

പഠിത്തം കഴിഞ്ഞാൽ ഒരു സ്ഥിരജോലി, മുപ്പതാകുന്നതിന് മുൻപ് സ്വന്തമായിട്ടൊരു വീടും വണ്ടിയും, പിന്നെ കല്യാണം, കുടുംബം... നമ്മുടെ നാട്ടിൽ 'പ്രായപൂർത്തിയായി' അല്ലെങ്കിൽ 'ലൈഫിൽ സെറ്റിലായി' എന്ന് പറയണമെങ്കിൽ ഒരുകാലത്ത് ഇതൊക്കെയായിരുന്നു അളവുകോലുകൾ. എന്നാൽ ഇന്നത്തെ ജെൻ സിയോട് ഈ വക കാര്യങ്ങളെക്കുറിച്ച് ചോദിച്ചാൽ അവർ കൈമലർത്തും. കാരണം, പഴയ തലമുറ കെട്ടിപ്പടുത്ത ആ 'സോളിഡ്' ജീവിതരീതികളൊക്കെ ഇന്ന് മാറിമറിഞ്ഞിരിക്കുകയാണ്. വെള്ളം പോലെ എങ്ങോട്ടും ഒഴുകുന്ന, ഒന്നിലും ഉറച്ചുനിൽക്കാത്ത ഒരു പുതിയ ജീവിതശൈലിയിലേക്കാണ് ഇന്നത്തെ യുവത്വം മാറിക്കൊണ്ടിരിക്കുന്നത്. സോഷ്യോളജിസ്റ്റുകൾ ഇതിനെ വിളിക്കുന്നത് 'ലിക്വിഡ് അഡൾട്ട്ഹുഡ്' എന്നാണ്
ഇന്നത്തെ ചെറുപ്പക്കാരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന അഞ്ച് പ്രധാന കാര്യങ്ങൾ ഇവയാണ്:
1. 'ഞാൻ ആരാണ്?' എന്ന് സ്വയം കണ്ടെത്തുന്നവർ
പണ്ടൊക്കെ ഒരാളുടെ ഐഡന്റിറ്റി അല്ലെങ്കിൽ വിലാസം എന്നത് അവരുടെ കുടുംബം, മതം, ജാതി, അല്ലെങ്കിൽ അച്ഛൻ ചെയ്യുന്ന ജോലി എന്നിവയൊക്കെയായിരുന്നു. ഒരു കയർ തൊഴിലാളിയുടെ മകൻ കയർ തൊഴിലാളിയാവുകയോ, നാട്ടിൻപുറത്തെ ആചാരങ്ങൾക്കനുസരിച്ച് ജീവിക്കുകയോ ചെയ്യുന്നതായിരുന്നു പതിവ്. എന്നാൽ ഇന്ന് കാലം മാറി. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റം കൂടിയതോടെയും, പരമ്പരാഗതമായ പല കെട്ടുപാടുകളും അയഞ്ഞതോടെയും സ്വന്തം വ്യക്തിത്വം സ്വയം നിർവഹിക്കേണ്ട ബാധ്യത ചെറുപ്പക്കാർക്കായി. ഇന്ന് അവർ ധരിക്കുന്ന ബ്രാൻഡഡ് വസ്ത്രങ്ങളിലൂടെയും, ഉപയോഗിക്കുന്ന ഗാഡ്‌ജെറ്റുകളിലൂടെയും, സോഷ്യൽ മീഡിയ പ്രൊഫൈലുകളിലൂടെയുമാണ് തങ്ങൾ ആരാണെന്ന് അവർ ലോകത്തിന് കാട്ടിക്കൊടുക്കുന്നത്.
ഇന്നത്തെ കാലത്ത് ഒരു ശരാശരി ശമ്പളക്കാരന് കൊച്ചിയിലോ ബാംഗ്ലൂരിലോ സ്വന്തമായി ഒരു ഫ്ലാറ്റോ വീടോ വാങ്ങുക എന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്. വരുമാനത്തിന്റെ പകുതിയിലധികവും വാടക നൽകാൻ തന്നെ വേണം. അതുകൊണ്ട് തന്നെ വലിയ ആസ്തികൾ ഉണ്ടാക്കുക എന്ന ലക്ഷ്യം പലരും ഉപേക്ഷിച്ചു. ഒരു വീട് വാങ്ങാൻ കാത്തുസൂക്ഷിക്കുന്ന ലക്ഷങ്ങൾക്ക് പകരം, അപ്പോഴത്തെ സന്തോഷത്തിനായി ഒരു 300 രൂപയുടെ മാച്ചാ ടീ കുടിക്കാനോ, ഒരു നല്ല ലിപ് ഗ്ലോസ്സ് വാങ്ങാനോ, അല്ലെങ്കിൽ ട്രെൻഡിയായ ഒരു സ്നീക്കേഴ്സ് വാങ്ങാനോ ആണ് ഇന്നത്തെ ചെറുപ്പക്കാർക്ക് താല്പര്യം. വലിയ സ്വപ്നങ്ങൾ കാണാൻ പറ്റാത്ത സാമ്പത്തിക സാഹചര്യത്തിൽ, ചെറിയ ചെറിയ ആഗ്രഹങ്ങൾ ഉടനടി സാധിച്ച് ജീവിതം ആസ്വദിക്കുക എന്നതാണ് പുതുതലമുറ പോളിസി.
ഒരു കമ്പനിയിൽ കയറിയാൽ റിട്ടയർ ആകുന്നത് വരെ അവിടെത്തന്നെ തുടരുന്ന കാലമൊക്കെ കഴിഞ്ഞു. Gen-Z ഒരു ജോലിയിൽ പരമാവധി നിൽക്കുന്നത് ഒരു വർഷം മാത്രമാണ്. ജോലിയിലെ അസ്ഥിരതയും, വർക്ക് ഫ്രം ഹോം രീതികളും അവരെ ഒരു ഓഫീസുമായും വൈകാരികമായി അടുപ്പിക്കുന്നില്ല. ഇതിനെല്ലാം പുറമെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജോലി ഇല്ലാതാക്കുമോ എന്ന പേടി. പുതിയ പഠനങ്ങൾ പറയുന്നത്, പല യുവ ജീവനക്കാരും തങ്ങളുടെ തൊഴിലിടങ്ങളിലെ എഐ സാങ്കേതികവിദ്യകളെ അത്ര താല്പര്യത്തോടെയല്ല കാണുന്നത് എന്നാണ്. ജോലി എന്നത് വെറുമൊരു വരുമാനമാർഗം മാത്രമായി മാറിയപ്പോൾ, ജീവിതത്തിന്റെ അർത്ഥം അവർ മറ്റ് മേഖലകളിൽ തിരയുകയാണ്.
പ്രണയത്തിലും വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. നേരിട്ട് കണ്ട് സംസാരിച്ച് പ്രണയിച്ച കാലത്ത് നിന്ന് ഡേറ്റിങ് ആപ്പുകളിലേക്ക് കാര്യങ്ങൾ മാറി. അതുകൊണ്ട് തന്നെ ബന്ധങ്ങളിൽ ഒരു 'കമ്മിറ്റ്‌മെന്റ്' കാണിക്കാൻ പലരും മടിക്കുന്നു. ഇന്ന് ചെറുപ്പക്കാർക്കിടയിൽ ഏറ്റവും കൂടുതലുള്ളത് 'സിറ്റുവേഷൻഷിപ്പുകൾ' ആണ്. അതായത് പ്രണയമാണോ എന്ന് ചോദിച്ചാൽ കൃത്യമായ ഒരു ലേബൽ നൽകാൻ കഴിയില്ല, എന്നാൽ ഒരു ബന്ധത്തിലുമാണ് താനും! "മരണം വരെ കൂടെയുണ്ടാകും" എന്ന വാഗ്ദാനങ്ങൾക്ക് പകരം "തൽക്കാലം ഇങ്ങനെ പോകട്ടെ, ബാക്കി പിന്നെ നോക്കാം" എന്ന ചിന്താഗതിക്കാണ് ഇന്ന് മാർക്കറ്റ്. പലരും വൈകിയാണ് കല്യാണം കഴിക്കുന്നതും കുട്ടികളെക്കുറിച്ച് ചിന്തിക്കുന്നതും.
ലോകജനസംഖ്യയുടെ പകുതിയും 30 വയസ്സിന് താഴെയുള്ളവരാണെങ്കിലും, ലോകത്തെ വലിയ ബിസിനസ്സുകളും രാഷ്ട്രീയ തീരുമാനങ്ങളും നിയന്ത്രിക്കുന്നത് 60 വയസ്സിന് മുകളിലുള്ള മുതിർന്ന തലമുറയാണ് . സമ്പത്തിന്റെ വലിയൊരു പങ്കും അവരുടെ കൈകളിലാണ്. യുവാക്കളുടെ കരിയർ വളർച്ചയെപ്പോലും ഇത് ബാധിക്കുന്നുണ്ട്. തങ്ങളുടെ ഭാവിയെ ബാധിക്കുന്ന വലിയ തീരുമാനങ്ങൾ എടുക്കാൻ തങ്ങൾക്ക് അവസരം ലഭിക്കുന്നില്ല എന്നൊരു നിരാശ ഇന്നത്തെ തലമുറയ്ക്കുണ്ട്.
മാറിവരുന്ന ഈ ലോകത്ത് ചെറുപ്പക്കാരുടെ വിശ്വാസം നേടിയെടുക്കാൻ ബ്രാൻഡുകൾക്കും സ്ഥാപനങ്ങൾക്കും സാധിക്കണമെങ്കിൽ, അവരെ വെറുമൊരു ഉപഭോക്താവായി കാണാതെ, അവരുടെ ഭാവിയുടെ തീരുമാനങ്ങൾ അവർക്ക് തന്നെ വിട്ടുകൊടുക്കാൻ തയ്യാറാകേണ്ടി വരും. മാറുന്ന ചെറുപ്പത്തിനൊപ്പം മാറുക എന്നത് മാത്രമാണ് ഒരേയൊരു വഴി
Gen Z is redefining adulthood by moving away from traditional milestones like stable jobs, homeownership, and early marriage. The concept of “Liquid Adulthood” reflects changing identities, financial priorities, careers, and relationships