നല്ല ചൂട് ചോറിനും സാമ്പാറിനുമൊപ്പം കഴിക്കാൻ മത്തി കഴിഞ്ഞാൽ ചൂരയ്ക്കാണ് ഫാൻസ്. രണ്ട് മൂന്ന് ചെറിയ കഷ്ണം ചൂര വറുത്തതോ മീൻകറിയിലെ ഒരു കഷ്ണമോ ഒക്കെയുണ്ടെങ്കിൽ സുഖസുന്ദരമായി ചോറുണ്ണാം. എന്നാൽ ചൂരഫാൻസിനെ അസ്വസ്ഥരാക്കുന്ന ഒരു വാർത്ത ഇപ്പോൾ ശാസ്ത്രലോകത്ത് നിന്നെത്തിയിരിക്കുകയാണ്. 96 ശതമാനം ചൂരമീനുകളിലും ഗുരുതരരോഗങ്ങൾ വരുത്തിവയ്ക്കുന്ന വിരകളുണ്ടെന്നാണ് അടുത്തിടെ നടന്ന ഒരു പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. 53 മീനുകളിൽ നിന്നായി 1,600 വിരകൾ ശാസ്ത്രജ്ഞർ കണ്ടെത്തി എന്നാണ് വിവരം.
തെക്കൻ ബ്രസീലിലുള്ള ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് സാന്റ കാറ്ററീനയിലെ ശാസ്ത്രജ്ഞരാണ് പഠനത്തിന് പിന്നിൽ. ചൂരമീനുകളുടെ കിഡ്‌നിയും ഹൃദയവും ഒഴികെ എല്ലായിടത്തും വിരകളുണ്ടെന്നാണ് ഇവരുടെ പഠനത്തിൽ തെളിഞ്ഞത്. 53 മീനുകളിൽ 96 ശതമാനത്തിലും വിരകളുണ്ടായിരുന്നു. കുടലിലാണ് ഏറ്റവുമധികം വിരകളെ കണ്ടെത്തിയത്. കഴിക്കാൻ ഏറ്റവും രുചിയുള്ള മസിൽ ടിഷ്യൂകളിലും കാര്യമായി ഇവയുടെ സാന്നിധ്യമുണ്ടായിരുന്നു. പ്രധാനമായും അനിസാക്കിസ്, ട്രിപനോറിൻക എന്നീ വിഭാഗങ്ങളിൽപ്പെടുന്ന കടൽ വിരകളാണ് കാണപ്പെട്ടത്.
ചൂരമീൻ പച്ചയ്ക്കോ (Sashimi/Sushi പോലുള്ള വിഭവങ്ങളിൽ) അല്ലെങ്കിൽ പകുതി മാത്രം വേവിച്ചോ കഴിക്കുമ്പോൾ ഈ വിരകൾ ജീവനോടെ ഉള്ളിലെത്തിയാൽ വയറുവേദന, ഛർദ്ദി, അതിസാരം, അലർജി തുടങ്ങി ഗുരുതരമായ ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. നന്നായി വേവിച്ച മീനിലോ ക്യാനുകളിൽ അടച്ച മീനിലോ ഉള്ള ഇത്തരം വിരകൾ നശിച്ചുപോകുന്നതിനാൽ മനുഷ്യർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാറില്ല.
മീൻ പിടിച്ചയുടനെയോ വാങ്ങിയ ഉടൻ തന്നെയോ അന്തരികാവയവങ്ങളും കുടലും നീക്കം ചെയ്ത് വൃത്തിയാക്കുന്നത് വിരകൾ മാംസപേശികളിലേക്ക് പടരുന്നത് തടയും.
തിമിംഗലങ്ങൾ, ഡോൾഫിനുകൾ, സ്രാവുകൾ തുടങ്ങിയ വലിയ സമുദ്രജീവികളിൽ നിന്നാണ് വിരകളുടെ ജീവിതചക്രം പൂർത്തിയാകുന്നത്. അതിനാൽ, ഇത്തരം വിരകളുടെ സാന്നിധ്യം സമുദ്ര ആവാസവ്യവസ്ഥ ആരോഗ്യത്തോടെയിരിക്കുന്നു എന്നതിന്റെ സൂചനയായാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. കാനിംഗ് (Canning) പ്രക്രിയയിലൂടെയും ഉയർന്ന ചൂടിലൂടെയും കടന്നുപോകുന്ന ടാങ്ക് ചൂരകളിൽ ഇത്തരം വിരകൾ ചത്തുപോകുന്നതിനാൽ സംസ്കരിച്ച ഡബ്ബകളിൽ വരുന്ന ചൂരമീനുകൾ സാധാരണയായി സുരക്ഷിതമാണ്. എന്നിരുന്നാലും പച്ചയ്ക്കോ പകുതി വേവിച്ചോ കഴിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ഈ ഘട്ടത്തിൽ, ചൂരമീനുകളിൽ ഇത്രയധികം വിരകൾ കാണപ്പെടുന്നത് സ്വാഭാവികമാണോ എന്ന് തീർത്തുപറയാനാവില്ല. ലോകമെമ്പാടുമുള്ള മത്സ്യബന്ധന മേഖലയ്ക്ക് ഇവ വലിയ പ്രാധാന്യമുള്ളതാണെങ്കിലും, ഈ വിരകളെക്കുറിച്ചുള്ള പഠനങ്ങൾ വളരെ കുറവാണ് എന്നതാണ് സത്യം.
2020-ൽ വാഷിംഗ്ടൺ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, പച്ചയായ സമുദ്രവിഭവങ്ങളിൽ കാണപ്പെടുന്ന 'അനിസാക്കിസ്' വിരകളുടെ അളവ് 1970കളെ അപേക്ഷിച്ച് 280 മടങ്ങ് വർധിച്ചതായി കണ്ടെത്തുകയുണ്ടായി. ശരാശരി കണക്കാക്കിയാൽ, മുൻപ് പിടികൂടുന്ന 100 മീനുകളിൽ ഒന്നിൽ താഴെ മാത്രമായിരുന്ന വിരകളുടെ സാന്നിധ്യം, ഇന്ന് പിടികൂടുന്ന ഓരോ മീനിലും ഒന്നിൽ കൂടുതൽ എന്ന രീതിയിലേക്ക് ഉയർന്നതായി അവർ വിശദീകരിച്ചു.
എന്നാൽ ഇത് നമുക്കോ സമുദ്ര ആവാസവ്യവസ്ഥയ്ക്കോ ഭീഷണിയാകണം എന്ന് നിർബന്ധമില്ല. മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് വിരകൾ എങ്ങനെ നിലനിൽക്കുന്നു എന്ന് കൃത്യമായി മനസ്സിലാക്കാൻ, ലോകത്തിലെ മറ്റ് പ്രധാന മത്സ്യബന്ധന മേഖലകളിലും പഠനം കാര്യമാക്കേണ്ടതുണ്ട്.
After sardines, tuna is a favourite among seafood lovers to have with hot rice and sambar. A couple of pieces of fried tuna or a piece of tuna from a fish curry can make for a satisfying meal. But a disturbing piece of news from the scientific community may worry tuna lovers. A recent study has found that 96% of tuna fish contain worms that can cause serious diseases. Scientists reportedly discovered 1,600 worms from 53 fish.