ആ കുട്ടിക്ക് നിങ്ങളുമായി ജനിതക ബന്ധമില്ലെങ്കിലോ? ഐവിഎഫ് വിപ്ലവത്തിന്റെ ഇരുളടഞ്ഞ മുഖം: ഞെട്ടിപ്പിക്കുന്ന അനാസ്ഥ

വിപണിയുടെ ഈ അതിവേഗ വളർച്ചയ്‌ക്കൊപ്പമാണ് രോഗികളെ ചൂഷണം ചെയ്യുന്ന വ്യാജ ക്ലിനിക്കുകളുടെ എണ്ണവും വർദ്ധിക്കുന്നത്
ആ കുട്ടിക്ക് നിങ്ങളുമായി ജനിതക ബന്ധമില്ലെങ്കിലോ?
ഐവിഎഫ് വിപ്ലവത്തിന്റെ ഇരുളടഞ്ഞ മുഖം:   ഞെട്ടിപ്പിക്കുന്ന അനാസ്ഥ
Published on

വന്ധ്യതാ ചികിത്സാ (IVF) രംഗം ഇന്ന് ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന മെഡിക്കൽ വിപണികളിലൊന്നാണ്. 2033 ആകുമ്പോഴേക്കും ഏകദേശം 28,000 കോടി രൂപയുടെ (3.4 ബില്യൺ ഡോളർ) വിപണിയായി ഇത് മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളുടെ പ്രതീക്ഷകളെ ചൂഷണം ചെയ്യുന്ന ഒരു വലിയ 'നിഴൽ സമ്പദ്‌വ്യവസ്ഥ' ഈ മേഖലയിൽ ആരുമറിയാതെ വളർന്നിട്ടുണ്ട്.

അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഐവിഎഫ് ക്ലിനിക്കുകളിൽ നടക്കുന്ന ഏറ്റവും വലിയ ദുരന്തമാണ് ഭ്രൂണമോ ബീജമോ മാറിപ്പോകുന്നത്. ലക്ഷങ്ങൾ മുടക്കി, മാസങ്ങൾ നീണ്ട ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ സഹിച്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുമ്പോൾ, ആ കുട്ടിക്ക് തങ്ങളുമായി ജനിതകപരമായി യാതൊരു ബന്ധവുമില്ലെന്ന് മാതാപിതാക്കൾ തിരിച്ചറിയുന്ന അവസ്ഥ ഒന്നാലോചിച്ച് നോക്കൂ.

ഇത്തരത്തിൽ ഐവിഎഫ് ക്ലിനിക്കുകളിലെ അനാസ്ഥ എത്രത്തോളം ഭയാനകമാണെന്ന് തെളിയിക്കുന്നതായിരുന്നു ഗുരുഗ്രാമിൽ നിന്നുള്ള രാഹുൽ - മീനു റാത്തോഡ് ദമ്പതികളുടെ അനുഭവം. ഏറെ നാളത്തെ കാത്തിരിപ്പിനും ലക്ഷങ്ങൾ ചിലവഴിച്ചുള്ള ഐവിഎഫ് ചികിത്സയ്ക്കും ശേഷം അവർക്ക് ഇരട്ടക്കുട്ടികൾ പിറന്നു. എന്നാൽ, പിന്നീട് യാദൃശ്ചികമായി നടത്തിയ ഡിഎൻഎ പരിശോധനാ ഫലം അവരെ അക്ഷരാർത്ഥത്തിൽ തകർത്തിക്കളഞ്ഞു. ജനിച്ച ഇരട്ടക്കുട്ടികൾക്ക് തങ്ങളുമായി ജനിതകപരമായി യാതൊരു ബന്ധവുമില്ലെന്ന് അവർ ഞെട്ടലോടെ തിരിച്ചറിഞ്ഞു. മറ്റൊരാളുടെ ബീജമാണ് ലാബിൽ ഉപയോഗിച്ചതെന്ന് പിന്നീടുള്ള അന്വേഷണത്തിൽ തെളിഞ്ഞു. ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഈ ആശുപത്രിക്ക് 1.5 കോടി രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.

ക്ലിനിക്കുകളിൽ പലതിലും ചികിത്സ നൽകുന്നത് ഐവിഎഫ് സ്പെഷ്യലിസ്റ്റുകളല്ല. പകരം ഗൈനക്കോളജിസ്റ്റുകളോ യൂറോളജിസ്റ്റുകളോ ആണ്, പരിശീലനം നേടി പിന്നീട് ഐവിഎഫ് രംഗത്തേക്ക് മാറുകയാണ് പതിവ്
ആ കുട്ടിക്ക് നിങ്ങളുമായി ജനിതക ബന്ധമില്ലെങ്കിലോ?
ഐവിഎഫ് വിപ്ലവത്തിന്റെ ഇരുളടഞ്ഞ മുഖം:   ഞെട്ടിപ്പിക്കുന്ന അനാസ്ഥ
22,000 ഹെക്ടര്‍ വനം ഇല്ലാതായി; ഛത്തീസ്ഗഢും ഒഡീഷയും വന്‍ ഭീഷണിയില്‍; വനസംരക്ഷണ സമിതിയുടെ അനുമതി നിരക്ക് 80 ശതമാനത്തിന് മുകളില്‍

എന്തുകൊണ്ടാണ് ഇത്തരം പിഴവുകൾ സംഭവിക്കുന്നത്?

സാമ്പിളുകളിൽ പേര് രേഖപ്പെടുത്തുന്നതിലെ വീഴ്ചകൾ ഇത്തരം വലിയ ദുരന്തങ്ങൾക്ക് കാരണമാകുന്നു. ബാർകോഡ് (Barcode) പോലെയുള്ള ഇരട്ട പരിശോധനാ സംവിധാനങ്ങൾ (Double-verification systems) മിക്ക അനധികൃത ലാബുകളിലുമില്ല. കൂടാതെ, കൃത്യമായ യോഗ്യതയുള്ള എംബ്രിയോളജിസ്റ്റുകളുടെ അഭാവം ഇത്തരം ലാബുകളിൽ സാധാരണമാണ്. ഈ തെറ്റുകൾ വരുത്തിവെക്കുന്ന മാനസികാഘാതം വളരെ വലുതാണ്. വർഷങ്ങളോളം കാത്തിരുന്ന് ലഭിച്ച കുഞ്ഞ് തങ്ങളുടേതല്ല എന്നറിയുന്നത് ദമ്പതികൾക്കിടയിൽ വലിയ വിള്ളലുകളും വിഷാദവും ഉണ്ടാക്കുന്നു. നിയമപരമായി ഈ കുട്ടിയുടെ ഉത്തരവാദിത്തം ആർക്കാണ് എന്നതുപോലുള്ള സങ്കീർണ്ണമായ ധാർമ്മിക പ്രശ്നങ്ങളും ഇത് സൃഷ്ടിക്കുന്നു.

ദി പ്രിന്റ് റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, പല ക്ലിനിക്കുകളും വളരെ ലളിതമായ ഡയറികളിലോ അല്ലെങ്കിൽ എക്സൽ ഷീറ്റുകളിലോ ആണ് രോഗികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നത്. ഭ്രൂണങ്ങൾ കൈമാറുന്നതിലോ സൂക്ഷിക്കുന്നതിലോ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ അത് തിരുത്താൻ ഒരു മാർഗ്ഗവുമില്ലാത്ത രീതിയിലുള്ള ഡിജിറ്റൽ സംവിധാനങ്ങളാണ് മിക്ക ക്ലിനിക്കുകളിലും ഉള്ളത്.

എന്തുകൊണ്ട് ആളുകൾ വ്യാജ ക്ലിനിക്കുകളെ ആശ്രയിക്കുന്നു?

ഒരു വശത്ത് ഇത്രയും വലിയ അപകടസാധ്യതകൾ ഉണ്ടായിട്ടും, സാധാരണക്കാർ ഇത്തരം ക്ലിനിക്കുകളെ ആശ്രയിക്കുന്നതിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്. പ്രധാന വില്ലൻ ചികിത്സാ ചെലവ് തന്നെയാണ്. വലിയ നഗരങ്ങളിലെ അംഗീകൃത ക്ലിനിക്കുകളിൽ ഒരു തവണ ഐവിഎഫ് ചെയ്യുന്നതിന് 1.5 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെ ചെലവ് വരാം. പലപ്പോഴും ആദ്യ തവണ തന്നെ ചികിത്സ വിജയിക്കണമെന്നില്ല. ഈ സാമ്പത്തിക പ്രതിസന്ധിയാണ് ചെറിയ ടൗണുകളിലെ കുറഞ്ഞ നിരക്കിൽ ചികിത്സ വാഗ്ദാനം ചെയ്യുന്ന ലൈസൻസില്ലാത്ത ക്ലിനിക്കുകളിലേക്ക് പലരെയും ആകർഷിക്കുന്നത്.

പലിശരഹിത ഇഎംഐ സ്കീമുകളും എളുപ്പത്തിൽ ലഭിക്കുന്ന വായ്പകളും വാഗ്ദാനം ചെയ്താണ് പല ക്ലിനിക്കുകളും ആളുകളെ ആകർഷിക്കുന്നത്. ഇതോടെ ലക്ഷങ്ങൾ ചിലവുവരുന്ന ഈ ചികിത്സയിലേക്ക് കൂടുതൽ സാധാരണക്കാർ കടന്നുവരാൻ തുടങ്ങി. മെട്രോ നഗരങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഈ സൗകര്യങ്ങൾ, ഇപ്പോൾ വലിയ നഗരങ്ങളിലെ അതേ വിദഗ്ധ ചികിത്സ എന്ന പേരിൽ രണ്ടും മൂന്നും നിര നഗരങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. എന്നാൽ ഇതിലെ മറ്റൊരു അപകടം, ഈ ക്ലിനിക്കുകളിൽ പലതിലും ചികിത്സ നൽകുന്നത് ഐവിഎഫ് സ്പെഷ്യലിസ്റ്റുകളല്ല എന്നതാണ്. പകരം ഗൈനക്കോളജിസ്റ്റുകളോ യൂറോളജിസ്റ്റുകളോ ആണ് പരിശീലനം നേടി പിന്നീട് ഐവിഎഫ് രംഗത്തേക്ക് മാറുന്നത്.

ചില സംഭവങ്ങളിൽ, ചികിത്സാ പിഴവുകൾ സംഭവിച്ചപ്പോൾ ഡോക്ടർമാർ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് പകരം, രോഗികളെ കുറ്റപ്പെടുത്തുന്ന പ്രവണതയാണ് കാണുന്നത്. തങ്ങൾക്ക് ഒന്നും അറിയില്ലെന്ന് പറയുന്നതും, ജീവനക്കാരുടെ തെറ്റാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നതും സ്ഥിരം കാഴ്ചയാണ്. ലബോറട്ടറിയിൽ എന്താണ് നടക്കുന്നതെന്ന് പലപ്പോഴും ഡോക്ടർമാർക്ക് തന്നെ കൃത്യമായ ധാരണയില്ല എന്നതാണ് മറ്റൊരു ദുരന്തം.

മത്സരങ്ങൾ കൂടുന്തോറും ഈ ക്ലിനിക്കുകൾ മെഡിക്കൽ കേന്ദ്രങ്ങൾ എന്നതിലുപരി, വലിയ തോതിൽ ലാഭം കൊയ്യുന്ന ബിസിനസ്സ് സ്ഥാപനങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സുതാര്യതയേക്കാൾ, എങ്ങനെയെങ്കിലും വിജയം വാഗ്ദാനം ചെയ്യുക എന്നതിനാണ് അവർ മുൻഗണന നൽകുന്നത്. സുപ്രീം കോടതി അഭിഭാഷകയായ പ്രിയയുടെ വാക്കുകൾ ഈ അവസ്ഥയുടെ തീവ്രത വ്യക്തമാക്കുന്നു: "ഡൽഹിയിലെ സൗത്ത് എക്സ്റ്റൻഷനിൽ ഓരോ 200 മീറ്ററിലും നിങ്ങൾക്ക് ഓരോ ഐവിഎഫ് കേന്ദ്രങ്ങൾ കാണാം. എന്നാൽ അവയിൽ എത്രയെണ്ണത്തിന് ഔദ്യോഗിക രജിസ്ട്രേഷനുണ്ട്? ഭ്രൂണങ്ങൾ സൂക്ഷിക്കാൻ സുരക്ഷിതമായ ലാബുകൾ അവർക്കുണ്ടോ? ഭ്രൂണങ്ങൾ കൃത്യമായി അടയാളപ്പെടുത്തുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ടോ? ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങൾ പോലും പലയിടത്തും നടക്കുന്നില്ല."

ആ കുട്ടിക്ക് നിങ്ങളുമായി ജനിതക ബന്ധമില്ലെങ്കിലോ?
ഐവിഎഫ് വിപ്ലവത്തിന്റെ ഇരുളടഞ്ഞ മുഖം:   ഞെട്ടിപ്പിക്കുന്ന അനാസ്ഥ
'ജീവിതം തന്നെ മാറ്റിമറിച്ചേക്കാം', കുട്ടിക്കാലത്തെ ജങ്ക് ഫുഡ് ശീലം തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കും; മുന്നറിയിപ്പുമായി പഠനം

അതേസമയം, രജിസ്ട്രേഷൻ വിവരങ്ങളെക്കുറിച്ച് അനധികൃത ക്ലിനിക്കുകളിൽ നേരിട്ട് ചോദിച്ചാൽ വളരെ അവ്യക്തവും ഒഴിഞ്ഞുമാറുന്നതുമായ മറുപടികളാണ് രോഗികൾക്ക് ലഭിക്കുന്നത്. അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണ് എന്നോ, അല്ലെങ്കിൽ തങ്ങൾക്ക് ഇതിനെക്കുറിച്ച് യാതൊരു വിവരവുമില്ല എന്നോ ആണ് അവിടുത്തെ ജീവനക്കാർ നൽകുന്ന വിശദീകരണം. ക്ലിനിക്കിന്റെ മാനേജ്മെന്റുമായോ ഡോക്ടർമാരുമായോ സംസാരിക്കാനും ഇവർ രോഗികളെ അനുവദിക്കാറില്ല. ഇത്രയൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും, ഈ ക്ലിനിക്കുകളിൽ കൺസൾട്ടേഷനുകളും ഐവിഎഫ് ചികിത്സകളും യാതൊരു തടസ്സവുമില്ലാതെ തുടരുന്നുണ്ട്.

അനധികൃതമായി പ്രവർത്തിക്കുന്ന ഈ ക്ലിനിക്കുകളുടെ ശൃംഖലയെ തകർക്കാൻ ലക്ഷ്യമിട്ട് കടുത്ത നടപടികളുമായി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് ക്ലിനിക്കുകളിൽ നേരിട്ടെത്തി പരിശോധന നടത്തുക പ്രായോഗികമല്ല. അതുകൊണ്ട് ഇതിന്റെ വിതരണ ശൃംഖല തകർക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

പുതിയ ഉത്തരവ് പ്രകാരം, ഐവിഎഫ് ചികിത്സയ്ക്കായി ഭ്രൂണം ലാബിൽ വളർത്താൻ ഉപയോഗിക്കുന്ന ലായനികൾ (IVF Media), മറ്റ് ലാബ് ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. 2021-ലെ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (ART) നിയമപ്രകാരം രജിസ്റ്റർ ചെയ്ത ക്ലിനിക്കുകൾക്ക് മാത്രമേ ഇനി ഇത്തരം മെഡിക്കൽ സാമഗ്രികൾ വിൽക്കാൻ പാടുള്ളൂ. രജിസ്ട്രേഷനില്ലാത്ത ക്ലിനിക്കുകൾക്ക് ഇവ നൽകിയാൽ, അത് നൽകുന്ന കമ്പനികളും വിതരണക്കാരും നിയമനടപടി നേരിടേണ്ടിവരും. അവശ്യ സാമഗ്രികൾ ലഭിക്കാതാകുന്നതോടെ വ്യാജ ക്ലിനിക്കുകൾ താനേ പൂട്ടാൻ നിർബന്ധിതരാകും.

വർഷങ്ങളായി കാര്യമായ നിയന്ത്രണങ്ങളില്ലാതിരുന്ന ഈ മേഖലയിൽ 2021-ലാണ് നിർണ്ണായകമായ ART Regulation Act നിലവിൽ വന്നത്. എല്ലാ ഫെർട്ടിലിറ്റി ക്ലിനിക്കുകളും രജിസ്റ്റർ ചെയ്യണം എന്നത് ഈ നിയമം നിർബന്ധമാക്കി. കൃത്യമായ അടിസ്ഥാന സൗകര്യങ്ങളും യോഗ്യതയുള്ള ഡോക്ടർമാരും ഇല്ലാത്ത പല ക്ലിനിക്കുകൾക്കും ഇതോടെ രജിസ്ട്രേഷൻ കിട്ടാതെ വന്നു. എന്നിട്ടും പിൻവാതിലിലൂടെ പ്രവർത്തിച്ചിരുന്നവരെയാണ് പുതിയ DCGI ഉത്തരവിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

നിയമം കർശനമാക്കിയതിന് ശേഷം ഈ മേഖലയിലെ യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തുന്നതാണ് പുതിയ കണക്കുകൾ. 2021-ൽ നിയമം വന്നതിന് ശേഷം ഇന്ത്യയിലുടനീളമുള്ള ക്ലിനിക്കുകളിൽ നിന്നായി 7,732 അപേക്ഷകളാണ് ART രജിസ്ട്രിക്ക് ലഭിച്ചത്. ഇതിൽ കൃത്യമായ മാനദണ്ഡങ്ങളുള്ള 4,188 ക്ലിനിക്കുകൾക്ക് മാത്രമാണ് സർക്കാർ അംഗീകാരം നൽകിയത്. അടിസ്ഥാന സൗകര്യങ്ങളുടെയും ജീവനക്കാരുടെ യോഗ്യതയുടെയും അഭാവം മൂലം 719 ക്ലിനിക്കുകളുടെ അപേക്ഷകൾ സർക്കാർ നേരിട്ട് തള്ളിക്കളഞ്ഞു, ബാക്കിയുള്ളവ പരിശോധനയിലാണ്. അപേക്ഷകൾ തള്ളിക്കളഞ്ഞ ഈ ക്ലിനിക്കുകളിൽ പലതുമാണ് യാതൊരു നിയന്ത്രണവുമില്ലാതെ പിൻവാതിലിലൂടെ ഇപ്പോഴും പ്രവർത്തിക്കുകയും ഭ്രൂണങ്ങൾ മാറിപ്പോകുന്നതുൾപ്പെടെയുള്ള ഗുരുതരമായ അനാസ്ഥകൾക്ക് കാരണമാവുകയും ചെയ്യുന്നത്.

കുതിച്ചുയരുന്ന വിപണിയും വർദ്ധിക്കുന്ന അപകടങ്ങളും

രണ്ടാംനിര നഗരങ്ങളിൽ പോലും അതിവേഗം വളരുന്ന ഈ വ്യവസായത്തിൽ സാമ്പത്തിക ലാഭം മാത്രമാണ് പലരുടെയും ലക്ഷ്യം. ഗ്രാൻഡ് വ്യൂ റിസർച്ചിന്റെ റിപ്പോർട്ട് പ്രകാരം, 2023-ൽ ഇന്ത്യൻ ഐവിഎഫ് വിപണിയുടെ മൂല്യം ഏകദേശം 1.06 ബില്യൺ ഡോളറായിരുന്നു. 2024 മുതൽ 2030 വരെ 7.8 ശതമാനം വാർഷിക വളർച്ചയാണ് (CAGR) ഈ മേഖലയിൽ പ്രതീക്ഷിക്കുന്നത്.

വിപണിയുടെ ഈ അതിവേഗ വളർച്ചയ്‌ക്കൊപ്പമാണ് രോഗികളെ ചൂഷണം ചെയ്യുന്ന വ്യാജ ക്ലിനിക്കുകളുടെ എണ്ണവും വർദ്ധിക്കുന്നത്. നിയമങ്ങൾ കേവലം കടലാസിൽ ഒതുങ്ങാതെ, ഇത്തരം ക്ലിനിക്കുകൾ നേരിട്ട് പൂട്ടിക്കുന്നതിനും അവരുമായി സഹകരിക്കുന്ന ലാബ് സപ്ലയർമാരെ വിലക്കുന്നതിനുമുള്ള കർശന നടപടികളിലേക്ക് സർക്കാരും ആരോഗ്യവകുപ്പും കടക്കേണ്ടതിന്റെ അനിവാര്യതയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

ഇനിയെന്ത്?

വന്ധ്യതാ ചികിത്സ എന്നത് കേവലം ഒരു മെഡിക്കൽ പ്രക്രിയ മാത്രമല്ല. അത് ഒരുപാട് മനുഷ്യരുടെ വൈകാരികമായ പ്രതീക്ഷകളും വിശ്വാസവുമാണ്. ആ വിശ്വാസം തകർക്കുന്ന വ്യാജ ക്ലിനിക്കുകൾക്കെതിരെയുള്ള സർക്കാരിന്റെ ഈ നീക്കം സ്വാഗതാർഹമാണ്. എങ്കിലും യുകെ, യുഎസ് പോലുള്ള രാജ്യങ്ങളിലെപ്പോലെ എല്ലാ ഐവിഎഫ് ക്ലിനിക്കുകളുടെയും വിജയശതമാനവും നിലവാരവും പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന ഒരു സുതാര്യമായ ഡാറ്റാബേസ് ഇന്ത്യയിലും വരേണ്ടതുണ്ട്.

ഒരു ബിസിനസ്സ് ആയിട്ടല്ല, മറിച്ച് അതീവ ശ്രദ്ധയും ഉത്തരവാദിത്തവും വേണ്ട ഒരു മെഡിക്കൽ സേവനമായി കാണുന്ന ഒരു സംസ്കാരം ഈ രംഗത്ത് വരണം. നിയമങ്ങൾ ശക്തമാണെങ്കിലും അവ നടപ്പിലാക്കുന്നതിലെ കാലതാമസമാണ് ഈ രംഗത്തെ വലിയ പ്രശ്നം. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ നിരീക്ഷണവും സുതാര്യതയും ഉറപ്പാക്കുന്ന നടപടികളാണ് അധികൃതരിൽ നിന്ന് ഉണ്ടാകേണ്ടത്.

Summary

India’s IVF market is experiencing a rapid, unregulated boom, projected to reach $3.4 billion by 2033. However, this growth has a dark side characterized by systemic failures, commercial exploitation, and a lack of oversight. Despite the 2021 ART Regulation Act, many clinics continue to operate without mandatory registration. The National ART and Surrogacy Registry has rejected hundreds of applications, yet these facilities remain open, often misleading patients about their status.

Madism Digital
madismdigital.com