ആധുനിക വൈദ്യശാസ്ത്രത്തിന് കനത്ത വെല്ലുവിളിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന 'ആന്റിമൈക്രോബയല്‍ റെസിസ്റ്റന്‍സ്' (ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം മൂലം രോഗാണുക്കള്‍ മരുന്നുകളെ ചെറുക്കാന്‍ ശേഷി നേടുന്ന അവസ്ഥ) വരും ദശകങ്ങളില്‍ മനുഷ്യരാശിക്ക് വലിയ ദുരന്തമായി മാറിയേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഈ പ്രതിസന്ധി മൂലം ലോകത്ത് 3.9 കോടി ആളുകള്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. സാധാരണ ശസ്ത്രക്രിയകളും പ്രസവങ്ങള്‍ പോലും ഭാവിയില്‍ ജീവന് ഭീഷണിയായി മാറിയേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ ആശങ്കപ്പെടുന്നു.
നിശബ്ദമായി പടരുന്ന മഹാമാരി
കോവിഡ്-19 മഹാമാരിയെപ്പോലെ പെട്ടെന്ന് ദൃശ്യമാകുന്ന ഒന്നല്ല ആന്റിമൈക്രോബയല്‍ പ്രതിരോധം. എന്നാല്‍, വര്‍ഷങ്ങളായി യാതൊരു മുന്നറിയിപ്പുമില്ലാതെ ഇത് നിശബ്ദമായി ആളുകളുടെ ജീവനെടുത്തുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് വിഭാഗം (എഎംആര്‍) ആക്ടിംഗ് ഡയറക്ടര്‍ ജീന്‍-പിയറി ന്യേമാസി വ്യക്തമാക്കി. ആറാമത് വാര്‍ഷിക ഗ്ലോബല്‍ മീഡിയ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന അണുബാധകള്‍ മൂലം, 2021-ല്‍ മാത്രം 10 ലക്ഷത്തിലധികം ആളുകളുടെ മരണത്തിന് നേരിട്ട് കാരണമായിട്ടുണ്ട്. കൂടാതെ, ഏകദേശം 47 ലക്ഷത്തോളം മരണങ്ങളുമായി ഇത് പരോക്ഷമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എവിടെ നില്ക്കുന്നു?
ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ആന്റിമൈക്രോബയല്‍ റെസിസ്റ്റന്‍സിനെതിരെ രംഗത്തുവരുന്നുണ്ടെങ്കിലും നടപടികള്‍ മന്ദഗതിയിലാണെന്നാണ് വിലയിരുത്തല്‍. 183 രാജ്യങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍, പത്തില്‍ ഒന്‍പത് രാജ്യങ്ങള്‍ക്കും നിലവില്‍ ഒരു ദേശീയ കര്‍മ്മ പദ്ധതിയുണ്ട്. 2017-ല്‍ ഇത് പത്തില്‍ നാല് രാജ്യങ്ങളില്‍ മാത്രമായിരുന്നു. എന്നിരുന്നാലും, സാമ്പത്തിക സഹായത്തോടെ ഇത് കൃത്യമായി നടപ്പാക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന പദ്ധതികള്‍ ഉള്ളത് 42 രാജ്യങ്ങളില്‍ മാത്രമാണ്.
2023-ലെ കണക്കുകള്‍ പ്രകാരം, ലബോറട്ടറി പരിശോധനയിലൂടെ സ്ഥിരീകരിച്ചതും ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമായ ബാക്ടീരിയല്‍ അണുബാധകളില്‍ ആറില്‍ ഒന്നും അവയെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നവയായിരുന്നു എന്നാണ് കണ്ടെത്തിയത്. യഥാര്‍ത്ഥ കാരണം കണ്ടെത്താനാവാതെ ഡോക്ടര്‍മാര്‍ അന്ധമായി ചികിത്സിക്കേണ്ടി വരുന്നുവെന്നതാണ് ഈ അവസ്ഥയുടെ പ്രധാന വെല്ലുവിളി.
പുതിയ പ്രതീക്ഷകളുമായി ലോകാരോഗ്യ സംഘടന
ഈ ഭീഷണി നേരിടുന്നതിന്റെ ഭാഗമായി രണ്ട് പുതിയ ഡയഗ്നോസ്റ്റിക് മാര്‍ഗരേഖകള്‍ ഡബ്ല്യുഎച്ച്ഒ പുറത്തിറക്കിയിട്ടുണ്ട്. ഒന്ന്, ആരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാകേണ്ട പരിശോധനകളാണ്. പ്രൈമറി കെയര്‍ സെന്ററുകള്‍ മുതല്‍ റഫറല്‍ ആശുപത്രികള്‍ വരെ പരിശോധന ശക്തമാക്കുകയും സാമ്പിള്‍ ശേഖരണം മുതല്‍ രോഗകാരികളെ തിരിച്ചറിയുന്നതുവരെ കൃത്യമാക്കുകയും അവയിലേതെല്ലാം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നുവെന്ന് നിരീക്ഷിക്കുകയും ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
രാണ്ടാമത് ലബോറട്ടറി നടപടിക്രമങ്ങളാണ്. സാമ്പിള്‍ ശേഖരണം മുതല്‍ രോഗാണുക്കളെയും ആന്റിബയോട്ടിക് പ്രതിരോധ ശേഷിയെയും തിരിച്ചറിയുന്നതു വരെയുള്ള 73 നടപടിക്രമങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അണുബാധ പ്രതിരോധിക്കല്‍, വാക്സിനേഷന്, ശുദ്ധജല ലഭ്യത, ആന്റിബയോട്ടിക്കുകളുടെ യുക്തിസഹമായ ഉപയോഗം തുടങ്ങിയവയിലൂടെ മാത്രമേ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്ന അവസ്ഥയെ ഇല്ലാതാക്കാനാവൂ എന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ക്കുന്നു.
ഇന്ത്യയില്‍ കൂടുതല്‍ മരണങ്ങള്
2021-ലെ കണക്കുപ്രകാരം ആന്റിബയോട്ടിക് മരുന്ന് ഫലിക്കാത്ത അണുബാധ കാരണം ലോകത്തുണ്ടാകുന്ന മരണത്തില്‍ അഞ്ചിലൊന്നും ഇന്ത്യയിലാണെന്ന് 'ദ ലാന്‍സെറ്റ്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഒരുവര്‍ഷം ഇന്ത്യയില്‍ 9.87 ലക്ഷം പേരാണ് ഇങ്ങനെ മരിക്കുന്നത്. ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് മരണങ്ങളില്‍ 11.4 ലക്ഷത്തിനും നേരിട്ടുള്ള കാരണം മരുന്ന് ഫലിക്കാതിരുന്നതാണ്. ഇന്ത്യയില്‍ ഇത് 2.67 ലക്ഷമാണ്. സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ, ഇ-കോളി, ക്ലെബ്സിയെല്ല എന്നീ ബാക്ടീരിയകളാണ് കൂടുതല്‍ മരണത്തിനിടയാക്കിയത്.
Antimicrobial resistance (AMR), driven partly by the misuse and overuse of antibiotics, is emerging as a major threat to global health. According to new projections cited by the World Health Organization (WHO), the crisis could cause 39 million deaths worldwide over the next 25 years. Health experts warn that routine surgeries and childbirth could become increasingly dangerous as infections become harder to treat with existing medicines. WHO officials describe AMR as a silent and steadily growing health crisis. In 2021 alone, antibiotic-resistant infections directly caused more than one million deaths worldwide and were associated with approximately 4.7 million deaths.