പല സ്ത്രീകൾക്കും ആർത്തവ സമയം വേദന നിറഞ്ഞതായിരിക്കും. എന്നാൽ മുപ്പതുകളുടെ അവസാനത്തിൽ ആർത്തവ വേദന മുൻപില്ലാത്ത വിധം വർധിക്കുന്നുണ്ടെങ്കിൽ അത് വെറുതെ അവഗണിക്കരുത്. പ്രായം കൂടുന്നതിന്റെയോ, സ്ട്രെസ് അല്ലെങ്കിൽ ഹോർമോൺ വ്യതിയാനങ്ങളുടെയോ പ്രശ്നമാണെന്ന് കരുതി പലരും ഇതിനെ തള്ളിക്കളയാറാണ് പതിവ്. എന്നാൽ ഇത് വെറും സാധാരണ വേദനയല്ലെന്നും, കൃത്യമായ ചികിത്സ ആവശ്യമുള്ള ചില ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാകാമെന്നും ഗൈനക്കോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു.
മുൻകാലങ്ങളിൽ അധികം ബുദ്ധിമുട്ടില്ലാതിരുന്ന ഒരാൾക്ക് 30 വയസിന് ശേഷം പെട്ടെന്ന് വേദന കൂടുക, വേദന ദിവസങ്ങളോളം നീണ്ടുനിൽക്കുക, ആർത്തവമല്ലാത്ത സമയത്തും വേദന അനുഭവപ്പെടുക, സാധാരണ വേദനസംഹാരികൾ കഴിച്ചിട്ടും കുറയാതിരിക്കുക തുടങ്ങിയവ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
ഇതിന് പിന്നിൽ ഗർഭാശയത്തെ ബാധിക്കുന്ന എൻഡോമെട്രിയോസിസ്, അഡിനോമയോസിസ് അല്ലെങ്കിൽ ഫൈബ്രോയിഡുകൾ പോലെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാകാം എന്ന് ഗൈനക്കോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു. വേദന സഹിച്ചു കഴിഞ്ഞ് കൃത്യസമയത്ത് വൈദ്യസഹായം തേടാതിരിക്കുന്നത് വിട്ടുമാറാത്ത ഇടുപ്പ് വേദന, വന്ധ്യത, അമിതമായ രക്തസ്രാവം എന്നിവയിലേക്കും നയിച്ചേക്കാം.
ആർത്തവ സമയത്ത് അനുഭവപ്പെടുന്ന നേരിയ വേദന പ്രൈമറി ഡിസ്മെനോറിയ എന്നാണ് അറിയപ്പെടുന്നത്. ഗർഭാശയ സങ്കോചത്തിന് കാരണമാകുന്ന പ്രോസ്റ്റാഗ്ലാൻഡിനുകൾ എന്ന രാസവസ്തുക്കളാണ് ഇതിന് കാരണം. എന്നാൽ മുപ്പത് വയസ്സിന് ശേഷം വേദന പെട്ടെന്ന് വർധിക്കുക, കൂടുതൽ ദിവസങ്ങൾ നീണ്ടുനിൽക്കുക, ആർത്തവ ദിനങ്ങൾക്ക് പുറമെയും വേദന അനുഭവപ്പെടുക, സാധാരണ വേദന സംഹാരികൾ കഴിച്ചിട്ടും ആശ്വാസം ലഭിക്കാതിരിക്കുക, ദൈനംദിന കാര്യങ്ങളെയും ഉറക്കത്തെയും ബാധിക്കുക തുടങ്ങിയവയെല്ലാം സെക്കൻഡറി ഡിസ്മെനോറിയയുടെ ലക്ഷണങ്ങളാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമാണ് എൻഡോമെട്രിയോസിസ്.
ഗർഭാശയത്തിന്റെ ആവരണത്തിന് സമാനമായ കോശങ്ങൾ ഗർഭാശയത്തിന് പുറത്ത്, അതായത് അണ്ഡാശയത്തിലോ ഫാലോപ്പിയൻ ട്യൂബുകളിലോ വളരുന്ന അവസ്ഥയാണിത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രത്യുൽപാദന പ്രായത്തിലുള്ള പത്ത് ശതമാനം സ്ത്രീകളെ ഇത് ബാധിക്കുന്നുണ്ട്. കടുത്ത ആർത്തവ വേദനയ്ക്കും ഗർഭധാരണത്തിലെ തടസ്സങ്ങൾക്കും ഇത് കാരണമാകുന്നു. മുപ്പതുകളുടെ അവസാനത്തിലും നാൽപ്പതുകളിലും ഉള്ള സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്ന മറ്റൊരു പ്രശ്നമാണ് അഡിനോമയോസിസ്. ഗർഭാശയത്തിന്റെ ഭിത്തിയിലെ പേശികളിലേക്ക് കോശങ്ങൾ വളരുന്ന ഈ അവസ്ഥ അമിതമായ രക്തസ്രാവത്തിനും കടുത്ത വേദനയ്ക്കും ഇടയാക്കുന്നു.
ഇതുകൂടാതെ, പ്രായം കൂടുന്തോറും സ്ത്രീകളിൽ സർവസാധാരണയായി കണ്ടുവരുന്ന ക്യാൻസറല്ലാത്ത ഗർഭാശയ മുഴകൾ അഥവാ ഫൈബ്രോഡിയുകൾക്കും കഠിനമായ വേദനയ്ക്കും ഇയടാക്കാറുണ്ട്. അണ്ഡാശയ സിസ്റ്റുകൾ, പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് തുടങ്ങിയവയും മറ്റ് ചില കാരണങ്ങളാണ്. ഇടയ്ക്കിടെ പാഡുകൾ മാറ്റേണ്ടി വരുന്ന തരത്തിലുള്ള അമിത രക്തസ്രാവം, ആർത്തവങ്ങൾക്കിടയിലുള്ള രക്തസ്രാവം, ലൈംഗികബന്ധത്തിലേർപ്പെടുമ്പോഴുള്ള വേദന, പനി, ദുർഗന്ധമുള്ള സ്രവങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. അൾട്രാസൗണ്ട് സ്കാൻ, എംആർഐ, രക്തപരിശോധനകൾ അല്ലെങ്കിൽ ലാപ്രോസ്കോപ്പി എന്നിവയിലൂടെ ഡോക്ടർമാർക്ക് കൃത്യമായ രോഗനിർണയം നടത്താൻ സാധിക്കും.
ജീവിതശൈലിയിലുള്ള മാറ്റങ്ങൾ, വ്യായാമം, ഹോർമോൺ മരുന്നുകൾ, പെയിൻ കില്ലറുകൾ, അല്ലെങ്കിൽ ആവശ്യമെങ്കിൽ ശസ്ത്രക്രിയ എന്നിങ്ങനെ വിവിധ ചികിത്സാ രീതികളിലൂടെ ഈ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താം. അതുകൊണ്ട് തന്നെ വർധിച്ചുവരുന്ന ആർത്തവ വേദനയെ ഒരിക്കലും സ്വാഭാവികമെന്ന് കരുതി തള്ളിക്കളയാതെ, തുടക്കത്തിൽ തന്നെ ഡോക്ടറെ കണ്ട് ശരിയായ ചികിത്സ തേടുകയാണ് വേണ്ടത്.
Women in their late 30s and 40s should not ignore severe or worsening period pain, as it could be a sign of underlying health conditions rather than a normal part of ageing. While mild to moderate cramps (primary dysmenorrhea) are common due to chemicals that cause uterine contractions, pain that significantly worsens after age 30, lasts longer, or interferes with daily life is considered secondary dysmenorrhea and requires medical attention. Delaying evaluation can lead to chronic pelvic pain, fertility issues, and heavy bleeding.