

ജോലിസമയത്തിന് ശേഷവും ഇമെയിലുകൾക്കും ഫോൺ കോളുകൾക്കും പിന്നാലെ പായുന്ന ശീലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ജോലി കഴിഞ്ഞാലും ഡിജിറ്റൽ ലോകത്ത് സജീവമായിരിക്കുന്നത് കാര്യക്ഷമത വർദ്ധിപ്പിക്കുമെന്ന തെറ്റായ ധാരണ പലർക്കുമുണ്ട്. എന്നാൽ, ശരീരം ഇതിനെ കാണുന്നത് മറ്റൊരു തരത്തിലാണ്. വിശ്രമവേളകളിലും ജോലി സംബന്ധമായ കാര്യങ്ങളിൽ ഏർപ്പെടുന്നത് തലച്ചോറിന് ശരിയായ വിശ്രമം ലഭിക്കുന്നത് തടയുന്നു. ഇത് ശരീരത്തിലെ കോർട്ടിസോൾ (Cortisol) എന്ന സ്ട്രെസ് ഹോർമോണിന്റെ അളവ് അമിതമായി വർദ്ധിപ്പിക്കാൻ കാരണമാകുന്നു. ഇതിന്റെ ഫലമായി ഉറക്കമില്ലായ്മ, അമിതമായ തളർച്ച, ദേഷ്യം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാകുകയും, ക്രമേണ ഇത് ഉയർന്ന രക്തസമ്മർദ്ദത്തിലേക്കും പ്രതിരോധശേഷി കുറയുന്നതിലേക്കും നയിക്കുകയും ചെയ്യുന്നു.
ശാരീരിക അധ്വാനത്തിന് ശേഷം വിശ്രമം വേണമെന്ന് നമുക്കറിയാമെങ്കിലും, മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ പലപ്പോഴും നാം ഇത് മറന്നുപോകുന്നു. തലച്ചോറിന് കൃത്യമായ ഇടവേളകൾ ലഭിച്ചില്ലെങ്കിൽ ശരീരം പൂർണ്ണമായും പഴയ അവസ്ഥയിലേക്ക് (Reset) മാറില്ല. ഇത് ശരീരത്തിനുള്ളിൽ ചെറിയ തോതിലുള്ള വീക്കങ്ങൾക്കും (Inflammation) തുടർന്ന് വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. യുവാക്കൾക്കിടയിൽ ഇന്ന് കണ്ടുവരുന്ന ബേൺഔട്ട് (Burnout), അമിതമായ ഉത്കണ്ഠ, ദഹനപ്രശ്നങ്ങൾ, ഹൃദയസംബന്ധമായ അസ്വസ്ഥതകൾ എന്നിവയ്ക്ക് പിന്നിൽ ഈ നിരന്തരമായ ഡിജിറ്റൽ ഇടപെടലുകളാണെന്ന് ഡോക്ടർമാർ നിരീക്ഷിക്കുന്നു. അമിതമായ ജോലിഭാരത്തേക്കാൾ ഉപരിയായി, എപ്പോഴും ഓൺലൈനിൽ ലഭ്യമായിരിക്കണം എന്ന ചിന്തയാണ് ഇവിടെ വില്ലനാകുന്നത്.
വലിയ മാറ്റങ്ങളിലൂടെയല്ല, മറിച്ച് ലളിതമായ ശീലങ്ങളിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും. ജോലി സംബന്ധമായ ആശയവിനിമയങ്ങൾക്ക് കൃത്യമായ ഒരു സമയം നിശ്ചയിക്കുന്നത് തലച്ചോറിനെ ശാന്തമാകാൻ സഹായിക്കും. ഉറങ്ങുന്നതിന് മുൻപ് സ്ക്രീനുകൾ ഒഴിവാക്കുന്നതും പകൽസമയത്ത് ചെറിയ ഇടവേളകൾ എടുക്കുന്നതും ഗുണകരമാണ്. ഫോണും മറ്റ് ഉപകരണങ്ങളും മാറ്റിവെച്ച് അല്പനേരം നടക്കാൻ പോകുന്നതോ, നിശബ്ദമായി ഇരിക്കുന്നതോ, കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതോ നാഡീവ്യൂഹത്തെ ശാന്തമാക്കാൻ സഹായിക്കും. ഇത്തരം കൊച്ചു കാര്യങ്ങൾ ശരീരത്തിന്റെ പ്രവർത്തനങ്ങളിൽ വലിയ പോസിറ്റീവ് മാറ്റങ്ങൾ കൊണ്ടുവരും.
എപ്പോഴും ജോലിയിൽ വ്യാപൃതനായിരിക്കുന്നതാണ് ഉൽപ്പാദനക്ഷമത എന്ന ധാരണ തെറ്റാണ്. നമ്മുടെ ശരീരം പ്രവർത്തിക്കുന്നത് ഒരു ചക്രത്തിന് സമാനമായാണ് , ആയതിനാൽ വിശ്രമം അനിവാര്യമാണ്. ഈ ബാലൻസ് തെറ്റിക്കുന്നത് ചുരുങ്ങിയ കാലത്തേക്ക് ഗുണം ചെയ്തേക്കാം, എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഇത് ആരോഗ്യത്തെ തകർക്കും. തളർന്നു വീഴുമ്പോൾ മാത്രം എടുക്കേണ്ട ഒന്നല്ല വിശ്രമം, മറിച്ച് ആരോഗ്യത്തോടെ മുന്നോട്ട് പോകാൻ ശരീരത്തിന് കൃത്യസമയത്ത് നൽകേണ്ട ഇന്ധനമാണത്. അതിനാൽ, ഡിജിറ്റൽ ലോകത്ത് നിന്ന് അല്പനേരം മാറിനിൽക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് പുതിയ ഉന്മേഷം നൽകും.
ശ്രദ്ധിക്കുക: നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അറിവിനായിട്ടുള്ളതാണ്. ആരോഗ്യ സംബന്ധമായ ഏത് തീരുമാനമെടുക്കുന്നതിനും മുൻപ് ഒരു വിദഗ്ദ്ധ ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്.
English Summary: Health experts warn that staying connected to work after office hours can harm both mental and physical health. Constant digital engagement increases stress hormones, leading to burnout, poor sleep, and long-term health issues.