Health

പ്രിയപ്പെട്ടവരുടെ വേർപാട് സമ്മാനിക്കുന്ന 'ബ്രോക്കൺ ഹാർട്ട് സിൻഡ്രോം'; മർജാൻ സത്രാപിയുടെ കഥ പറയുന്നത് !

മാനസികാരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ദുഃഖം എന്നത് ഒരു വൈകാരിക അനുഭവം മാത്രമല്ല. പ്രായമായവരിലും ആരോഗ്യപ്രശ്നങ്ങൾ നേരത്തേ ഉള്ളവരിലും അത് ശരീരത്തിൽ കാര്യമായ മാറ്റങ്ങൾക്ക് കാരണമാകാം

Madism Desk

ഫ്രഞ്ച്-ഇറാനിയൻ എഴുത്തുകാരിയും സംവിധായകയുമായ മർജാൻ സത്രാപിയുടെ മരണം ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു. ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഇറാനിലെ ജീവിതാനുഭവങ്ങൾ വിവരിക്കുന്ന 'പെർസെപോളിസ്' എന്ന ആത്മകഥാപരമായ ഗ്രാഫിക് നോവലിലൂടെയാണ് സത്രാപി ലോകപ്രശസ്തയായത്. ഇത് പിന്നീട് ഓസ്കാർ നാമനിർദേശം ലഭിച്ച അനിമേഷൻ ചിത്രമായി അവർ തന്നെ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു.

ഇന്നലെയായിരുന്നു മർജാന്റെ മരണം സ്ഥിരീകരിച്ച് ഔദ്യോഗിക പ്രസ്താവനയിറങ്ങിയത്. പ്രസ്താവനയിൽ കുടുംബം ചൂണ്ടിക്കാട്ടിയ ഒരു കാര്യം വളരെയധികം ചർച്ച ചെയ്യപ്പെടുകയാണിപ്പോൾ. ഭർത്താവിന്റെ അകാലമരണം സമ്മാനിച്ച അതിതീവ്ര ദുഃഖത്തിലായിരുന്നു മർജാനെന്നും ഇതാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു എന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

കഴിഞ്ഞ വർഷം ഏപ്രിൽ 8നായിരുന്നു മർജാന്റെ ഭർത്താവ് മാറ്റിയാസ് റിപയുടെ മരണം. അതിന് ശേഷം സന്തോഷത്തോടെ മർജാനെ കണ്ടിട്ടേ ഇല്ലെന്ന് കുടുംബാംഗങ്ങൾ ഓർമിക്കുന്നു. പങ്കാളിയുടെ മരണം നൽകിയ കടുത്ത ദുഖത്തിലായിരുന്നു മർജാൻ. വിഷാദരോഗം സ്ഥിരീകരിച്ചിരുന്നില്ല. പക്ഷേ അഗാധമായ ദുഃഖം അവരുടെ ശരീരത്തെ കാര്യമായി തന്നെ ബാധിച്ചിരുന്നു.

മാനസികാരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ദുഃഖം എന്നത് ഒരു വൈകാരിക അനുഭവം മാത്രമല്ല. പ്രായമായവരിലും ആരോഗ്യപ്രശ്നങ്ങൾ നേരത്തേ ഉള്ളവരിലും അത് ശരീരത്തിൽ കാര്യമായ മാറ്റങ്ങൾക്ക് കാരണമാകാം. ഈ പ്രത്യാഘാതങ്ങൾ പ്രിയപ്പെട്ടവരുടെ വേർപാടിന് ശേഷമുള്ള കാലഘട്ടത്തിൽ വൈകാരിക പിന്തുണയും വൈദ്യസഹായവും എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കുന്നു.

ആസ്റ്റർ വൈറ്റ്ഫീൽഡ് ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് കൺസൾട്ടന്റായ ഡോ. പ്രീതി ദുഗ്ഗർ ഗുപ്ത നൽകുന്ന വിവരമനുസരിച്ച്, കടുത്ത ദുഃഖം ശരീരത്തെ അതിതീവ്രമായ സമ്മർദത്തിലേക്ക് നയിക്കുന്നുണ്ട്. അത്രയേറെ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുമ്പോൾ, ആ വൈകാരികാഘാതം ദീർഘകാലം നീണ്ടുനിൽക്കുന്ന ഒരു സമ്മർദപ്രതികരണത്തിന് കാരണമാകാം.

ഈ കാലയളവിൽ അഡ്രിനാലിൻ, കോർട്ടിസോൾ തുടങ്ങിയ സമ്മർദ ഹോർമോണുകളുടെ അളവ് ഗണ്യമായി ഉയരാം. പ്രയാസകരമായ സാഹചര്യങ്ങളെ നേരിടാൻ ശരീരത്തെ സഹായിക്കാനാണ് ഈ ഹോർമോണുകളുള്ളതെങ്കിലും, ദീർഘകാലം ഇവയുടെ സ്വാധീനത്തിൽ തുടരുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇതുമൂലം ശരീരത്തിന്റെ സ്വാഭാവിക സന്തുലിതാവസ്ഥ തകരുകയും ശാരീരികമായും മാനസികമായുമുള്ള വീണ്ടെടുക്കൽ കൂടുതൽ ബുദ്ധിമുട്ടാകുകയും ചെയ്യും.

പ്രായമായവരിൽ ഇതിന്റെ ആഘാതം കൂടുതൽ ഗുരുതരമായേക്കാം. പലർക്കും ഇതിനകം തന്നെ വിട്ടുമാറാത്ത രോഗങ്ങൾ, ശാരീരിക ക്ഷമതക്കുറവ്, അല്ലെങ്കിൽ സാമൂഹികമായ ഒറ്റപ്പെടൽ എന്നിവ ഉണ്ടായിരിക്കാം. അതിനാൽ ദുഃഖം സൃഷ്ടിക്കുന്ന അധിക സമ്മർദം കൈകാര്യം ചെയ്യാൻ അവരുടെ ശരീരത്തിന് കൂടുതൽ പ്രയാസമാകും.

തീവ്രമായ വൈകാരിക സമ്മർദവുമായി ബന്ധപ്പെട്ട ഏറ്റവും പ്രശസ്തമായ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ബ്രോക്കൺ ഹാർട്ട് സിൻഡ്രോം (Broken Heart Syndrome), അഥവാ സമ്മർദം മൂലമുണ്ടാകുന്ന കാർഡിയോമയോപ്പതി.

ഡോ. ഗുപ്തയുടെ അഭിപ്രായത്തിൽ, ജീവിതപങ്കാളിയുടെയോ അതീവ പ്രിയപ്പെട്ട ഒരാളുടെയോ മരണം പോലുള്ള പെട്ടെന്നുണ്ടാകുന്ന ശക്തമായ വൈകാരികാഘാതങ്ങൾക്ക് പിന്നാലെ ഈ അവസ്ഥ രൂപപ്പെടാം. ഇത്തരം ആഘാതങ്ങൾ ശരീരത്തിൽ സമ്മർദ ഹോർമോണുകളുടെ അളവ് കുത്തനെ ഉയർത്തുകയും ഹൃദയപേശികളെ താൽക്കാലികമായി ദുർബലമാക്കുകയും ചെയ്യുന്നു.

ഈ അവസ്ഥയുടെ ലക്ഷണങ്ങൾ ഹൃദയാഘാതത്തിന്റേതിനോട് വളരെ സാമ്യമുള്ളതായിരിക്കും. നെഞ്ചുവേദന, ശ്വാസതടസം, ഹൃദയമിടിപ്പിലെ ക്രമക്കേടുകൾ എന്നിവ അനുഭവപ്പെടാം. എന്നാൽ സാധാരണ ഹൃദയാഘാതത്തിൽ നിന്ന് വ്യത്യസ്തമായി, ഈ സാഹചര്യത്തിൽ ഹൃദയത്തിലേക്കുള്ള കൊറോണറി ധമനികളിൽ തടസ്സമുണ്ടാകില്ല.

ഉചിതമായ ചികിത്സ ലഭിച്ചാൽ ഭൂരിഭാഗം ആളുകളും ബ്രോക്കൺ ഹാർട്ട് സിൻഡ്രോമിൽ നിന്ന് പൂർണമായി സുഖം പ്രാപിക്കും. എന്നിരുന്നാലും, ചിലരിൽ ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ അവസ്ഥയെ നിസ്സാരമായി കാണരുത്. വൈകാരിക അനുഭവങ്ങളും ശാരീരിക ആരോഗ്യവും തമ്മിലുള്ള ശക്തമായ ബന്ധമാണ് ഇത് വ്യക്തമാക്കുന്നത്.

വിലാപം എന്നത് നഷ്ടപ്പെടലിനോടുള്ള സ്വാഭാവികമായ പ്രതികരണമാണ്. സാധാരണഗതിയിൽ കാലം ചെല്ലുമ്പോൾ ആളുകൾ നഷ്ടവുമായി പൊരുത്തപ്പെടും. പക്ഷേ ഇങ്ങനെ സംഭവിച്ചില്ല എങ്കിൽ ഈ അവസ്ഥകൾ ദൈനംദിന ജീവിതത്തെ കാര്യമായി ബാധിക്കുകയും ദുഃഖത്തിൽ നിന്ന് കരകയറുന്ന പ്രക്രിയയെ കൂടുതൽ ബുദ്ധിമുട്ടാക്കുകയും ചെയ്യും. ദീർഘകാലം നീണ്ടുനിൽക്കുന്ന വിഷാദം, പ്രതീക്ഷയില്ലായ്മ, ആളുകളിൽ നിന്ന് പൂർണമായും അകന്നുനിൽക്കൽ, സാധാരണ ജീവിതപ്രവർത്തനങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്ത അവസ്ഥ എന്നിവ കാണപ്പെടുന്നുവെങ്കിൽ, അത് വിദഗ്ധരുടെ സഹായം തേടേണ്ടതിന്റെ സൂചനയാണ്.

English Summary: The death of French-Iranian writer and filmmaker Marjane Satrapi came as a shock to the world. She rose to global fame through Persepolis, an autobiographical graphic novel that chronicled life in Iran after the Islamic Revolution. She later co-directed its animated film adaptation, which went on to receive an Academy Award nomination.

Her death was officially confirmed yesterday. However, one detail mentioned in the family's statement has sparked widespread discussion. According to the statement, Marjane had been suffering from profound grief following the untimely death of her husband, and doctors reportedly confirmed that this intense sorrow was the cause of her death.