Health

ലഹരിയെ ചെറുക്കാൻ വേണ്ടത് 'ബിഹേവിയർ വാക്സിൻ'; കേരളത്തിന് വേണ്ടത് പുതിയ പ്രതിരോധ മാതൃകയെന്ന് ആരോഗ്യ വിദഗ്ധർ

ഈ പ്രശ്നങ്ങൾ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നതാണ് ലഹരിമാഫിയകൾക്ക് വളമാകുന്നത്.

Madism Desk

കേരളത്തിൽ ദിനംപ്രതി വർധിച്ചുവരുന്ന ലഹരി ഉപയോഗവും ലഹരിക്കടത്തും സമൂഹത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗവും സ്കൂൾ-കോളേജ് വിദ്യാർഥികൾക്കിടയിലെ ഇതിന്റെ സ്വാധീനവും വെറുമൊരു ക്രമസമാധാന പ്രശ്നമല്ല, മറിച്ച് നമ്മുടെ ഭാവിയെ ബാധിക്കുന്ന വലിയൊരു പൊതുജനാരോഗ്യ പ്രതിസന്ധിയാണ്. സർക്കാരും വിവിധ വകുപ്പുകളും നടപ്പിലാക്കുന്ന ബോധവൽക്കരണ പരിപാടികൾക്കും നിയമനടപടികൾക്കും അപ്പുറം, ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ ഇല്ലാതാക്കുന്ന ഒരു സമഗ്ര പ്രതിരോധ പദ്ധതിയാണ് കേരളത്തിന് ആവശ്യമെന്ന് കോഴിക്കോട് ഗവൺമെന്റ് മെന്റൽ ഹെൽത്ത് സെന്ററിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. റഹീമുദ്ദീൻ പി കെ പറയുന്നു.

ലഹരി ഉപയോ​ഗം ഒരു വ്യക്തിയുടെ മോശം തീരമാനത്തിന്റെ മാത്രം ഫലമല്ല, മറിച്ച് പല തരത്തിലുള്ള മാനസികവും സാമൂഹികവുമായ ദു‍ർബലതകളുടെ ഫലമായാണ് രൂപപ്പെടുന്നത്. ശ്രദ്ധക്കുറവ്, ആത്മവിശ്വാസക്കുറവ്, വിഷാദം, ഉത്കണ്ഠ, വൈകാരിക നിയന്ത്രണക്കുറവ് തുടങ്ങിയ വ്യക്തിപരമായ പ്രശ്നങ്ങളും, മാതാപിതാക്കളുടെ ശ്രദ്ധയില്ലായ്മയും കുടുംബകലഹങ്ങളും ഉൾപ്പെടുന്ന കുടുംബപരമായ സാഹചര്യങ്ങളും കുട്ടികളെ എളുപ്പത്തിൽ ലഹരിയിലേക്ക് നയിക്കാം. ഇതിനുപുറമെ, പരീക്ഷാ സമ്മർദ്ദം, ബുള്ളിയിങ് തുടങ്ങിയ വിദ്യാലയങ്ങളിലെ ബുദ്ധിമുട്ടുകളും, അമിതമായ ഗെയിമിങ്, സമൂഹമാധ്യമങ്ങളുടെ സ്വാധീനം എന്നീ ഡിജിറ്റൽ വെല്ലുവിളികളും ലഹരി ഉപയോഗത്തിനുള്ള സാധ്യത പതിന്മടങ്ങ് വർധിപ്പിക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നതാണ് ലഹരിമാഫിയകൾക്ക് വളമാകുന്നത്.

ഈ പ്രതിസന്ധിയെ ശാസ്ത്രീയമായി മറികടക്കാൻ ബിഹേവിയ‍ർ വാക്സിൻ എന്ന നൂതനമായ ആശയമാണ് വിദ​ഗ്ധർ മുന്നോട്ടുവെക്കുന്നത്. ഒരു വാക്സിൻ നൽകി രോ​ഗങ്ങളെ പ്രതിരോധിക്കുന്നത് പോലെ, കുട്ടികളിൽ മാനസികവും സാമൂഹികവുമായ പ്രതിരോധശേഷി വളർത്തിയെടുക്കുന്ന ഒരു മുൻകരുതൽ മാതൃകയാണിത്. ലഹരിയുടെ ​ദോഷങ്ങളെക്കുറിച്ച് വെറുതെ ഭയം ജനിപ്പിക്കുന്ന സന്ദേശങ്ങൾ നൽകുന്നതിന് പകരം, ജീവിതനൈപുണ്യങ്ങൾ, സമ്മർദ്ദ നിയന്ത്രണം, വൈകാരിക നിയന്ത്രണം, പ്രശ്‌നപരിഹാര ശേഷി, ഡിജിറ്റൽ വെൽനസ് തുടങ്ങിയവ കുട്ടികളിൽ വളർത്തിയെടുത്ത് യഥാർത്ഥ പ്രതിരോധം സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ലഹരി ഉപയോ​ഗം ആരംഭിച്ചതിന് ശേഷമുള്ള ചികിസ്ഥ എന്നതിലുപരി, കുട്ടികളിലെ ദുർബലതകളെ മുൻകൂട്ടി കണ്ടെത്തുന്നതിനായി സ്കൂളുകളിലും സമൂഹത്തിലും ശാസ്ത്രീയമായ സ്ക്രീനിങ് സംവിധാനങ്ങൾ ഏ‍ർപ്പെടുത്തേണ്ടതുണ്ട്. ലഹരിമുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് കേവലം നിയമനടപടികൾ മാത്രം പോരാ, മറിച്ച് കുടുംബങ്ങൾ, സ്കൂളുകൾ, ആരോ​ഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങൾ എന്നിവയുടെ കൂട്ടായ പ്രവർത്തനം അനിവാര്യമാണ്. ലഹരിക്കെതിരെ പോരാടുന്നതിനൊപ്പം അതിലേക്ക് നയിക്കുന്ന വഴികൾ അടച്ചുപൂട്ടി സംരക്ഷണ ഘടകങ്ങൾ ശക്തിപ്പെടുത്തുമ്പോൾ മാത്രമേ യഥാർത്ഥത്തിൽ ഒരു ലഹരിമുക്ത കേരളം സാധ്യമാകൂവെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Kerala requires a comprehensive prevention plan beyond basic awareness campaigns and law enforcement to tackle the growing drug crisis among the youth. Clinical Psychologist Dr. Raheemudheen P.K. suggests implementing a 'Behaviour Vaccine' model. Rather than simply using fear-based messaging about the dangers of drugs, this approach focuses on building psychological and social resilience. It aims to equip children with essential life skills, emotional regulation, stress management, and digital wellness to counteract various personal, familial, and social vulnerabilities that lead to substance abuse. The plan also emphasizes early screening in schools and collective action from families and society to build a truly drug-free state.