'എന്റെ ആർത്തവം കൃത്യമാണ്, ഞാൻ ആരോഗ്യകരമായ ജീവിതശൈലിയാണ് പിന്തുടരുന്നത്, നന്നായി ഭക്ഷണം കഴിക്കുന്നു, കൃത്യമായി വ്യായാമം ചെയ്യുന്നു, എന്റെ വൈദ്യപരിശോധനാ ഫലങ്ങളെല്ലാം സാധാരണ നിലയിലാണ്. അതുകൊണ്ട് എനിക്ക് സ്വാഭാവികമായി ഗർഭം ധരിക്കാൻ ഇനിയും ഒരുപാട് സമയമുണ്ട്.' ഇന്ന് ഫെർട്ടിലിറ്റി ക്ലിനിക്കുകളിൽ എത്തുന്ന മുപ്പതുകളിലും നാൽപ്പതുകളിലുമുള്ള ഒട്ടുമിക്ക സ്ത്രീകളും സ്ഥിരമായി പറയുന്ന കാര്യമാണിത്.
ശാരീരികമായി സജീവമായതുകൊണ്ടും ആർത്തവം കൃത്യമായതുകൊണ്ടും തങ്ങളുടെ ഗർഭധാരണശേഷിക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് എല്ലാവരുടെയും വിശ്വാസം. എന്നാൽ ഇതൊരു വലിയ തെറ്റിദ്ധാരണയാണെന്ന് ഫെർട്ടിലിറ്റി വിദഗ്ധർ പറയുന്നു. പൂർണ്ണ ആരോഗ്യവതിയാണ് എന്നതിനർത്ഥം പ്രായം ശരീരത്തെ ബാധിക്കുന്നില്ല എന്നല്ല. ഓരോ വർഷം കഴിയുന്തോറും നിങ്ങൾക്കെന്ന പോലെ നിങ്ങളുടെ അണ്ഡാശയങ്ങൾക്കും പ്രായമേറുകയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
നാൽപ്പതാം വയസ്സിലും ഗർഭിണികളാകുന്ന സെലിബ്രിറ്റികളുടെ വാർത്തകൾ പലപ്പോഴും സമൂഹത്തിൽ വലിയ സ്വാദീനം ചെലുത്താറുണ്ട്. ഇത് 40 വയസിന് ശേഷമുള്ള ഗർഭധാരണം വളരെ എളുപ്പമാണെന്നും ആധുനിക വൈദ്യശാസ്ത്രത്തിന് എല്ലാ ജീവശാസ്ത്രപരമായ തടസങ്ങളും മാറ്റാനാകുമെന്നുമുള്ള തെറ്റായ ധാരണ സൃഷ്ടിക്കുന്നു. സമൂഹമാധ്യമങ്ങളിൽ കാണുന്ന ആഹ്ളാദനിമിഷങ്ങൾക്ക് പിന്നിൽ ഒരുപക്ഷേ വർഷങ്ങൾ നീണ്ട കാത്തിരിപ്പോ, ആവർത്തിച്ചുള്ള ഐവിഎഫ് ചികിത്സയോ, ദാതാക്കളിൽ നിന്ന് സ്വീകരിച്ച അണ്ഡമോ, അല്ലെങ്കിൽ ചെറുപ്പത്തിൽ തന്നെ ശീതീകരിച്ച് സൂക്ഷിച്ച സ്വന്തം അണ്ഡമോ ഒക്കെയാകാം. ഇതൊന്നും അറിയാതെ, ഒരാൾക്ക് സാധിച്ചാൽ എല്ലാവർക്കും എളുപ്പത്തിൽ അത് സാധിക്കുമെന്ന് കരുതുന്നത് വലിയൊരു അബദ്ധമാണെന്നും ഫെർട്ടിലിറ്റി വിദഗ്ദർ പറയുന്നു.
നമ്മൾ എത്ര ആരോഗ്യത്തോടെ ജീവിച്ചാലും അണ്ഡാശയങ്ങൾ അതിന്റെ ജീവശാസ്ത്രപരമായ സമയക്രമം കൃത്യമായി പിന്തുടരുന്നുണ്ട്. പേശികളെപ്പോലെ സ്വയം പുനരുജ്ജീവിപ്പിക്കാൻ അണ്ഡാശയങ്ങൾക്ക് കഴിയില്ല. ഓരോ സ്ത്രീയും ജനിക്കുന്നത് നിശ്ചിത എണ്ണം അണ്ഡങ്ങളുമായാണ്. പ്രായം കൂടുന്തോറും ഇവയുടെ എണ്ണവും ഗുണനിലവാരവും കുറഞ്ഞുകൊണ്ടിരിക്കും. മുപ്പതുകളുടെ തുടക്കത്തിൽ പതുക്കെ കുറഞ്ഞുതുടങ്ങുന്ന ഫെർട്ടിലിറ്റി, 35 വയസ്സാകുമ്പോഴേക്കും വേഗത്തിലാകുന്നു. നാല്പതിലേക്ക് അടുക്കുമ്പോൾ ഗർഭധാരണ സാധ്യത ഗണ്യമായി കുറയുകയും, അബോർഷൻ അടക്കമുള്ള സങ്കീർണ്ണതകൾക്കും ജനിതക വൈകല്യങ്ങൾക്കും സാധ്യത വർധിക്കുകയും ചെയ്യുന്നു. ഇതൊരു സ്വാഭാവിക ജീവശാസ്ത്ര പ്രക്രിയ മാത്രമാണ്.
ഈ പ്രക്രിയയെ സ്മാർട്ട്ഫോൺ ബാറ്ററിയോടാണ് ഡോക്ടമാർ ഉപമിക്കുന്നത്. എത്ര ശ്രദ്ധിച്ച് ഉപയോഗിച്ചാലും പുറമെ നിന്ന് നോക്കുമ്പോൾ പുതിയത് പോലെ തോന്നിയാലും, വർഷങ്ങൾ കഴിയുന്തോറും ഒരു ഫോണിന്റെ ബാറ്ററി ലൈഫ് കുറയുന്നത് സ്വാഭാവികമാണ്. എത്ര നന്നായി പരിപാലിച്ചാലും പഴയ ആ കാര്യക്ഷമത പിന്നീട് ലഭിക്കില്ല. അതുപോലെ തന്നെയാണ് സ്ത്രീകളുടെ പ്രത്യുൽപ്പാദന വ്യവസ്ഥയും. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവുമെല്ലാം മൊത്തത്തിലുള്ള ശരീരത്തിന് വളരെ നല്ലതാണ്. എന്നാൽ അണ്ഡാശയത്തിനുള്ളിൽ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന സ്വാഭാവികമായ വാർധക്യ പ്രക്രിയയെ തടയാനോ തിരിച്ചാക്കാനോ ഇത്തരം ആരോഗ്യശീലങ്ങൾക്ക് കഴിയില്ല.
പ്രായമായാൽ ഐവിഎഫ് വഴി ഗർഭം ധരിക്കാമല്ലോ എന്ന ചിന്തയാണ് തിരുത്തപ്പെടേണ്ട മറ്റൊരു വലിയ തെറ്റിദ്ധാരണയെന്നും ഫെർട്ടിലിറ്റി വിദഗ്ധർ പറയുന്നു. ഐവിഎഫ് എന്നത് പ്രത്യുൽപ്പാദന വൈദ്യശാസ്ത്രത്തിലെ വലിയൊരു വിപ്ലവമാണെങ്കിലും അതിന് ജീവശാസ്ത്രപരമായ പ്രായത്തെ പിന്നോട്ടടിക്കാൻ കഴിയില്ല. പ്രായമേറിയ അണ്ഡങ്ങളെ വീണ്ടും ചെറുപ്പമാക്കാൻ ഐവിഎഫിന് സാധിക്കില്ല. സ്ത്രീയുടെ പ്രായം തന്നെയാണ് അണ്ഡത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഏറ്റവും വലിയ ഘടകം. അതുപോലെ തന്നെ ഒരാളുടെ ഗർഭധാരണ യാത്ര സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ സമൂഹമാധ്യമങ്ങളിൽ കാണുന്നവരുടെയോ അനുഭവങ്ങളുമായി താരതമ്യം ചെയ്യുന്നതും ശരിയല്ല. പ്രായത്തിന് പുറമെ പിസിഒഎസ്, എൻഡോമെട്രിയോസിസ്, പുരുഷന്മാരിലെ വന്ധ്യത, ജീവിതശൈലി, ജനിതക കാരണങ്ങൾ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ ഗർഭധാരണത്തെ ബാധിക്കാം.
വിദ്യാഭ്യാസം, ജോലി, സാമ്പത്തിക ഭദ്രത തുടങ്ങി പല വ്യക്തിപരമായ കാരണങ്ങൾ കൊണ്ടും ഇന്ന് ഒട്ടേറെ സ്ത്രീകൾ ഗർഭധാരണം വൈകിപ്പിക്കാൻ തീരുമാനിക്കാറുണ്ട്. എന്നാൽ ഈ ഭാവി പദ്ധതികൾക്കൊപ്പം ഫെർട്ടിലിറ്റിയെക്കുറിച്ചും കൃത്യമായ പ്ലാനിങ് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഗർഭധാരണം വൈകിപ്പിക്കാൻ തീരുമാനിക്കുന്നവർ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നത് പോലുള്ള സാധ്യതകളെക്കുറിച്ച് നേരത്തെ തന്നെ വിദഗ്ധോപദേശം തേടുന്നത് വലിയ ഗുണം ചെയ്യും. നല്ല ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും വളരെ പ്രധാനമാണെങ്കിലും അത് അണ്ഡാശയത്തിന്റെ ജീവശാസ്ത്രപരമായ പ്രവർത്തനങ്ങളെ ഒരിക്കലും മറികടക്കുന്നില്ല.
While a healthy lifestyle, regular exercise, and normal periods are great for overall well-being, they do not pause the biological aging of the ovaries. This article debunks the common myth that physical fitness guarantees natural conception at any age. It explains that egg quantity and quality naturally decline with time, and advanced procedures like IVF cannot reverse this biological aging. It also cautions against being misled by celebrity late-pregnancy stories and advises women planning to delay motherhood to proactively evaluate their reproductive health and consider options like egg freezing.