Health

ഇന്ത്യയിൽ ഡെങ്കിപ്പനി വാക്സിന് അംഗീകാരം; നാല് മുതൽ 60 വയസ്സ് വരെയുള്ളവർക്ക് ഉപയോഗിക്കാം

ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാതെ തന്നെ ക്യുഡെംഗ വാക്സിൻ നൽകാമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത

Madism Desk

ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക ചുവെടുവെപ്പുമായി ഇന്ത്യ. ടകേദ ബയോഫാർമസ്യൂട്ടിക്കൽസ് ഇന്ത്യയുടെ ഡെങ്കിപ്പനി വാക്സിനായ ക്യുഡെംഗ (QDENGA)ക്ക് അം​ഗീകാരം നൽകി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. 2019ലെ ന്യൂ ഡ്രഗ്സ് ആൻഡ് ക്ലിനിക്കൽ ട്രയൽസ് ചട്ടം പ്രകാരമാണ് വാക്സിന് അനുമതി ലഭിച്ചത്.

ഇന്ത്യയിൽ ഡെങ്കിപ്പനി പ്രതിരോധത്തിനായി അംഗീകാരം ലഭിക്കുന്ന ആദ്യത്തെ വാക്സിനാണ് ക്യുഡെംഗ. നാല് മുതൽ 60 വയസ്സ് വരെയുള്ളവർക്കാണ് വാക്സിൻ സ്വീകരിക്കാൻ അനുമതി നൽകിയത്. ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാതെ തന്നെ വാക്സിൻ നൽകാമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. വാക്സിനേഷന് മുമ്പ് പ്രത്യേക പരിശോധന ആവശ്യമില്ലെന്നും ഉത്തരവിൽ പറയുന്നു.

രാജ്യത്തെ പൊതുജനാരോ​ഗ്യത്തിന് ഡെങ്കിപ്പനി വലിയ വെല്ലുവിളിയായി തുടരുന്ന സാഹചര്യത്തിൽ വാക്സിന് അം​ഗീകാരം ലഭിച്ചത് രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തിപകരുമെന്നാണ് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നത്. ആഗോളതലത്തിൽ ഡെങ്കിപ്പനി ബാധിച്ചവരില്‍ മൂന്നിലൊന്ന് രോ​ഗികളും ഇന്ത്യയിലാണുള്ളത. 2025ൽ രാജ്യത്ത് 1.13 ലക്ഷത്തിലധികം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും യഥാർഥ കണക്കുകൾ ഇതിലും കൂടുതലാകുമെന്നാണ് റിപ്പോർട്ട്.

നാല് ഡെങ്കി വൈറസ് വകഭേദങ്ങളിൽ നിന്നും സംരക്ഷണം നൽകുന്ന ക്യുഡെംഗ വാക്സിന്‍ തീവ്രതകുറഞ്ഞ, ജീവനുള്ള വൈറസ് ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. 0.5 മില്ലി വീതം രണ്ട് ഡോസുകളായാണ് വാക്സിൻ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമായിരിക്കും രണ്ട് ഡോസ് വാക്സിൻ നൽകുക.

ഡെങ്കിപ്പനി ബാധിതർ കൂടുതലായുള്ള പ്രദേശങ്ങളിൽ ക്യുഡെംഗ ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തിട്ടുണ്ട്. വാക്സിന് ഡബ്ല്യൂഎച്ച്ഒയുടെ അം​ഗീകാരവും നേരത്തെ തന്നെ ലഭിച്ചിട്ടുണ്ട്. ഗുണനിലവാരം, സുരക്ഷ എന്നിവയുടെ കാര്യത്തിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതായി സ്ഥിരീകരിച്ചതിന് ശേഷമാണ് വാക്സിന് അം​ഗീകാരം ലഭിച്ചത്.

ലാറ്റിൻ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ 43 രാജ്യങ്ങളിൽ ക്യുഡെംഗയ്ക്ക് ഇതിനോടകം അംഗീകാരം ലഭിച്ചിട്ടുണ്ട്. ആഗോളതലത്തിൽ 3.2 കോടിയിലധികം ഡോസുകൾ വിതരണം ചെയ്തതായും കമ്പനി അറിയിച്ചു. ബ്രസീലിന്റെ ദേശീയ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയിലും ഈ വാക്സിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡെങ്കിപ്പനിക്കെതിരെ പ്രത്യേക ചികിത്സ ലഭിക്കാത്ത സാഹചര്യത്തിൽ രോഗബാധ കുറയ്ക്കാൻ വാക്സിൻ ലഭ്യമാക്കുന്നത് ഇന്ത്യയിലെ പൊതുജനാരോഗ്യ മേഖലയിൽ വലിയ നേട്ടമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.

India has approved its first dengue vaccine, QDENGA, for people aged 4 to 60 years. The vaccine provides protection against all four dengue virus serotypes and can be administered without prior dengue testing, marking a major step in strengthening the country's dengue prevention efforts.