Health

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വ്യാപനം; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

'ബുന്ദിബുഗ്യോ' വൈറസിനെ പ്രതിരോധിക്കാന്‍ പ്രത്യേക ചികിത്സകളോ വാക്‌സിനുകളോ നിലവിലില്ലാത്തതിനാല്‍ ഈ രോഗവ്യാപനം അങ്ങേയറ്റം ആശങ്കാജനകമാണ്

Madism Desk

കോംഗോയിലും ഉഗാണ്ടയിലും എബോള പടര്‍ന്നുപിടിക്കുന്നു. വ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന 'അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ' പ്രഖ്യാപിച്ചു. ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിലുള്ള ബുനിയ, റ്വംമ്പാര, മോങ്ബവാലു ഉള്‍പ്പെടെയുള്ള മൂന്ന് ആരോഗ്യ മേഖലകളിലായി 80 പേര്‍ മരണപ്പെട്ടുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 8 പേര്‍ക്ക് ലബോറട്ടറി പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കുകയും 246 പേരില്‍ രോഗലക്ഷണം കണ്ടെത്തുകയും ചെയ്തതായി യുഎന്‍ ആരോഗ്യ ഏജന്‍സി അറിയിച്ചു.

'ബുന്ദിബുഗ്യോ' (Bundibugyo) വൈറസ് മൂലമുണ്ടായ ഈ രോഗവ്യാപനം ഒരു ആഗോള മഹാമാരിയുടെ മാനദണ്ഡങ്ങളില്‍ പെടുന്നില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എന്നിരുന്നാലും കോംഗോയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ രോഗം കൂടുതല്‍ പടരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി. എത്രപേര്‍ക്ക് രോഗം ബാധിച്ചെന്നോ ഏതൊക്കെ പ്രദേശങ്ങളിലെയ്ക്ക് വ്യാപിച്ചെന്നോ തിരിച്ചറിയാനായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് അറിയിച്ചു.

ആദ്യഘട്ടത്തില്‍ പരിശോധിച്ച സാമ്പിളുകളിലെ ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കും, റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംശയാസ്പദമായ കേസുകളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും കണക്കിലെടുക്കുമ്പോള്‍ നിലവില്‍ കണ്ടെത്തിയതിനേക്കാള്‍ വലിയ തോതിലുള്ള രോഗവ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.' എബോള-സയര്‍' (Ebola-Zaire) വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമായി 'ബുന്ദിബുഗ്യോ' വൈറസിനെ പ്രതിരോധിക്കാന്‍ പ്രത്യേക ചികിത്സകളോ വാക്‌സിനുകളോ നിലവിലില്ലാത്തതിനാല്‍ ഈ രോഗവ്യാപനം അങ്ങേയറ്റം ആശങ്കാജനകമാണ്.

അതേസമയം, ഉഗാണ്ടയില്‍ രണ്ട് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോംഗോയില്‍ നിന്ന് എത്തിയവരാണ് ഇവര്‍. കഴിഞ്ഞ വ്യാഴാഴ്ച മരണപ്പെട്ട 59 കാരന് എബോള സ്ഥിരീകരിച്ചിരുന്നതായി ഉഗാണ്ടന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോംഗോ-ഉഗാണ്ട രോഗവ്യാപനം മറ്റു രാജ്യങ്ങളിലെ പൊതുജനാരോഗ്യ മേഖലയ്ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് ഡബ്ല്യൂഎച്ച്ഒ അറിയിച്ചു. ഇത്തരത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ചില രോഗവ്യാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി. അതിനാല്‍ രാജ്യങ്ങള്‍ അവരുടെ ദേശീയ ദുരന്ത-അടിയന്തര നിവാരണ സംവിധാനങ്ങള്‍ സജീവമാക്കണമെന്നും അതിര്‍ത്തികളിലും പ്രധാന ആഭ്യന്തര പാതകളിലും കര്‍ശന പരിശോധനകള്‍ നടത്തണമെന്നും സംഘടന നിര്‍ദേശിച്ചു.

ജനങ്ങളുടെ യാത്രകള്‍, വ്യാപാരം, വിനോദസഞ്ചാരം എന്നിവ കണക്കിലെടുക്കുമ്പോള്‍ കോംഗോയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ രോഗം കൂടുതല്‍ പടരാന്‍ വലിയ സാധ്യതയുണ്ട്. രോഗവ്യാപനം നിരീക്ഷിക്കുന്നതിനും സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തുന്നതിനും പ്രതിരോധ നടപടികള്‍ നടപ്പാക്കുന്നതിനുമായി ഇരു രാജ്യങ്ങളും അടിയന്തര ഓപ്പറേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു. രോഗവ്യാപനം കുറയ്ക്കുന്നതിനായി രോഗം സ്ഥിരീകരിച്ചവരെ ഉടനടി ഐസൊലേഷനിലേക്ക് മാറ്റുകയും ബുന്ദിബുഗ്യോ വൈറസ് കണ്ടെത്താനുള്ള രണ്ട് പ്രത്യേക പരിശോധനകള്‍ (48 മണിക്കൂര്‍ ഇടവേളയില്‍ നടത്തുന്നവ) നെഗറ്റീവ് ആകുന്നത് വരെ ചികിത്സ നല്‍കുകയും വേണം.

രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ തങ്ങളുടെ നിരീക്ഷണ സംവിധാനങ്ങളും ആരോഗ്യ റിപ്പോര്‍ട്ടിംഗും ശക്തമാക്കണം. എന്നാല്‍, രോഗബാധിത പ്രദേശങ്ങള്‍ക്ക് പുറത്തുള്ള രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുകയോ യാത്രകള്‍ക്കും വ്യാപാരത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്യരുത്. കൂടാതെ ബുന്ദിബുഗ്യോ വൈറസ് ബാധിതരോ അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരോ അന്താരാഷ്ട്ര യാത്രകള്‍ നടത്തരുതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

എബോള വൈറസ് ആദ്യമായി കണ്ടെത്തുന്നത് 1976-ല്‍ കോംഗോയിലാണ്. വവ്വാലുകളില്‍ നിന്നും പടരുന്നതെന്ന് സംശയിക്കുന്ന എബോള പതിനേഴാമത്തെ തവണയാണ് കോംഗോയില്‍ പടരുന്നത്. രോഗബാധിതരുടെ ശരീരസ്രവങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും മുറിവുകളിലൂടെയും പടരുന്ന വൈറസ് കടുത്ത രക്തസ്രാവത്തിനും ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാവാനും കാരണമാകുന്നു.

പനി, പേശി വേദന, ക്ഷീണം, തലവേദന, തൊണ്ടവേദന എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. ഇതിനെത്തുടര്‍ന്ന് ഛര്‍ദ്ദി, വയറിളക്കം, ചര്‍മ്മത്തില്‍ തിണര്‍പ്പ് രക്തസ്രാവം എന്നിവ ഉണ്ടാകുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് എബോളയ്ക്ക് കൃത്യമായ ഒരു ചികിത്സ നിലവിലില്ല. കൂടാതെ ഈ വൈറസ് ബാധിക്കുന്നവരില്‍ ശരാശരി മരണനിരക്ക് ഏകദേശം 50 ശതമാനത്തോളമാണ്. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏകദേശം 15,000-ത്തോളം ആളുകള്‍ എബോള വൈറസ് ബാധിച്ചു മരണപ്പെട്ടിട്ടുണ്ട്. കോംഗോയില്‍ ഏറ്റവും മാരകമായ രീതിയില്‍ രോഗവ്യാപനമുണ്ടായത് 2018-നും 2020-നും ഇടയിലാണ്. അന്ന് ഏകദേശം 2,300 ആളുകളാണ് മരണപ്പെട്ടത്.

English Summary: The World Health Organization has declared an international public health emergency as Ebola cases continue to rise in Democratic Republic of the Congo and Uganda. More than 80 deaths have been reported in Congo’s Ituri province, while health officials warned that the outbreak caused by the Bundibugyo strain could spread to neighbouring countries. The WHO said there is currently no specific vaccine or treatment for this variant and urged countries to strengthen border screening, surveillance, and emergency response systems.