എച്ച് ഐവി രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഫിജി. പസഫിക് സമുദ്രത്തിലെ ചെറിയ ദ്വീപ് രാഷ്ട്രം സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നടപടി. നിലവിലെ കണക്കുകള്‍ പ്രകാരം ഫിജിയില്‍ പ്രായപൂര്‍ത്തിയായ അറുപത് പേരില്‍ ഒരാള്‍ എച്ച് ഐവി ബാധിതനാണ്. അഞ്ച് വര്‍ഷം മുന്‍പ് 167 ല്‍ ഒരാള്‍ എന്നതായിരുന്നു ഈ തോത്. പത്ത് ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ഈ രാജ്യത്ത് 2025-ല്‍ മാത്രം 2,016 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി അന്റോണിയോ ലാലബലാവുവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പൊതുജനാരോഗ്യത്തിന്റെ പ്രധാന്യം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ ഫിജി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗ പ്രതിരോധം, ചികിത്സ, എന്നിവ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിന് ഒപ്പം എച്ച്ഐവി സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളുടെ ഫലമായി മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണവും വര്‍ധിച്ചുവരികയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലഹരിമരുന്ന് ഉപയോഗം, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, 'ബ്ലൂടൂത്തിങ്' (രക്തം കുത്തിവയ്ക്കുന്ന രീതി) തുടങ്ങിയവയാണ് രോഗ വ്യാപനം വര്‍ധിക്കാന്‍ പ്രധാന കാരമാണമായി ആരോഗ്യ വിദഗ്ധരും സന്നദ്ധ സംഘടനകളും ചൂണ്ടിക്കാട്ടുന്നത്. രോഗം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധത്തിന് സാധാരണ പകര്‍ച്ചവ്യാധികളെ നേരിടുന്നതിന് സമാനമായ പ്രവര്‍ത്തനങ്ങള്‍ മതിയാകില്ലെന്ന തിരിച്ചറിവാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലേക്ക് എത്തിച്ചതെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കുന്നു.
അസാധാരണ രോഗപകര്‍ച്ചയുടെ കാരണം
രക്തത്തില്‍ ലഹരിമരുന്ന് കുത്തിവയ്ക്കുന്ന രീതിയാണ് രോഗ വ്യാപനത്തിന്റെ പ്രധാന കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. 'ബ്ലൂടൂത്തിങ്' അല്ലെങ്കില്‍ 'ഹോട്ട്സ്പോട്ടിങ് എന്നറിയപ്പെടുന്ന രീതി രാജ്യത്ത് വ്യാപകമാണ്. ലഹരി ഉപയോഗിച്ച ഒരാളുടെ രക്തം തങ്ങളിലേക്ക് കുത്തിവയ്ക്കുന്ന അപകടകരമായ രീതിയാണ്. ആഫ്രിക്കയുടെയും പസഫിക് മേഖലയുടെയും ചില ഭാഗങ്ങളില്‍ എച്ച്ഐവി വ്യാപനം വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണം ഇത്തരം മയക്കുമരുന്ന് ഉപയോഗമാണ്.
കുറഞ്ഞ ചെലവില്‍ ലഹരി എന്നതാണ് ഇത്തരം രീതിയിലേക്ക് ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. ഒരു ഡോസ് ലഹരിമരുന്ന് പലര്‍ ചേര്‍ന്ന് ഉപയോഗിക്കാമെന്നതാണ് ഈ രീതിക്ക് കാരണം. ഫിജിയില്‍ സിറിഞ്ചുകള്‍ ലഭ്യതക്കുറവ് ഇവ വീണ്ടും ഉപയോഗിക്കുന്നതിലേക്ക് നയിക്കുന്നതും രോഗ പകര്‍ച്ചയ്ക്ക് കാരണമാകുന്നു.
പ്രതിരോധ പദ്ധതികള്‍
എച്ച്ഐവി, എസ്ടിഐ പരിശോധനകള്‍ സൗജ്യനമാക്കുന്നതുള്‍പ്പെടെയുള്ള നടപടികളാണ് പുരോഗമിക്കുന്നത്. പരിശോധനകള്‍ക്കായി ഫിജിയിലെ സുവയില്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ മൊബൈല്‍ ക്ലിനിക്ക് ഉള്‍പ്പെടെ സജ്ജീകരിച്ചിട്ടുണ്ട്.
സിറിഞ്ച്, സൂചി എന്നിവയ്ക്ക് ദേശീയ തലത്തില്‍ നേരിടുന്ന പ്രതിസന്ധിയെ നേരിടാന്‍ ഫിജി സര്‍ക്കാര്‍ ഇവയുടെ വിതരണ പദ്ധതി നടപ്പിലാക്കും. രാജ്യത്ത് ഇതിനകം തന്നെ ആവശ്യത്തിന് സിറിഞ്ചുകളും സൂചികളും ലഭ്യമാണെന്നും, പദ്ധതി നടപ്പിലാക്കുന്നതിനായി പാര്‍ലമെന്റില്‍ നിയമഭേദഗതികള്‍ കൊണ്ടുവരുമെന്നും ആരോഗ്യ മന്ത്രി ലാലബലാവു പറഞ്ഞു. രോഗ ബാധയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ പരിശോധനയ്ക്ക് വിധേയരാകാന്‍ മുന്നോട്ട് വരണമെന്ന് മന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഐക്യരാഷ്ട്രസഭ പദ്ധതിയായ യുഎന്‍എയ്ഡ്സ് പ്രകാരം, 2025-ല്‍ എച്ച്ഐവി ബാധിതരായിരുന്ന 9,100 ഫിജിക്കാരില്‍ 39% പേര്‍ക്ക് മാത്രമേ തങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. 22% പേര്‍ക്ക് മാത്രമേ ആന്റിറെട്രോവൈറല്‍ ചികിത്സ ലഭിക്കുന്നുണ്ടായിരുന്നുള്ളൂ. എച്ച്ഐവി ബാധിതരില്‍ 78 ശതമാനം പേരും ചികിത്സ ലഭ്യമാക്കുന്ന ആഗോള ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ അന്തരമാണിത്.
നിലവിലെ നിയന്ത്രണങ്ങളുടെ ഫലപ്രാപ്തി തിരിച്ചറിയാന്‍ ഫിജിക്ക് 'അഞ്ചോ അതിലധികമോ വര്‍ഷങ്ങള്‍ വേണ്ടിവരും' എന്നാണ് കണക്കാക്കുന്നതെന്ന് എച്ച്ഐവി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ടാസ്‌ക് ഫോഴ്സിന്റെ തലവനായ ജേസണ്‍ മിച്ചല്‍ പറയുന്നു. 'ഇതൊരു ദീര്‍ഘകാല പദ്ധതിയാണ്; കോവിഡ് പോലെ രണ്ടോ വര്‍ഷത്തിനുള്ളില്‍ പരിഹരിക്കാവുന്ന ഒന്നല്ല. എച്ച്ഐവി വ്യാപനം ഫിജിയുടെ ആരോഗ്യമേഖലയ്ക്ക് വലിയ സമ്മര്‍ദ്ദം സൃഷ്ടിച്ചിട്ടുണ്ടെന്ന് മിച്ചല്‍ പറഞ്ഞു. വലിയ വെല്ലുവിളികള്‍ നേരിടുന്ന ഒന്നാണ് ഫിജിയുടെ ആരോഗ്യ മേഖല. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് സംവിധാനത്തിന്റെ കാര്യക്ഷമതയെ തന്നെ ബാധിക്കുന്നത്.
അതേസമയം, ഫിജിയിലെ സാഹചര്യം ലോക രാജ്യങ്ങള്‍ക്ക് ഒരു മുന്നറിയിപ്പാണെന്ന് യുഎന്‍എയ്ഡ്‌സ് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരും സമൂഹവും ഒത്തുചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയാണ് ഫിജി ഓര്‍മിപ്പിക്കുന്നത്. എച്ച്ഐവി വ്യാപനത്തിന്റെ ഗതി പെട്ടെന്ന് മാറാം എന്നതിന്റെ ഉദാഹരണമാണ് ഫിജിയെന്നും യുഎന്‍എയ്ഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിന്നി ബയാനിമ ചൂണ്ടിക്കാട്ടുന്നു.
Fiji has declared HIV a national crisis after a sharp rise in infections, with an estimated one in 60 adults now living with the virus. The country recorded 2,016 new HIV diagnoses in 2025, a 27% increase from 2024 and 16 times the number recorded in 2019. More than half of cases with a known transmission route were linked to sexual transmission, while over 42% were associated with injecting drug use. The government has announced a whole-of-government response, including expanded testing, HIV prevention, treatment and harm-reduction measures.