

ഒമ്പത് മാസം പന്നിയുടെ കിഡ്‌നിയുമായി ജീവിച്ച മനുഷ്യൻ- ടിം ആൻഡ്രൂസിനെ അടുപ്പക്കാർ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. ഗുരുതര വൃക്കരോഗം മൂലം വലഞ്ഞ ടിമ്മിന് യോജിച്ച കിഡ്‌നി ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. ഈ കാലയളവിലാണ് പന്നിയുടെ കിഡ്‌നി വെച്ചുനോക്കാൻ ഡോക്ടർമാർ നിർദേശിക്കുന്നത്. ഇത് വിജയിച്ചു. അങ്ങനെ യോജിച്ച കിഡ്‌നി എത്തുന്നത് വരെ, പന്നിയുടെ കിഡ്‌നിയുള്ള ശരീരവുമായി ചരിത്രത്തിലേക്ക് ടിം നടന്നുകയറി. ഈ കാലയളവിൽ ഡയാലിസിസ് പോലും ടിമ്മിന് വേണ്ടിവന്നില്ല എന്നിടത്താണ് ശാസ്ത്രത്തിന്റെ വളർച്ച വ്യക്തമാക്കുന്നത്.
2025 ജനുവരിയിൽ, 66ാം വയസ്സിലാണ് ടിമ്മിന്റെ ശരീരത്തിലേക്ക് പന്നിയുടെ കിഡ്‌നി എത്തുന്നത്. ടൈപ്പ് 2 പ്രമേഹം മൂലം തകരാറിലായ കിഡ്‌നിയുമായി ന്യൂഹാംപ്‌ഷെയറിൽ നിന്ന് മസ്സാച്ചുസെറ്റിലേക്ക് വണ്ടി കയറുമ്പോൾ ചരിത്രത്തിന്റെ ഭാഗമാകാനാണ് ആ പോക്കെന്ന് ടിം സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. പക്ഷേ കാര്യങ്ങൾ വളരെ വേഗത്തിൽ തന്നെ കലങ്ങി മറിഞ്ഞു.
മനുഷ്യന്റെ കിഡ്‌നി വച്ചുപിടിപ്പിക്കാനുള്ള ആരോഗ്യസ്ഥിതി ആയിരുന്നില്ല ടിമ്മിന്. ശരീരത്തിന് യോജിക്കുന്ന കിഡ്‌നി കിട്ടാൻ 9 ശതമാനം പോലും സാധ്യതയില്ലാത്ത അവസ്ഥയും. അമേരിക്കയിൽ വൃക്കമാറ്റിവയ്ക്കാനുള്ള രോഗികളുടെ വെയിറ്റിംഗ് ലിസ്റ്റിന് വർഷങ്ങളുടെ കാത്തിരിപ്പുണ്ട്. ഇനി അഥവാ യോഗ്യതയുള്ള കിഡ്‌നി കിട്ടിയാൽ തന്നെ 40 ശതമാനമേ ജീവിതത്തിലേക്ക് മടങ്ങിവരവിന് സാധ്യതയുള്ളൂ. യോജിച്ച കിഡ്നി കിട്ടാൻ ഏഴ് വർഷം കാത്തിരിക്കണമെന്നായിരുന്നു ടിമ്മിന് ലഭിച്ച മറുപടി. നിലവിൽ ഒരു ലക്ഷം പേരാണ് യുഎസിൽ വൃക്ക മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നത്. ഇതിൽ ഒരു വർഷം നടക്കുന്ന മാറ്റിവയ്ക്കലുകൾ ശരാശരി ഇരുപത്തയ്യായിരവും. ഡയാലിസിസിൽ മുന്നോട്ട് പോകുന്ന ആരോഗ്യസ്ഥിതി ആയിരുന്നതിനാൽ ഇതൊന്നും പ്രായോഗികമായിരുന്നില്ല.
ആ സന്ദർഭത്തിലാണ്, ഒരു പരീക്ഷണമെന്ന നിലയിൽ സെനോട്രാൻസ്പ്ലാന്റ് എന്ന സാധ്യതയെ കുറിച്ച് ഡോക്ടർമാർ ചിന്തിക്കുന്നത്. അന്യജീവികളുടെ ശരീരാവയവങ്ങൾ മനുഷ്യശരീരത്തിലേക്ക് മാറ്റിവയ്ക്കുന്ന വൈദ്യശാസ്ത്ര പ്രക്രിയയാണിത്. അടിയന്തര സാഹചര്യങ്ങളിൽ മനുഷ്യ അവയവങ്ങൾ ലഭിക്കാതാവുമ്പോൾ ഈ വിദ്യ പരീക്ഷിക്കാറുണ്ട്.
എന്തുകൊണ്ട് പന്നിയുടെ കിഡ്‌നി?
മനുഷ്യശരീരത്തിലേക്കുള്ള അവയവങ്ങൾക്കായി ഏറ്റവുമധികം ആശ്രയിക്കുന്ന ജീവിവർഗങ്ങളിലൊന്ന് പന്നിയാണ്. ഇതിനൊരു പ്രധാനകാരണം ഇവയുടെ വലിപ്പവും. മനുഷ്യാവയവങ്ങളുടെ വലിപ്പത്തോട് കുറേയെങ്കിലും സാമ്യതയുള്ളത് പന്നിയുടെ അവയവങ്ങൾക്കാണ്. പക്ഷേ ഇവ നേരിട്ട് നമ്മുടെ ശരീരത്തിൽ വെച്ചുപിടിപ്പിക്കാനാവില്ല. ശരീരം വിദേശവസ്തുവായി കണ്ട് അതിനെ പ്രതിരോധിക്കും. അതുകൊണ്ട് തന്നെ ജനിതകപരമായി മാറ്റം വരുത്തിയ ശേഷമേ ഇത് ശരീരത്തിലേക്ക് തുന്നിച്ചേർക്കൂ.
യുക്കാടാൻ മിനിയേച്ചർ വിഭാഗത്തിൽ പെടുന്ന, വിൽമ എന്ന പന്നിയെയാണ് ടിമ്മിനുള്ള വൃക്കദാതാവായി ഡോക്ടർമാർ തിരഞ്ഞെടുത്തത്. ഇവയുടെ ജീനോമിൽ 69 തവണ മാറ്റം വരുത്തിയ ശേഷമായിരുന്നു ശസ്ത്രക്രിയ. കിഡ്‌നി ശരീരവുമായി ഒത്തുപോകുന്നതിനുള്ള തയ്യാറെടുപ്പുകളെല്ലാം നടത്തിയതിനൊപ്പം തന്നെ ടിമ്മിന്റെ പ്രതിരോധ സിസ്റ്റം വിൽമയുടെ കിഡ്‌നിയെ തിരിച്ചറിയാനുള്ള സാധ്യതകളെല്ലം കാര്യമായി കുറച്ചാണ് കിഡ്‌നി ശരീരത്തിലേക്ക് വച്ചുപിടിപ്പിച്ചത്. പന്നിയുടെ ശരീരത്തിലെ വൈറസുകളിൽ നിന്ന് അണുബാധയേൽക്കാതിരിക്കാനുള്ള മാർഗങ്ങളും സ്വീകരിച്ചു.
വിൽമയുടെ കിഡ്നിയോട് നല്ല രീതിയിൽ തന്നെയാണ് ടിമ്മിന്റെ ശരീരം പ്രതികരിച്ചത്. തുടക്കത്തിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും, മരുന്നുകളിലൂടെയും മറ്റും ഈ പ്രതിപ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഡോക്ടർമാർക്കായി. 271 ദിവസം, അതായത് മറ്റൊരു കിഡ്‌നി കിട്ടുന്നത് വരെ ഒരു പ്രശ്‌നവും കൂടാതെ ശരീരത്തിലിത് പ്രവർത്തിക്കുകയും ചെയ്തു. ഒരു ഡയാലിസിസ് പോലും വേണ്ടിവന്നതുമില്ല. മുമ്പും ഇതേ രീതിയിൽ പന്നിയുടെ കിഡ്‌നി മനുഷ്യരിൽ വെച്ചുപിടിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്രയും നാൾ അത് മനുഷ്യശരീരത്തിൽ പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.
ആദ്യത്തെ ആറുമാസത്തിന് ശേഷമാണ് കിഡ്‌നിക്ക് തകരാറുണ്ടാകുന്നത്. വിൽമയുടെ കിഡ്‌നിക്കുള്ളിലെ രക്തക്കുഴലുകൾ നശിക്കാൻ തുടങ്ങിയതോടെയായിരുന്നു ഇത്. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗം തന്നെയായിരുന്നു ഇതും. എന്നാൽ കൂടുതൽ കാത്തിരിക്കുന്നത് ടിമ്മിന്റെ ആരോഗ്യത്തിന് ഭീഷണി ആയിരുന്നതിനാൽ കിഡ്നി മാറ്റിവയ്ക്കുകയല്ലാതെ വേറെ നിവൃത്തിയുണ്ടായിരുന്നില്ല. തുടർന്ന് 2026 ജനുവരിയിൽ ടിമ്മിന് യോജിക്കുന്ന ഒരു വൃക്ക ലഭ്യമാവുകയും ഇത് ശരീരത്തിൽ വച്ചുപിടിപ്പിക്കുകയും ചെയ്തു. നിലവിൽ പൂർണ ആരോഗ്യവാനാണ് ടിം എന്നാണ് ലഭിക്കുന്ന വിവരം.
പരിമിതമാണ് സാധ്യതകൾ!
പന്നിയിൽ നിന്നുള്ള വൃക്കകൾ മനുഷ്യരുടെ അവയവം മാറ്റിവെക്കലിന് പൂർണ്ണമായും പകരമാകാൻ തയ്യാറായി കഴിഞ്ഞു എന്ന് ഈ കേസ് അർത്ഥമാക്കുന്നില്ല. ഒരു വ്യക്തിയിൽ മാത്രം നടത്തിയ പരീക്ഷണമാണിത് എന്നതിനാലും, മറ്റ് പഠനഗ്രൂപ്പുകളുമായി താരതമ്യം ചെയ്യപ്പെടാത്തതിനാലും ഇതിന് അതി വിദഗ്ധമായ വൈദ്യസഹായം ആവശ്യമായിരുന്നു. ഈ രീതി എത്രത്തോളം സുരക്ഷിതവും വിശ്വസനീയവുമാണെന്ന് ഉറപ്പാക്കാൻ കൂടുതൽ ക്ലിനിക്കൽ ട്രയലുകൾ ആവശ്യമാണ്.
മുമ്പത്തെ ശ്രമങ്ങൾ ഇതിലും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അവസാനിച്ചവയായിരുന്നു. 2024-ൽ ജീവനുള്ള ഒരു മനുഷ്യനിൽ നടത്തിയ ആദ്യത്തെ പന്നിവൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ, 52 ദിവസങ്ങൾക്ക് ശേഷം രോഗി മറ്റ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മൂലം മരണപ്പെട്ടതോടെ അവസാനിച്ചു. രണ്ട് മാസത്തിൽ കൂടുതൽ ഒരു 'സെനോഗ്രാഫ്റ്റ്' നിലനിന്നതായി മുൻപത്തെ ഒരു പഠനത്തിലും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.
"The man who lived with a pig’s kidney for nine months"—that is how those close to Tim Andrews describe him. Suffering from severe kidney disease, Tim faced long delays in finding a matching donor kidney. It was during this period that doctors suggested trying a pig kidney transplant. The procedure was successful. Thus, Tim walked into history with a pig’s kidney in his body until a suitable human kidney arrived. What truly highlights the growth of science is that Tim did not even require dialysis during this entire period.