Health

മുഖ്യമന്ത്രി പറഞ്ഞത് സത്യമാണ്! ആന്‍ജിയോപ്ലാസ്റ്റി ചെയ്യേണ്ടതെപ്പോള്‍, ഡോക്ടര്‍ പറയുന്നു

കോഴിക്കോട്ടു നടന്ന കേരള ഹാര്‍ട്ട് കെയര്‍ സൊൈസറ്റിയുടെ സില്‍വര്‍ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് രോഗികളെ അനാവശ്യമായി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുന്നതിനെതിരേ കാംപെയ്ന്‍ നടത്തണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അഭിപ്രായപ്പെട്ടത്

Madism Desk

രോഗികളെ അനാവശ്യമായി ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നതിനെതിരേ കാംപെയ്ന്‍ വേണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമര്‍ശത്തെ പിന്തുണച്ച് ഡോക്ടര്‍മാര്‍ രംഗത്ത്. കഴിഞ്ഞദിവസം കോഴിക്കോട്ടു നടന്ന കേരള ഹാര്‍ട്ട് കെയര്‍ സൊൈസറ്റിയുടെ സില്‍വര്‍ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് രോഗികളെ അനാവശ്യമായി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുന്നതിനെതിരേ കാംപെയ്ന്‍ നടത്തണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിയുടെ പരാമര്‍ശം കൃത്യമാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രി പറഞ്ഞത് സത്യമാണെന്നും ആരെങ്കിലുമൊരാള്‍ ഇത് തുറന്നുപറയാന്‍ ധൈര്യംകാണിച്ചല്ലോയെന്നും പ്രമുഖ ഡോക്ടര്‍മാരടക്കം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

കോഴിക്കോട് ഗവ: മെഡിക്കല്‍കോളേജിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ഗോപാലന്‍ നായര്‍ ഫെയ്സ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശവും ആന്‍ജിയോപ്ലാസ്റ്റി ചെയ്യേണ്ടതിന്റെ ആവശ്യകതയും എണ്ണിപ്പറയുന്നുണ്ട്. ഒരുനാള്‍ ആരെങ്കിലും ഒരാള്‍ സത്യം വിളിച്ചു കൂവും. അതിനു ധൈര്യവും അതുകൊണ്ട് ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ താങ്ങാനുള്ള കരുത്തും ഉണ്ടാവണമെന്ന് മാത്രം. ഇതു രണ്ടും ഉള്ള ഒരാള്‍ ഇതു തുറന്നു പറഞ്ഞത് നന്നായി. വളരെ നന്ദി. ഇതു 100% സത്യമാണ് എന്നും ഡോ. രാജേഷ് ഗോപാലന്‍ നായര്‍ പറയുന്നു.

കാര്യമായ രോഗലക്ഷണം ഒന്നും ഇല്ലാതെ ഇ.സി.ജിയില്‍ വ്യതിയാനം കണ്ടതിന്റെപേരില്‍ ആന്‍ജിയോഗ്രാം ചെയ്യുന്നുണ്ടെങ്കില്‍ ഒന്നോ രണ്ടോ ഡോക്ടര്‍മാരെ കൂടെ കണ്ട് അഭിപ്രായം തേടണം എന്നാണ് പോസ്റ്റിന്റെ ഉള്ളടക്കം.

ഹാര്‍ട്ട് അറ്റാക്ക് വരുമ്പോള്‍ ആദ്യത്തെ മൂന്നോ നാലോ ഇ.സി.ജി.കള്‍ വരെ നോര്‍മല്‍ ആയേക്കാം. നിങ്ങള്‍ പറയുന്ന വേദനയുടെ സ്വഭാവം വെച്ചു മാത്രമാണ് രോഗനിര്‍ണയം നടക്കുന്നത്. മിനിമം ഒബ്‌സര്‍വേഷനു മുന്‍പ് നിര്‍ബന്ധിച്ചു ഡിസ്ചാര്‍ജ് വാങ്ങിപ്പോകുന്നത് അത്യന്തം അപകടകരമാണെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം പറയുന്നു.

ആന്‍ജിയോപ്ലാസ്റ്റിയുടെ ആവശ്യകതകള്‍

1. ഹാര്‍ട്ട് അറ്റാക്ക് ആണോ- നേരേ കാത്ത് ലാബിലേക്ക്, എത്രയും വേഗം പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി ചെയ്യുക. പറ്റുമെങ്കില്‍ ആശുപത്രിയില്‍ എത്തി 90 മിനിറ്റിനുള്ളില്‍ തന്നെ. അവിടെ ഡോക്ടറോട് സംസാരിച്ചു സമയം കളഞ്ഞാല്‍ നഷ്ടം നിങ്ങള്‍ക്ക്. 'time is muscle', ഓരോ മിനിട്ടും നിര്‍ണായകം ആണ്. അവിടെ ആശുപത്രിയെയും ഡോക്ടര്‍മാരെയും അവിശ്വസിച്ചാല്‍ നിങ്ങള്‍ സ്വയം നിങ്ങളുടെ ശവക്കുഴി തോണ്ടുകയാണ്.

2. കയറ്റം കയറുമ്പോള്‍ മാത്രം നെഞ്ചുവേദന വരുന്നു, അത് Chronic Stable Angina- ആദ്യ ചികിത്സ മരുന്ന് മാത്രം മതിയാകും. എന്നാല്‍ TMT ടെസ്റ്റില്‍ അപകടകരമായ വ്യത്യാസങ്ങള്‍ ചിലത് കണ്ടാല്‍ ചിലപ്പോള്‍ ആന്‍ജിയോഗ്രാം വേണ്ടി വരാം. ആദ്യം തന്നെ ആന്‍ജിയോഗ്രാം ആരെങ്കിലും പറഞ്ഞോ പോയി സെക്കന്റ് ഒപ്പിനിയന്‍ എടുക്കണം.

3. നിങ്ങള്‍ക്ക് കാര്യമായ രോഗലക്ഷണം ഒന്നും ഇല്ല, ECG യില്‍ വ്യതിയാനം- ആരെങ്കിലും ആന്‍ജിയോഗ്രാം പറഞ്ഞോ പോയി സെക്കന്റ് ഒപ്പിനിയനും തേര്‍ഡ് ഒപ്പിനിയനും എടുത്തോളൂ.

4. ഒരു ഹെര്‍ണിയ ഓപ്പറേഷന് മുന്‍പു എടുക്കുന്ന ECG യില്‍ വ്യത്യാസം കാണുന്നു, കാര്‍ഡിയോളജിസ്റ്റ് ആന്‍ജിയോഗ്രാം പറയുന്നു - പോയി മൂന്നോ നാലോ പേരോട് ഒപ്പിനിയന്‍ എടുത്തോളൂ.

5. വെറുതെ ഇരിക്കുമ്പോള്‍ നെഞ്ചുവേദന വരുന്നു, ECG യില്‍ വ്യതിയാനം വരുന്നു, Trop I test positive ആകുന്നു, NSTEMI എന്ന രോഗനിര്‍ണയം കാര്‍ഡിയോളജിസ്റ്റ് പറയുന്നു- റിസ്‌ക് കാറ്റഗറി എന്താണെന്ന് ചോദിക്കുക. ഹൈ റിസ്‌ക് ആണോ പറ്റുമെങ്കില്‍ 2 മണിക്കൂറിനുള്ളില്‍ ആന്‍ജിയോഗ്രാം ചെയ്യുക. ഇന്റര്‍മീഡിയറ്റ് റിസ്‌ക് ആണോ 24 മണിക്കൂറിന് ഉള്ളിലോ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുന്‍പോ ചെയ്യുക. low റിസ്‌ക് ആണോ പിന്നീട് ആലോചിച്ചു TMT ഒക്കെ ചെയ്തിട്ട് തീരുമാനിക്കാം.

6. ഓര്‍ക്കുക, ഹാര്‍ട്ട് അറ്റാക്ക് വരുമ്പോള്‍ ആദ്യത്തെ മൂന്നോ നാലോ ECG കള്‍ വരെ നോര്‍മല്‍ ആയേക്കാം. നിങ്ങള്‍ പറയുന്ന വേദനയുടെ സ്വഭാവം വെച്ച് മാത്രമാണ് 'angina' എന്ന അവസ്ഥയുടെ രോഗനിര്‍ണയം നടക്കുന്നത്. എന്തായാലും മിനിമം ഒബ്‌സര്‍വേഷനു മുന്‍പു നിര്‍ബന്ധിച്ചു ഡിസ്ചാര്‍ജ് വാങ്ങി പോകുന്നത് അത്യന്തം അപകടകരം ആണ്. എല്ലാത്തിനെയും എല്ലാവരെയും എപ്പോഴും സംശയ ദൃഷ്ടിയോടെ നോക്കുന്നതും അപകടകരം ആണ്.

Doctors have come out in support of Kerala Opposition Leader V. D. Satheesan’s remarks calling for a campaign against unnecessary angioplasty procedures. Satheesan made the comments while inaugurating the silver jubilee celebrations of the Kerala Heart Care Society in Kozhikode. Dr. G. Rajesh, head of the Cardiology Department at Kozhikode Government Medical College, said Satheesan had raised a genuine concern, with other doctors also supporting the view on social media. Doctors, however, stressed that medically necessary angioplasty should not be delayed, particularly in emergency heart-attack cases.