

ഒരു പുകപോലും വലിക്കാതെ ശ്വാസകോശ അർബുദ രോഗികളാകുന്ന ആളുകളുണ്ടോ? ഉണ്ട്. പുകവലിക്കാരുമായി സമ്പർക്കം പുലർത്തുന്ന ആളുകൾ. പുകവലിക്കാത്ത ഒരാൾക്കും സിഗരറ്റ് പുക കൊണ്ട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് വീടുകളിലോ തൊഴിലിടങ്ങളിലോ പൊതുസ്ഥലങ്ങളിലോ അല്ലെങ്കിൽ ഒരു പുകവലിക്കാരന്റെ സാന്നിധ്യത്തിലോ ഇത്തരത്തിൽ പുക ശ്വസിക്കേണ്ടി വരുന്നുണ്ട്. 'ദി ലാൻസെറ്റ് പബ്ലിക് ഹെൽത്തി'ൽ പ്രസിദ്ധീകരിച്ച ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് സ്റ്റഡി 2023ൽ നിന്നുള്ള പുതിയ വിശകലനം ഈ പ്രശ്നത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
2023-ൽ ഇന്ത്യയിൽ 44.4 കോടി ആളുകൾ പരോക്ഷ പുകവലിക്ക് (second-hand smoke) ഇരയായതായാണ് പഠനം കണക്കാക്കുന്നത്. ചൈനയ്ക്ക് ശേഷം ഈ അപകടനില നേരിടുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇതിലും ആശങ്കാജനകമായ കാര്യം, 1990-ൽ പരോക്ഷ പുകവലി മൂലം ഇന്ത്യയിൽ 2,17,700 മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 2023-ൽ അത് 3,25,600 ആയി ഉയർന്നു — അതായത് ഏകദേശം 50 ശതമാനത്തോളം വർധനവ്.
ആഗോളതലത്തിൽ 2023-ൽ 2.71 ശതകോടി ആളുകൾ പരോക്ഷ പുകവലിക്ക് ഇരയായിട്ടുണ്ട്. ഇതിൽ 0-14 വയസ്സ് വരെയുള്ള 76.7 കോടി കുട്ടികളും ഉൾപ്പെടുന്നു. ഈ പുക ശ്വസിക്കുന്നത് മൂലം ലോകമെമ്പാടും ഏകദേശം 16.6 ലക്ഷം മരണങ്ങളും സംഭവിച്ചു.
ഇന്ത്യയിലെ പരോക്ഷ പുകവലിയുടെ വ്യാപനം 1990-ലെ 43.2%ൽ നിന്ന് 2023ൽ 30.6% ആയി കുറഞ്ഞിരുന്നു. എന്നിരുന്നാലും, ഈ കാലയളവിൽ ഇന്ത്യയിലെ ജനസംഖ്യ ഗണ്യമായി വർധിച്ചതിനാൽ, പുക ശ്വസിക്കേണ്ടി വന്ന ആളുകളുടെ എണ്ണം 37.5 കോടിയിൽ നിന്ന് 44.4 കോടിയായി ഉയർന്നു.
ഇതുമൂലമുള്ള മരണങ്ങൾ 2,17,700-ൽ നിന്ന് 3,25,600 ആയി വർധിക്കുകയും ചെയ്തു. സ്ത്രീകളിലെ മരണനിരക്ക് 1990-ലെ 1,13,400-ൽ നിന്ന് 2023-ൽ 1,56,900 ആയും, പുരുഷന്മാരിലെ മരണം 1,04,300-ൽ നിന്ന് 1,68,700 ആയും ഉയർന്നു.
എന്നിരുന്നാലും, ഈ വിഭാഗങ്ങളിലെ എല്ലാ മരണങ്ങളും പരോക്ഷ പുകവലി കൊണ്ടുമാത്രം സംഭവിച്ചതാണെന്ന് അർഥമില്ല. മറിച്ച്, ജനസംഖ്യാപരമായി പരോക്ഷ പുകവലി ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളുടെ വ്യാപ്തിയാണ് വിശകലനം നൽകുന്നത്. പരോക്ഷ പുകവലി എന്നാൽ പുകവലിക്കുന്ന ഒരാൾക്ക് ചുറ്റുമുള്ളവർ ശ്വസിക്കുന്ന പുകയാണ്. സിഗരറ്റ് പോലുള്ള പുകയില ഉത്പന്നങ്ങളിൽ നിന്ന് വരുന്ന പുകയും, പുകവലിക്കാരൻ പുറത്തുവിടുന്ന പുകയും ഇതിൽ ഉൾപ്പെടുന്നു.
പുകയില പുകയിൽ 7,000-ത്തിലധികം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇതിൽ നൂറുകണക്കിന് വിഷവസ്തുക്കളും ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങളുമുണ്ട്. പരോക്ഷ പുകവലിക്ക് സുരക്ഷിതമായ ഒരു അളവുമില്ല.
മണിക്കൂറുകളോളം പുക നിറഞ്ഞ മുറിയിൽ നിൽക്കുമ്പോൾ മാത്രമല്ല ആരോഗ്യപ്രശ്നം ഉണ്ടാകുന്നത്. വളരെ കുറഞ്ഞ സമയം പുക ശ്വസിച്ചാൽ പോലും അത് ഹൃദയസംബന്ധമായ വ്യവസ്ഥയെയും ശ്വസനവ്യവസ്ഥയെയും ബാധിക്കും. പരോക്ഷ പുകവലിയുടെ ഏറ്റവും ഗുരുതരമായ ആഘാതങ്ങളിലൊന്ന് ഹൃദയവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളാണ്. പരോക്ഷ പുകവലി മൂലമുണ്ടാകുന്ന രോഗങ്ങളിൽ ഐസ്കെമിക് ഹൃദ്രോഗമാണ് പ്രധാന വില്ലനെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.
പുകവലിക്കാത്ത ആളുകളിലും ശ്വാസകോശ അർബുദം വർധിച്ചുവരുന്ന അവസ്ഥയ്ക്ക് ഇന്ത്യ പോലൊരു രാജ്യത്ത് വലിയ പ്രാധാന്യമുണ്ട്. എങ്കിലും, പുകവലിക്കാത്ത ഒരാൾക്ക് ശ്വാസകോശ അർബുദം വരുമ്പോൾ അത് പരോക്ഷ പുകവലി കൊണ്ട് മാത്രമാണെന്ന് കരുതാൻ കഴിയില്ല. വായുമലിനീകരണം, തൊഴിൽപരമായ അന്തരീക്ഷം, റേഡൺ (radon), ജനിതക ഘടകങ്ങൾ, മറ്റ് പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവയും ഇതിന് കാരണമാകാം.
അതുകൊണ്ട് തന്നെ, തടയാൻ കഴിയുന്ന നിരവധി അപകട ഘടകങ്ങളിൽ ഒന്നായി വേണം പരോക്ഷ പുകവലിയെ കാണാൻ. ഇന്ത്യയിലെ ഗ്ലോബൽ അഡൾട്ട് ടുബാക്കോ സർവേ 2016-17 കാണിക്കുന്നത് വീടുകളാണ് പുക ശ്വസിക്കാനിടയാകുന്ന പ്രധാന സ്ഥലമെന്നാണ്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പുകവലിക്കാത്ത 35% ആളുകൾ വീടുകളിൽ പരോക്ഷ പുകവലിക്ക് ഇരയാകുന്നുണ്ട്. പുകവലിക്കാത്തവരിൽ 26.2% പേർ കഴിഞ്ഞ 30 ദിവസത്തിനിടെ തങ്ങളുടെ ജോലിസ്ഥലത്ത് പുക ശ്വസിക്കേണ്ടി വന്നവരാണ്.
പൊതുഗതാഗതം, റെസ്റ്റോറന്റുകൾ, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവയുൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലും ആളുകൾ പരോക്ഷ പുകവലിക്ക് ഇരയാകുന്നുണ്ടെന്ന് സർവേ വ്യക്തമാക്കുന്നു. മൊത്തത്തിൽ, സർവേയിൽ പങ്കെടുത്ത മുതിർന്നവരിൽ 25.7% പേരും ഇതിൽ ഏതെങ്കിലും ഒരു പൊതുസ്ഥലത്ത് വെച്ച് പുക ശ്വസിക്കേണ്ടി വന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ കണക്കുകൾ വ്യക്തമാക്കുന്നത്, പരോക്ഷ പുകവലിയെ ഒരു പുകവലിക്കാരന്റെ മാത്രം വ്യക്തിപരമായ തീരുമാനമായി കാണാൻ കഴിയില്ല എന്നാണ്. ഇതിന്റെ പ്രത്യാഘാതങ്ങൾ അവരുടെ കുടുംബാംഗങ്ങളിലേക്കും, സഹപ്രവർത്തകരിലേക്കും, വഴിയാത്രക്കാരിലേക്കും വരെ പടരുന്നു.
Can people develop lung cancer without ever smoking a single cigarette? Yes. People who are exposed to smokers can be at risk. Even non-smokers can suffer health problems from cigarette smoke. Millions of Indians are exposed to secondhand smoke at home, workplaces, public places, or simply by being around a smoker.
A new analysis from the Global Burden of Disease Study 2023, published in The Lancet Public Health, highlights the scale of this problem.