Health

കഴുത്തിൽ പെർഫ്യൂമടിക്കാറുണ്ടോ? ഹോർമോണുകളെ ബാധിക്കുമെന്ന് കാൻസർ ഗവേഷകയുടെ മുന്നറിയിപ്പ്

പെർഫ്യൂമെന്ന ലേബലിന് പിന്നിൽ മറഞ്ഞിരിക്കുന്നത് നൂറുകണക്കിന് രാസഘടകങ്ങളാണ്, അവ ഏതൊക്കെയാണെന്ന് ഉപഭോക്താക്കൾക്ക് അറിയാൻ കഴിയാത്ത അവസ്ഥയാണ്

Madism Desk

വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ കഴുത്തിൽ പെർഫ്യൂമടിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ആ ശീലം വലിയ ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നമ്മെ തള്ളിവിടുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് കേംബ്രിഡ്ജ് സർവകലാശാലയിലെ പാത്തോളജി വിഭാഗത്തിലെ പിഎച്ച്ഡി ഗവേഷക അന കാനഡാസ്.

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് പെർഫ്യൂമിലെ ചില രാസഘടകങ്ങൾ ഹോർമോണുകളെ ബാധിക്കുമെന്ന് അന മുന്നറിയിപ്പ് നൽകുന്നത്. പെർഫ്യൂമിൽ നൂറുകണക്കിന് രാസഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും അന പറഞ്ഞു.

എന്നാൽ പല രാജ്യങ്ങൾക്കും ഈ രാസഘടകങ്ങൾ ഏതാണെന്നോ അവയുടെ പേരോ വ്യക്തമാക്കേണ്ട ആവശ്യമില്ല. പകരം പെർഫ്യൂമെന്നോ ഫ്രാ​ഗ്നെൻസെന്നോ മാത്രം രേഖപ്പെടുത്താൻ നിയമപരമായി അനുവാദമുണ്ട്. അതിനാൽ ഉപയോക്താക്കൾക്ക് തങ്ങൾ ഉപയോ​ഗിക്കുന്ന രാസവസ്തുക്കൾ ഏതാണെന്ന് അറിയാൻ കഴിയാത്ത അവസ്ഥയാണെന്നും അന തന്റെ വിഡിയോയിൽ കൂട്ടിച്ചേർത്തു.

സുഗന്ധത്തിനൊപ്പം അപകടവും?

കഴുത്തിലെ ചർമം ശരീരത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് നേർത്തതും അവിടെ രക്തയോട്ടം കൂടുതലുമാണ്. അതിനാൽ പെർഫ്യൂമിലെ ചില രാസഘടകങ്ങൾ ചർമത്തിലൂടെ വേഗത്തിൽ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും സ്പ്രേ ചെയ്യുമ്പോൾ അത്തരത്തിലുള്ള രാസവസ്തുക്കൾ ശ്വസനത്തിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുമെന്നും അന പറയുന്നു.

പലരും ദിവസേന കഴുത്തിൽ പെർഫ്യൂമടിക്കാറുണ്ടെങ്കിലും അത് നേരിട്ട് കഴുത്തിലേക്ക് സ്പ്രേ ചെയ്യാൻ പാടില്ലെന്ന് ആർക്കും അറിയില്ലെന്ന് അന കൂട്ടിച്ചേർത്തു. പെർഫ്യൂമുകളും മറ്റ് സൗന്ദര്യവർധക ഉൽപ്പന്നങ്ങളും ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന, 2025ൽ പ്രസിദ്ധീകരിച്ച ടോക്സിക്കോളജി എന്ന ജേണലിലെ വിവരങ്ങൾ ഉദ്ധരിച്ചാണ് അവരുടെ പ്രതികരണം.

പെർഫ്യൂമിൽ ഉപയോഗിക്കുന്ന ചില രാസഘടകങ്ങൾ ശരീരത്തിലെ ഹോർമോൺ വ്യവസ്ഥയെ ബാധിക്കാൻ സാധ്യതയുള്ളവയാണ്. നിറമില്ലാത്തതും ശക്തമായ ഗന്ധവുമുള്ള ഫോർമാൽഡിഹൈഡ് എന്ന രാസവസ്തുവിൽ നിന്ന് പുറത്തുവരുന്ന ഫ്താലേറ്റ്സ് (Phthalates), വായുവിലേക്ക് എളുപ്പത്തിൽ കലരുന്ന ജൈവ രാസസംയുക്തങ്ങൾ എന്നിവ ഹോർമോൺ വ്യവസ്ഥയെ ബാധിക്കാൻ സാധ്യതയുള്ള രാസവസ്തുക്കളാണെന്ന് ഗവേഷക പറഞ്ഞു. ഈ രാസഘടകങ്ങൾ ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്നതിനൊപ്പം വന്ധ്യത, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, കാൻസർ എന്നിവയ്ക്കും കാരണമാകുമെന്ന് വിവിധ പഠന റിപ്പോർട്ടുകൾ ഉദ്ധരിച്ച് അന വ്യക്തമാക്കി.

പെർഫ്യൂം പൂർണമായും ഒഴിവാക്കേണ്ടതുണ്ടോ?

എല്ലാ പെർഫ്യൂമുകളും അപകടകരമാണ് എന്നതിനോ പെർഫ്യൂം ഉപയോഗിക്കുന്നത് നേരിട്ട് രോഗങ്ങൾക്ക് കാരണമാകുമെന്നതിനോ തെളിവില്ലെന്ന് അന വ്യക്തമാക്കി. എന്നാൽ വർഷങ്ങളോളം ചെറിയ അളവിൽ പല ഉൽപ്പന്നങ്ങളിൽ നിന്നുള്ള രാസവസ്തുക്കളുമായി തുടർച്ചയായി സമ്പർക്കത്തിൽ വരുന്നത് കുറയ്ക്കുന്നതാണ് കൂടുതൽ സുരക്ഷിതമെന്ന് അവർ നിർദേശിച്ചു. കഴുത്തിന് പകരം വസ്ത്രങ്ങളിൽ സ്പ്രേ ഉപയോ​ഗിക്കാമെന്നും അവ അമിതമായി ഉപയോ​ഗിക്കുന്നത് ഒഴിവാക്കാമെന്നും അവർ മുന്നറിയിപ്പ് നൽകി.

A Cambridge University cancer researcher has warned against spraying perfume directly on the neck, saying some fragrance ingredients may disrupt hormones and increase long-term chemical exposure. Citing a 2025 Frontiers in Toxicology review, she noted that certain chemicals in perfumes have been linked to infertility, respiratory problems, and some cancers. However, she stressed that perfumes do not directly cause disease and advised using them in moderation, preferably on clothing rather than the skin.