ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി ഇന്ത്യയുടെ ഭക്ഷ്യ-പോഷകാഹാര മേഖലയെ തകിടം മറിച്ചുവെന്ന് റിപ്പോര്‍ട്ട്. നാം കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീന്‍ ഭൂരിഭാഗവും ആഭ്യന്തരമായാണ് ഉത്പാദിപ്പിക്കുന്നത് എങ്കിലും ഈ ഉത്പാദനം നിലനിര്‍ത്താന്‍ ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ക്കായി വിദേശരാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അസംസ്കൃത വസ്തുക്കളുടെ വരവ് നിന്നിരിക്കുകയാണ്. ഇതാണ് പ്രോട്ടീന്‍ ഭക്ഷ്യവസ്തുക്കളുടെ പ്രതിസന്ധിക്ക് കാരണം. പുതുതായി പുറത്തിറങ്ങിയ 'പ്രോട്ടീന്‍ സോവറിനിറ്റി ഇന്‍ഡക്സ്' റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ഈ പ്രതിസന്ധി വ്യക്തമാക്കുന്നത്. പ്രോട്ടീന്‍ ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ വളം, ഇന്ധനം തുടങ്ങിയ അടിസ്ഥാന ഘടകങ്ങള്‍ക്കായാണ് രാജ്യം മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത്.
എന്താണ് 'പ്രോട്ടീന്‍ സോവറിനിറ്റി ഇന്‍ഡക്സ്'?
വ്യത്യസ്ത രാജ്യങ്ങളുടെ പ്രോട്ടീന്‍ സുരക്ഷയും വ്യാപാര-കാര്‍ഷിക തടസ്സങ്ങളെ പ്രതിരോധിക്കാനുള്ള അവയുടെ ശേഷിയും അളക്കുന്ന റിപ്പോര്‍ട്ട് ആണ് 'പ്രോട്ടീന്‍ സോവറിന്റ്റി ഇന്‍ഡക്സ്'. 43 രാജ്യങ്ങള്‍ അടങ്ങുന്ന പട്ടികയില്‍ 62.1 സ്കോറോടെ ഇന്ത്യ 17-ാം സ്ഥാനത്താണ്. 'സുരക്ഷിതമായ' വിഭാഗത്തിലെത്താന്‍ കുറഞ്ഞത് 65 സ്കോര്‍ ആവശ്യമാണെന്നിരിക്കെ, ഇന്ത്യ നിലവില്‍ 'എക്സ്പോസ്ഡ്' (അപകടസാധ്യതയുള്ളത്) എന്ന വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ലണ്ടനിലെ ചാഥം ഹൗസ്, ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ പ്രമുഖ ഗവേഷണ സ്ഥാപനങ്ങള്‍ അവലോകനം ചെയ്ത ഈ റിപ്പോര്‍ട്ട്, 'ഫുള്‍ സര്‍ക്കിള്‍ ബയോടെക്നോളജി' എന്ന സംഘടനയാണ് പുറത്തുവിട്ടത്.
ഉല്‍പ്പാദനത്തിലെ വിദേശ ആശ്രിതത്വം
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, ശരീരവളര്‍ച്ചയ്ക്കും കോശങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും പേശികളുടെ സംരക്ഷണത്തിനും ഹോര്‍മോണുകളുടെയും എന്‍സൈമുകളുടെയും ഉല്‍പ്പാദനത്തിനും പ്രോട്ടീന്‍ അത്യാവശ്യമാണ്. പ്രോട്ടീന്റെ കുറവ് പോഷകാഹാരക്കുറവിലേക്ക് നയിക്കും, പ്രത്യേകിച്ച് കുട്ടികളില്‍. സമീകൃത ആഹാരത്തിന് വൈവിധ്യമാര്‍ന്ന പ്രോട്ടീന്‍ സ്രോതസ്സുകള്‍ അത്യാവശ്യമാണ്. അതിനാല്‍, പ്രോട്ടീന്‍ ലഭ്യത ഉറപ്പാക്കുന്നത് കേവലം ആഹാര ഉല്‍പ്പാദനം മാത്രമല്ല, ജനങ്ങളുടെ ആരോഗ്യവുമായും പോഷകാഹാരവുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
ഇന്ത്യയില്‍ ഉപയോഗിക്കുന്ന പ്രോട്ടീനില്‍ വളരെ കുറച്ചു മാത്രമേ നേരിട്ട് ഇറക്കുമതി ചെയ്യുന്നുള്ളൂ എങ്കിലും, വളങ്ങള്‍ക്കും അവയുടെ അസംസ്കൃത വസ്തുക്കള്‍ക്കുമായി 68.6 ശതമാനവും വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ലോകത്തിലെ കടല്‍മാര്‍ഗമുള്ള വളം ഗതാഗതത്തിന്റെ മൂന്നിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹോര്‍മുസ് പാതയിലെ തടസ്സങ്ങള്‍ രാജ്യത്തെ വളം ലഭ്യതയെ നേരിട്ട് ബാധിച്ചു. അതിന്റെ അനന്തരഫലമായി പ്രോട്ടീല്‍ ഉത്പാദനവും തകരാറിലായി. പ്രതിസന്ധി വളങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. ശൈത്യകാലത്തുണ്ടാകാന് സാധ്യതയുള്ള ശക്തമായ 'എല്‍ നിനോ' പ്രതിഭാസം കാര്‍ഷിക ഉല്‍പ്പാദനത്തെ കൂടുതല്‍ മന്ദഗതിയിലാക്കാം. കൂടാതെ കടല്‍ താപനില ഉയര്‍ന്നതിനെ തുടര്‍ന്ന് പെറുവില്‍ നിന്നുള്ള 'ഫിഷ് മില്‍' ഉല്‍പ്പാദനം കുറഞ്ഞത് മൃഗസംരക്ഷണം, അക്വാകള്‍ച്ചര്‍ എന്നിവയുടെ ചിലവ് കൂട്ടിയിട്ടുണ്ട്.
പയറുവര്‍ഗങ്ങളുടെ കൃഷി കുറയുന്നു
ഇന്ത്യക്കാരുടെ പ്രധാന പ്രോട്ടീന്‍ സ്രോതസ്സായ പയറുവര്‍ഗങ്ങളുടെ ഉല്‍പ്പാദനത്തിലും സമാനമായ വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.34 ദശലക്ഷം ടണ്‍ പയറുവര്‍ഗങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇത് രാജ്യത്തെ ആകെ ഉപയോഗത്തിന്റെ അഞ്ചിലൊന്ന് വരും. മറുവശത്ത്, പയറുവര്‍ഗങ്ങള്‍ കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതി 2021-22 ലെ 30.6 ദശലക്ഷം ഹെക്ടറില്‍ നിന്ന് 2024-25ല്‍ 26.9 ദശലക്ഷം ഹെക്ടറായി ചുരുങ്ങി. ഇത് വര്‍ദ്ധിച്ചുവരുന്ന ആവശ്യത്തിനനുസരിച്ച് ആഭ്യന്തര ഉല്‍പ്പാദനം കൂട്ടുന്നതിന് തടസ്സമാകുന്നു.
രൂക്ഷമാകുന്ന ജലക്ഷാമവും താങ്ങാനാവാത്ത വിലയും
കാര്‍ഷിക മേഖല നേരിടുന്ന മറ്റൊരു പ്രധാന ഭീഷണി രൂക്ഷമാകുന്ന ജലക്ഷാമമാണ്. ഇന്ത്യയിലെ ജലസേചനത്തിന്റെ 60% ഭൂഗര്‍ഭജലത്തെ ആശ്രയിച്ചാണ്. രാജ്യത്തെ പ്രതിശീര്‍ഷ ശുദ്ധജല ലഭ്യത 1,014 ക്യുബിക് മീറ്ററാണ്. ഇത് അന്താരാഷ്ട്ര ജലക്ഷാമ പരിധിയായ 1,700 ക്യുബിക് മീറ്ററിനേക്കാള്‍ വളരെ താഴെയാണ്. ഭൂഗര്‍ഭജലത്തിന്റെ അമിത ഉപയോഗം തുടര്‍ന്നാല്‍, അത് സമീപഭാവിയില്‍ തന്നെ കാര്‍ഷിക മേഖലയെയും ജലസേചനത്തെ ആശ്രയിക്കുന്ന പ്രദേശങ്ങളെയും രൂക്ഷമായി ബാധിക്കും.
മറ്റൊരു പ്രധാന പ്രശ്നം ഭക്ഷ്യവസ്തുക്കളുടെ താങ്ങാനാവാത്ത വിലയാണ്. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ 52 കോടിയിലധികം ആളുകള്‍ക്ക് (ജനസംഖ്യയുടെ 35.5%) പോഷകാഹാരം വാങ്ങാന്‍ സാധിക്കുന്നില്ല. രാജ്യത്തെ ഏറ്റവും ധനികരായ 10% കുടുംബങ്ങള്‍, സാമ്പത്തിക ശേഷി കുറഞ്ഞ 10% കുടുംബങ്ങളെക്കാള്‍ 1.5 മടങ്ങ് അധികം പ്രോട്ടീന്‍ കഴിക്കുന്നു. സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബങ്ങള്‍ക്ക് മുട്ട, മീന്‍, ഇറച്ചി എന്നിവ ശുപാര്‍ശ ചെയ്ത അളവിന്റെ 38 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ.
ഭാവിയിലേക്ക് എന്താണ് വഴി?
ദേശീയതലത്തില്‍ ആവശ്യത്തിന് ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും അത് സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ എത്തിക്കുന്നതില്‍ വലിയ വിടവുണ്ട്. പ്രോട്ടീന്‍ ലഭ്യത ഉറപ്പാക്കുന്നത് കേവലം കാര്‍ഷിക ഉല്‍പ്പാദനം മാത്രമല്ല, രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവുമായും ഭാവി തലമുറയുടെ വളര്‍ച്ചയുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ആഗോള പ്രതിസന്ധികളെയും വിപണിയിലെ അസ്ഥിരതകളെയും പ്രതിരോധിക്കാനും ഭൂഗര്‍ഭജലം പോലെയുള്ള പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനും ആഭ്യന്തരമായി വളം ഉല്‍പ്പാദിപ്പിക്കാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനും ഇന്ത്യ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
India’s food and nutritional security is facing growing risks due to disruptions in the Strait of Hormuz, which have affected the supply of essential raw materials required for protein production. Although most of the protein consumed in India is produced domestically, the country depends heavily on foreign supplies of fertilisers, fuel and other agricultural inputs. According to the newly released Protein Sovereignty Index, India ranks 17th among 43 countries, with a score of 62.1, placing it in the “Exposed” category. The report highlights India’s vulnerability to global trade disruptions, agricultural challenges and climate-related risks.