ഓഫീസിലെ കമ്പ്യൂട്ടർ സ്ക്രീനിലേക്ക് കണ്ണുംനട്ട് മണിക്കൂറുകളോളം ഇരിക്കാറുണ്ടോ? അതല്ലെങ്കിൽ ഇഷ്ടപ്പെട്ട വെബ് സീരീസ് കണ്ട് സോഫയിൽ തന്നെ ചടഞ്ഞിരിക്കുന്നതാണോ നിങ്ങളുടെ ശീലം? എങ്കിൽ ഈ ഒരേയിരുപ്പ് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം അപകടകരമാണെന്ന് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. തുടർച്ചയായി 30 മിനിറ്റിലധികം അനങ്ങാതെ ഇരിക്കുന്നത് ക്യാൻസർ മൂലമുള്ള മരണസാധ്യത വർധിപ്പിക്കുമെന്നാണ് പുതിയ ശാസ്ത്രീയ പഠനങ്ങൾ നൽകുന്ന മുന്നറിയിപ്പ്.
'പ്ലോസ് മെഡിസിൻ' (Plos Medicine) എന്ന മെഡിക്കൽ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുകെ ബയോബാങ്കിലെ 91,000-ത്തിലധികം ആളുകൾ ധരിച്ചിരുന്ന വെയറബിൾ ഡിവൈസുകളിൽ നിന്നുള്ള വിവരങ്ങൾ ശരാശരി 12 വർഷത്തോളം നിരീക്ഷിച്ചാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്.
അപകടസാധ്യത വർധിപ്പിക്കുന്നത് എങ്ങനെ?
ഉറങ്ങാതിരിക്കുന്ന സമയങ്ങളിൽ നീണ്ടനേരം ഇരിക്കുന്നതും കിടക്കുന്നതും ഹൃദ്രോഗങ്ങൾക്കും ചിലതരം ക്യാൻസറുകൾക്കുമുള്ള സാധ്യത വർധിപ്പിക്കുമെന്ന് നേരത്തെ തന്നെ ശാസ്ത്രലോകത്തിന് അറിയാമായിരുന്നു. എന്നാൽ പുതിയ പഠനപ്രകാരം, ഒറ്റയിരുപ്പിൽ 30 മിനിറ്റിലധികം ചെലവഴിക്കുന്നത് ക്യാൻസർ മരണസാധ്യതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. തുടർച്ചയായി ഇരിക്കുന്ന ഓരോ അധിക മണിക്കൂറിലും ഈ അപകടസാധ്യത 10 ശതമാനം വീതം വർധിക്കുകയാണ് ചെയ്യുന്നത്. അതായത്, നമ്മുടെ വിശ്രമസമയം ഏത് രീതിയിലാണ് വിനിയോഗിക്കുന്നത് എന്നത് ആരോഗ്യത്തെ സാരമായി ബാധിക്കുന്നു.
ലഘുവായ ചലനങ്ങളെ അവഗണിക്കരുത്
കഠിനമായ വ്യായാമങ്ങൾ ചെയ്തുമാത്രമേ ഈ പ്രതിസന്ധി മറികടക്കാൻ കഴിയൂ എന്ന് കരുതേണ്ടതില്ല. "തുടർച്ചയായി 30 മിനിറ്റിലധികം ഒരേയിരിപ്പ് ഇരിക്കുന്നത് ക്യാൻസർ വരാനുള്ള ഉയർന്ന സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഞങ്ങളുടെ ഡാറ്റ കാണിക്കുന്നത്. എന്നാൽ, ഇരിപ്പിനിടയിൽ ഒരു ചെറിയ നടത്തം പോലെയുള്ള ലളിതമായ കാര്യങ്ങൾ ചെയ്യുന്നത് ഈ അപകടത്തിൽ നിന്ന് നിങ്ങൾക്ക് സംരക്ഷണം നൽകിയേക്കാം.''- പഠനത്തിന് നേതൃത്വം നൽകിയ ഗ്ലാസ്‌ഗോ സർവകലാശാലയിലെ ഡോ. ഫ്രെഡറിക് ഹോയുടെ പറയുന്നു.
നിലവിലെ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പ്രധാനമായും മിതമായതോ കഠിനമായതോ ആയ വ്യായാമങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. എന്നാൽ ലഘുവായ ശരീര ചലനങ്ങളെയും നാം അവഗണിക്കരുതെന്നാണ് ഈ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്. ഭാവിയിൽ നടക്കുന്ന കൂടുതൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ, എല്ലാവർക്കും ഒരേപോലെയുള്ള ഉപദേശങ്ങൾ നൽകുന്നതിന് പകരം ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിൽ ഇരിപ്പിന്റെ ഇടവേളകൾ ക്രമീകരിക്കാൻ സഹായിക്കും.
പരിഹാരം വളരെ ലളിതമാണ്
കഠിനമായ വ്യായാമങ്ങൾ ചെയ്തുമാത്രമേ ഈ പ്രതിസന്ധി മറികടക്കാൻ കഴിയൂ എന്ന് കരുതരുത്. തുടർച്ചയായി ഇരിക്കുന്നതിന് പകരം ഇടവേളകളിൽ ലഘുവായ ശാരീരിക അധ്വാനങ്ങളിൽ ഏർപ്പെടുന്നത് അപകടസാധ്യത ഗണ്യമായി കുറയ്ക്കും.
ഒരു മണിക്കൂർ വെറുതെയിരിക്കുന്നതിന് പകരം തുണി ഇസ്തിരിയിടുകയോ പാത്രം കഴുകുകയോ പോലുള്ള വീട്ടുജോലികൾ ചെയ്യുന്നത് ക്യാൻസർ മരണസാധ്യത 12 ശതമാനം കുറയ്ക്കും.
30 മിനിറ്റ് ഇരിക്കുന്നതിന് പകരം സാമാന്യം വേഗത്തിൽ നടക്കുന്നത് 8 ശതമാനം അപകടസാധ്യത കുറയ്ക്കുന്നു.
കേവലം അഞ്ച് മിനിറ്റ് വെറുതെയിരിക്കുന്നതിന് പകരം ഊർജ്ജിതമായ വ്യായാമം (Vigorous physical activity) ചെയ്യുന്നത് അപകടസാധ്യതയിൽ 22 ശതമാനം വരെ കുറവുണ്ടാക്കും.
വളരെ പ്രധാനപ്പെട്ട കണ്ടെത്തലുകൾ ആണെങ്കിലും, ഈ ഗവേഷണത്തിന് ചില പരിമിതികളുമുണ്ട്. ഇതൊരു നിരീക്ഷണ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ വിശകലനം മാത്രമാണ്. അതുകൊണ്ട് തന്നെ, ദീർഘനേരം വെറുതെയിരിക്കുന്നത് മാത്രമാണ് ക്യാൻസറിന് കാരണമാകുന്നത് എന്ന് പൂർണ്ണമായും ശാസ്ത്രീയമായി തെളിയിക്കാൻ ഈ പഠനത്തിന് കഴിഞ്ഞിട്ടില്ല. ഇതിനായി കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്ന് വിദഗ്ദ്ധർ പറയുന്നു.
എങ്കിലും, ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിൽ ഇരിപ്പിന്റെ ഇടവേളകൾ ക്രമീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ പഠനം മുന്നോട്ടുവെക്കുന്നത്. ഇനി ഓഫീസിൽ ജോലി ചെയ്യുമ്പോഴോ തുടർച്ചയായി ടിവി കാണുമ്പോഴോ ഓരോ അരമണിക്കൂറിലും ഒന്ന് എഴുന്നേറ്റ് നടക്കാൻ മറക്കേണ്ട. ദിനചര്യയിലെ ആ ചെറിയ മാറ്റം വലിയൊരു ആരോഗ്യ പ്രതിസന്ധിയെ അകറ്റി നിർത്തിയേക്കാം.
A recent study published in Plos Medicine reveals that sitting continuously for more than 30 minutes is linked to a higher risk of dying from cancer. Researchers from the University of Glasgow analyzed data from over 91,000 UK Biobank participants over a 12-year period. Every additional hour of prolonged daily inactivity (sitting or lying down while awake) increases the risk of cancer death by 10%. Breaking up sitting time with even brief bursts of movement provides significant protection.