Lifestyle

സ്ക്രീൻ സമയവും ജങ്ക് ഫുഡും: കുട്ടികളിലെ അമിതവണ്ണത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ

ശാരീരിക അധ്വാനമില്ലാത്ത ജീവിതരീതിയും കൂടിയാകുമ്പോൾ കാര്യങ്ങൾ കൂടുതൽ വഷളാകുന്നു.

Madism Desk

കുട്ടികളിലെ അമിതവണ്ണം ഇന്ന് മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്ന ഒരു പ്രധാന ആരോ​ഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ്. ജനിതക കാരണങ്ങളേക്കാളുപരി കുട്ടികളുടെ ദൈനംദിന ജീവിതത്തിലെ ചില അനാരോ​ഗ്യകരമായ ശീലങ്ങളാണ് പ്രധാനമായും അവരുടെ ശരീരഭാരം അനിയന്ത്രിതമായി വർധിക്കുന്നതിലേക്ക് നയിക്കുന്നത്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കുട്ടികളുടെ ജീവിതരീതിയിലുണ്ടായ മാറ്റങ്ങൾ ഈ പ്രശ്നത്തിന്റെ വ്യാപ്തി വർധിപ്പിച്ചിട്ടുണ്ട്.

മാറിയ ഭക്ഷണക്രമമാണ് ഇതിൽ പ്രധാന വില്ലൻ. സംസ്കരിച്ച ഭക്ഷണങ്ങൾ, കൃത്രിമ മധുരമടങ്ങിയ പാനീയങ്ങൾ, ബേക്കറി പലഹാരങ്ങൾ, ഫാസ്റ്റ് ഫുഡുകൾ എന്നിവയുടെ അമിതമായ ഉപയോഗം കുട്ടികളുടെ ശരീരത്തിൽ അധിക കലോറി എത്തുന്നതിന് കാരണമാകുന്നു. ഇതിനൊപ്പം ശാരീരിക അധ്വാനമില്ലാത്ത ജീവിതരീതിയും കൂടിയാകുമ്പോൾ കാര്യങ്ങൾ കൂടുതൽ വഷളാകുന്നു. മൊബൈൽ ഫോണുകൾക്കും വീഡിയോ ഗെയിമുകൾക്കും മുന്നിൽ മണിക്കൂറുകൾ ചിലവഴിക്കുന്നതിനാൽ കുട്ടികൾ പുറത്തിറങ്ങി കളിക്കുന്നത് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഇത് കഴിക്കുന്ന ഭക്ഷണത്തിലെ ഊർജ്ജം ഉപയോഗിക്കപ്പെടാതിരിക്കാനും ശരീരത്തിൽ കൊഴുപ്പായി അടിയാനും കാരണമാകുന്നു.

ഉറക്കക്കുറവാണ് അമിതവണ്ണത്തിലേക്ക് നയിക്കുന്ന മറ്റൊരു പ്രധാന ഘടകം. കൃത്യസമയത്ത് ഉറങ്ങാതിരിക്കുന്നതും ആവശ്യത്തിന് വിശ്രമം ലഭിക്കാതിരിക്കുന്നതും കുട്ടികളുടെ ശരീരത്തിലെ മെറ്റബോളിസത്തെ ബാധിക്കുകയും ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ഇത് അമിതവിശപ്പിലേക്ക് നയിക്കും. അതുപോലെ തന്നെ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതും ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കും. രാവിലെ ഭക്ഷണം കഴിക്കാതിരിക്കുന്നത് പിന്നീട് ദിവസത്തിന്റെ മറ്റു സമയങ്ങളിൽ കൂടുതൽ അളവിൽ ഭക്ഷണം കഴിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നു. കൂടാതെ, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതും ദാഹം മാറ്റാൻ വെള്ളത്തിന് പകരം മധുരപാനീയങ്ങളെ ആശ്രയിക്കുന്നതും ശരീരഭാരം കൂട്ടാൻ കാരണമാകുന്ന ശീലങ്ങളാണ്.‌

ഈ അവസ്ഥ മറികടക്കാൻ മാതാപിതാക്കളുടെ കൃത്യമായ ഇടപെടൽ ആവശ്യമാണ്. പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ വീട്ടിൽ തന്നെ പാകം ചെയ്തു നൽകുകയും പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. കുട്ടികളുടെ സ്ക്രീൻ സമയം കർശനമായി നിയന്ത്രിക്കുകയും ദിവസവും ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും പുറത്തുപോയി കളിക്കാനോ വ്യായാമം ചെയ്യാനോ അവരെ പ്രോത്സാഹിപ്പിക്കുകയും വേണം. ആരോഗ്യകരമായ ഒരു തലമുറയെ വാർത്തെടുക്കാൻ ഭക്ഷണത്തിലും ജീവിതചര്യയിലുമുള്ള ഇത്തരം മാറ്റങ്ങൾ ചെറുപ്പം മുതലേ ശീലിപ്പിക്കേണ്ടത് അനിവാര്യമാണ്.

Childhood obesity is on the rise due to everyday habits such as consuming junk food, excessive screen time, lack of physical activity, poor sleep, and skipping meals. Parents play a crucial role in preventing this by encouraging nutritious homemade meals, limiting screen time, and promoting outdoor play and regular exercise.