Health

മെലിഞ്ഞ ശരീരമാണെങ്കിലും കൊളസ്‌ട്രോൾ വരാം; അറിയാം കാരണങ്ങളും നിയന്ത്രിക്കേണ്ട വഴികളും!

ശരീരവണ്ണം മാത്രമല്ല കൊളസ്‌ട്രോൾ നിലയെ സ്വാധീനിക്കുന്നത്. ഭക്ഷണരീതി, ജനിതക ഘടകങ്ങൾ, ജീവിതശൈലി എന്നിവയും പ്രധാനമാണ്.

Madism Desk

അമിതവണ്ണവും കൊളസ്‌ട്രോളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് പൊതുവേയുള്ള ധാരണ. ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കൊളസ്‌ട്രോൾ വർധിപ്പിക്കുമെന്നതിനാൽ അമിതവണ്ണമുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നതെന്നും പലരും കരുതുന്നു. എന്നാൽ തീരെ മെലിഞ്ഞിരിക്കുന്നവരിലും ഉയർന്ന കൊളസ്‌ട്രോൾ ഉണ്ടാകാം. അതിനാൽ ശരീരവണ്ണം മാത്രം നോക്കി ഒരാളുടെ കൊളസ്‌ട്രോൾ നില വിലയിരുത്താനാകില്ല എന്നതും വളരെ പ്രധാനമാണ്.

ശരീരത്തിന്റെ സാധാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ കൊഴുപ്പ് പോലുള്ള പദാർഥമാണ് കൊളസ്‌ട്രോൾ. എന്നാൽ രക്തത്തിൽ ഇതിന്റെ അളവ് അമിതമായി ഉയരുന്നത് ഹൃദ്രോഗം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. എൽഡിഎൽ, എച്ച്ഡിഎൽ, ട്രൈഗ്ലിസറൈഡുകൾ എന്നിവയാണ് കൊളസ്‌ട്രോൾ പരിശോധനയിൽ പ്രധാനമായും വിലയിരുത്തുന്നത്. എൽഡിഎൽ മോശം കൊളസ്‌ട്രോൾ എന്നും എച്ച്ഡിഎൽ നല്ല കൊളസ്‌ട്രോൾ എന്നും അറിയപ്പെടുന്നു.

ഭക്ഷണരീതിയാണ് കൊളസ്‌ട്രോൾ വർധിക്കുന്നതിന് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്ന്. എന്നാൽ പാൽ, മുട്ട, മാംസം തുടങ്ങിയവ പൂർണമായും ഒഴിവാക്കണമെന്നില്ല. ഇവയുടെ ഉപയോഗത്തിന്റെ അളവും ഭക്ഷണത്തിലെ കൊഴുപ്പിന്റെ സ്വഭാവവുമാണ് പ്രധാനം.

കൊളസ്‌ട്രോൾ കൂടുതലാണെന്ന് കണ്ടെത്തിയാൽ അണ്ടിപ്പരിപ്പ്, നിലക്കടല, തേങ്ങ തുടങ്ങിയവ പൂർണമായും ഒഴിവാക്കുന്നവരുണ്ട്. എന്നാൽ ഇവയെല്ലാം ഒരുപോലെ ആരോഗ്യത്തിന് ദോഷകരമല്ല. അളവിലും ഭക്ഷണക്രമത്തിലും ശ്രദ്ധ പുലർത്തുകയാണ് വേണ്ടത്. അതേസമയം, പായ്ക്കറ്റ് ഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, അമിതമായി കൊഴുപ്പ് അടങ്ങിയ വിഭവങ്ങൾ എന്നിവയുടെ പതിവായ ഉപയോഗം കുറയ്ക്കണം.

ഭക്ഷണരീതിക്ക് പുറമെ പ്രായം, ജനിതക പാരമ്പര്യം, പുകവലി, വ്യായാമക്കുറവ് തുടങ്ങിയ ഘടകങ്ങളും കൊളസ്‌ട്രോൾ നിലയെ സ്വാധീനിക്കും. അതിനാൽ ആരോഗ്യകരമായ ശരീരഭാരമുള്ളവർക്കും കൊളസ്‌ട്രോൾ ഉയരാനുള്ള സാധ്യതയുണ്ട്.

പതിവായി വ്യായാമം ചെയ്യുന്നത് കൊളസ്‌ട്രോൾ നിയന്ത്രിക്കാനും നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎൽ നില മെച്ചപ്പെടുത്താനും സഹായിക്കും. സമീകൃതാഹാരം, കൃത്യമായ വ്യായാമം, പുകവലി ഒഴിവാക്കൽ എന്നിവയും ഹൃദയാരോഗ്യം സംരക്ഷിക്കാൻ പ്രധാനമാണ്. ശരീരവണ്ണം നോക്കി മാത്രം കൊളസ്‌ട്രോൾ പ്രശ്നമില്ലെന്ന് ഉറപ്പിക്കാതെ ആവശ്യമായ പരിശോധനകൾ നടത്തുകയും ഡോക്ടറുടെ നിർദേശം തേടുകയും ചെയ്യേണ്ടതാണ്.

High cholesterol is not limited to overweight people; even those with a lean body type can have elevated cholesterol levels. Diet, genetics, age, smoking and lack of exercise are major contributing factors. A lipid profile test helps identify LDL, HDL and triglyceride levels. Maintaining a balanced diet, limiting processed foods and exercising regularly can help manage cholesterol and protect heart health. Regular health check-ups and medical advice are equally important.