Health

എപ്പോഴും ക്ഷീണം, അനാവശ്യ ദേഷ്യം, ‘ബേൺഔട്ട്’ ആകാം കാരണം

നിരന്തരമായ ക്ഷീണം, ദേഷ്യം, ഉറക്കക്കുറവ് എന്നിവ ബേൺഔട്ടിന്റെ ലക്ഷണങ്ങളാകാം; മാനസിക സമ്മർദം തിരിച്ചറിയുകയും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

Madism Desk

ഇന്നത്തെ അതിവേഗ ജീവിതത്തിൽ ജോലി, സാമ്പത്തിക ബാധ്യതകൾ, കുടുംബ ഉത്തരവാദിത്തങ്ങൾ, സാമൂഹിക പ്രതീക്ഷകൾ എന്നിവയ്ക്കിടയിൽ പലരും നിരന്തരമായ മാനസിക സമ്മർദത്തിലാണ് ജീവിക്കുന്നത്. “കുറച്ച് കൂടി മുന്നിലെത്തണം” എന്ന ചിന്ത പലപ്പോഴും വിശ്രമമില്ലാത്ത ജീവിതശൈലിയിലേക്കും അമിതമായ മാനസിക പിരിമുറുക്കത്തിലേക്കും ആളുകളെ നയിക്കുന്നു. തുടക്കത്തിൽ സാധാരണ ക്ഷീണമെന്നോ ജോലിത്തളർച്ചയെന്നോ തോന്നുന്ന ചില അവസ്ഥകൾ പിന്നീട് ബേൺഔട്ട് എന്ന ഗുരുതരമായ മാനസിക-ശാരീരിക ക്ഷീണാവസ്ഥയിലേക്ക് മാറാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. സമയത്ത് തിരിച്ചറിയാതെ പോകുന്നത് വ്യക്തിയുടെ ആരോഗ്യത്തെയും ജോലിയിലെ പ്രകടനത്തെയും വ്യക്തിബന്ധങ്ങളെയും വരെ ബാധിച്ചേക്കാം.

എന്താണ് ബേൺഔട്ട്?

ദീർഘകാലമായി തുടരുന്ന മാനസിക സമ്മർദവും വിശ്രമക്കുറവും കാരണം ശരീരവും മനസ്സും ഒരുപോലെ തളർന്നുപോകുന്ന അവസ്ഥയാണ് ബേൺഔട്ട്. ഇത് പെട്ടെന്ന് ഉണ്ടാകുന്ന പ്രശ്നമല്ല. ദിവസങ്ങളോ മാസങ്ങളോ നീണ്ടുനിൽക്കുന്ന അമിത ജോലിഭാരം, മാനസിക സമ്മർദം, എന്നിവയുടെ ഫലമായാണ് ഇത് രൂപപ്പെടുന്നത്. ജോലിയുമായി ബന്ധപ്പെട്ട സമ്മർദങ്ങൾ പ്രധാന കാരണമാകുന്നുവെങ്കിലും കുടുംബ പ്രശ്നങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, വ്യക്തിബന്ധങ്ങളിലെ അസ്വസ്ഥതകൾ എന്നിവയും ബേൺഔട്ടിലേക്ക് നയിക്കാം.

ശരീരം നൽകുന്ന ആദ്യ മുന്നറിയിപ്പ് ക്ഷീണം

ബേൺഔട്ടിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് സ്ഥിരമായ ക്ഷീണം. രാത്രി ഉറങ്ങിയും രാവിലെ എഴുന്നേൽക്കുമ്പോൾ പോലും ശരീരത്തിന് ഊർജമില്ലാത്ത തോന്നൽ അനുഭവപ്പെടാം. ചെറിയ ജോലികൾ പോലും ബുദ്ധിമുട്ടായി തോന്നുകയും സാധാരണ കാര്യങ്ങൾ ചെയ്യാൻ പോലും മടിയുണ്ടാകുകയും ചെയ്യും. ദിവസേനയുള്ള ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യുന്നത് പോലും വലിയ സമ്മർദമായി അനുഭവപ്പെടുന്നത് ബേൺഔട്ടിന്റെ ആദ്യ സൂചനകളിലൊന്നാണ്.

ഇഷ്ടപ്പെട്ട കാര്യങ്ങളോടും താൽപര്യം കുറയാം

മുൻപ് ആവേശത്തോടെ ചെയ്തിരുന്ന ജോലികളിലോ ഹോബികളിലോ പോലും പിന്നീട് താൽപര്യം നഷ്ടപ്പെടാൻ തുടങ്ങും. ജോലി ചെയ്യാനുള്ള മനസില്ലായ്മ, “ഇനി എനിക്കിത് തുടരാൻ കഴിയില്ല” എന്ന തോന്നൽ, കാര്യങ്ങൾ മാറ്റിവെക്കാനുള്ള പ്രവണത എന്നിവയും കാണാം. ചിലർക്ക് സ്വന്തം കഴിവുകളെക്കുറിച്ചും ആത്മവിശ്വാസത്തെക്കുറിച്ചും സംശയം തോന്നാൻ തുടങ്ങും.

ദേഷ്യവും അസഹിഷ്ണുതയും കൂടും

മാനസിക സമ്മർദം കൂടുമ്പോൾ വികാരനിയന്ത്രണവും ബാധിക്കപ്പെടും. ചെറിയ കാര്യങ്ങൾ പോലും അസഹനീയമായി തോന്നുക, പെട്ടെന്ന് ദേഷ്യം വരിക, ക്ഷമ കുറയുക തുടങ്ങിയ മാറ്റങ്ങൾ സാധാരണമാണ്. വീട്ടിലോ ജോലിസ്ഥലത്തോ ഉള്ള സാധാരണ സംഭാഷണങ്ങൾ പോലും സമ്മർദമുണ്ടാക്കുന്ന സാഹചര്യത്തിലേക്ക് മാറാം. ഇത് വ്യക്തിബന്ധങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കാം.

ഉറക്കക്കുറവും ശ്രദ്ധക്കുറവും

ബേൺഔട്ട് അനുഭവിക്കുന്നവരിൽ ഉറക്കപ്രശ്നങ്ങളും വ്യാപകമാണ്. രാത്രി ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, ഇടയ്ക്കിടെ ഉണരുക, രാവിലെ എഴുന്നേറ്റിട്ടും വിശ്രമം ലഭിക്കാത്ത തോന്നൽ ഉണ്ടാകുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. അതോടൊപ്പം ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ഓർമപ്പിശകുകൾ വർധിക്കുകയും ചെറിയ തീരുമാനങ്ങൾ എടുക്കാൻ പോലും ബുദ്ധിമുട്ട് തോന്നുകയും ചെയ്യും.

മാനസിക സമ്മർദം ശരീരത്തെയും ബാധിക്കും

തലവേദന, കഴുത്ത് വേദന, ശരീരവേദന, ദഹനസംബന്ധമായ അസ്വസ്ഥതകൾ തുടങ്ങിയ ശാരീരിക പ്രശ്നങ്ങളും ബേൺഔട്ടിന്റെ ഭാഗമായി ഉണ്ടാകാം. ചിലർക്ക് ഹൃദയമിടിപ്പ് കൂടുക, ശ്വാസതടസം അനുഭവപ്പെടുക തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം. മാനസികാരോഗ്യവും ശാരീരികാരോഗ്യവും തമ്മിലുള്ള അടുത്ത ബന്ധമാണ് ഇതിന് കാരണം.

ഒറ്റപ്പെട്ടിരിക്കാനുള്ള പ്രവണത

മുൻപ് സാമൂഹികമായി സജീവമായിരുന്ന ഒരാൾക്ക് പിന്നീട് ആളുകളെ കാണാനോ സംസാരിക്കാനോ താൽപര്യമില്ലാതാകാം. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഒഴിവാക്കുകയും കൂടുതൽ സമയം ഒറ്റയ്ക്ക് ചെലവഴിക്കാനുള്ള ആഗ്രഹം തോന്നുകയും ചെയ്യും. അതിനൊപ്പം “ഞാൻ ചെയ്യുന്ന ഒന്നും ശരിയാകുന്നില്ല” എന്ന തരത്തിലുള്ള നെഗറ്റീവ് ചിന്തകളും ആത്മവിശ്വാസക്കുറവും വർധിച്ചേക്കാം.

ജീവിതശൈലിയിലെ മാറ്റങ്ങൾ സഹായിക്കും

ബേൺഔട്ട് ഒഴിവാക്കാൻ ആദ്യം ചെയ്യേണ്ടത് ശരീരവും മനസ്സും നൽകുന്ന മുന്നറിയിപ്പുകൾ തിരിച്ചറിയുകയാണ്. സ്ക്രീൻ ടൈം കുറയ്ക്കുക, വായന, ചിത്രരചന, ഗാർഡനിങ്, സംഗീതം പോലുള്ള ഹോബികൾക്ക് സമയം കണ്ടെത്തുക എന്നിവ മാനസികാരോഗ്യത്തിന് ഗുണകരമാണ്. ദിവസവും നടത്തം, സൈക്ലിങ് പോലുള്ള മിതമായ വ്യായാമങ്ങൾ ചെയ്യുന്നതും സമ്മർദം കുറയ്ക്കാൻ സഹായിക്കും.

ജോലിയും വ്യക്തിജീവിതവും തമ്മിൽ ബാലൻസ് പ്രധാനമാണ്

ജോലി സമയത്തിന് പുറത്തും നിരന്തരം ജോലിയെക്കുറിച്ച് ചിന്തിക്കുന്ന ശീലം ദീർഘകാലത്തിൽ മാനസിക ക്ഷീണം വർധിപ്പിക്കാം. അതിനാൽ ജോലിക്കും വ്യക്തിജീവിതത്തിനും ഇടയിൽ വ്യക്തമായ അതിരുകൾ നിശ്ചയിക്കേണ്ടത് പ്രധാനമാണ്. ഇടയ്ക്കിടെ ചെറിയ യാത്രകൾ പോകുക, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക, ശരീരത്തിന് ആവശ്യമായ വിശ്രമം നൽകുക എന്നിവയും ബേൺഔട്ട് ഒഴിവാക്കാൻ സഹായിക്കും.

അവഗണിക്കരുത് ശരീരത്തിന്റെ മുന്നറിയിപ്പുകൾ

എപ്പോഴും ക്ഷീണം തോന്നുക, ചെറിയ കാര്യങ്ങൾക്കും ദേഷ്യം വരിക, ഉറക്കക്കുറവ് അനുഭവപ്പെടുക, ഒന്നിലും താൽപര്യമില്ലാത്ത അവസ്ഥ വരിക തുടങ്ങിയ ലക്ഷണങ്ങളെ വെറും തിരക്കേറിയ ജീവിതത്തിന്റെ ഭാഗമെന്ന നിലയിൽ കാണരുതെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. സമയത്ത് തിരിച്ചറിഞ്ഞ് ആവശ്യമായ മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്നതും ആവശ്യമെങ്കിൽ വിദഗ്ധ സഹായം തേടുന്നതും ബേൺഔട്ടിൽ നിന്ന് രക്ഷ നേടാൻ സഹായിക്കും.

English Summary: Burnout is a growing mental and physical exhaustion condition caused by chronic stress, workload pressure, and lack of rest. It leads to constant fatigue, irritability, loss of interest, sleep issues, and reduced focus. Experts warn early identification and lifestyle changes are essential to prevent serious health and relationship impacts.