Food

പാല്‍ അല്ലാത്ത പനീര്‍ വേണ്ട; അനലോഗ് പനീര്‍ നിരോധിക്കാന്‍ കേന്ദ്ര ഭക്ഷ്യസുരക്ഷാ ഏജന്‍സി

കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര ഉള്‍പ്പെടെ കുറഞ്ഞത് എട്ട് സംസ്ഥാനങ്ങള്‍ അനലോഗ് പനീറിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്

Madism Desk

സസ്യാഹാരികളുടെ പ്രിയപ്പെട്ട ഭക്ഷണവിഭവങ്ങളിലൊന്നായ പനീറിന്റെ പേരില്‍ വിപണിയില്‍ നടക്കുന്ന വഞ്ചനകള്‍ക്ക് തടയിടാന്‍ കേന്ദ്ര ഭക്ഷ്യസുരക്ഷാ ഏജന്‍സി (എഫ്എസ്എസ്എഐ) ശക്തമായ നടപടികളിലേക്ക് കടക്കുന്നു. പാലിലെ യഥാര്‍ത്ഥ കൊഴുപ്പും പ്രോട്ടീനും നീക്കം ചെയ്ത്, പകരം സസ്യഎണ്ണയും കൊഴുപ്പുകളും ചേര്‍ത്തുണ്ടാക്കുന്ന 'അനലോഗ് പനീര്‍' രാജ്യവ്യാപകമായി നിരോധിക്കുന്നതാണ് എഫ്എസ്എസ്എഐ പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമനിര്‍മ്മാണത്തിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി വരികയാണെന്നും കരട് വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര ഉള്‍പ്പെടെ കുറഞ്ഞത് എട്ട് സംസ്ഥാനങ്ങള്‍ നിലവില്‍ തന്നെ അനലോഗ് പനീറിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ ഭാര്യയുടെ നിര്‍മാതാവുമായ ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ റെസ്റ്റോറന്റില്‍ വ്യാജ പനീര്‍ വിളമ്പിയതിനെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് അനലോഗ് പനീറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാപകമായി ഉയര്‍ന്നതും പരിശോധനകള്‍ കടുപ്പിച്ചതും.

എന്താണ് അനലോഗ് പനീര്‍?

എഫ്എസ്എസ്എഐ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് പാലും പാല്‍ ഘടകങ്ങളും മാത്രമാണ് പനീര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കേണ്ടത്. പാല്‍ കട്ടപിടിക്കുന്നതിനായി വിനാഗിരി, സിട്രിക് ആസിഡ്, ഉപ്പ്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ മാത്രമേ ഇതില്‍ ചേര്‍ക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍, നിര്‍മ്മാണച്ചെലവ് പകുതിയോളം കുറയ്ക്കുന്നതിനായി കുറഞ്ഞ ഗുണനിലവാരമുള്ള പാമോയില്‍, ഹൈഡ്രജനേറ്റഡ് വെജിറ്റബിള്‍ ഫാറ്റ്, മോഡിഫൈഡ് സ്റ്റാര്‍ച്ച്, സസ്യപ്രോട്ടീനുകള്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഉല്‍പ്പന്നമാണ് അനലോഗ് പനീര്‍. ഇത് യഥാര്‍ത്ഥ പനീറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പല റെസ്റ്റോറന്റുകളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

വരാനിരിക്കുന്നത് പ്രധാന മാറ്റങ്ങള്‍

സസ്യഎണ്ണകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന പനീറുകളില്‍ 'നോണ്‍-ഡയറി', 'അനലോഗ്' എന്ന് വ്യക്തമായി രേഖപ്പെടുത്തണം. ഉദാഹരണത്തിന്, 'അനലോഗ് ഓഫ് ചീസ് എന്ന് ലേബലില്‍ കാണിക്കണം. റെസ്റ്റോറന്റുകളിലെ മെനു കാര്‍ഡുകളില്‍ ഉപയോഗിക്കുന്ന പനീര്‍ യഥാര്‍ത്ഥ പാല്‍ ഉല്‍പ്പന്നമാണോ അതോ അനലോഗ് പനീറാണോ എന്ന് ഉപഭോക്താക്കളെ വ്യക്തമായി അറിയിക്കണം. കൂടാതെ പാക്കറ്റുകളിലല്ലാതെ തുറസ്സായ രീതിയില്‍ വ്യാജ പനീര്‍ വില്‍ക്കുന്നത് പൂര്‍ണ്ണമായി നിരോധിച്ചേക്കും. സാധാരണയായി 12 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള ചെറുകിട നിര്‍മ്മാതാക്കള്‍ക്ക് എഫ്എസ്എസ്എഐ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ല. എന്നാല്‍ അനലോഗ് പനീര്‍ നിര്‍മ്മിക്കുന്ന മുഴുവന്‍ ഘടകങ്ങളെയും അതോറിറ്റിക്ക് കീഴില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യിക്കാനും നിര്‍ദ്ദേശമുണ്ട്.

The Food Safety and Standards Authority of India (FSSAI) is considering a nationwide ban on analogue paneer, a non-dairy substitute in which milk fat and proteins are replaced with ingredients such as vegetable oils, vegetable fats, starches and plant proteins. A senior official has said consultations on new regulations are underway and a draft regulation is expected to be released soon. At least eight states, including Karnataka, Gujarat and Maharashtra, have already taken action against analogue paneer.