ശരീരഭാരം കൂടുന്നത് പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് നമുക്കറിയാം. എന്നാല്‍ അമിതവണ്ണവും കാന്‍സറും തമ്മിലുള്ള ബന്ധം നാം ചിന്തിക്കുന്നതിലും എത്രയോ ആഴത്തിലുള്ളതാണെന്ന് വ്യക്തമാക്കുകയാണ് അടുത്തിടെ പുറത്തുവന്ന ഒരു അന്താരാഷ്ട്ര പഠനം. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ലോകമെമ്പാടും നടന്ന വിവിധ ഗവേഷണങ്ങളെ സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ട്, അമിതവണ്ണം 19 വ്യത്യസ്ത തരം കാന്‍സറുകളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. 2026 ജൂണ്‍ 15-ന് പ്രശസ്ത ശാസ്ത്ര ജേണലായ നേച്ചര്‍ മെറ്റബോളിസത്തിലാണ് ഈ വിവരങ്ങള്‍ അടങ്ങിയ പഠനം പ്രസിദ്ധീകരിച്ചത്. ഏകദേശം 15 ലക്ഷത്തോളം കാന്‍സര്‍ കേസുകള്‍ ഉള്‍പ്പെട്ട 226 മുന്‍കാല പഠനങ്ങള്‍ അവലോകനം ചെയ്തുകൊണ്ടാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.
ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇന്‍സുലിന്‍, ഈസ്ട്രജന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവില്‍ മാറ്റം വരുത്തുന്നു. ഇത് ശരീരത്തില്‍ വിട്ടുമാറാത്ത വീക്കത്തിനും മെറ്റബോളിസം തകരാറിലാകാനും കാരണമാകുന്നു
ബിഎംഐ കൂടുമ്പോള്‍ കാന്‍സര്‍ സാധ്യതയും ഏറുന്നു
ഒരാളുടെ ഉയരവും തൂക്കവും കണക്കാക്കി ശരീരത്തിലെ കൊഴുപ്പിന്റെ അളവ് നിര്‍ണ്ണയിക്കുന്ന രീതിയാണ് ബോഡി മാസ് ഇന്‍ഡക്‌സ് അഥവാ ബി.എം.ഐ. ഈ പഠനമനുസരിച്ച് ബി.എം.ഐ നിരക്ക് ഉയരുന്നതിനനുസരിച്ച് 19 തരം കാന്‍സറുകള്‍ വരാനുള്ള സാധ്യതയും ക്രമാതീതമായി കൂടുന്നു. ഗര്‍ഭപാത്രത്തിന്റെ ആവരണത്തെ ബാധിക്കുന്ന എന്‍ഡോമെട്രിയല്‍ കാന്‍സര്‍ , ഭക്ഷണനാളിയിലെ കാന്‍സര്‍ (Oesophageal Adenocarcinoma) എന്നിവയ്ക്കാണ് അമിതവണ്ണവുമായി ഏറ്റവും ശക്തമായ ബന്ധമുള്ളതെന്ന് പഠനത്തില്‍ തെളിഞ്ഞു. ബി.എം.ഐ-യില്‍ ഉണ്ടാകുന്ന ഓരോ 5 യൂണിറ്റിന്റെ വര്‍ദ്ധനവും എന്‍ഡോമെട്രിയല്‍ കാന്‍സര്‍ സാധ്യത 58 ശതമാനവും, ഭക്ഷണനാളിയിലെ കാന്‍സര്‍ സാധ്യത 47 ശതമാനവും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ മുന്‍പ് അധികം ശ്രദ്ധിക്കപ്പെടാതിരുന്ന ലുക്കീമിയ, നോണ്‍-ഹോഡ്ജ്കിന്‍ ലിംഫോമ, ബ്ലാഡര്‍ കാന്‍സര്‍ , തലച്ചോറിനെ ബാധിക്കുന്ന ഗ്ലിയോമ എന്നീ കാന്‍സറുകളും അമിതവണ്ണവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ പുതിയ പഠനം അടിവരയിടുന്നു.
സങ്കീര്‍ണ്ണമായ ജൈവപ്രക്രിയകള്‍
ശരീരഭാരവും കാന്‍സറും തമ്മിലുള്ള ബന്ധം അത്ര ലളിതമല്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചില പ്രത്യേക കാന്‍സറുകളില്‍ അമിതവണ്ണം തലതിരിഞ്ഞ ഫലങ്ങളും കാണിക്കുന്നുണ്ട്. ഉദാഹരണത്തിന്, ആര്‍ത്തവവിരാമത്തിന് മുന്‍പുള്ള സ്തനാര്‍ബുദം ഒരിക്കലും പുകവലിക്കാത്തവരിലെ ശ്വാസകോശ കാന്‍സര്‍ എന്നിവ വണ്ണക്കൂടുതലുള്ളവരില്‍ കുറവായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാന്‍സറിന്റെ തരവും മനുഷ്യരുടെ പാരമ്പര്യവും അനുസരിച്ച് ശരീരത്തില്‍ നടക്കുന്ന ജൈവപ്രക്രിയകള്‍ വ്യത്യസ്തമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പഠനത്തില്‍ ഭൂമിശാസ്ത്രപരവും ലിംഗപരവുമായ വലിയ വ്യത്യാസങ്ങളും കണ്ടെത്തിയിട്ടുണ്ട്. യൂറോപ്യന്‍ ജനവിഭാഗങ്ങളെ അപേക്ഷിച്ച് കിഴക്കന്‍ ഏഷ്യന്‍ വംശജരില്‍ ആര്‍ത്തവവിരാമത്തിന് ശേഷമുള്ള സ്തനാര്‍ബുദ സാധ്യത അമിതവണ്ണം മൂലം ഇരട്ടിയാകുന്നതായി കണ്ടു. അതുപോലെ വലിയകുടലിനെ ബാധിക്കുന്ന കാന്‍സര്‍ സാധ്യത പുരുഷന്മാരിലും, പിത്താശയ കാന്‍സര്‍ സാധ്യത സ്ത്രീകളിലുമാണ് അമിതവണ്ണവുമായി കൂടുതല്‍ പ്രകടമായി ബന്ധപ്പെട്ടിരിക്കുന്നത്.
എങ്ങനെയാണ് അമിതവണ്ണം കാന്‍സറിലേക്ക് നയിക്കുന്നത്?
ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇന്‍സുലിന്‍, ഈസ്ട്രജന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവില്‍ മാറ്റം വരുത്തുന്നു. ഇത് ശരീരത്തില്‍ വിട്ടുമാറാത്ത വീക്കത്തിനും മെറ്റബോളിസം തകരാറിലാകാനും കാരണമാകുന്നു. ഈ സാഹചര്യമാണ് കോശങ്ങളുടെ അസ്വാഭാവിക വളര്‍ച്ചയ്ക്ക് അഥവാ കാന്‍സറിന് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നത്. ലോകമെമ്പാടും അമിതവണ്ണമുള്ളവരുടെ എണ്ണം ദ്രുതഗതിയിലാണ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഈ നിരക്ക് കുത്തനെ ഉയരുകയാണ്. നിലവില്‍ ലോകത്ത് പോഷകാഹാരക്കുറവ് മൂലം ഭാരക്കുറവുള്ളവരേക്കാള്‍ കൂടുതല്‍ അമിതവണ്ണമുള്ളവരാണ് ഉള്ളത്.
2025-ഓടെ ലോകജനസംഖ്യയുടെ 12 ശതമാനം (ഏകദേശം 100 കോടി ആളുകള്‍) അമിതവണ്ണമുള്ളവരായി മാറുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ പുതിയ പഠനവിവരങ്ങള്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നു. നമുക്ക് സ്വയം മാറ്റിയെടുക്കാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്‌നമാണ് അമിതവണ്ണമെന്ന് ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു. കൃത്യമായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെയും ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്തുന്നത് വഴി വലിയൊരു പരിധി വരെ കാന്‍സര്‍ സാധ്യതകളെ നമുക്ക് അകറ്റി നിര്‍ത്താന്‍ സാധിക്കും.
കൂടാതെ, ദക്ഷിണേഷ്യ (ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍), ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളില്‍ ഇത്തരം ദീര്‍ഘകാല കാന്‍സര്‍ പഠനങ്ങള്‍ കുറവായതിനാല്‍, വരും ദിവസങ്ങളില്‍ കൂടുതല്‍ വൈവിധ്യമാര്‍ന്ന ജനവിഭാഗങ്ങളില്‍ ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഈ പഠനം ആവശ്യപ്പെടുന്നു.
A major international study has found that obesity is linked to an increased risk of 19 different types of cancer, highlighting a much deeper connection between excess body weight and cancer than previously understood. Published in Nature Metabolism on June 15, 2026, the research reviewed 226 earlier studies involving nearly 1.5 million cancer cases. The findings reinforce the importance of maintaining a healthy weight as a key strategy for reducing cancer risk.