Health

മറവിരോഗത്തെ തടയാന്‍ കൊളസ്‌ട്രോള്‍ മരുന്ന്; ഹൃദയാരോഗ്യവും മസ്തിഷ്‌കാരോഗ്യവും കൈകോര്‍ക്കുന്ന പുതിയ പഠനം

ഡെന്മാര്‍ക്കില്‍ നിന്നുള്ള 1,32,000-ത്തിലധികം ആളുകളില്‍ 15 വര്‍ഷത്തോളം നടത്തിയ ദീര്‍ഘകാല പഠനമാണ് ഇപ്പോള്‍ വൈദ്യശാസ്ത്ര ലോകത്ത് പ്രത്യാശ നല്‍കുന്നത്.

Madism Desk

ഡിമെന്‍ഷ്യ (മറവിരോഗം) തടയുന്നതില്‍ കൊളസ്‌ട്രോള്‍ മരുന്നായ 'സ്റ്റാറ്റിന്‍' നിര്‍ണ്ണായക പങ്കുവഹിക്കുമെന്ന് പുതിയ ഗവേഷണ പഠനം. ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നടന്ന ഹൃദ്രോഗ സമ്മേളനത്തിലാണ് ഈ കണ്ടെത്തല്‍ അവതരിപ്പിച്ചത്. ഡെന്മാര്‍ക്കില്‍ നിന്നുള്ള 1,32,000-ത്തിലധികം ആളുകളില്‍ 15 വര്‍ഷത്തോളം നടത്തിയ ദീര്‍ഘകാല പഠനമാണ് ഇപ്പോള്‍ വൈദ്യശാസ്ത്ര ലോകത്ത് പ്രത്യാശ നല്‍കുന്നത്. സ്റ്റാറ്റിന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നത് ഡിമെന്‍ഷ്യ ഉണ്ടാകാനുള്ള സാധ്യത 15 ശതമാനം വരെ കുറയ്ക്കുമെന്നും ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ഇവ കഴിച്ചു തുടങ്ങുന്നത് രോഗത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

ലോകമെമ്പാടും ഡിമെന്‍ഷ്യ ബാധിച്ച് ജീവിക്കുന്നവരുടെ എണ്ണം 2050-ഓടെ 15.3 കോടിയായി ഉയരുമെന്നാണ് പ്രവചനം. എന്നാല്‍ ഡിമെന്‍ഷ്യ കേസുകളില്‍ പകുതിയോളവും തടയാനോ വൈകിപ്പിക്കാനോ സാധിക്കുമെന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു. പഠനകാലയളവില്‍ സ്റ്റാറ്റിനുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയവര്‍ക്ക് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത 10% കുറവായിരുന്നു. എന്നാല്‍ ഇവ നേരത്തെ കഴിച്ചു തുടങ്ങിയവരില്‍ സാധ്യത 15% ആയി കുറഞ്ഞു. സ്ത്രീകളിലും പുരുഷന്മാരിലും ഫലം സമാനമായിരുന്നു. യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഈ കണ്ടെത്തലുകള്‍ അവതരിപ്പിച്ചത്. ഒപ്പം ഇതേ കണ്ടെത്തലുകള്‍ 'ലാന്‍സെറ്റ് റീജിയണല്‍ ഹെല്‍ത്ത് യൂറോപ്പ്' മാസികയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന മരുന്നുകളിലൊന്നാണ് സ്റ്റാറ്റിന്‍. രക്തത്തിലെ ലോ-ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ (എല്‍ഡിഎല്‍) അല്ലെങ്കില്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനാണ് ഈ മരുന്നുകള്‍ സഹായിക്കുന്നത്. കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ധമനികളെ കഠിനമാക്കുകയും ചെയ്യും. ഇത് പിന്നീട് ഡിമെന്‍ഷ്യയിലേക്ക് നയിക്കാം. സ്റ്റാറ്റിന്‍ ഉപയോഗിക്കുന്നതിലൂടെ രക്തയോട്ടം സുഗമമാവുകയും സ്‌ട്രോക്ക് പോലെയുള്ള അപകടങ്ങള്‍ ഒഴിവാകുകയും ചെയ്യുന്നതാണ് തലച്ചോറിന് സംരക്ഷണമേകുന്നത്.

15 വര്‍ഷത്തെ ഈ പഠനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ടൈപ്പ് 2 പ്രമേഹമുണ്ടായിരുന്നു. എന്നിരുന്നാലും, ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കുന്നതിനായി വ്യായാമം ചെയ്യുക, നല്ല ഭക്ഷണം കഴിക്കുക എന്നിവയോടൊപ്പം എല്ലാവര്‍ക്കും ഭാവിയില്‍ സ്റ്റാറ്റിനുകള്‍ നിര്‍ദ്ദേശിക്കാം എന്ന ആശയത്തിന് ഈ കണ്ടെത്തലുകള്‍ കരുത്തേകുന്നതായി കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോ. തുമ്മാസ് തെര്‍ന്‍ഹാമര്‍ പറഞ്ഞു. തെര്‍ന്‍ഹാമറും സഹപ്രവര്‍ത്തകരും നിരീക്ഷിച്ച 1,32,585 ആളുകളില്‍ 2.7% പേര്‍ക്ക് ഡിമെന്‍ഷ്യ ബാധിച്ചു. സ്റ്റാറ്റിന്‍ കഴിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍, നേരത്തെ ചികിത്സ ആരംഭിച്ചവരില്‍ 10 വര്‍ഷത്തിനുള്ളില്‍ ഡിമെന്‍ഷ്യ വരാനുള്ള സാധ്യത 15% കുറവായിരുന്നു. വൈകി സ്റ്റാറ്റിന്‍ കഴിക്കാന്‍ തുടങ്ങിയവരില്‍ ഇത് 10% കുറവായിരുന്നു.

സ്റ്റാറ്റിനുകള്‍ എങ്ങനെയാണ് ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കുന്നത് എന്നതിനെക്കുറിച്ച് വിദഗ്ദ്ധര്‍ ഇപ്പോഴും വിശദമായ ഗവേഷണം നടത്തിവരികയാണെന്ന് തെര്‍ന്‍ഹാമര്‍ പറഞ്ഞു. 'ഹൃദയാരോഗ്യവും മസ്തിഷ്‌കാരോഗ്യവും തമ്മിലുള്ള ബന്ധത്തെ ശരിവെക്കുന്ന കൂടുതല്‍ തെളിവുകള്‍ ഈ പഠനം നല്‍കുന്നു. ഹൃദയത്തിന് നല്ലത് എന്താണോ അത് തലച്ചോറിനും നല്ലതാണെന്ന വസ്തുത ഇത് ഊട്ടിയുറപ്പിക്കുന്നു. എന്നാല്‍ സ്റ്റാറ്റിനുകളും ഡിമെന്‍ഷ്യ സാധ്യത കുറയുന്നതും തമ്മില്‍ നേരിട്ടുള്ള ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. കൊളസ്‌ട്രോളും ഹൃദയാരോഗ്യവും ഡിമെന്‍ഷ്യ സാധ്യതയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് പ്രധാനപ്പെട്ട സൂചനകള്‍ ഈ പഠനം നല്‍കുന്നുണ്ട്', അല്‍ഷിമേഴ്‌സ് റിസര്‍ച്ച് യുകെയിലെ സീനിയര്‍ പാര്‍ട്ണര്‍ഷിപ്പ് മാനേജരായ ഡോ. ഹൊണോറിന്‍ ലെബ്രോഡ് പറഞ്ഞു.

A long-term study involving more than 132,000 people in Denmark suggests that statin use may be associated with a lower risk of developing dementia. The 15-year study found that people who started statins earlier had a 15% lower risk of dementia, compared with a 10% reduction among those who started treatment later. The findings were presented at the European Society of Cardiology’s annual meeting in Munich and published in The Lancet Regional Health – Europe. Researchers say the possible link may be related to improved cardiovascular health and blood flow to the brain. However, experts stress that more research is needed to establish whether statins directly prevent dementia. The study participants all had type 2 diabetes, so the findings may not necessarily apply to everyone.