊരു മാറ്റമായിട്ടാണ് ലോകം ഇതിനെ കണ്ടിരുന്നത്. വിവിധ രാജ്യങ്ങളിലെ ഡ്രഗ് റെഗുലേറ്ററി ബോർഡുകൾ ഇവയ്ക്ക് അംഗീകാരം നൽകുകയും ചെയ്തിരുന്നു.

എന്നാൽ, ഇരുപതിനായിരത്തോളം രോഗികളിൽ നടത്തിയ പഠനത്തിൽ ഈ മരുന്നുകൾ ഓർമ്മശക്തി വീണ്ടെടുക്കുന്നതിനോ രോഗം മൂർച്ഛിക്കുന്നത് തടയുന്നതിനോ വലിയ സഹായമാകുന്നില്ലെന്ന് കണ്ടെത്തി. 18 മാസത്തെ ചികിത്സയ്ക്ക് ശേഷവും രോഗികളിലുണ്ടായ പുരോഗതി 'നിസ്സാരമാണെന്ന്' ഗവേഷകർ വിലയിരുത്തുന്നു.

വിരുദ്ധാഭിപ്രായങ്ങളും ശക്തം

അതേസമയം, കൊക്രേൻ റിവ്യൂവിന്റെ കണ്ടെത്തലുകൾക്കെതിരെ ശാസ്ത്രലോകത്തുനിന്ന് തന്നെ ശക്തമായ വിരുദ്ധാഭിപ്രായങ്ങൾ ഉയരുന്നുണ്ട്. പരാജയപ്പെട്ട പഴയ മരുന്നുകളെയും ഇപ്പോൾ വിജയകരമായി ഉപയോഗിക്കുന്ന പുതിയ മരുന്നുകളെയും ഒരേ ഗണത്തിൽ പെടുത്തിയാണ് ഈ വിശകലനം നടത്തിയതെന്നാണ് ഇവരുടെ പ്രധാന വാദം.

പുതിയ മരുന്നുകൾ രോഗത്തിന്റെ വേഗത 25 മുതൽ 30 ശതമാനം വരെ കുറയ്ക്കുന്നുണ്ടെന്നും അതിനാൽ അവയെ 'ഫലശൂന്യം' എന്ന് വിളിച്ച് പാടെ തള്ളിക്കളയാനാവില്ലെന്നും ബ്രിട്ടനിലെ അൽഷിമേഴ്‌സ് റിസർച്ച് വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഒരേ രീതിയിലുള്ള മരുന്നുകളാണെങ്കിലും അവ തലച്ചോറിൽ പ്രവർത്തിക്കുന്ന വിധം വ്യത്യസ്തമാണെന്നും ഇവർ വാദിക്കുന്നു.

ചികിത്സാ ചെലവും തീരുമാനങ്ങളും

ബ്രിട്ടനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് (Nice) ഈ മരുന്നുകളെക്കുറിച്ച് നടത്തിയ നിരീക്ഷണം വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ മരുന്നുകൾ രോഗത്തിന്റെ വേഗത ഏകദേശം 4 മുതൽ 6 മാസം വരെ കുറയ്ക്കുന്നുണ്ടെങ്കിലും, അതിന്റെ ഭീമമായ ചെലവ് പൊതുജനാരോഗ്യ സംവിധാനങ്ങൾക്ക് താങ്ങാവുന്നതല്ലെന്ന് ഇവർ നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും, മരുന്ന് കമ്പനികളുടെ അപ്പീലിനെത്തുടർന്ന് ഈ തീരുമാനം 'നൈസ്' ഇപ്പോൾ വീണ്ടും പരിശോധിച്ചുവരികയാണ്.

പാർശ്വഫലങ്ങൾ ആശങ്കാജനകം

മരുന്നിന്റെ ഗുണത്തേക്കാൾ ഉപരിയായി അത് ഉണ്ടാക്കുന്ന പാർശ്വഫലങ്ങൾ ഗുരുതരമാണെന്നും റിപ്പോർട്ടിലുണ്ട്. മരുന്ന് ഉപയോഗിച്ച ചില രോഗികളിൽ തലച്ചോറിൽ വീക്കവും രക്തസ്രാവവും കണ്ടെത്തിയിട്ടുണ്ട്. ഓരോ രണ്ടാഴ്ചയോ നാലാഴ്ചയോ കൂടുമ്പോൾ ആശുപത്രിയിൽ പോയി ഞരമ്പ് വഴി മരുന്ന് സ്വീകരിക്കേണ്ടി വരുന്നതും കൃത്യമായ ഇടവേളകളിൽ എം.ആർ.ഐ സ്കാനിംഗിന് വിധേയമാകേണ്ടി വരുന്നതും രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും വലിയ ബുദ്ധിമുട്ടാകുന്നുണ്ട്.

അൽഷിമേഴ്‌സ് പൂർണ്ണമായും ഭേദമാക്കാൻ ഇത്തരം മരുന്നുകൾ കൊണ്ട് സാധിക്കില്ലെന്നും കൂടുതൽ ഫലപ്രദമായ മറ്റ് ചികിത്സാരീതികൾ കണ്ടെത്തണമെന്നുമാണ് കൊക്രേൻ റിവ്യൂ നൽകുന്ന അന്തിമ സൂചന.

English Summary: Anti-amyloid drugs for Alzheimer’s disease may not provide meaningful benefits despite reducing brain amyloid, with risks like swelling and bleeding, major analysis shows. Experts call for new treatment approaches beyond amyloid targeting