ആരോഗ്യസംരക്ഷണത്തില്‍ ലളിതവും എന്നാല്‍ ഏറെ ഫലപ്രദവുമായ പാനീയങ്ങള്‍ക്കാണ് ഇന്ന് ഏറെ പ്രിയം. അത്തരത്തില്‍ ആരോഗ്യപ്രേമികള്‍ക്കിടയില്‍ വലിയ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ് അത്തിപ്പഴം കുതിര്‍ത്ത വെള്ളം അഥവാ 'അന്‍ജീര്‍ കാ പാനി'. രാത്രി മുഴുവന്‍ അത്തിപ്പഴ വെള്ളത്തില്‍ കുതിര്‍ത്തുവെച്ച് തയ്യാറാക്കുന്ന ഈ പാനീയം പോഷകങ്ങളുടെ കലവറയാണ്. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ അത്തിപ്പഴ വെള്ളം ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി നിരവധി ആരോഗ്യഗുണങ്ങള്‍ ലഭിക്കും. എന്നാല്‍, മറ്റേതൊരു ആരോഗ്യശീലത്തെയും പോലെ, ഇതിന്റെ ഗുണങ്ങള്‍ക്കൊപ്പം സാധ്യമായ അപകടസാധ്യതകളും തിരിച്ചറിയേണ്ടതുണ്ട് എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
അത്തിപ്പഴ വെള്ളത്തില്‍ ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാര ആഗിരണം ചെയ്യുന്നത് സാവധാനത്തിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. പ്രമേഹം നിയന്ത്രിക്കുന്നവര്‍ക്ക് ഇത് ഗുണം ചെയ്യുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എങ്കിലും, മിതമായ അളവില്‍ മാത്രമേ ഇത് ഉപയോഗിക്കാവൂ.
ദഹനപ്രക്രിയ സുഗമമാക്കുന്നു
നാരുകളാല്‍ സമ്പന്നമായതിനാല്‍ അത്തിപ്പഴം മികച്ചൊരു പ്രകൃതിദത്ത ഔഷധമായി പ്രവര്‍ത്തിക്കുന്നു. മലബന്ധം അകറ്റാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. വെള്ളത്തില്‍ കുതിര്‍ക്കുന്നതോടെ അത്തിപ്പഴം ദഹിക്കാന്‍ കൂടുതല്‍ എളുപ്പമാകുന്നു. കുതിര്‍ത്ത അത്തിപ്പഴം ദഹനവ്യവസ്ഥയ്ക്ക് കൂടുതല്‍ അനുയോജ്യമാകുന്നതിനാല്, വയറു വീര്‍ക്കല്‍, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് രാവിലെ ഈ പാനീയം കുടിക്കുന്നത് വലിയ ആശ്വാസം നല്‍കും.
ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
രക്തസമ്മര്‍ദ്ദം കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ് അത്തിപ്പഴ വെള്ളം. കൂടാതെ, ഇതിലടങ്ങിയിരിക്കുന്ന ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകള്‍ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന മികച്ചൊരു പാനീയമാണിത്. ഇതിലെ നാരുകള്‍ കൂടുതല്‍ നേരം വയറു നിറഞ്ഞിരിക്കുന്ന പ്രതീതി നല്‍കുകയും അനാവശ്യമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത കുറയ്ക്കുകയും ചെയ്യുന്നു. സമീകൃതാഹാരത്തോടൊപ്പം അത്തിപ്പഴ വെള്ളം ശീലമാക്കുന്നത് ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തും.
എല്ലുകള്‍ക്ക് കരുത്തേകുന്നു
എല്ലുകളുടെ ബലത്തിനും ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ കാല്‍സ്യം അത്തിപ്പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പതിവായി അത്തിപ്പഴം വെള്ളം കുടിക്കുന്നത് എല്ലുകളുടെ സാന്ദ്രത നിലനിര്‍ത്താനും പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ഓസ്റ്റിയോപൊറോസിസ് (എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കുന്ന അവസ്ഥ) പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങളും മുന്‍കരുതലുകളും
പരമാവധി ആരോഗ്യഗുണങ്ങള്‍ ലഭിക്കുന്നതിനായി രാവിലെ ഉണര്‍ന്നാലുടന്‍ വെറും വയറ്റില്‍ അത്തിപ്പഴം വെള്ളം കുടിക്കുന്നതാണ് ഉത്തമം. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കുമെങ്കിലും അത്തിപ്പഴം വെള്ളം അമിതമായി കുടിക്കുന്നത് പ്രമേഹരോഗികളില്‍ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാന്‍ കാരണമായേക്കാം. അതിനാല്‍ കൃത്യമായ അളവില്‍ മാത്രം കഴിക്കുകയും ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുകയും ചെയ്യുക.
രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ കെ അത്തിപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. രക്തം നേര്‍പ്പിക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ അത്തിപ്പഴം വെള്ളം അമിതമായി കുടിക്കുന്നത് മരുന്നുകളുടെ ഫലപ്രാപ്തിയെ ബാധിച്ചേക്കാം. ഇത്തരം മരുന്നുകള്‍ കഴിക്കുന്നവര്‍ ഒരു ആരോഗ്യവിദഗ്ധന്റെ ഉപദേശം തേടിയ ശേഷം മാത്രം ഇത് ശീലമാക്കുക.
അപൂര്‍വ്വമായി ചിലരില്‍ അത്തിപ്പഴം അലര്‍ജിക്ക് കാരണമാകാറുണ്ട്. ചൊറിച്ചില്‍, വയറുവേദന അല്ലെങ്കില്‍ മറ്റ് ദഹനസംബന്ധമായ അസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍, ആദ്യമായി ഉപയോഗിക്കുന്നവര്‍ ചെറിയ അളവില്‍ കുടിച്ചു തുടങ്ങുന്നതാണ് സുരക്ഷിതം.
Fig-infused water, popularly known as 'Anjeer Ka Pani', is gaining popularity among health enthusiasts as a simple morning wellness drink. Prepared by soaking dried figs in water overnight, the drink contains dietary fibre, vitamins, minerals and antioxidants. It may offer several health benefits, including supporting digestion, heart health and weight management. However, health experts caution that excessive consumption may carry certain risks. The soluble fibre in figs may slow down sugar absorption and help prevent sudden spikes in blood glucose levels. Their high fibre content also supports bowel movements, helps relieve constipation and promotes gut health. Soaked figs may be easier to digest and could help reduce digestive discomfort.