പച്ചക്കറികളും പഴങ്ങളും പച്ചയ്ക്ക് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും അവയിലെ അണുക്കളെക്കുറിച്ചുള്ള ആശങ്കകൾ എപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ പച്ചക്കറികൾ വെറുതെ വെള്ളത്തിൽ കഴുകുന്നത് വഴി മാത്രം എല്ലാ അണുക്കളെയും, പ്രത്യേകിച്ച് 'സൈക്ലോസ്പോറ' (Cyclospora) പോലെയുള്ള പരാദജീവികളെ ഇല്ലാതാക്കാൻ കഴിയില്ലെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. അടുത്തിടെയുണ്ടായ സൈക്ലോസ്പോറ വ്യാപനം പച്ചക്കറികളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്.
എന്താണ് സൈക്ലോസ്പോറ?
'സൈക്ലോസ്പോറ കയെറ്റനെൻസിസ്' (Cyclospora cayetanensis) എന്ന അതിസൂക്ഷ്മ പരാദജീവി (parasite) മൂലം കുടലിലുണ്ടാകുന്ന അണുബാധയാണിത്. മലിനമായ വെള്ളമോ ഭക്ഷണമോ കഴിക്കുന്നതിലൂടെയാണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്. കൃഷിചെയ്യുമ്പോഴോ, ജലസേചനം നടത്തുമ്പോഴോ, വിളവെടുക്കുമ്പോഴോ ആകാം ഈ പരാദജീവി പച്ചക്കറികളിൽ എത്തുന്നത്.
ഇലക്കറികളിലാണ് കൂടുതൽ അപകടം
ലെറ്റ്യൂസ്, മല്ലിയില തുടങ്ങിയ ഇലക്കറികളിലൂടെയും സ്ട്രോബെറി, റാസ്ബെറി പോലുള്ള പഴങ്ങളിലൂടെയുമാണ് ഈ അണുബാധ പ്രധാനമായും പടരുന്നത്. ഇലക്കറികളുടെ മടക്കുകളിലും വിടവുകളിലും ഈ സൂക്ഷ്മജീവികൾക്ക് എളുപ്പത്തിൽ ഒളിച്ചിരിക്കാൻ കഴിയും. ഈ പച്ചക്കറികൾ പലപ്പോഴും വേവിക്കാതെ പച്ചയ്ക്ക് കഴിക്കുന്നതുകൊണ്ട് പരാദജീവികൾ നശിക്കാതെ മനുഷ്യശരീരത്തിൽ എത്താൻ സാധ്യത കൂടുതലാണ്.
വെള്ളത്തിൽ കഴുകിയാൽ അണുക്കൾ പോകുമോ?
പച്ചക്കറികൾ ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകുന്നത് പൊടിയും മറ്റ് മാലിന്യങ്ങളും ഒരുപരിധിവരെ നീക്കം ചെയ്യാൻ സഹായിക്കും. എന്നാൽ സൈക്ലോസ്പോറയെ പൂർണ്ണമായും ഇല്ലാതാക്കാൻ ഇത് പര്യാപ്തമല്ല. ഇവ വളരെ ചെറുതായതിനാൽ പച്ചക്കറികളുടെ പ്രതലത്തിൽ വളരെ ദൃഢമായി പറ്റിപ്പിടിച്ചിരിക്കും. അതിനാൽ, പച്ചക്കറികൾ കഴുകുന്നത് ഒരു മുൻകരുതൽ മാത്രമാണെന്നും അണുബാധ ഉണ്ടാകില്ലെന്നതിന് അത് പൂർണ്ണ സുരക്ഷ ഉറപ്പുനൽകുന്നില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.
പ്രധാന ലക്ഷണങ്ങൾ ശ്രദ്ധിക്കുക:
സാധാരണ ബാക്ടീരിയൽ അണുബാധയേക്കാളും കൂടുതൽ കാലം നീണ്ടുനിൽക്കുന്നതാണ് സൈക്ലോസ്പോറ അണുബാധയുടെ ലക്ഷണങ്ങൾ. ദിവസങ്ങളോളമോ ചിലപ്പോൾ ആഴ്ചകളോളമോ നീണ്ടുനിൽക്കുന്ന കടുത്ത വയറിളക്കമാണ് ഇതിൽ പ്രധാനമായും കാണപ്പെടുന്നത്. ഇതിനുപുറമെ കടുത്ത വയറുവേദന, വയറു വീർക്കൽ, മനംപുരട്ടൽ, ഛർദ്ദി എന്നീ ബുദ്ധിമുട്ടുകളും രോഗിക്ക് അനുഭവപ്പെടാം. കൂടാതെ, വിശപ്പില്ലായ്മ, അമിതമായ ക്ഷീണം, നേരിയ പനി, ശരീരഭാരം കുറയൽ തുടങ്ങിയവയും ഈ അണുബാധയുടെ മറ്റ് പ്രധാന ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
തുടർച്ചയായ വയറിളക്കവും ക്ഷീണവും അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിച്ച് ചികിത്സ തേടേണ്ടതാണ്. പച്ചക്കറികൾ കഴിവതും വേവിച്ച് കഴിക്കുന്നത് ഇത്തരം അണുബാധകളിൽ നിന്ന് രക്ഷനേടാൻ സഹായിക്കും.
While eating raw fruits and vegetables is healthy, there's a constant concern about the germs they might carry. Health experts warn that simply washing vegetables in water is not enough to eliminate all germs, especially microscopic parasites like Cyclospora. Recent Cyclospora outbreaks have brought the safety of fresh produce back into focus.