Lifestyle

ആയുസ്സിന്റെ നീലത്തുരുത്തുകൾ; ലോകത്തെ അമ്പരപ്പിക്കുന്ന 'ബ്ലൂ സോണുകൾ'

ആരോ​ഗ്യകരമായ ​ദീർഘായുസ്സിന്റെ രഹസ്യം കണ്ടെത്തിയ ഈ മാന്ത്രിക ഇടങ്ങളെയാണ് ശാസ്ത്രലോകം ബ്ലൂ സോണുകൾ എന്ന് വിശേഷിപ്പിക്കുന്നത്.

Madism Desk

കുത്തനെയുള്ള ഒരു മല അനായാസം കയറുന്ന നൂറുവയസ്സുകാരൻ, അല്ലെങ്കിൽ തോട്ടത്തിൽ ഉന്മേഷത്തോടെ പണിയെടുക്കുന്ന തൊണ്ണൂറ്റഞ്ചുകാരി.. നമുക്കിതൊരു അത്ഭുതമായി തോന്നാമെങ്കിലും ലോകത്തിന്റെ ചില കോണുകളിൽ ഇതൊരു സാധാരണ കാഴ്ചയാണ്. മരുന്നുകളുടെ മണമില്ലാതെ, ആശുപത്രികളുടെ പടി കയറാതെ, ജീവിതശൈലീ രോ​ഗങ്ങളെ പടിക്കുപുറത്ത് നിർത്തി ഒരു നൂറ്റാണ്ട് പിന്നിടുന്ന മനുഷ്യർ. ആരോ​ഗ്യകരമായ ​ദീർഘായുസ്സിന്റെ രഹസ്യം കണ്ടെത്തിയ ഈ മാന്ത്രിക ഇടങ്ങളെയാണ് ശാസ്ത്രലോകം ബ്ലൂ സോണുകൾ എന്ന് വിശേഷിപ്പിക്കുന്നത്.

നാഷണൽ ജിയോ​ഗ്രഫിക്കിന്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഏജിങ്ങിന്റെയും സഹകരണത്തോടെ പ്രശസ്ത ​ഗവേഷകനായ ഡാൻ ബ്യൂട്ട്നറാണ് ഈ ​ദീർഘായുസ്സിന്റെ തുരുത്തുകളെ ലോകത്തിന് മുന്നിൽ ആ​ദ്യമായി അവതരിപ്പിച്ചത്. ലോകഭൂപടത്തിൽ ഈ പ്രദേശങ്ങൾ അടയാളപ്പെടുത്താൻ അദ്ദേഹം ഉപയോഗിച്ച നീല നിറത്തിലുള്ള വൃത്തങ്ങളിൽ നിന്നാണ് 'ബ്ലൂ സോൺ' എന്ന പേരുതന്നെ പിറന്നത്. ഗ്രീസിലെ ഇക്കാരിയ, ഇറ്റലിയിലെ സാൻഡീനിയയിലുള്ള ഒഗ്ലിയാസ്ട്ര, ജപ്പാനിലെ ഒകിനാവ, കോസ്റ്റാറിക്കയിലെ നിക്കോയ പെനിൻസുല, അമേരിക്കയിലെ കലിഫോർണിയയിലുള്ള ലോമ ലിൻഡ എന്നിങ്ങനെ ലോകത്ത് പ്രധാനമായും അഞ്ച് ബ്ലൂ സോണുകളാണുള്ളത്. ഇന്ത്യ ഈ പട്ടികയിലില്ലെങ്കിലും, കണ്ടെത്തപ്പെടാത്ത ഇത്തരം പ്രദേശങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇനിയുമുണ്ടാകാം.

ഈ പ്രദേശങ്ങളിലുള്ളവർ മാത്രം ഇത്രകാലം പൂർണ്ണ ആരോ​ഗ്യത്തോടെ ജീവിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരമില്ല. അത് അവരുടെ ഭക്ഷണത്തിന്റെയും അധ്വാനത്തിന്റെയും വൈകാരിക ബന്ധങ്ങളുടെയുമെല്ലാം മനോഹരമായ ഒരു മിശ്രിതമാണ്. പ്രകൃതിയോടിണങ്ങിയ സസ്യാഹാരങ്ങളാണ് ഇവരുടെ ഊർജം. പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും പയറുവർഗ്ഗങ്ങളും അവരുടെ തീന്മേശകളിൽ നിറയുമ്പോൾ, മാംസാഹാരത്തിന് അവിടെ വലിയ സ്ഥാനമില്ല.

എന്നാൽ, മെഡിറ്ററേനിയൻ തീരങ്ങളായ ഇക്കാരിയയിലും സാൻഡീനിയയിലും ഹൃദയാരോ​ഗ്യത്തിന് ​ഗുണകരമായ ഒമേ​ഗ-3 അടങ്ങിയ മത്സ്യം അവർ ശീലമാക്കുന്നു. ജപ്പാനിലെ ഒകിനാവക്കാരുടെ ഭക്ഷണരീതി ഒരൽപം കൂടി വ്യത്യസ്തമാണ്. 'ഹരാ ഹാച്ചി ബു' (Hara hachi bu) എന്ന അവരുടെ തത്വമനുസരിച്ച്, വയർ എൺപത് ശതമാനം നിറയുമ്പോൾ തന്നെ അവർ കഴിക്കുന്നത് നിർത്തും. അമിതമായി ആഹാരം ശരീരത്തിലെത്തുന്നത് തടയാൻ ഈ ഒരൊറ്റ ശീലം മതിയാകും. രാത്രി വൈകിയുള്ള അത്താഴം അവർക്കില്ല, പ്രധാന ഭക്ഷണമെല്ലാം നേരത്തെ തന്നെ കഴിഞ്ഞിരിക്കും.

ഫിറ്റ്നസ് നിലനിർത്താൻ ലക്ഷങ്ങൾ മുടക്കി ജിമ്മിൽ പോകുന്നവരല്ല ഇവർ. ഇവരുടെ വ്യായാമം അവരുടെ ദൈനംദിന ജീവിതം തന്നെയാണ്. കൃഷിയിടങ്ങളിലെ അധ്വാനവും തോട്ടം പണിയും കുന്നുകൾ കയറിയിറങ്ങിയുള്ള നടത്തവുമെല്ലാം അവരുടെ ശരീരത്തെ യന്ത്രം പോലെ പ്രവർത്തിപ്പിക്കുന്നു. സാൻഡീനിയയിലെ പർവ്വതപ്രദേശങ്ങളിലുള്ളവർ ദിവസവും നടന്നുതീർക്കുന്ന ദൂരം തന്നെ അവരുടെ കരുത്തിന്റെ തെളിവാണ്. എപ്പോഴും കർമ്മനിരതരാണെങ്കിലും ശരീരത്തിന് ആവശ്യമായ വിശ്രമം നൽകാനും അവർ മറക്കാറില്ല. രാത്രിയിൽ ശരാശരി ഏഴ് മണിക്കൂർ ഉറങ്ങുന്നതിനൊപ്പം പകൽ സമയങ്ങളിൽ ഒരു ചെറിയ മയക്കവും അവർ ശീലമാക്കിയിട്ടുണ്ട്.

മികച്ച ഭ​ക്ഷണവും ആരോ​ഗ്യവും മാത്രമല്ല, ഇവരെ നൂറ് കടത്തുന്നത്. അവരുടെ ഊഷ്മളമായ ബന്ധങ്ങൾ കൂടിയാണ്. വാർധക്യത്തിന്റെ ഒറ്റപ്പെടലുകൾ ഈ നാട്ടിലില്ല. പ്രായമേറും തോറും കുടുംബാം​ഗങ്ങൾക്കും സുഹൃത്തുക്കൾക്കും സമൂഹത്തിനൊപ്പവും അവർ കൂടുതൽ സജീവമാകുന്നു.

പല തലമുറകൾ ഒരേ വീട്ടിൽ ഒരുമിച്ച് കഴിയുന്നത് നൽകുന്ന വൈകാരിക പിന്തുണ ചെറുതല്ല. എല്ലാ ദിവസവും രാവിലെ ഉണർന്നെഴുന്നേൽക്കാൻ അവരെ പ്രേരിപ്പിക്കുന്ന വ്യക്തമായ ഒരു ലക്ഷ്യബോധമുണ്ട്. ജീവിതത്തോടുള്ള ഈ അടങ്ങാത്ത ആവേശമാണ് മരണത്തെപ്പോലും അകറ്റിനിർത്തുന്നത്. മനുഷ്യന്റെ ആയുസ്സിൽ ജനിതക ഘടനയ്ക്ക് കേവലം ഇരുപതോ മുപ്പതോ ശതമാനം മാത്രമേ പങ്കുള്ളൂവെന്നും, ബാക്കിയെല്ലാം നമ്മുടെ ചുറ്റുപാടുകളും ജീവിതശൈലിയുമാണ് തീരുമാനിക്കുന്നതെന്നും ഈ പ്രദേശങ്ങൾ ലോകത്തെ ഓർമ്മിപ്പിക്കുന്നു. ദീർഘായുസ്സ് എന്നത് ഒരു മാന്ത്രികവിദ്യയല്ല, മറിച്ച് പ്രകൃതിയോടും മനുഷ്യരോടും ചേർന്നുനിൽക്കുന്ന മനോഹരമായ ഒരു ശീലമാണെന്ന് ബ്ലൂ സോണുകളിലെ മനുഷ്യർ നമ്മളെ പഠിപ്പിക്കുന്നു.

Blue Zones are five unique regions in the world where people frequently live past 100 years in good health. Research shows their remarkable longevity is not primarily genetic, but rooted in healthy lifestyle habits. These include a predominantly plant-based diet, natural daily physical activity, adequate rest, strong community connections, and a deep sense of purpose.