Health

ലോകത്തിനു വെല്ലുവിളിയായി ഉപാപചയ കരള്‍ രോഗം, 2050ല്‍ 200 കോടിയോളം രോഗികള്‍; കാരണങ്ങള്‍ ഇതാണ്

ജീവിതശൈലിയിലെ മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന മെറ്റബോളിക് ഡിസ്ഫങ്ഷന്‍-അസോസിയേറ്റഡ് സ്റ്റീറ്റോട്ടിക് ലിവര്‍ ഡിസീസ് (എം എ എസ് എല്‍ ഡി രോഗികളുടെ എണ്ണത്തിൽ 30 വര്‍ഷം കൊണ്ടുണ്ടായത് 143 ശതമാനം വർധന

Madism Desk

2050 ആകുമ്പോഴേക്കും ലോകത്ത് 180 കോടി ആളുകളെ ഉപാപചയ സംബന്ധമായ (മെറ്റബോളിക്) കരള്‍ രോഗം ബാധിക്കുമെന്ന് പഠനം. നിലവില്‍ ആഗോളതലത്തില്‍ 130 കോടി ആളുകള്‍ മെറ്റബോളിക് ഡിസ്ഫങ്ഷന്‍-അസോസിയേറ്റഡ് സ്റ്റീറ്റോട്ടിക് ലിവര്‍ ഡിസീസ് (എം എ എസ് എല്‍ ഡി) ബാധിതരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 30 വര്‍ഷത്തിനുള്ളില്‍ രോഗികളുടെ എണ്ണത്തില്‍ 143 ശതമാനമാണ് വര്‍ധന. ആറിലൊരാള്‍ (16 ശതമാനം) രോഗബാധിതരാണ്.

നേരത്തെ നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (എന്‍ (എൻ എ എഫ് എല്‍ ഡി) എന്ന് അറിയപ്പെടുന്ന രോഗം, ആഗോളതലത്തില്‍ ഏറ്റവും വ്യാപകവും വേഗത്തില്‍ വളരുന്നതുമായ കരള്‍ രോഗങ്ങളില്‍ ഒന്നാണെന്ന് ലാന്‍സെറ്റ് ഗ്യാസ്‌ട്രോഎന്‍ട്രോളജി ആന്‍ഡ് ഹെപ്പറ്റോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ആഗോളതലത്തിലെ ജനസംഖ്യാ വര്‍ധനവിനൊപ്പം ജീവിതശൈലിയിലെ മാറ്റങ്ങള്‍, പൊണ്ണത്തടിയുള്ളവരുടെ എണ്ണം വര്‍ധിക്കുന്നത്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് എന്നിവ കാരണം ഈ അവസ്ഥയുടെ വ്യാപനം ഇനിയും കൂടുമെന്നാണ് പഠനം പറയുന്നത്.

1990-ല്‍ ഏകദേശം 50 കോടി ആളുകള്‍ക്കായിരുന്നു എം എ എസ് എല്‍ ഡി രോഗമുണ്ടായിരുന്നത്. 2023 ആകുമ്പോഴേക്കും രോഗികളുടെ എണ്ണം 130 കോടിയായി ഉയര്‍ന്നു. 2050 ആകുമ്പോഴേക്കും 180 കോടി രോഗികളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2023 നെ അപേക്ഷിച്ച് 42 ശതമാനം വര്‍ധന. 2023-ല്‍ ഒരു ലക്ഷം പേരില്‍ 14,429 ആയിരുന്നു ആഗോളതലത്തിലെ രോഗവ്യാപന നിരക്ക്. 1990-നെ അപേക്ഷിച്ച് 29 ശതമാനം വര്‍ധന.

സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് എം എ എസ് എല്‍ ഡി കൂടുതലായി കാണപ്പെടുന്നത്. 80 നും 84 നും ഇടയില്‍ പ്രായമുള്ളവരിലാണ് രോഗം ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. അതേസമയം, രോഗബാധിതരുടെ മൊത്തം എണ്ണം പരിശോധിക്കുമ്പോള്‍ കൂടുതല്‍ ആളുകള്‍ ചെറുപ്പക്കാരാണ്. പുരുഷന്മാരില്‍ 35 നും 39 നും ഇടയിലുള്ളവരും സ്ത്രീകളില്‍ 55 നും 59 നും ഇടയിലുള്ളവരുമാണ് രോഗബാധിതരില്‍ കൂടുതല്‍.

രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര, ഉയര്‍ന്ന ശരീരഭാരം, പുകവലി എന്നിവയാണ് എം എ എസ് എല്‍ ഡിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. ഇത് ടൈപ്പ് 2 പ്രമേഹവും അമിതവണ്ണവും തമ്മിലുള്ള ശക്തമായ ബന്ധത്തെ എടുത്തുകാണിക്കുന്നു.

വടക്കേ ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവയുള്‍പ്പെടെ ചില മേഖലകളില്‍ എം എ എസ് എല്‍ ഡി വര്‍ധന നിരക്ക് മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ആനുപാതികമല്ല. അതേസമയം, ലോകമെമ്പാടും രോഗബാധിതരുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. യുകെയില്‍ 1990 നും 2023 നും ഇടയില്‍ രോഗവ്യാപന നിരക്ക് 33 ശതമാനമാണ് വര്‍ധിച്ചത്. ഇത് പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും വലിയ വര്‍ധനവാണ്. ഓസ്ട്രേലിയയില്‍ 30 ശതമാനവും അമേരിക്കയില്‍ 22 ശതമാനവും രോഗവ്യാപന നിരക്ക് വര്‍ധിച്ചു.

കൂടുതല്‍ ആളുകള്‍ക്ക് രോഗം പിടിപെടുന്നുണ്ടെങ്കിലും, അസുഖം അല്ലെങ്കില്‍ മരണം മൂലം ആരോഗ്യമേഖലയ്ക്കുണ്ടാവുന്ന മൊത്തത്തിലുള്ള ആഘാതം സ്ഥിരമാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. ചികിത്സയിലും പരിചരണത്തിലുമുള്ള പുരോഗതി ആളുകളെ കൂടുതല്‍ കാലം ആരോഗ്യത്തോടെ ജീവിക്കാന്‍ സഹായിക്കുന്നുണ്ട്. കേസുകളുടെ എണ്ണത്തിലുള്ള വര്‍ധനവ് പ്രധാനമായും രോഗത്തിന്റെ പ്രാരംഭ ഘട്ടങ്ങളിലാണ് സംഭവിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. അതേസമയം, രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ഭാവിയില്‍ ലിവര്‍ സിറോസിസ് അല്ലെങ്കില്‍ കാന്‍സര്‍ പോലുള്ള ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത പലര്‍ക്കുമുണ്ടെന്നാണ്.

എന്താണ് എം എ എസ് എല്‍ ഡി? എങ്ങനെ തിരിച്ചറിയാം? ചികിത്സ എന്ത്?

തെറ്റായ ജീവിതശൈലിയെത്തുടര്‍ന്നുണ്ടാവുന്ന കരള്‍ രോഗമാണ് മെറ്റബോളിക് ഡിസ്ഫങ്ഷന്‍-അസോസിയേറ്റഡ് സ്റ്റീറ്റോട്ടിക് ലിവര്‍ ഡിസീസ് (എം എ എസ് എല്‍ ഡി). ഈ രോഗം പലപ്പോഴും അമിതഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ മെലിഞ്ഞ ശരീരപ്രകൃതിയിലുള്ളവരിലും ഈ രോഗം കണ്ടുവരുന്നു. ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ രോഗത്തെ നേരിടാന്‍ കഴിയും.

എം എ എസ് എല്‍ ഡി സാധാരണയായി കാര്യമായ രോഗലക്ഷണങ്ങളൊന്നും കാണിക്കാറില്ല. ഇതുകാണം പലരും ഈ അവസ്ഥ തിരിച്ചറിയാതെ പോകുന്നു. മറ്റെന്തെങ്കിലും ചികിത്സയുമായി ബന്ധപ്പെട്ട് രക്തപരിശോധനകള്‍ നടത്തുമ്പോഴാണ് മിക്കപ്പോഴും എം എ എസ് എല്‍ ഡി കണ്ടെത്തുന്നത്. കാര്യമായി ക്ഷീണം തോന്നുക, പൊതുവെ അസ്വസ്ഥത തോന്നുക, വലതുവശത്തെ വാരിയെല്ലുകളുടെ താഴെ അടിവയറ്റില്‍ അനുഭവപ്പെടുന്ന വേദനയോ അസ്വസ്ഥതയോ എന്നിവയാണ് ലക്ഷണങ്ങള്‍.

English summary: A new study warns that metabolic liver disease (MASLD) could affect around 1.8 billion people globally by 2050, driven mainly by rising obesity and high blood sugar levels. The condition is often silent in its early stages, meaning many people may be unaware they have it until significant damage has occurred. Experts caution that without major public health interventions to improve diet, physical activity, and overall metabolic health, the global burden of liver-related complications is likely to increase sharply.