

പ്രമേഹം പ്രധാനമായും ഹൃദയത്തെയും വൃക്കകളെയും കണ്ണുകളെയും നാഡികളെയും മാത്രമേ ബാധിക്കൂ എന്നാണ് ഭൂരിഭാഗം പേരും കരുതുന്നത്. എന്നാൽ ഇത് നിങ്ങളുടെ കരളിനെയും ഗുരുതരമായി ബാധിക്കുമെന്ന വസ്തുത പലർക്കും അറിയില്ല. ശരീരത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന അവയവമാണ് കരൾ. അതിനാൽ ഉയർന്ന പ്രമേഹം ഫാറ്റി ലിവർ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ കരൾ രോഗങ്ങളിലേക്കുള്ള സാധ്യത വർധിപ്പിക്കുന്നു. പ്രത്യേകിച്ച്, ടൈപ്പ് 2 പ്രമേഹമുള്ളവരിൽ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളും ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ അത്യന്താപേക്ഷിതമാണ്.
പ്രമേഹവും ഫാറ്റി ലിവറും തമ്മിലുള്ള ബന്ധം
കരള്‍ ശരീരത്തിന് ആവശ്യമായ ഗ്ലൂക്കോസ് സംഭരിക്കുകയും ആവശ്യാനുസരണം പുറത്തുവിടുകയും ചെയ്യുന്നു. എന്നാല്‍ ടൈപ്പ് 2 പ്രമേഹത്തില്‍ ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിക്കുമ്പോള്‍ കാലക്രമേണ കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. ഇതിനെ മെറ്റബോളിക് ഡിസ്ഫക്ഷന്‍ അസ്സോസിയേറ്റഡ് സ്റ്റിയാറ്റോട്ടിക് ലിവര്‍ ഡിസീസ് എന്നാണ് വിളിക്കുന്നത്. രോഗത്തിന്റെ തുടക്കത്തിൽ ഫാറ്റി ലിവറിന് വ്യക്തമായ ലക്ഷണങ്ങളൊന്നും ഉണ്ടാകണമെന്നില്ല. എന്നാല്‍ ചികിത്സയും ജീവിതശൈലി മാറ്റങ്ങളും ഇല്ലാതെ തുടരുകയാണെങ്കില്‍ കരളില്‍ വീക്കം, മുറിവ്, സിറോസിസ് തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങളിലേക്ക് ഇത് നീങ്ങാം. ചില സാഹചര്യങ്ങളില്‍ കരള്‍ ക്യാന്‍സറിനുള്ള സാധ്യതയും വര്‍ധിക്കാം.
ഹെപ്പറ്റൈറ്റിസും പ്രമേഹവും തമ്മിലുള്ള ബന്ധം
ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ വൈറല്‍ അണുബാധകളും പ്രമേഹമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രമേഹമുള്ളവരില്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിക്കാനുള്ള സാധ്യത ചില സാഹചര്യങ്ങളില്‍ കൂടുതലായിരിക്കാം. അതേസമയം ഹെപ്പറ്റൈറ്റിസ് സി ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിപ്പിക്കുകയും ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂട്ടുകയും ചെയ്യാം. അതുകൊണ്ടുതന്നെ പ്രമേഹവും കരള്‍ രോഗങ്ങളും പരസ്പരം ബന്ധമുള്ള ആരോഗ്യപ്രശ്‌നങ്ങളായി കണ്ട് ഒരുമിച്ച് പരിഗണിക്കേണ്ടത് പ്രധാനമാണ്.
കരള്‍ തകരാറിലായാല്‍ പ്രമേഹനിയന്ത്രണവും ബുദ്ധിമുട്ടും
കരളിന് തകരാര്‍ സംഭവിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാകാം. കൂടാതെ, കരള്‍ നിരവധി മരുന്നുകളുടെ സംസ്‌കരണത്തിലും പ്രധാന പങ്കുവഹിക്കുന്നതിനാല്‍ കരള്‍ രോഗമുള്ള പ്രമേഹരോഗികള്‍ക്ക് മരുന്നുകളുടെ അളവില്‍ മാറ്റം ആവശ്യമായി വന്നേക്കാം.
ലക്ഷണങ്ങള്‍ ഇല്ലെങ്കിലും പരിശോധന പ്രധാനമാണ്
ഫാറ്റി ലിവറും ദീർഘകാല ഹെപ്പറ്റൈറ്റിസും പലപ്പോഴും തുടക്കത്തില്‍ യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിക്കില്ല. അതിനാല്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതുവരെ കാത്തിരിക്കുന്നതിനുപകരം കൃത്യമായ ആരോഗ്യപരിശോധന നടത്തുന്നത് പ്രധാനമാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്, അള്‍ട്രാസൗണ്ട് തുടങ്ങിയ പരിശോധനകള്‍ നടത്താം. മുന്‍കാലത്ത് രക്തം സ്വീകരിച്ചിട്ടുണ്ടെങ്കില്‍, സുരക്ഷിതമല്ലാത്ത കുത്തിവയ്പ്പുകള്‍ക്ക് വിധേയമായിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ കുടുംബത്തില്‍ ഹെപ്പറ്റൈറ്റിസ് ചരിത്രമുണ്ടെങ്കില്‍ ഹെപ്പറ്റൈറ്റിസ് ബി, സി പരിശോധനയെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ എടുക്കാം
ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ എടുത്തിട്ടില്ലാത്തവര്‍ ഡോക്ടറുമായി സംസാരിച്ച് വാക്‌സിനേഷന്‍ സംബന്ധിച്ച് തീരുമാനിക്കണം. ഹെപ്പറ്റൈറ്റിസ് ബി അണുബാധയില്‍ നിന്ന് സംരക്ഷണം നേടാനും ഭാവിയിലെ കരള്‍സംബന്ധമായ സങ്കീര്‍ണതകള്‍ കുറയ്ക്കാനും വാക്‌സിനേഷന്‍ സഹായിക്കും.
ജീവിതശൈലിയിലും ശ്രദ്ധ വേണം
രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക എന്നിവ പ്രമേഹത്തിനും കരളിനും ഒരുപോലെ ഗുണം ചെയ്യും. പച്ചക്കറികള്‍, പഴങ്ങള്‍, മുഴുവന്‍ ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തിയ സമീകൃത ഭക്ഷണം കഴിക്കുന്നതും പഞ്ചസാരയും ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കുറയ്ക്കുന്നതും പ്രധാനമാണ്.
മദ്യപാനം ഒഴിവാക്കുന്നതിനൊപ്പം ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്നുകളോ ഹെര്‍ബല്‍ സപ്ലിമെന്റുകളോ കഴിക്കുന്നതും ഒഴിവാക്കണം. പ്രമേഹത്തെ നിയന്ത്രിക്കുന്നതിനൊപ്പം കരളിന്റെ ആരോഗ്യവും ശ്രദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്താനും തടയാനും സഹായിക്കും.
Diabetes affects more than the heart, kidneys, and eyes—it can also seriously impact liver health. People with type 2 diabetes are at a higher risk of developing Metabolic Dysfunction-Associated Steatotic Liver Disease (MASLD), commonly known as fatty liver, due to insulin resistance. Untreated fatty liver can progress to liver inflammation, cirrhosis, or even liver cancer. Diabetes is also linked to hepatitis B and C, making screening and hepatitis B vaccination important for those at risk. Regular liver function tests, healthy eating, exercise, weight management, and blood sugar control can help protect the liver and reduce long-term complications.