Health

നഗര കേന്ദ്രീകൃതമായ കുട്ടികളുടെ കാന്‍സര്‍ ചികിത്സ; നിര്‍ദ്ധന കുടുംബങ്ങള്‍ നേരിടുന്നത് കടുത്ത ദുരിതം

കൈയില്‍ പണമുള്ളവര്‍ ലോഡ്ജുകളില്‍ താമസിക്കുമെങ്കിലും പണം തീരുന്നതോടെ പലരും ആശുപത്രി തിണ്ണകളിലും റെയില്‍വേ സ്റ്റേഷനുകളിലും നടപ്പാതകളിലും കിടക്കാനുള്ള അഭയം തേടാന്‍ നിര്‍ബന്ധിതരാകുന്നു

Madism Desk

ഇന്ത്യയില്‍ കുട്ടികളിലെ കാന്‍സര്‍ ചികിത്സ പ്രധാനമായും വന്‍നഗരങ്ങളില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നത് നിര്‍ദ്ധനരായ ആയിരക്കണക്കിന് കുടുംബങ്ങളെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിടുന്നു. ഓരോ വര്‍ഷവും അര ലക്ഷത്തോളം കുട്ടികള്‍ക്ക് രാജ്യത്ത് ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ വിദഗ്ധ ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കാന്‍ ഗ്രാമങ്ങളില്‍ നിന്നും ചെറിയ പട്ടണങ്ങളില്‍ നിന്നുമുള്ള പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് മെട്രോ നഗരങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നുവെന്ന് കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ പരിചരണം നല്‍കുന്ന പ്രമുഖ സന്നദ്ധ സംഘടനയായ 'സെന്റ് ജൂഡ്‌സ് ഇന്ത്യ' വ്യക്തമാക്കുന്നു.

സെപ്റ്റംബര്‍ അന്താരാഷ്ട്ര ബാല്യകാല ക്യാന്‍സര്‍ ബോധവല്‍ക്കരണ മാസമായി ആചരിക്കവെയാണ് ഈ ഗുരുതര സാമൂഹികാവസ്ഥ വീണ്ടും ചര്‍ച്ചയാകുന്നത്. പരിമിതമായ സാമ്പത്തിക ശേഷിയുള്ള 32,000-ത്തിലധികം കുടുംബങ്ങളാണ് തങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഓരോ വര്‍ഷവും നഗരങ്ങളിലേക്ക് എത്തുന്നത്.

എന്നാല്‍ ആശുപത്രികള്‍ക്ക് സമീപം സുരക്ഷിതവും കുറഞ്ഞ ചെലവിലുള്ളതുമായ താമസ സൗകര്യം കണ്ടെത്താന്‍ ഇവര്‍ക്ക് പലപ്പോഴും കഴിയാറില്ല. കൈയില്‍ പണമുള്ളവര്‍ ലോഡ്ജുകളില്‍ താമസിക്കുമെങ്കിലും പണം തീരുന്നതോടെ പലരും ആശുപത്രി തിണ്ണകളിലും റെയില്‍വേ സ്റ്റേഷനുകളിലും നടപ്പാതകളിലും കിടക്കാനുള്ള അഭയം തേടാന്‍ നിര്‍ബന്ധിതരാകുന്നു.

കാന്‍സര്‍ ചികിത്സയും കീമോതെറാപ്പിയും കാരണം രോഗപ്രതിരോധ ശേഷി തീരെ കുറഞ്ഞ കുട്ടികള്‍ക്ക് ശുചിത്വമില്ലാത്ത ഇത്തരം തുറസ്സായ അന്തരീക്ഷം ന്യുമോണിയ, ക്ഷയം തുടങ്ങിയ മാരക അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ ചികിത്സാ ചെലവ് 30 ശതമാനത്തിലധികം വര്‍ധിപ്പിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കാന്‍സര്‍ ചികിത്സ നഗരങ്ങളില്‍ മാത്രം ഒതുങ്ങാതെ പ്രാദേശിക തലങ്ങളില്‍ ലഭ്യമാക്കുകയോ അല്ലെങ്കില്‍ ഇത്തരം കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ താമസസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയോ ചെയ്‌തെങ്കില്‍ മാത്രമേ നിര്‍ദ്ധനരായ ഈ കുരുന്നുകള്‍ക്ക് പൂര്‍ണ്ണ ജീവന്‍ ഉറപ്പാക്കാന്‍ സാധിക്കൂ എന്ന് 'സെന്റ് ജൂഡ്‌സ് ഇന്ത്യ'യുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Childhood cancer treatment in India remains heavily concentrated in major cities, forcing thousands of low-income families from rural areas and smaller towns to travel long distances for specialised care. According to St. Jude India, a non-profit organisation providing free support to children with cancer, nearly 50,000 children are diagnosed with cancer in India every year, while more than 32,000 economically vulnerable families travel to cities annually seeking treatment for their children. Finding safe and affordable accommodation near hospitals is another major challenge. Families who can initially afford lodges may eventually be forced to sleep outside hospitals, at railway stations or on pavements after their money runs out.